26 May Tuesday

കൊറോണക്കാലത്തെ രാഷ്ട്രീയചിന്തകള്‍

കെ രാജേന്ദ്രൻUpdated: Saturday Mar 28, 2020


‘‘പ്രിയ നാട്ടുകാരെ
സോദരരെ സോദരിമാരെ..
കൊടും കോളറയാൽ ലോകരിതാ
ചത്തൊടുങ്ങുന്നു.
ഒരുവീട്ടിലെങ്ങാൻ
രോഗമുള്ളതായറിവുകിൽ
ഉടനെയരികിലുള്ള വൈദ്യശാല തേടണം
രോഗിയെ നാം നല്ലവണ്ണം ശുശ്രൂഷിക്കേണം.
അ‍ഴുക്കാകെ നീക്കി ദേഹം ശുചിയായിവെക്കേണം. മലമൂത്രമാകെ അകലെയുള്ള കു‍ഴിയിൽ തള്ളണം ചാരമോ ചുണ്ണാമ്പോ അതിലിട്ടുമൂടണം
ഭയഹീനരായ മനസ്സുറച്ച് നാം വസിക്കേണം’’


സ്വാതന്ത്ര്യത്തിനുമുമ്പ് തൊള്ളായിരത്തി മുപ്പതുകളുടെ അവസാനത്തിലും നാൽപ്പതുകളുടെ ആദ്യത്തിലുമായി കോളറ അരലക്ഷത്തോളം കേരളീയരുടെ ജീവനെടുത്ത കാലത്ത് ഗ്രാമങ്ങളിൽ മു‍ഴങ്ങിക്കേട്ട പ്രചാരണ ഗാനമാണിത്. അന്ന് ഗ്രാമങ്ങളിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ ഉണ്ടാക്കി. വൈദ്യസഹായവും വാർത്താവിതരണ സംവിധാനവുമെല്ലാംഅന്യം നിന്നിരുന്ന കാലത്ത് മരണനിരക്ക് ഇത്രയെങ്കിലും പിടിച്ചുനിർത്താനായത് ഇത്തരം കൂട്ടായ്മകളായിരുന്നു. കോളറക്കാലത്തും വസൂരിക്കാലത്തും ജീവൻ പണയംവച്ച സന്നദ്ധപ്രവർത്തകരിലൂടെയാണ് പലഗ്രാമങ്ങളും ആദ്യത്തെ കമ്യൂണിസ്റ്റുകാരെ കണ്ടിരുന്നത്.

സ്വാതന്ത്ര്യത്തിനുമുമ്പ് കോളറയും വസൂരിയും ഭീതിവിതച്ചതുപോലെ കേരളം ഇപ്പോൾ കൊറോണയുടെ ആശങ്കയിലാണ്. കാ‍ളവണ്ടിയിൽ കെട്ടിവച്ച മൈക്കിലൂടെ കേൾപ്പിച്ചിരുന്ന ബോധവൽക്കരണ ഗാനത്തിനുപകരം ഇന്ന് സെക്കൻഡുകൾക്കിടയിൽ ലക്ഷങ്ങളുടെ മൊബൈൽഫോണുകളിലെത്തുന്ന വാട്സാപ്സന്ദേശങ്ങളാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും പതിൻമടങ്ങ് വികസിച്ചെങ്കിലും പ്രതിസന്ധിഘട്ടങ്ങളിലും ചിലർ സങ്കുചിതമായ രാഷ്ട്രീയപ്രചാരണം നടത്തുന്നു. ചെന്നിത്തലയുടെ "മീഡിയാമാനിയ' പ്രയോഗത്തോടും സെൻകുമാറിന്റെയും കെ മുരളീധരന്റെയും ‘ഉഷ്ണത്തെ അതിജീവിക്കാനാകാതെ സ്വയം നശിക്കുന്ന കൊറോണവൈറസ്’ സിദ്ധാന്തത്തോടും താരതമ്യം ചെയ്യാവുന്നതൊന്നും പ‍ഴയ കോളറക്കാലത്തോ വസൂരിക്കാലത്തോ കേരളം കണ്ടിരിക്കാനിടയില്ല.

