21 April Sunday

ചരിത്രമായ ക്ഷേത്രപ്രവേശന വിളംബരം

കെ ശ്രീകണ്‌ഠൻUpdated: Friday Nov 9, 2018

‘ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും നമ്മുടെ ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു.’

ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം ഉപസംഹരിക്കുന്നത‌് ഇങ്ങനെയാണ‌്. 82 വർഷംമുമ്പ‌് തിരുവിതാംകൂർ രാജാവ‌് ചിത്തിരതിരുനാൾ ബാലരാമവർമ പുറപ്പെടുവിച്ച ഈ വിളംബരം ഒരു സമൂഹത്തിന്റെ പരിണാമപ്രക്രിയയിലെ ശ്രദ്ധേയമായ ഏടാണ‌്.  അതുവരെ സനാതനമെന്ന‌് കരുതിയിരുന്ന ഒരു ദുരാചാരത്തിനാണ‌് അതോടെ അന്ത്യംകുറിച്ചത‌്. തിരുവിതാംകൂർ സർക്കാർ വിളംബരംചെയ‌്ത ക്ഷേത്രപ്രവേശന നിയമം കേരളത്തിലെ ഇതരപ്രദേശങ്ങളിൽ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കിയ ഒന്നാണ‌്. നവോത്ഥാന നായകരും  അധഃസ്ഥിത ജനവിഭാഗങ്ങളും ഒരേ വികാരവായ‌്പോടെ നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലംകൂടിയാണ‌് അവർണരുടെ ആരാധനാ സ്വാതന്ത്ര്യത്തിന‌് വഴിതെളിച്ച ഈ വിളംബരം. സാമൂഹിക പരിഷ‌്കരണത്തിന‌ുവേണ്ടി 19–ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ പരിസമാപ‌്തിയിലാണ‌് വിപ്ലവകരമായ ക്ഷേത്രപ്രവേശന വിളംബരം. സമരമുഖരിതമായ ഒരു പശ‌്ചാത്തലമുണ്ടായിരുന്നെങ്കിലും  സാമൂഹികവും സാമ്പത്തികവുമായ ചില ഘടകങ്ങളും വിളംബരം പുറപ്പെടുവിക്കുന്നതിന‌് ചാലകശക്തിയായി വർത്തിച്ചെന്ന‌ത‌് ചരിത്രപരമായ വസ‌്തുതയാണ‌്.

വൈക്കം സത്യഗ്രഹം പാകിയ വിത്ത‌്
ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം എന്നതായിരുന്നു വൈക്കം സത്യഗ്രഹത്തിലെ മുഖ്യ ആവശ്യം. എന്നാൽ,  പതിയെ അത‌് ആരാധനാസ്വാതന്ത്ര്യത്തിനുള്ള പ്രക്ഷേ‌ാഭമായി പരിണമിച്ചു. 1924ൽ തുടങ്ങിയ വൈക്കം സത്യഗ്രഹം ഗാന്ധിജിയുടെ ഇടപെടലോടെ വലിയ ബഹുജനസമരമായി മാറി. സത്യഗ്രഹം വിജയിപ്പിക്കുന്നതിന‌ായി ജാതി മതഭേദമെന്യേ കേരളീയർ മാത്രമല്ല, മറുനാട്ടുകാരും എത്തിച്ചേർന്നു. സവർണജാഥ നയിച്ച മന്നത്തു പത്മനാഭനും പഞ്ചാബിൽനിന്ന‌ുള്ള അകാലികളും തമിഴ‌്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനക്കാരും സമരത്തിന‌് ഐക്യദാർഢ്യം പകർന്നു.

