17 January Sunday

വികസനത്തിന്റെ ഇടതുരാഷ്ട്രീയം - കെ എസ് രഞ്ജിത്ത് എഴുതുന്നു

കെ എസ് രഞ്ജിത്ത്Updated: Friday Nov 6, 2020


ലോകസമ്പദ്‌‌വ്യവസ്ഥയും ബിസിനസ് സാമ്രാജ്യങ്ങളും കോവിഡ് മഹാമാരിയിൽ തട്ടി നിലംപതിച്ച വർഷമാണ് 2020. ചൈനയൊഴിച്ചുള്ള ലോക രാഷ്ട്രങ്ങളെല്ലാം വളർച്ചാനിരക്കിൽ പിന്നോട്ടുപോയ കാലം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 23 ശതമാനത്തിലേറെ ചുരുങ്ങിയ അത്യപൂർവ കാലം. എന്നാൽ, ഇതേ കാലത്താണ് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും മുന്തിയ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് കയറിയത്. കൃത്യമായി പറഞ്ഞാൽ 80 ബില്യൺ ഡോളറുമായി നാലാം സ്ഥാനത്തെത്തിയത്. ആമസോൺ മേധാവി ജെഫ് ബോസ്, മൈക്രോസോഫ്ട് അധിപൻ ബിൽ ഗേറ്റ്സ്, ഫെയ്‌സ്ബുക് സിഇഒ മാർക്ക് സുക്കർബെർഗ് എന്നിവർക്കുമാത്രം താഴെ. ഇതേവർഷമാണ് ആമസോണും ഫെയ്‌സ്ബുക്കും ഗൂഗിളും സൗദിയിലെ സുൽത്താനുമൊക്ക അംബാനിയുടെ ജിയോയിൽ നിക്ഷേപവുമായി എത്തിയത്. അതാണ് അംബാനിയെ ആഗോള ശത കോടീശ്വരന്മാരുടെ  മുൻനിരയിൽ എത്തിച്ചത്. ഇന്റർനെറ്റിന്റെയും ടെലികോമിന്റെയും സമകാലീന സാമ്പത്തിക കരുത്തും വ്യാപ്തിയും അറിയാൻ ഈ കഥ മാത്രംമതി. 4 ജി അനുമതി ലഭിച്ച്‌ നാലുവർഷംകൊണ്ടാണ് ഇന്ത്യൻ ടെലികോം മേഖലയുടെ 44 ശതമാനം അംബാനിയുടെ കീഴിലായത്. 4 ജി സ്പെക്ട്രം അനുമതി ലഭിക്കാത്തതു കൊണ്ടുമാത്രം രാജ്യത്തിന്റെ അഭിമാനമായി നിലനിന്നിരുന്ന ബിഎസ്എൻഎൽ മൃതപ്രായമായതും ഇതേ കാലയളവിലാണ് എന്നുകൂടി ഓർക്കണം.

അരനൂറ്റാണ്ടിലേറെ കാലംകൊണ്ട് നമ്മുടെ സർക്കാരുകൾ കെട്ടിപ്പടുത്ത ബൃഹത്തായ സാമൂഹ്യസേവന ശൃംഖലകൾ പലതുണ്ട്. ഏത് കുഗ്രാമത്തിലും കത്തുകൾ എത്തിക്കുന്ന  തപാൽവകുപ്പിനെപ്പോലെ, ഇലക്ട്രിക്ക് പോസ്റ്റുകൾക്ക് അംബാനിയുടെ ടെലികോം സാമ്രാജ്യത്തെ വെല്ലുവിളിക്കാനുള്ള കരുത്തുണ്ടെന്ന്‌ കെ ഫോൺ വഴി സംസ്ഥനസർക്കാരും കെഎസ്ഇബിയും കാട്ടിത്തരുകയാണ്. അതോടൊപ്പം, 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ്  എത്തിക്കുന്നതിലൂടെ എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടുള്ള വികസനമാതൃകയും സൃഷ്ടിക്കപ്പെടുകയാണ്.

52000 കിലോമീറ്റർ നീളുന്ന അതിവേഗ ഇന്റർനെറ്റ് ശൃംഖല വൈദ്യുതി ബോർഡിന്റെ പോസ്റ്റുകളും പ്രാദേശിക ഓഫീസുകളും വഴി സൃഷ്‌ടിച്ചെടുക്കുക, 20 ലക്ഷം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ് സൗജന്യമായി നൽകുക, സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഇത് ലഭ്യമാക്കുക, ഏതു കോണിലുമിരുന്ന് ഇന്റർനെറ്റ് അധിഷ്ഠിതമായ ബിസിനസുകൾ ചെയ്യാനാകുക തുടങ്ങി കെ ഫോണിലൂടെ  കേരളത്തിന്റെ വികസന പരീക്ഷണങ്ങൾ  തുടരുകയാണ്.  ഇന്റർനെറ്റ്‌ ലഭ്യത മൗലികാവകാശമാണെന്ന്‌  സുപ്രീംകോടതി 2019ൽ വിധി പറയുന്നതിന് രണ്ടുവർഷംമുമ്പേ കേരളം നിയമം പാസാക്കിയിരുന്നു.