സ്വന്തം ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല, അയൽക്കാരന്റെയും നാടിന്റെയും ആരോഗ്യത്തെക്കുറിച്ച് മലയാളി ആശങ്കാകുലനാണ്. പക്ഷേ, ചിലർ സൂഷ്മദർശിനിയിലൂടെ നോക്കുന്നത് പോരായ്മകളും വീ‍ഴ്ചകളുമാണ്. പ്രളയകാലത്തും കേരളം ഇത് കണ്ടതാണ്. അണക്കെട്ടുകളിലെ വെള്ളം ഒരുമിച്ച് തുറന്നുവിട്ടതുകൊണ്ടും സൈന്യത്തെ വിളിക്കാത്തതുകൊണ്ടുമെല്ലാമാണ് പ്രളയമുണ്ടായതെന്നായിരുന്നു പ്രചാരണം. ദുരന്തത്തിന്റെ ഇരകൾക്ക് 1000 വീട്‌ നിർമിച്ചുനൽകുമെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ്‌ എം എം ഹസ്സൻ പ്രഖ്യാപിച്ചു. കള്ളം പറയാതെ എന്നാൽ നിർമിച്ച വീടുകളുടെ എണ്ണത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഹസ്സനോട്  ചോദിക്കാനാണ് ഇന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്.

രക്തത്തിന്റെ രാഷ്ട്രീയം

നവാസ് ഷെറീഫിന്റെ ക്ഷണിക്കാത്ത പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി പാകിസ്ഥാൻ സന്ദർശിച്ചുകൊണ്ടാണ് നരേന്ദ്ര മോഡി മാറിയ വിദേശനയത്തിന് തുടക്കമിട്ടത്. എന്നാൽ, അതിർത്തി കടന്ന് മിന്നൽ ആക്രമണം നടത്തുന്നതിൽവരെ കാര്യങ്ങളെത്തി. ആർഎസ്എസുകാർക്ക് "പാകിസ്ഥാൻ' എന്ന പദം ഒരു രാജ്യത്തിന്റെ പേര് എന്നതിലും ഉപരിയായി ഇന്ത്യൻ മുസ്ലിങ്ങളെ ആട്ടിയോടിക്കേണ്ട ഇടമായി മാറി. അങ്ങനെയുള്ള പാകിസ്ഥാനെ നരേന്ദ്ര മോഡി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ക്ഷണിച്ചു. വൈറസിന് ജാതിയോ മതമോ ഇല്ല; അതിർത്തിയും പൗരത്വവും ഇല്ല. പാകിസ്ഥാനുള്ള ശത്രുതയ്ക്ക് താൽക്കാലിക വിരാമം.

1990 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി ഗുജറാത്തിലെ സോമനാഥിൽനിന്ന്‌ യുപിയിലെ അയോധ്യയിലേക്ക്‌ ബിജെപിനേതാവ് എൽ കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് സ്വാഗതമോതിക്കൊണ്ട് ബജ്‌റംഗ്‌ദൾ പ്രവർത്തകർ അദ്വാനിക്കുനേരെ നീട്ടിയത് രക്തം നിറച്ച കപ്പുകളായിരുന്നു. പല സ്വീകരണ കേന്ദ്രങ്ങളിലും അവർ അദ്വാനിയെ രക്തതിലകം അണിയിച്ചു. മതസ്പർധ പടർത്തിയുള്ള ഈ ചോരക്കളി രാജ്യത്തെ കലാപകലുഷിതമാക്കി. 1991 ജനുവരി 8ന് അന്നത്തെ ആഭ്യന്തരവകുപ്പ് സഹമന്ത്രി സുബോധ് കാന്ത് സഹായ് പാർലമെന്റിൽ രഥയാത്ര സൃഷ്ടിച്ച ക്രമസമാധാന പ്രശ്നങ്ങൾ കണക്കുകൾസഹിതം വിവരിച്ചിരുന്നു. 1990ൽ രാജ്യത്ത് ഉണ്ടായ വിവിധ കലാപങ്ങളിൽ 693പേർ കൊല്ലപ്പെട്ടു. 1773 പേർക്ക് പരിക്കുപറ്റി. രഥയാത്രാ ദിനങ്ങളിൽ അദ്വാനിക്ക് അമ്പും വില്ലും നൽകിയ പ്രവർത്തകരോട് "എകെ 47 ന്റെ കാലത്ത് എന്തിനാണ്ഈ  അമ്പും വില്ലും " എന്ന് തമാശരൂപത്തിൽ ചോദിച്ചിരുന്നത്രെ ( പേജ് 243, ദ ആർഎസ്എസ്, എ മെനസ് -റ്റു ഇൻഡ്യ–-എ ജി നൂറാണി). ഡൽഹി കലാപത്തിൽ ചോരയൊ‍ഴുക്കുന്നതിനായി ആർഎസ്എസുകാർ ഉപയോഗിച്ചത് അമ്പും വില്ലും ആയിരുന്നില്ല; തോക്ക് തന്നെയായിരുന്നു.

