13 October Sunday

കുഛ് നഹി ബദലാ; ഹം നഹി ബദലേംഗേ

വി ബി പരമേശ്വരൻUpdated: Saturday Jul 20, 2024

ലഖ്‌നൗവിലെ അക്‌ബർ നഗറിലെ വീടുകൾ ബുൾഡോസർ കൊണ്ട്‌ ഇടിച്ചുനിരത്തുന്നു

കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കേ 240 സീറ്റ് മാത്രമാണ് ബിജെപിക്ക് ലോക്‌സഭയിൽ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 63 സീറ്റിന്റെ കുറവ്. അതിനാൽ മൂന്നാം മോദി സർക്കാർ നടപ്പിലാക്കാൻ ലക്ഷ്യമിട്ട അജൻഡകളിൽ ചിലത് ഉപേക്ഷിക്കാനും മറ്റു ചിലത്‌ നടപ്പിലാക്കുന്നതിന്റെ വേഗം കുറയ്ക്കാനും നിർബന്ധിക്കപ്പെടുമെങ്കിലും പൂർണമായും ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിനകം നൽകിയിട്ടുള്ളത്. എന്നാൽ, ജനാധിപത്യത്തെ ദുർബലമാക്കി, മതനിരപേക്ഷ തത്വങ്ങളെ അട്ടിമറിച്ച് സ്വേച്ഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കും വിധമുള്ള ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവരാൻ മോദി സർക്കാരിന് കഴിയണമെന്നില്ല.

ഒന്നും മാറിയിട്ടില്ല; ഞങ്ങൾ മാറുകയുമില്ല എന്ന സന്ദേശമാണോ മൂന്നാം മോദി സർക്കാർ നൽകുന്നത്. അധികാരമേറി ഒരു മാസത്തെ ചെയ്തികൾ പരിശോധിച്ചാൽ ഒരു മാറ്റത്തിനും സർക്കാർ തയ്യാറല്ലെന്ന ആശയമാണ് മോദിയും ബിജെപിയും മുന്നോട്ടു വെയ്‌ക്കുന്നത്.

ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാതിരിക്കുകയും ടിഡിപി, ജെഡി (യു) എന്നീ കക്ഷികളുടെ നിർണായക പിന്തുണ അനിവാര്യമായ കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ ബിജെപി /ആർഎസ്എസിന്റെ സ്വേഛാധിപത്യ വർഗീയ കോർപറേറ്റ് നിലപാടുകളുമായി മോദിക്ക് മുന്നോട്ടു പോകുക വിഷമമായിരിക്കുമെന്ന ആഖ്യാനമാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടിരുന്നത്. അത് പൂർണമായും ശരിയല്ലെന്നും അതിശയോക്തിപരമാണെന്നും കഴിഞ്ഞ ഒരു മാസത്തെ മോദി സർക്കാരിന്റെ പ്രവർത്തനം വ്യക്തമാക്കുന്നു.  

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അധീനം പുരോഹിതൻ ചെങ്കോൽ കൈമാറുന്നു

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അധീനം പുരോഹിതൻ ചെങ്കോൽ കൈമാറുന്നു

കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കേ 240 സീറ്റ് മാത്രമാണ് ബിജെപിക്ക് ലോക്‌സഭയിൽ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 63 സീറ്റിന്റെ കുറവ്. അതിനാൽ മൂന്നാം മോദി സർക്കാർ നടപ്പിലാക്കാൻ ലക്ഷ്യമിട്ട അജൻഡകളിൽ ചിലത് ഉപേക്ഷിക്കാനും മറ്റു ചിലവ നടപ്പിലാക്കുന്നതിന്റെ  വേഗം കുറയ്ക്കാനും നിർബന്ധിക്കപ്പെടുമെങ്കിലും പൂർണമായും ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിനകം നൽകിയിട്ടുള്ളത്.

എന്നാൽ ജനാധിപത്യത്തെ ദുർബലമാക്കി, മതനിരപേക്ഷ തത്വങ്ങളെ അട്ടിമറിച്ച് സ്വേഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കും വിധമുള്ള ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവരാൻ മോദി സർക്കാരിന് കഴിയണമെന്നില്ല.