വ‌സ‌്ത്രധാരണാവകാശത്തിന‌ുവേണ്ടി ചാന്നാർ സ‌്ത്രീകൾ നടത്തിയ കലാപമായിരുന്നു തിരുവിതാംകൂറിലെ സാമൂഹിക പരിഷ‌്കരണ സംരംഭങ്ങളിൽ ആദ്യത്തേത‌്. ശുചീന്ദ്രംമുതൽ നെയ്യാറ്റിൻകരവരെയുള്ള പ്രദേശങ്ങളിൽ വ്യാപിച്ച ഈ കലാപത്തിന‌് ചാന്നാർ ലഹള എന്നാണ‌് പേര‌്. സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയാണ‌് കലാപത്തിന്റെ ഫലമായുണ്ടായത‌്. ഇത‌് പരിഹരിക്കാനായി സർക്കാർ മൂന്ന‌് വിളംബരം പുറത്തിറക്കിയെങ്കിലും ജാതീയമായ വിവേചനത്തിനെതിരായ വികാരം ശക്തിപ്രാപിച്ചതേയുള്ളൂ. 1829, 1859, 1865 എന്നീ വർഷങ്ങളിൽ പുറപ്പെടുവിച്ച ഈ വിളംബരങ്ങളാണ‌് ക്ഷേത്രപ്രവേശന വിളംബരത്തിന‌ുമുമ്പ‌് ചരിത്രത്തിൽ ഇടംപിടിച്ചവ. 1829ലെ വിളംബരം പ്രകാരം ക്രിസ‌്തുമതത്തിൽ ചേർന്ന ചാന്നാർ സ‌്ത്രീകൾക്ക‌് മാന്യമായ വസ‌്ത്രം ധരിക്കാൻ അവകാശം കിട്ടി. 1859 ആയപ്പോൾ ക്രിസ‌്തുമതത്തിൽ ചേരാത്തവർക്കും ഇൗ അവകാശം ലഭിച്ചു.

1865ലെ വിളംബരം അവർണ സമുദായത്തിൽപ്പെട്ട എല്ലാ സ‌്ത്രീകൾക്കും ഇതിന‌് അവകാശം നൽകി.  വൈകുണ‌്ഠസ്വാമി മുതൽ അയ്യൻകാളിവരെയുള്ള നായകന്മാരായിരുന്നു തിരുവിതാംകൂറിലെ പൗരാവകാശ പ്രക്ഷേ‌ാഭങ്ങളുടെ രണ്ടാം ഘട്ടത്തിൽ രംഗപ്രവേശം ചെയ‌്തത‌്.  ആചാരലംഘനമായിരുന്നു ഇവരുടെയെല്ലാം സമരരീതി. കുമാരകോവിലിലെ അഗ്നിക്കാവടി ആചരണത്തെ ലംഘിച്ച വൈകുണ‌്ഠസ്വാമി  ശുചീന്ദ്രത്തെ രഥഘോഷയാത്രയിൽ പങ്കെടുത്തും നിഷേധിയായി. കൂലിയില്ലാതെ ജോലി ചെയ്യരുതെന്നും അന്യായമായി പാട്ടം കൊടുക്കരുതെന്നും അദ്ദേഹം ആഹ്വാനംചെയ‌്തു. ഇതിന്റെ പേരിൽ 110 ദിവസം  അദ്ദേഹത്തെ തടവിലിട്ടു. സാമൂഹിക പരിഷ‌്കരണത്തിന്റെ പേരിൽ തിരുവിതാംകൂറിൽ തടവിലാക്കപ്പെടുന്ന ആദ്യവ്യക്തി വൈകുണ‌്ഠസ്വാമിയാണ‌്. കുടുംബ ക്ഷേത്രത്തിൽ കണ്ണാടിപ്രതിഷ‌്ഠ നടത്തിയ ആറാട്ടുപുഴ വേലായുധപണിക്കർ മധ്യതിരുവിതാംകൂറിൽ ആചാരലംഘന സമരങ്ങൾക്ക‌് നേതൃത്വം നൽകി. രാത്രിയിൽ ഉറങ്ങിക്കിടന്ന അദ്ദേഹ‌ത്തെ പ്രമാണിമാർ കുത്തിക്കൊല്ലുകയായിരുന്നു. സാമൂഹിക പരിഷ‌്കരണ  പ്രക്ഷോഭത്തിലെ ആദ്യരക്തസാക്ഷിയാണ‌് വേലായുധപണിക്കർ.