 

അടിസ്ഥാന ടെലികോം സൗകര്യങ്ങളുടെ  കാര്യത്തിൽ രാജ്യത്ത്‌ പൊതുവെ പുരോഗതിയുണ്ട്. എന്നാൽ, വിദ്യാഭ്യാസം ഏതാണ്ട് പൂർണമായും ഓൺലൈനായി മാറിയ, സർക്കാർ സേവനങ്ങൾ മിക്കതും ഓൺലൈൻവഴി ലഭ്യമാകുന്ന ഈ കാലത്തും രാജ്യത്താകെ ഗ്രാമീണമേഖലയിൽ 14.9  ശതമാനത്തിനു മാത്രമാണ് ഇന്റർനെറ്റ് പ്രാപ്യമായിട്ടുള്ളത്. നഗരങ്ങളിൽ ഇത് 49 ശതമാനമാണ്. ഇത് ആധുനിക ജനാധിപത്യഭരണകൂടങ്ങൾ ലക്ഷ്യംവയ്ക്കുന്ന അവസരസമത്വത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനലക്ഷ്യങ്ങൾക്കും എതിരുനിൽക്കുന്നു. പരിമിതമായ വിഭവങ്ങളുടെ നീതിപൂർവകമായ പുനർവിതരണത്തിലൂടെ ലോകത്തിനു മാതൃകയായ നാടാണ് കേരളം. വളരാനും വികസിക്കാനും എല്ലാവർക്കും അവസരങ്ങൾ സൃഷ്ടിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്‌ ഡിജിറ്റൽ ഡിവൈഡ്  ഇല്ലാതാക്കുന്ന കെ ഫോൺ.

ലോകം കഴിഞ്ഞ നൂറു വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്ന കാലയളവിൽ അതിനെ മുറിച്ചുകടക്കാനുള്ള വലിയ സാധ്യതകളാണ്  വിവര സമ്പദ്‌വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്. അതിൽ പലതും മുതലാക്കാനുള്ള അടിസ്ഥാനമികവുകൾ  കേരളത്തിനുണ്ട്. ഈ സാധ്യതകൂടി മുന്നിൽ കണ്ടുകൊണ്ടുള്ളതാണ് കെ ഫോൺ പദ്ധതി.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും കണ്ണിചേർക്കുന്ന ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് നടപ്പാക്കാൻ 2011ലെ യുപിഎ സർക്കാർ തീരുമാനിച്ചിരുന്നു. നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് എന്ന പദ്ധതിയാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ബിഎസ്എൻഎൽ, റെയിൽടെൽ എന്നിവയുമായി ചേർന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. പദ്ധതിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്രത്തിന്റെ ടെലികമ്യൂണിക്കേഷൻ വകുപ്പുതന്നെ കണ്ടെത്തി. തുടർന്ന്, ഭാരത് നെറ്റ് എന്ന പുതുക്കിയ പദ്ധതി മുന്നോട്ടുവച്ചു. 2015 ജൂലൈ 16-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി സംസ്ഥാന സർക്കാർ നേതൃത്വത്തിലുള്ള മാതൃകയ്ക്ക് തത്വത്തിൽ അംഗീകാരം നൽകാൻ തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാനും തീരുമാനിച്ചു.


 

കെ ഫോൺ ഡിജിറ്റൽ സൂപ്പർ ഹൈവേ നിർമിക്കപ്പെടുന്നതോടെ അമ്പരിപ്പിക്കുന്ന പുതിയൊരു ഡിജിറ്റൽ വിപ്ലവം സാധാരണ ജനത അനുഭവിച്ചറിയും. ബ്രോഡ്ബാൻഡ് വർധന 10 ശതമാനം ഉണ്ടായാൽ 1.38 ശതമാനംവരെ സാമ്പത്തികവളർച്ചയ്ക്ക് സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ കാട്ടുന്നത്. ബ്രോഡ്ബാൻഡ് സ്പീഡ് ഇരട്ടിയായാൽ ആഭ്യന്തരോൽപ്പാദനം 0.3 ശതമാനം വർധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിൽമേഖലയിൽ ഇത് കാര്യമായ വർധനയ്ക്ക് വഴിതെളിക്കും. സർക്കാർ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും സ്വകാര്യ സംരംഭകർക്കും ഒരു പോലെ ഉപയോഗപ്രദമാകും കെ ഫോൺ ശൃംഖല. നിരവധി സാമൂഹ്യസേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുക, ഗവൺമെന്റ് പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധപ്പെടാൻ സാധ്യതകൾ തുറക്കുക, സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, കേരളത്തിൽ എവിടെയും പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുക, ഇ -ലേണിങ്ങും ഇ- ഹെൽത്തും എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുക, പൊതു വൈഫൈ സൗകര്യങ്ങൾ വിപുലീകരിക്കുക ഇതിനൊക്കെ കെ ഫോൺശൃംഖല വഴിതുറക്കും.