എന്നാൽ, മോദി സർക്കാർ പിന്തുടരുന്ന നിയോലിബറൽ സാമ്പത്തിക നയങ്ങളോ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമോ സ്വേഛാധിപത്യ രീതികളോ മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

പ്രതിപക്ഷത്തോടുള്ള ഏറ്റുമുട്ടൽ നയം പൂർവാധികം ശക്തിയോടെ തുടരുമെന്നാണ് പ്രഥമ പാർലമെന്റ്‌ സമ്മേളനം തന്നെ നൽകുന്ന സൂചന. ലോക്‌സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്ന പ്രോ ടേം സ്പീക്കറുടെ തെരഞ്ഞെടുപ്പ് മുതൽ ഈ ഏറ്റുമുട്ടൽ നയം വ്യക്തമാണ്. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ കക്ഷിയേതെന്നു നോക്കാതെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുക്കുകയെന്നതാണ് പൊതുവെയുള്ള കീഴ് വഴക്കം.

കൊടിക്കുന്നിൽ സുരേഷ്

കൊടിക്കുന്നിൽ സുരേഷ്

ഈ രീതി പാലിക്കുന്ന പക്ഷം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് പ്രോം ടേം സ്പീക്കറാക്കേണ്ടിയിരുന്നത്. എട്ട് തവണ ലോക്‌സഭാംഗമായ ദളിത് സമുദായാംഗം കൂടിയായ വ്യക്തിയാണ് കൊടിക്കുന്നിൽ സുരേഷ്.

എന്നാൽ അദ്ദേഹത്തെ പ്രോം ടേം സ്പീക്കർ ആക്കാതെ ഏഴ് തവണ ലോക്‌സഭാംഗമായ ബിജെപിയിലെ ഭർതൃഹരി മെഹ്താബിനെയാണ് പ്രോം ടേം സ്പീക്കറാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ബിജെഡി എംപിയായിരുന്ന മെഹ്താബ് 18ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് നവീൻ പട്നായ്‌ക്കിന്റെ പാർടിയെ ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. 

സ്പീക്കർ തെരഞ്ഞെടുപ്പിലും ഇതേ ഏറ്റുമുട്ടൽ നയം ബിജെപി പുറത്തെടുത്തു. സാധാരണ നിലയിൽ ഒറ്റ കക്ഷിക്ക് ഭൂരിപക്ഷമുള്ള സർക്കാരുകൾ അധികാരമേറുമ്പോൾ അവരുടെ പാർടിയിൽപ്പെട്ടയാളെ തന്നെയാണ് സ്പീക്കർ

സോമനാഥ് ചാറ്റർജി

സോമനാഥ് ചാറ്റർജി

ആക്കാറുള്ളത്.കൂട്ടുകക്ഷി സർക്കാരാണെങ്കിൽ ഘടകകക്ഷി നേതാക്കളെയും സ്പീക്കർ ആക്കാറുണ്ട്. 

ഇക്കുറി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിർണായക പിന്തുണ നൽകുന്ന ടിഡിപിയിലെയോ ഐക്യ ജനതാദളിലെയോ നേതാക്കളെ സ്‌പീക്കാറാക്കുമെന്ന വാർത്ത ഉടലെടുത്തത് ഈ പശ്ചാത്തലത്തിലാണ്. പിന്തുണ നൽകുന്ന കക്ഷികളെപ്പോലും പിളർത്തി മോദി സർക്കാർ സ്വന്തം നിലയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അത്തരം സന്ദർഭങ്ങളിൽ സ്വന്തം പാർടിയെ പിളർപ്പിൽ നിന്നു രക്ഷിക്കാൻ സ്പീക്കർ പദവി അനിവാര്യമാണ്. അതിനാൽ സ്പീക്കർ പദവി ബിജെപിക്ക് നൽകരുതെന്ന് എൻഡിഎ സഖ്യകക്ഷികളോട് ഉദ്ധവ് താക്കറെ വിഭാഗം ശിവസേനാ നേതാവ് സജ്ഞയ് റാവത്ത് അപേക്ഷിക്കുന്ന സ്ഥിതി പോലുമുണ്ടായി.