വിഗ്രഹപ്രതിഷ‌്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമെന്ന ആചാരത്തെ ലംഘിച്ച ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ജനവികാരം ആളിക്കത്തിച്ചു.  ജാതി വിവേചനത്തിന്റെ സൂചകമായ കല്ലുമാല പറിച്ചെറിഞ്ഞ‌് കൊല്ലം ജില്ലയിലെ പെരിനാട്ട‌് അടിയാളസ‌്ത്രീകൾ നടത്തിയ കലാപത്തിന‌ു പിന്നിൽ  അയ്യൻകാളിയായിരുന്നു. ചങ്ങനാശേരി പരമേശ്വരൻപിള്ളയെ പോലുള്ള നേതാക്കൾ ഇതിന‌ു പിന്തുണയുമായി രംഗത്തെത്തി. ആചാരലംഘന സമരങ്ങളെല്ലാംതന്നെ സമത്വത്തിന‌ുവേണ്ടിയുള്ള ജനകീയപ്രക്ഷേ‌ാഭങ്ങളുമായിരുന്നു.
 വൈക്കം സത്യഗ്രഹം ക്ഷേത്രപരിസരത്ത‌് സഞ്ചാരസ്വാതന്ത്ര്യത്തിന‌ു വേണ്ടിയുള്ളതായിരുന്നിട്ടുപോലും ക്ഷേത്രം തന്ത്രിയും ഭരണകൂടവും വിട്ടുവീഴ‌്ചയ‌്ക്ക‌് ഒരുക്കമായിരുന്നില്ല. 1925ൽ സമവായ ചർച്ചയ‌്ക്ക‌് എത്തിയ ഗാന്ധിജിയെ ക്ഷേത്രം തന്ത്രിയായ ഇണ്ടംതുരുത്തി നമ്പൂതിരി വീട്ടിൽ കയ‌റ്റിയില്ല. അദ്ദേഹം പോയശേഷം ഇരുന്നസ്ഥലം ചാണകവെള്ളം തളിച്ച‌് ‘ശുദ്ധമാക്കുക’യുംചെയ‌്തു. 

1930 ഓടെ തിരുവിതാംകൂറിൽ  അവർണർക്ക‌് ക്ഷേത്ര പ്രവേശനം കൂടിയേ തീരൂവെന്ന നിലവന്നു. ചാന്നാർ ലഹളയോടെ തുടക്കമിട്ട നിഷേധ മനോഭാവം ജനങ്ങളിൽ ശക്തമായി. രാജാധികാരത്തെയും ഉദ്യോഗസ്ഥ പ്രഭുത്വത്തെയും പരസ്യമായി ചോദ്യംചെയ‌്ത‌് ജനകീയ കൂട്ടായ‌്മകൾ രൂപംകൊണ്ടു. നികുതി പിരിവിനെതിരെയും ചെറുത്തുനിൽപ്പ‌് ശക്തമായി. മതപരിവർത്തന പ്രവണതയും വ്യാപകമായി. ഹിന്ദുയെന്ന പേര‌് ഉണ്ടെങ്കിലും ഹിന്ദുവിന‌ുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെതിരെ അവർണർ സംഘടിച്ചു. ഓരോ ജാതിക്കകത്തുമുണ്ടായിരുന്ന ആചാരങ്ങളെ ഇല്ലായ‌്മ ചെയ്യുന്നതിന‌് ജാതീയസംഘടനകളും രംഗത്ത‌ുവന്നു. നികുതി പിരിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക‌് ജനങ്ങളിൽനിന്ന‌് അവഹേളനം പതിവായി. വരുമാനം കുറഞ്ഞതോടെ സർക്കാരും സാമ്പത്തിക ഞെരുക്കത്തിലായി. ഇതിന‌ു പുറമെയാണ‌് ജനകീയ പ്രക്ഷേ‌ാഭങ്ങളും മതപരിവർത്തനവും ഉയർത്തിയ വെല്ലുവിളി.

ഗാന്ധിജിയുടെ തിരുവിതാംകൂർ യാത്ര
അവകാശനിഷേധത്തിനും അധികാരപ്രമത്തതയ‌്ക്കും എതിരായ കലാപം കലുഷിതമാക്കിയ അന്തരീക്ഷത്തിലാണ‌് 1925ൽ ഗാന്ധിജിയുടെ  തിരുവിതാംകൂർ സന്ദർശനം.  വൈക്കം സത്യഗ്രഹപ്പന്തലിൽ  നിന്നായിരുന്നു അദ്ദേഹത്തിന്റെ വരവ‌്. ക്ഷേത്രപ്രവേശനത്തിന‌ുവേണ്ടിയുള്ള സമരം അതിനകംതന്നെ തിരുവിതാംകൂറിൽ ശക്തിപ്പെട്ടിരുന്നു. താഴ‌്ന്ന ജാതിക്കാർ  കൂട്ടത്തോടെ ബുദ്ധമതത്തിലേക്കും ക്രിസ‌്തുമതത്തിലേക്കും പരിവർത്തനം ചെയ്യാനും തുടങ്ങിയിരുന്നു. തിരുവിതാംകൂർ അന്ന‌് റീജന്റ‌് ഭരണത്തിലാണ‌്.

