10 October Thursday

‘ടിസ്സി’ലെ പെരുമാറ്റച്ചട്ടം ; സംവാദത്തിന്റെ നിഗ്രഹം

എ എം ഷിനാസ്Updated: Monday Sep 9, 2024

 

കേവല ഭൂരിപക്ഷം പകർന്നുനൽകിയ ദുരഹങ്കാരത്തിന്റെയും അമിതാത്മവിശ്വാസത്തിന്റെയും വൈരനിര്യാതനത്തിന്റെയും തേരിലേറിയായിരുന്നു 2014 മുതൽ ഒരു പതിറ്റാണ്ടുകാലത്തെ ഹിന്ദുത്വഭരണം. എന്നാൽ  ‘അബ് കീ ബാർ 400 പാർ’ (ഇപ്രാവശ്യം 400 സീറ്റിനപ്പുറം) എന്ന വീരവാദം മുഴക്കി 2024ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാതെ 240 സീറ്റിൽ  ഒതുങ്ങേണ്ടി വന്നു. ദശകം നീണ്ടുനിന്ന രണോത്സുക രഥയാത്രയ്ക്കടിയിൽ  ഞെരിഞ്ഞമർന്ന ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമൂഹ്യ കൂട്ടായ്മയാണ് കേന്ദ്ര ഭരണകക്ഷിയുടെ ഏകകേന്ദ്രധാർഷ്ട്യത്തിന്റെയും ഏകസ്വര രാഷ്ട്രീയത്തിന്റെയും പത്തി ചുരുട്ടി മടക്കി വച്ചത്. പിന്നെ ഉദരംഭരികളും തത്വദീക്ഷയില്ലാത്തവയുമായ ഏതാനും പ്രാദേശിക പാർടികളെ കൂട്ടുപിടിച്ചായി ഭരണം.

മൂന്നാമൂഴത്തിലെത്തിയപ്പോൾ മോദി സർക്കാർ അടിമുടി മാറിയെന്നും നയം, അനുനയം, സമവായം, സമന്വയം തുടങ്ങിയ സമീപനങ്ങളുടെ സംയുക്തമുണ്ടാക്കി ബഹുസ്വരതയുടെ പതാകാവാഹകരായി രൂപാന്തരപ്പെട്ടെന്നും അഭിപ്രായപ്പെടുന്ന ചില രാഷ്ട്രീയനിരീക്ഷകരുണ്ട്. വഖഫ് നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്, കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ നേരിട്ടുള്ള നിയമനത്തിനുള്ള (ലാറ്ററൽ എൻട്രി) നീക്കത്തിൽനിന്നുള്ള പിൻമാറ്റം, ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് റെഗുലേഷൻ ബില്ലിന്റെയും ദീർഘകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതി നിർദേശത്തിന്റെയും കാര്യത്തിലുണ്ടായ പിന്തിരിയൽ എന്നിത്യാദി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരീക്ഷകർ മൂന്നാം മോദി സർക്കാരിന്റെ ‘അചിന്ത്യമായ പരിവർത്തന’ത്തിന് അടിവരയിടുന്നത്. പ്രതിപക്ഷ പാർടികൾക്ക് ഒപ്പം സർക്കാരിന്റെ ഭാഗമായ ഘടകകക്ഷികളും എതിർമുഖത്ത് നിന്നപ്പോഴാണ് മനസ്സില്ലാമനസ്സോടെ കേന്ദ്രസർക്കാർ ഇവയിൽനിന്നെല്ലാം തൽക്കാലം പിൻവാങ്ങിയത്. എന്നാൽ ഹിന്ദുത്വ പദ്ധതി നിരങ്കുശവും അഭംഗുരവുമായി പഴയ മട്ടിൽത്തന്നെ തുടർന്നുപോകുന്ന മർമപ്രധാനമായ രണ്ടു മണ്ഡലങ്ങളുണ്ട്‌. തെളിവുകളെ അഗണ്യകോടിയിൽ തള്ളിയുള്ള ചരിത്രനിർമിതിയും വിദ്യാഭ്യാസരംഗത്തെ ശ്വാസനിരോധന നീക്കങ്ങളുമാണവ.