എന്നാൽ ഈ ലക്ഷ്യമുള്ളതുകൊണ്ടു തന്നെ സ്പീക്കർ പദവി സഖ്യകക്ഷികൾക്ക് കൈമാറാൻ കഴിയില്ലെന്ന് രാജ് നാഥ് സിങ്ങ് വഴി ബിജെപി ഘടകകക്ഷികളെ അറിയിക്കുകയും ചെയ്തു. സ്വന്തം സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജിൽ ഊന്നുന്ന ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും സ്പീക്കർ പദവി വേണമെന്ന് ശഠിച്ചതുമില്ല.

ജി എം സി ബാലയോഗി

ജി എം സി ബാലയോഗി

ലോക്‌സഭയുടെ അധ്യക്ഷ പദവിയിലേക്ക് പൊതുവെ തെരഞ്ഞെടുപ്പ് നടക്കാറില്ല. ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലൂടെ സഭാനാഥനെ തെരഞ്ഞെടുക്കാറാണ് പതിവ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് - 1952 ൽ ആദ്യ ലോക്‌സഭയിലും 1976 ൽ അടിയന്തരാവസ്ഥക്കാലത്തും. ഈ രണ്ട് ഘട്ടത്തിലും പ്രതിപക്ഷ സ്ഥാനാർഥികൾ പരാജയപ്പെടുകയായിരുന്നു. 48 വർഷങ്ങൾക്ക്ശേഷം വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് ഇക്കുറി മത്സരം വേണ്ടിവന്നത് വിട്ടുവീഴ്ചക്ക് തയ്യാറാകാൻ മോദി സർക്കാർ തയ്യാറാകാത്തതു കൊണ്ടാണ്. സ്പീക്കർ സ്ഥാനത്തേക്ക് ഭരണകക്ഷിയുടെ നോമിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകുകയാണ് പതിവ്. എന്നാൽ ആ പതിവു തുടരാൻ ഇക്കുറി ബിജെപി തയ്യാറായില്ല.

സ്പീക്കർ സ്ഥാനം സമവായത്തിലൂടെ തെരഞ്ഞെടുക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ പ്രതിരോധമന്ത്രി രാജ് നാഥ് സിങ് അഭ്യർഥിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഒന്നിലധികം തവണ രാജ് നാഥ് സിങ്ങ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സമവായത്തിന് തയ്യാറാണെന്നും എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് നൽകണമെന്നും ഈ ഘട്ടത്തിൽ ഖാർഗെ ആവശ്യമുന്നയിച്ചു.

രാജ് നാഥ് സിങ്

രാജ് നാഥ് സിങ്

ബന്ധപ്പെട്ടവരുമായി ആലോചിച്ച് മറുപടി പറയാം എന്ന് രാജ് നാഥ് പറഞ്ഞെങ്കിലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കൊടിക്കുന്നിൽ സുരേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഇന്ത്യാ കൂട്ടായ്മ തീരുമാനിച്ചത്. മത്സരിച്ചെങ്കിലും വോട്ട് ഡിവിഷന് കോൺഗ്രസ് ആവശ്യപ്പെടാത്തതിനാൽ ശബ്ദവോട്ടോടെയാണ്‌ ഓം ബിർള രണ്ടാമതും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇനി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഭരണപക്ഷത്തിന് തന്നെ ലഭിക്കും. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സഖ്യകക്ഷിയായ എഐഎഡിഎംകെയിലെ തമ്പിദുരൈയാണ് ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായി ആരെയും തെരഞ്ഞെടുക്കുകയുണ്ടായില്ല.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോക്‌സഭയുടെ കാലാവധിയുടനീളം ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞു കിടന്നത്. ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ബിജെപി സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ നടപടി. ഈ സഭയിലും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാകുമോ? കാത്തിരുന്ന് കാണാം.

ഒന്നും രണ്ടും മോദി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നില്ല. 1950കളിൽ സ്പീക്കർ പുറപ്പെടുവിച്ച 121ാം ഡയറക്‌ഷൻ അനുസരിച്ച് സഭയിൽ ഒരു പാർടി എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നതിന് (പാർലമെന്റ്‌  ഹൗസിൽ ഓഫീസ് ഉൾപ്പെടെ സൗകര്യങ്ങൾ നൽകുന്നതിന്) മൊത്തം അംഗസംഖ്യയുടെ 10 ശതമാനം വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു.