ഗോമൂത്ര ചികിത്സയും അബദ്ധ സിദ്ധാന്തങ്ങളും
ആരാധനാലയങ്ങൾ അടച്ചിട്ടും ആലിംഗനങ്ങൾ നിർത്തിവച്ചുമെല്ലാം ആത്മീയനേതാക്കൾപോലും കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാറുന്നു. ലോകവും രാജ്യവും കൊറോണയ്‌ക്കെതിരെ ശാസ്ത്രീയമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലും ശാസ്ത്രജ്ഞർ രോഗപ്രതിരോധ ഔഷധങ്ങൾ നിർമിക്കാനുള്ള പരീക്ഷണങ്ങളിലും മു‍ഴുകിയിരിക്കുകയാണ്. എന്നാൽ, അഖില ഭാരത ഹിന്ദുസഭ എന്ന സംഘപരിവാർ സംഘടന രാജ്യത്തുടനീളം ഗോമൂത്ര പാർടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഗോമൂത്രം കുടിച്ചാൽ കോറോണ ബാധിക്കില്ലത്രെ. മാർച്ച് 14ന് ഡൽഹിയിൽ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെയായിരുന്നു ശാസ്ത്രീയമായ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന് ജനങ്ങ‍ളെ വ‍ഴിതെറ്റിച്ച് അശാസ്ത്രീയതയിലേക്ക്‌ തള്ളിവിടുന്ന ഈ തെമ്മാടിത്തം നടന്നത്.

മുംബൈയിലെ റിലയൻസ് ഹോസ്പിറ്റൽ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇന്ത്യൻ ശാസ്‌ത്രലോകത്തെ ഞെട്ടിച്ചിരുന്നു.ഗണേശ ഭഗവാന്റെ തല സൃഷ്ടിച്ചത് പ്ലാസ്റ്റിക് സർജറിയിലൂടെയാണെന്നും കർണൻ ടെസ്റ്റ്യൂബ്‌ ശിശുവാണെന്നുമായിരുന്നു മോഡിയുടെ പഠനക്ലാസ്.പ് ലാസ്റ്റിക് സർജറിയുടെയും ടെസ്റ്റ്യൂബ്‌ ശിശുവിന്റെയും ഉപജ്ഞാതാക്കൾ ഭാരതീയ ഋഷിശ്രേഷ്ഠരാണത്രെ. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പ്രൊക്രിയാൽ മുംബൈ ഐഐടിയിലെ വിദ്യാർഥികളോട് പറഞ്ഞതും സമാനമായ കാര്യങ്ങളായിരുന്നു. ആറ്റവും തന്മാത്രയും കണ്ടെത്തിയത് ചരകനാണെന്നായിരുന്നു പൊക്രിയാലിന്റെ കണ്ടെത്തൽ. ലോകപ്രശസ്തരായ നിരവധി ശാസ്ത്രജ്ഞരെ സൃഷ്ടിച്ച രാജ്യമാണ് ഇന്ത്യ. ആ രാജ്യം ഭരിക്കുന്നവർ ഇന്ന് അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും പിന്നാലെ പോകുന്നതാണ് ആധുനിക കാലഘട്ടത്തിലെ ദുരന്തക്കാഴ്‌ച.