എൻസിഇആർടി പാഠപുസ്തകങ്ങളിൽ അവിരാമമെന്നോണം നടത്തിവരുന്ന വെട്ടലും തിരുത്തലും തിരുകിക്കയറ്റലും വിസ്താരഭയത്താൽ  കുറിക്കുന്നില്ല (ഏറ്റവുമൊടുവിൽ കഴിഞ്ഞമാസമാണ് ഹാരപ്പൻ നാഗരികതയെന്നും സിന്ധൂനദീതട സംസ്കാരമെന്നുമൊക്കെ നമ്മൾ പഠിച്ചു പോന്ന വെങ്കലയുഗ സംസ്കൃതിയെ സിന്ധു–-സരസ്വതീ നാഗരികത എന്ന് എൻസിഇആർടി പാഠപുസ്തകങ്ങളിൽ പുനർനാമകരണം ചെയ്തത്.) ഈ കുറിപ്പിന്റെ വിഷയം പക്ഷേ, 1936ൽ സ്ഥാപിതമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സോഷ്യൽ സയൻസസിൽ (ടിസ്സ്) കൊണ്ടുവന്ന പെരുമാറ്റച്ചട്ടമാണ് (ഓണർ കോഡ്). 

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പൊതുവിലും ഉത്തരേന്ത്യയിൽ വിശേഷിച്ചും നടക്കുന്ന ‘ഓണർ കില്ലിങ്ങി’നെപ്പറ്റി (ദുരഭിമാനക്കൊല) നാം പലവുരു വായിച്ചിട്ടുണ്ട്.  എന്നാൽ ടിസ്സിൽ കൊണ്ടുവന്ന ഓണർ കോഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹജവും അവിച്ഛിന്ന ഭാഗവുമായ വ്യത്യസ്ത ചിന്തകളുടെ വികാസത്തെയും ബൗദ്ധിക സംവാദ സംസ്കാരത്തെയും ചിത്രവധം ചെയ്യുന്ന ഹിന്ദുത്വ പദ്ധതിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചിന്തയുടെ സംഹാരം. ടിസിൽ ചേരുന്ന വിദ്യാർഥികൾ ഓണർ കോഡനുസരിച്ച് ഒരു പ്രതിജ്ഞാപത്രത്തിൽ  ഒപ്പുവയ്‌ക്കണം. ‘സ്ഥാപനത്തിന്റെ അക്കാദമിക പരിതസ്ഥിതിയെ അസ്വസ്ഥമാക്കുന്ന ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയപരവും അധികാരവർഗ വിരുദ്ധവും ദേശഭക്തിക്ക് നിരക്കാത്തതുമായ സംവാദങ്ങളിലോ പ്രകടനങ്ങളിലോ ധർണകളിലോ വിദ്യാർഥികൾ വ്യാപൃതരായിക്കൂടാ’ എന്നാണ് ഓണർ കോഡ് മുന്നോട്ടുവയ്ക്കുന്ന തീട്ടൂരം. നേരത്തെ ടാറ്റ ട്രസ്റ്റുകൾ കൈകാര്യം ചെയ്തിരുന്ന ടിസ്സ് ഈ വർഷമാദ്യമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചൊൽപ്പടിയിലായത്.   കേന്ദ്രത്തിൽനിന്ന് 50 ശതമാനത്തിലധികം ഗ്രാന്റ് ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും കേന്ദ്ര നിയന്ത്രണത്തിൽ  കൊണ്ടുവരാൻ തീരുമാനിച്ച ശേഷമാണ് ചിന്തയുടെയും സംവാദത്തിന്റെയും സംഹാരത്തിന്റെ നിദർശനമായ ഈ നിയമാവലി നിലവിൽ  വന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ടിസ്സ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ മികച്ച ഈ സ്ഥാപനം, ഈ വർഷം ഏപ്രിലിൽ  ‘നിയമവിരുദ്ധവും ദേശവിരുദ്ധവു’മായ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി എന്ന ആരോപണത്തിന്റെ പേരിൽ  പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം എന്ന വിദ്യാർഥി കൂട്ടായ്മയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും അതിന്റെ മുൻ ജനറൽ സെക്രട്ടറിയെ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ജനുവരിയിൽ  ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന  ബിബിസി ഡോക്യുമെന്ററിയുടെ അനൗദ്യോഗിക പ്രദർശനവും ‘അനധികൃതവും ദേശവിരുദ്ധവു’മെന്ന് ടിസ്സിന്റെ ഇപ്പോഴത്തെ നിയന്ത്രണാധികാരികൾ മുദ്രകുത്തിയ മറ്റു ചില പ്രവർത്തനങ്ങളുമാണ് ഈ സംവാദ സംഹാര സാഹചര്യത്തിലേക്ക് അധികൃതരെ നയിച്ചതും പുതിയൊരു ഓണർ കോഡിന്റെ സൃഷ്ടിയിൽ  കലാശിച്ചതും. ടിസിലെ മുൻ വിദ്യാർഥിയും സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ ഉൾപ്പെടെ പല പ്രമുഖരും ഇതിനെ അപലപിക്കുകയുണ്ടായി.