ഒന്നും രണ്ടും മോദി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നില്ല. 1950കളിൽ സ്പീക്കർ പുറപ്പെടുവിച്ച 121ാം ഡയറക്‌ഷൻ അനുസരിച്ച് സഭയിൽ ഒരു പാർടി എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നതിന്  (പാർലമെന്റ്‌  ഹൗസിൽ ഓഫീസ് ഉൾപ്പെടെ സൗകര്യങ്ങൾ നൽകുന്നതിന്) മൊത്തം അംഗസംഖ്യയുടെ 10 ശതമാനം വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു.

ഇത് ആയുധമാക്കിയാണ് 2014ലും 2019ലും കോൺഗ്രസ് പാർടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം മോദി നിഷേധിച്ചത്. പ്രതിപക്ഷനേതാവിന്റെ ശമ്പളവും അലവൻസും നിശ്ചയിച്ചുകൊണ്ടുള്ള 1977ലെ പാർലമെന്റ്‌ ആക്ടിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള, ചെയർമാനോ (രാജ്യസഭാ ) സ്പീക്കറോ (ലോക്‌സഭാ) അംഗീകരിക്കുന്ന കക്ഷിനേതാവാണ് പ്രതിപക്ഷ നേതാവ് എന്ന് നിർവചിക്കുന്നുണ്ട്. 

രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നു

രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നു

ഇതിന്റെ  അടിസ്ഥാനത്തിൽ കോൺഗ്രസ് നിശ്ചയിക്കുന്ന ലോക്‌സഭാംഗത്തിന്‌ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ആ സ്ഥാനം നൽകാതെ പ്രതിപക്ഷമുക്ത ഭാരതം എന്ന ജനാധിപത്യ വിരുദ്ധ ലക്ഷ്യം എത്തിപ്പിടിക്കുകയായിരുന്നു ബിജെപിയും മോദിയും.

എന്നാൽ ശക്തമായ പ്രതിപക്ഷത്തിന് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്തപ്പോൾ ബിജെപിയുടെ ലക്ഷ്യം പാളി. ലോക്‌സഭയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും ശക്തമായ പ്രതിപക്ഷമാണ് ഇക്കുറിയുള്ളത്. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ മോദി സർക്കാർ നിർബന്ധിതമായി.

'ഹം നഹി ബദലേംഗേ’എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന രീതിയിലാണ് സർക്കാരിന്റെ രൂപീകരണവും സ്പീക്കറുടെ തെരഞ്ഞെടുപ്പും നടന്നിട്ടുള്ളത്. മോദി മന്ത്രിസഭ തന്നെ ഇതിനുള്ള വലിയ ഉദാഹരണമാണ്. മന്ത്രിസഭയിലെ രണ്ടാമനായ രാജ് നാഥ് സിങ് തന്നെ പ്രതിരോധമന്ത്രി. മൂന്നാമൻ അമിത് ഷായ്ക്ക് ആഭ്യന്തരവും സഹകരണവും.

നാലാമനായ നിതിൻ ഗഡ്കരിക്ക് റോഡ് ട്രാൻസ്പോർട്, നിർമല സീതാരാമൻ തന്നെ ധനമന്ത്രി. വിദേശം എസ് ജയ് ശങ്കറിന്. ധർമേന്ദ്രപ്രധാന് വിദ്യാഭ്യാസം. അശ്വനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിങ് പുരി എന്നിവർ പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചു. ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്ന ജെപി നദ്ദ, മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട മനോഹർലാൽ ഖട്ടർ, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കും മന്ത്രിപ്പണി ലഭിച്ചിട്ടുണ്ട്.

സഖ്യകക്ഷി നേതാക്കളെയെല്ലാം അപ്രധാന വകുപ്പുകൾ നൽകി ഒതുക്കിയിട്ടുണ്ട്. ഭൂരിപക്ഷമില്ല എന്നു വിചാരിച്ച് മന്ത്രിസഭയിൽ ഒരു മാറ്റത്തിനും സമവായത്തിനും മോദി തയ്യാറായില്ല.