നിലവിൽ ബിഎസ്എൻഎൽ അടക്കം എല്ലാ ടെലികോം സേവനദാതാക്കൾക്കുംകൂടി 33679 കിലോമീറ്റർ ഫൈബർഒപ്റ്റിക് ശൃംഖലയാണ് കേരളത്തിലുള്ളത്. ഈ സ്ഥാനത്താണ് കെ ഫോൺ 52000 കിലോമീറ്റർ നീളത്തിൽ ഫൈബർ ഒപ്റ്റിക്ശൃംഖല തീർക്കുന്നത്. ഡിസംബർ 2020ൽ കമീഷൻ ചെയ്യാൻ ഉദ്ദേശിച്ചു തുടങ്ങിയ പദ്ധതി കോവിഡ് പ്രതിസന്ധികളെ നേരിട്ടും ഏറെ മുന്നോട്ടുപോയിരുന്നു.14 ജില്ലയിലായി 6000 കിലോമീറ്റർ ഫൈബർ ഒപ്റ്റിക്‌ കേബിൾ ഇട്ടുകഴിഞ്ഞു. ഐടിഇതര പ്രവർത്തനങ്ങളിൽ 92 ശതമാനവും പൂർത്തീകരിച്ചു. 3000 സർക്കാർ സ്ഥാപനത്തിൽ കണക്റ്റിവിറ്റി പൂർത്തിയാക്കി.  സംസ്ഥാന സർക്കാരിന് വലിയ ബാധ്യതയില്ലാതെ കെഎസ്ഇബിക്ക്‌ വലിയ വരുമാനം ഉറപ്പുവരുത്തുന്ന രീതിയിൽ നടപ്പാക്കാനാകും എന്നതാണ് പദ്ധതിയുടെ വലിയമികവ്. എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതി സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുന്ന വികസന സമീപനമല്ല ഇടതുപക്ഷത്തിന്റേത് എന്ന് കെ ഫോൺ  കാട്ടിത്തരുന്നു. ഉള്ള ആസ്തികളെല്ലാം വിറ്റുപെറുക്കി ജീവിക്കുന്ന കേന്ദ്ര സർക്കാരിനും ഇത് മാതൃകയാക്കാവുന്നതാണ്.

സാങ്കേതികമായി ഇന്റർനെറ്റ് ചരിത്രത്തോടുതന്നെ നീതിപുലർത്തുന്ന ഒന്നാണ് കെ ഫോൺ. ഗവേഷണ സ്ഥാപനങ്ങൾ സ്വന്തംനിലയ്ക്ക് തീർത്ത ചെറിയ നെറ്റ്‌വർക്കുകളിൽനിന്ന്തുടങ്ങി യൂണിവേഴ്സിറ്റികളും മറ്റ്‌ സ്ഥാപനങ്ങളും കണ്ണിചേർന്ന് വികസിച്ച ചരിത്രമാണത്. ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്രാന്തര കേബിൾ നെറ്റ്‌വർക്കുകൾ ഇന്ത്യയിൽ എത്തിനിൽക്കുന്ന അഞ്ചുകേന്ദ്രത്തിൽ ഒന്ന് കൊച്ചിയാണ്. 1999ൽത്തന്നെ ഇത് കേരള തീരത്തെത്തിയതാണ്. സംസ്ഥാനത്തിന്റെ സ്വന്തം നെറ്റ്‌വർക്ക് അതിനോട് നേരിട്ട്‌ കണ്ണി ചേർക്കപ്പെടുകയാണ് കെ ഫോണിലൂടെ. വളരെ നിശ്ശബ്ദമായി മുന്നേറി പൂർത്തീകരണത്തിന് വക്കിലെത്തി നിൽക്കുന്ന ഈ പ്രോജക്റ്റ് തകർക്കപ്പെടാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ കേരള ജനത ജാഗരൂകരാകേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top