വർഗീയതയായാലും അന്ധവിശ്വാസമായാലും അനാചാരമായാലും ആർഎസ്എസ് നിലപാടെന്തെന്ന് അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത് സർസംഘ് ചാലക്, ബൗദ്ധിക് പ്രമുഖ് തുടങ്ങിയസ്ഥാനങ്ങളിലിരുന്നിരുന്ന ആർഎസ്എസ് നേതാവ് കെ എസ് സുദർശൻ ആയിരുന്നു. "വിശ്വാസത്തിന് യുക്തിയോ ന്യായീകരണമോ ആവശ്യമില്ല' (ഇന്ത്യ ടുഡെ-1989 ജൂൺ 30) എന്നതായിരുന്നു സുദർശന്റെപ്രബോധനം. കെ എസ് സുദർശനിൽനിന്ന് മോഹൻഭാഗവതിലെത്തുമ്പോൾ പ്രബോധനങ്ങൾ ഭീഷണികളായി മാറുന്നു. ഗോമൂത്ര ചികിത്സയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം ഭരണത്തിന്റെ കുടക്കീ‍ഴിൽ നിർബാധം തുടരുമെന്നുറപ്പ്.

ഇന്ന് കേരളം മാത്രമല്ല, രാജ്യം മു‍ഴുവൻ ഒരുമഹാമാരിയുടെ പിടിയിലാണ്. ജനങ്ങൾ പണമില്ലാതെ വലയുമ്പോൾ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം എന്തെന്ന് അറിയണമെങ്കിൽ പോയവാരത്തിൽ കൊറോണ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഒരു ഉത്തരവ്‌ നോക്കിയാൽ മതി. കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപവീതം നൽകുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ, ഉടനെ വന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തിരുത്തൽ ഉത്തരവ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപവീതം നൽകുമെന്ന പ്രഖ്യാപനം ഒ‍ഴിവാക്കിക്കൊണ്ടുള്ളതായിരുന്നു പുതിയ ഉത്തരവ്. പഞ്ഞകാലത്ത് ജനങ്ങളെ എങ്ങനെ ചൂഷണം ചെയ്യണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എണ്ണവിലയുടെ തീരുവകൾ കൂട്ടിയ നടപടി. കൊറോണമൂലം അംബാനിക്ക് ലാഭത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് നികത്തുന്നത് എണ്ണവിലയിലൂടെയായിരിക്കും.

പണ്ട് കോളറയും വസൂരിയും പടർന്ന കാലത്ത് നാട്ടിൽ രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായിരുന്നു. അക്കാലത്ത് ജൻമിമാർ ഭക്ഷ്യധാന്യങ്ങൾ നാട്ടുകാർക്ക് നൽകാതെ പത്തായങ്ങളിൽ ശേഖരിച്ചു വച്ചു. പ‍ഴയ നാട്ടുജന്മിമാരുടെ സ്ഥാനത്ത് ഇന്ന് ഭീമൻ കോർപറേറ്റുകളാണ്. ബ്രിട്ടീഷ് സർക്കാരിന്റെ ദൗത്യം മോഡിസർക്കാരും ഏറ്റെടുത്തിരിക്കുന്നു.ഏ‍ഴും എട്ടും പതിറ്റാണ്ടുകൾക്കുമുമ്പ് കോളറക്കാലത്തും  വസൂരിക്കാലത്തും കേരളത്തിലെ ഗ്രാമത്തിൽ മു‍ഴങ്ങിക്കേട്ട "ഭയഹീനരായ മനസ്സുറച്ച് നാം വസിക്കേണം" എന്ന വാക്യം കാലാതിവർത്തിയാവുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top