ഈ സമീപനത്തിന്റെ തുടർച്ചയാണ് കോട്ടയിൽ നിന്ന് മൂന്നാമതും എംപിയായ ഓം ബിർളയെ സ്പീക്കറാക്കിയ നടപടി. ലോക്‌സഭയുടെ ചരിത്രത്തിൽ പ്രതിപക്ഷത്തെ ഇത്രമാത്രം അവഗണിച്ച, അവസരങ്ങൾ നിഷേധിച്ച മറ്റൊരു സ്പീക്കർ ഉണ്ടായിട്ടില്ല. രണ്ടാം മോദി മന്ത്രിസഭയുടെ കാലത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലോക്‌സഭയിലെ പിൻസീറ്റുകാരനായ ഓം ബിർളയെ മോദി‐ഷാ ടീം സ്പീക്കറായി നിയമിക്കുന്നത്.

ഓം ബിർള

ഓം ബിർള

 ഒന്നാം മോദി സർക്കാരിന്റെ  കാലത്ത് എട്ടു തവണ എംപിയായ സുമിത്രാ മഹാജനായിരുന്നു സ്പീക്കർ. അവരെ തഴഞ്ഞാണ് ഓം ബിർളയെ നിയമിച്ചത്. സംഭവബഹുലമായിരുന്നു ഓം ബിർളയുടെ ഒന്നാം ടേം. 113 പ്രതിപക്ഷ എംപിമാരെ ഒറ്റ ദിവസം പുറത്താക്കി സർക്കാരിന്റെ വിവാദ ബില്ലുകൾ പാസ്സാക്കിക്കൊടുത്ത സ്പീക്കറാണ് ഓം ബിർള. 146ഓളം എംപിമാരെയാണ് ഓം ബിർളയുടെ കാലത്ത് പുറത്താക്കിയത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ് ത്രയുടെയും അംഗത്വം റദ്ദാക്കുകയും ചെയ്തു. അവരെ ഔദ്യോഗിക വസതികളിൽ നിന്നുപോലും ഇറക്കിവിട്ടു. ഇരുവരും ജയിച്ച് ഈ സഭയിലും എത്തിയിട്ടുണ്ട്.

ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതും ഇന്ത്യൻ ശിക്ഷാനിയമം, ഇന്ത്യൻ ക്രിമിനൽ നിയമം, ഇന്ത്യൻ തെളിവ് നിയമം എന്നിവ മാറ്റി പുതിയ നിയമങ്ങൾ കൊണ്ടുവന്നതും (ജൂലൈ ഒന്നു മുതൽ നടപ്പിലായി) വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ പാസ്സാക്കിയതും ഓം ബിർള സ്പീക്കറായ വേളയിലാണ്. പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന് യോജിക്കാത്ത

 മഹുവ മൊയ് ത്ര

മഹുവ മൊയ് ത്ര

വിധം രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കപ്പെട്ടതും ഓം ബിർളയുടെ കാലത്തായിരുന്നു. പാർലമെന്റിന്‌ നേരേ രണ്ടാമത്തെ ആക്രമണം നടന്നതും അതിന്മേൽ സഭയിൽ ചർച്ച പോലും അനുവദിക്കാതിരുന്നതും ഇതേ സ്പീക്കറുടെ കാലയളവിൽ തന്നെ. 

ബിജെപിയിലെ ആർഎസ്എസ് ലോബിയുമായി അടുത്ത ബന്ധമുള്ള ബിർളയെത്തന്നെ വീണ്ടും സ്പീക്കറാക്കിയതിനു പിന്നിൽ വലിയ ലക്ഷ്യങ്ങൾ തന്നെ മോദിക്കും ബിജെപിക്കും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മറ്റു പാർടികളെ പിളർത്തി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മോദിക്ക് ഓം ബിർളയെപ്പോലെ പ്രതിപക്ഷത്തെ അവഗണിച്ചു തള്ളുന്ന ഒരു സ്പീക്കറെ തന്നെ വേണമായിരുന്നു.