ഭരണകൂടവും വിദ്യാർഥി സമൂഹവും തമ്മിലുള്ള സംഘർഷത്തെ പൂർവാധികം വഷളാക്കുക മാത്രമല്ല ഇതിന്റെ ബാക്കിപത്രം. അടിസ്ഥാനപരമായ ചോദ്യം, വിദ്യാഭ്യാസത്തിന്റെ, എല്ലാ ജ്ഞാനശാസ്‌ത്ര മേഖലകളും ഉൾപ്പെടെ, പ്രത്യേകിച്ച് സാമൂഹ്യ ശാസ്‌ത്രങ്ങളുടെ, ദൗത്യവും ദർശനവും എന്താണെന്നതാണ്. ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി സാമാന്യേന രണ്ട് കാഴ്ചപ്പാടുകളുണ്ട്. ഒന്നാമത്തെ വീക്ഷണമനുസരിച്ച് വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള വ്യവഹാരങ്ങളിലൂടെ അധ്യാപകർ വിദ്യാർഥികൾക്ക് ശിക്ഷണം നൽകുകയും അതാത് വിഷയങ്ങളിൽ  അവരുടെ  നൈപുണികളെ അഭിവൃദ്ധിപ്പെടുത്തുകയും തൽഫലമായി തൊഴിൽ വിപണിയിൽ  അവർക്ക് മെച്ചപ്പെട്ട സ്ഥാനവും നിയമനവും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്. ഈ ‘പ്രായോഗിക’ മാനദണ്ഡമനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിജയത്തിന്റെ ഏകകം എത്ര വിദ്യാർഥികൾക്ക് കൊള്ളാവുന്ന പ്ലേസ്‌മെന്റ് കിട്ടി എന്നതാണ്. ഈ അളവുകോലടക്കം വച്ചാണ് ലോകത്തിലെ സർവകലാശാലകളെ ശ്രേണീബദ്ധമായി തരംതിരിച്ച് മെച്ചപ്പെട്ടതും മോശമെന്നുമൊക്കെ സ്ഥാനപ്പെടുത്തുന്നത്.

ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച മറ്റൊരു കാഴ്ചപ്പാട്, സമൂഹത്തിലെ ജനങ്ങൾക്കുവേണ്ടി അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് നടത്തുന്ന പ്രവർത്തനമാണ്. ഇത് അധ്യാപകനും അധ്യേതാവും തമ്മിലുള്ള ഒരു ഉഭയകക്ഷി വ്യവഹാരമല്ല. അവർ ഒരുമിച്ച് പ്രവർത്തിക്കുന്നത് ജനങ്ങൾക്കുവേണ്ടിയാണ്. ഈ ധാരണയനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം ജനങ്ങളുടെ ‘ജൈവ ബുദ്ധിജീവി’കളെ ഉണ്ടാക്കുക എന്നതാണ്. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. അധ്യാപകരും വിദ്യാർഥികളും തമ്മിൽ  നടക്കുന്ന പ്രവൃത്തികൾക്ക് ജനങ്ങളുമായി എന്താണ് ബന്ധം.  അതിന്റെ ഉത്തരം, ഉന്നത വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ വികസനത്തിനു മാത്രമല്ല ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അതിജീവനത്തിനും അത്യന്താപേക്ഷിതമാണെന്നാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ലോകം ആശയങ്ങളുടെ തൊട്ടിലാണ്. ഈ ലോകത്തിന്റെ  ചുരുക്കവും അണഞ്ഞുപോകലും ഒരു ജനതയെ അന്ധകാര സമൂഹവും ആശയങ്ങളുടെ പരാന്നഭുക്കുകളുമാക്കി മാറ്റുന്നു. കോളനിവാഴ്ചക്കാലത്ത് അതാണ് സംഭവിച്ചത്. അപ്പോൾ ഉയർന്നുവന്ന ജൈവ ബുദ്ധിജീവികളായിരുന്നു ദാദാഭായ് നവറോജിയും ആർ സി ദത്തുമൊക്കെ. സ്വതന്ത്രവും വിമർശനാത്മകവുമായ ചിന്ത സ്വാതന്ത്ര്യസമരം തുടങ്ങാൻ അനുപേക്ഷണീയമായിരുന്നു.

വിവിധ വിഷയങ്ങളിൽ  നൈപുണി ആർജിക്കുന്നതും മാറുന്ന ലോകത്തിനും തൊഴിൽ വിപണിക്കുമനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതും അവശ്യമല്ലെന്ന് ഇപ്പറഞ്ഞതിന് അർഥമില്ല. അവരുടെ മസ്തിഷ്കത്തിലേക്ക് ഒരു പ്രത്യേക സിദ്ധാന്തത്തിന്റെയോ പ്രത്യയ ശാസ്‌ത്രത്തിന്റെയോ വീക്ഷണഗതി അടിച്ചേൽപ്പിക്കണമെന്നും വിവക്ഷയില്ല. വിപണി യോഗ്യതയുടെ ഏകമാത്ര വ്യഗ്രതയായി ഉന്നത വിദ്യാഭ്യാസത്തെ ചുരുക്കിക്കൂടാ. വിദ്യാർഥികൾക്ക് താന്താങ്ങൾ ഭാഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള ബോധവും അറിവും പ്രദാനം ചെയ്യുക എന്ന കർത്തവ്യംകൂടിയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ ചുറ്റുമുള്ള സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരിക്കുകയും വേണം.

അത്തരം വിദ്യാഭ്യാസ കാഴ്ചപ്പാടിലൂടെ കടന്നു വരുന്നവർ തൽസ്ഥിതിയെ ചോദ്യം ചെയ്യുന്നവരും നിലനിൽക്കുന്ന വ്യവസ്ഥയെ പിന്തള്ളി കൂടുതൽ  മെച്ചപ്പെട്ട നവലോകത്തെപ്പറ്റിയുള്ള സാമൂഹ്യ ചിന്തയുടെ വാഹകരും വർത്തമാന മനുഷ്യാവസ്ഥയെ മാറ്റുന്നതിൽ  താൽപ്പര്യവും ജാഗ്രതയുമുള്ളവരായിരിക്കുകയും ചെയ്യും. ജെഎൻയു, ടിസ്സ് പോലുള്ള സ്ഥാപനങ്ങളിൽനിന്ന് ഉയർന്നുവരുന്ന ചോദ്യങ്ങളുടെ നാവരിയുകയാണ് അപ്പോൾ തൽസ്ഥിതി തുടരാനാഗ്രഹിക്കുന്ന ഭരണാധികാരികൾക്കു മുമ്പിലുള്ള വഴി.

( മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം 
മേധാവിയാണ് ലേഖകൻ )
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top