എന്നാൽ 17ാം ലോക്‌സഭയല്ല 18ാം ലോക്‌സഭ.  ശക്തമായ പ്രതിപക്ഷ സാന്നിധ്യം തന്നെ സഭയിലുണ്ട്. അതുകൊണ്ടുതന്നെ സ്പീക്കറും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകാനാണിട.

അതിന്റെ ആദ്യ ലക്ഷണങ്ങൾ ആദ്യ ദിവസം തന്നെ ദൃശ്യമായി. സ്പീക്കറായി ചുമതലയേറ്റ ഉടൻ ഓം ബിർള ജൂൺ 26ന് അടിയന്തരാവസ്ഥയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ ചൊടിപ്പിച്ചു.

നിഷ്പക്ഷത പാലിക്കേണ്ട സ്പീക്കർ ഒരു പക്ഷം ചേർന്നതിനെ 'ദ ഹിന്ദുവിൽ’ എഴുതിയ ലേഖനത്തിൽ സോണിയാഗാന്ധി വിമർശിക്കുകയുണ്ടായി. രാഹുൽ ഗാന്ധി സ്പീക്കറെ നേരിട്ടു കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഭരണഘടന മാറ്റിയെഴുതാനും ജനാധിപത്യത്തെ തകിടം മറിക്കാനും വേണ്ടിയാണ് മോദി 'ചാർസൗ പാർ’ എന്ന മുദ്രാവാക്യം ഉയർത്തിയതെന്ന പ്രതിപക്ഷ പ്രചാരണമാണ് ബിജെപി ക്ക് സീറ്റ് കുറച്ചത്.

അതിലുള്ള പ്രതിഷേധമാണ് അടിയന്തരാവസ്ഥാ വിഷയം ഉയർത്തി മോദി തീർത്തത്. പക്ഷേ അതിന് കരുവാക്കിയത് സ്പീക്കറെയും രാഷ്ട്രപതിയെയുമാണെന്ന് മാത്രം. അംഗങ്ങളുടെ സത്യപ്രതിജ്ഞാ വേളയിൽ തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ് അംഗം ശശി തരൂർ ജയ് സംവിധാൻ (ഭരണഘടന ജയിക്കട്ടെ) എന്ന് പറഞ്ഞതിനോട് സ്പീക്കർ നീരസം പ്രകടിപ്പിച്ചതും ഇതിന്റെ ഭാഗമായി വിലയിരുത്താം.

സ്പീക്കറുടെ നടപടിയെ കോൺഗ്രസിലെ ദിപേന്ദ്രർ സിങ് ഹൂഡ ചോദ്യം ചെയ്തപ്പോൾ ഒട്ടും മര്യാദയില്ലാതെ അവിടെ ഇരിക്കാൻ സ്പീക്കർ പറഞ്ഞത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഹരിയാനയിൽ ദീപേന്ദ്രർ ഭരണഘടനാ സംരക്ഷണം പ്രധാന വിഷയമായി മാറ്റിയിരിക്കുകയുമാണ്.  കൂട്ടുകക്ഷി സർക്കാരിനാണ് മോദി നേതൃത്വം നൽകുന്നതെങ്കിലും സ്വേഛാധിപത്യ പ്രവണതക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ഒരു മാസത്തെ സംഭവവികാസങ്ങൾ തെളിയിച്ചു.

അരവിന്ദ്‌ കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ

അരവിന്ദ്‌ കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ നടപടി ഇതാണ് സൂചിപ്പിക്കുന്നത്. ഡൽഹിയിലെ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഹൈക്കോടതിയിൽ പോയി ജാമ്യം റദ്ദാക്കിച്ചു.

എക്‌സൈസ് കേസിൽ തന്നെ സിബിഐ  കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ജയിൽ മോചിതനാക്കാതിരിക്കാനാണ് സിബിഐയുടെ അറസ്റ്റ്.

പതിനാല് വർഷം പഴക്കമുള്ള ഒരു കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ് റ്റനന്റ്‌  ഗവർണർ അനുമതി നൽകിയിരിക്കുകയാണ്.

രാജ്യത്ത് പൊലീസ് രാജിന് വഴിവെക്കുന്നതും പൗരന്റെ  ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നതുമായ മൂന്ന് ക്രമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്.

രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാൻ കൂടുതൽ ഡ്രാക്കോണിയൻ അധികാരങ്ങളാണ് അധികാരികൾക്ക് ഈ നിയമം വഴി നൽകപ്പെട്ടിട്ടുള്ളത്.

ജൂൺ 26ന് ഭാഗികമായി നിലവിൽ വന്ന ടെലികോം ആക്ട് 2023 അനുസരിച്ച് പൊതുസുരക്ഷ കണക്കിലെടുത്ത് അടിയന്തരഘട്ടങ്ങളിൽ ഇന്റർനെറ്റ് വഴിയുള്ള സന്ദേശം കൈമാറുന്നത് തടയാൻ സർക്കാരിന് അധികാരം ലഭിക്കുകയാണ്. ടെലികോം വാർത്താവിനിമയം പരിശോധിക്കാൻ 10 കേന്ദ്ര ഏജൻസികൾക്കാണ് അധികാരം ലഭിക്കാൻ പോകുന്നത്. 

അമിത് ഷായെ വീണ്ടും ആഭ്യന്തര മന്ത്രിയായി നിയമിച്ചതിനാൽ കേന്ദ്ര ഏജൻസികളായ ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളുടെ ദുരുപയോഗം ഇനിയും തുടരുമെന്ന് വ്യക്തമാണ്. വൻകിട കോർപറേറ്റുകൾ പുതിയ സർക്കാരിനു പിന്നിൽ നേരത്തേ പോലെ തന്നെ അടിയുറച്ച് നിൽക്കുകയുമാണ്.

നിയോലിബറൽ നയവും സ്വകാര്യവൽക്കരണവും ശക്തമായി തുടരുമെന്ന സൂചന സർക്കാർ നൽകിക്കഴിഞ്ഞു. പുതുതലമുറ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ അഭിപ്രായപ്പെടുകയുണ്ടായി.

അക്രമാത്മക ഹിന്ദുത്വ രാഷ്ട്രീയവും തടസ്സമില്ലാതെ തുടരുകയാണ്. മൂന്നാം മോദി സർക്കാർ അധികാരമേറ്റശേഷം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. ഇതിനകം അഞ്ച് മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയാണ് ഹിന്ദുത്വവാദികളെ പ്രകോപിതരാക്കുന്നത്.

ഛത്തീസ്ഗഢ്‌ തലസ്ഥാനമായ റായ്‌പൂരില്‍ കാളകളെ കൊണ്ടുപോകുകയായിരുന്ന മൂന്ന് മുസ്ലിങ്ങളെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി ‘ഗോ സംരക്ഷകര്‍’ കൊലപ്പെടുത്തി. അലിഗഢില്‍ മോഷണക്കുറ്റം ആരോപിച്ച്‌ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ഫരീദിനെതിരെ പിന്നീട് പൊലീസ് കേസെടുക്കുകയും ചെയ്തു.

ഫരീദിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ അമ്മ നൽകിയ പരാതിയിലാണ് വിചിത്രമായ ഈ നടപടി. ഗുജറാത്തിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മുസ്ലിം യുവാവ് സൽമാൻ വോറയെ സംഘപരിവാറുകാർ സംഘം ചേർന്ന് കൊലപ്പെടുത്തി.

ആനന്ദ് ജില്ലയിലെ ചിക്കോദ്രയിലാണ് സംഭവം. മധ്യപ്രദേശിലെ മണ്ഡലയില്‍ ഫ്രിഡ്ജുകളില്‍ നിന്ന് ബീഫ് കണ്ടെടുത്തുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 11 മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു. അവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലഖ്നൗവിലെ അക് ബര്‍നഗറില്‍ നദീമുഖത്തിന്റെ നിര്‍മ്മാണത്തിനായി ആയിരത്തിലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തു. ഗുജറാത്തിലെ വഡോദരയില്‍ മുഖ്യമന്ത്രിയുടെ പാര്‍പ്പിട പദ്ധതിക്ക് കീഴില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്കായുള്ള ഭവന സമുച്ചയത്തില്‍ മുസ്ലിം സ്ത്രീക്ക് ഫ്‌ളാറ്റ് അനുവദിച്ചതിനെതിരെ ഹിന്ദു സമുദായത്തില്‍പ്പെട്ട ആളുകള്‍ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.

മുസ്ലീം സ്ത്രീയെ അവിടെ താമസിക്കുന്നതിൽ നിന്നു വിലക്കി. ഹിമാചല്‍ പ്രദേശിലെ നഹാനില്‍ ഈദ്അല്‍അദ്ഹയ്ക്കിടെ പശുവിനെ ബലിയര്‍പ്പിച്ചുവെന്നാരോപിച്ച്‌ ഒരു മുസ്ലിം കച്ചവടക്കാരന്റെ കട കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ഗോവധം ആരോപിച്ച്‌ ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പട്ടണത്തിലെ മറ്റ് 16 മുസ്ലിം കടയുടമകളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 

 

സുഹാസ് പാൽഷിക്കർ

സുഹാസ് പാൽഷിക്കർ

ഡല്‍ഹിയിലെ സംഗംവിഹാറിലെ ഒരു ആരാധനാലയത്തിന് സമീപം പശുവിന്റെ ജഡം കണ്ടെടുത്തതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പിന്നാലെ പ്രദേശവാസികള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വർഗീയ ലഹളയിൽ 57 പേരാണ് ഇതിനകം അറസ്റ്റിലായത്.

ഒഡിഷയിലെ ബാലസോറിലും ഇരുവിഭാഗ പാർലമെന്റ്‌ സമ്മേളനം തുടങ്ങുന്ന ദിവസം പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഉപദേശിച്ചത് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നാണ്. തടസ്സപ്പെടുത്തലും ബഹളവുമാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്രയെന്നും നിരാശാജനകമായ പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ  ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുളളതെന്നും മോദി പറഞ്ഞു.

സമവായത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസവും അതിനു മുൻകൈയെടുത്തില്ലെന്നു മാത്രമല്ല, ഏറ്റുമുട്ടൽ നയമാണ് ഉടനീളം സ്വീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതൽ മൂന്നാമതും പ്രധാനമന്ത്രിയാകുന്നതുവരെയും സമവായത്തിന്റെ ഭാഷയല്ല, അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും പാതയിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചിരുന്നത്. ആ പാത അദ്ദേഹത്തിന് പൊടുന്നനെ ഉപേക്ഷിക്കാൻ കഴിയില്ല.

സ്വന്തം നിലയിൽ ഭൂരിപക്ഷമില്ലാത്തതും സഖ്യകക്ഷികളുടെ സമ്മർദ്ദവും ശക്തമായ പ്രതിപക്ഷ സാന്നിധ്യവുമാണ് മോദിയെ അസ്വസ്ഥനാക്കുന്നത്. പ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ്റും 'സ്‌റ്റഡീസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സി’ന്റെ  ചീഫ് എഡിറ്ററുമായ സുഹാസ് പാൽഷിക്കർ ജൂൺ 24ന് ഇന്ത്യൻ എക്സ് പ്രസിൽ എഴുതിയ ലേഖനത്തിൽ മൂന്നാം മോദി സർക്കാരിൽ നിന്ന് അഞ്ച് കാര്യങ്ങളിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട എന്ന് നിരീക്ഷിക്കുന്നുണ്ട്.

പ്രതിപക്ഷത്തോടുള്ള അസഹിഷ്ണുത, കേന്ദ്രാധികാരത്തെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചുള്ള വേട്ടയാടൽ, ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തൽ, കോർപറേറ്റ് പ്രീണനം,  ഹിന്ദുത്വരാഷ്ട്രീയം എന്നിവ ഇനിയും നിർബാധം തുടരുമെന്നാണ് പാൽഷിക്കർ വിലയിരുത്തിയത്. അത് അക്ഷരംപ്രതി ശരിയാണെന്ന് കഴിഞ്ഞ ഒരു മാസത്തെ മൂന്നാം മോദി സർക്കാരിന്റെ  പ്രവർത്തനം സാക്ഷ്യപ്പെടുത്തുന്നു.

ദേശാഭിമാനി വാരികയിൽ നിന്ന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top