തിരുവനന്തപുരത്തേക്ക‌ു വന്ന ഗാന്ധിജി വർക്കല കൊട്ടാരത്തിലെത്തി റീജന്റ‌് മഹാറാണിയായിരുന്ന സേതു ലക്ഷ‌്മിഭായിയെ (ചിത്തിര തിരുനാളിന്റെ അമ്മയുടെ ജ്യേഷ‌്ഠത്തി) സന്ദർശിച്ച‌് ക്ഷേത്രപ്രവേശന ആവശ്യമുന്നയിച്ച‌ു. തനിക്ക‌് അതിനുള്ള അധികാരമില്ലെന്നും ചിത്തിര തിരുനാൾ അധികാരമേറ്റശേഷം അതേക്കുറിച്ച‌് ആലോചിക്കട്ടെയെന്നുമായിരുന്നു  മറുപടി. തുടർന്ന‌്  തിരുവനന്തപുരത്ത‌് എത്തിയ ഗാന്ധിജി  ചിത്തിര തിരുനാളുമായും അദ്ദേഹത്തിന്റെ അമ്മ സേതുപാർവതിഭായിയുമായും കൂടിക്കാഴ‌്ച നടത്തി. സംഭാഷണമധ്യേ താങ്കൾ അധികാരത്തിൽ വന്നാൽ അവർണർക്ക‌് ക്ഷേത്രപ്രവേശനം അനുവദിക്കുമോയെന്ന‌് ചിത്തിരതിരുനാളിനോട‌് ഗാന്ധിജി ചോദിച്ചു. ‘ഒഫ‌്കോഴ‌്സ‌്’ (തീർച്ചയായും) എന്നായിരുന്നു ബാലനായ ചിത്തിര തിരുനാളിന്റെ മറുപടി. 1931ൽ റീജൻസി ഭരണം അവസാനിപ്പിച്ച‌് ചിത്തിര തിരുനാൾ രാജാവായി ചുമതലയേറ്റു. സി പി രാമസ്വാമി അയ്യർ ചിത്തിര തിരുനാളിന്റെ രാഷ‌്ട്രീയ ഉപദേശകനായും നിയമിതനായി. സർ ഹബീബുള്ള ആയിരുന്നു അന്നത്തെ ദിവാൻ.

ക്ഷേത്രപ്രവേശനത്തിന‌ുവേണ്ടിയുള്ള സമരം കൂടുതൽ  ശക്തമാകുകയും  മതപരിവർത്തന ഭീഷണി സജീവമാകുകയും ചെയ‌്തു. ഈനില തുടർന്നാൽ തിരുവിതാംകൂറിൽ ഹിന്ദുവായി മേൽജാതിക്കാർ മാത്രം അവശേഷിക്കുമെന്ന യാഥാർഥ്യം രാജാവിനും മറ്റും ബോധ്യമായി. ഈ പശ‌്ചാത്തലത്തിലാണ‌് ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ നിയമനം. 1932 നവംബർ എട്ടിനാണ‌് എട്ടംഗ കമ്മിറ്റി നിലവിൽവന്നത‌്. മഹാകവി ഉള്ളൂർ എസ‌് പരമേശ്വരയ്യർ, ചങ്ങനാശേരി പരമേശ്വരൻപിള്ള, എംവി ഗോവിന്ദൻ, ടി കെ വേലുപ്പിള്ള തുടങ്ങിയവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. 1934 ജനുവരി 11ന‌ു സമിതി റിപ്പോർട്ട‌് സമർപ്പിച്ചെങ്കിലും  ഏകാഭിപ്രായമായിരുന്നില്ല. അവർണർക്ക‌് പ്രവേശനം നൽകണമെന്ന‌് വാദിച്ച ഉള്ളൂരിന‌് ബ്രാഹ്മണസഭ ഭ്രഷ്ട‌് കൽപ്പിച്ചു. രാഷ‌്ട്രീയ ഉപദേശകനായിരുന്ന സി പി ഇതിനകം ദിവാനായി നിയമിതനായി.

ഉത്തരവാദ ഭരണപ്രക്ഷേ‌ാഭം ശക്തിപ്പെടുകയും അവർണ ജനവിഭാഗമാണ‌് ഭൂരിപക്ഷമെന്നതും അവരുടെ അധ്വാനശേഷി ഉപയോഗപ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന‌ത‌ും സി പിയെ നയം മാറ്റത്തിന‌് പ്രേരിപ്പിച്ചു. നിവർത്തനപ്രക്ഷേ‌ാഭത്തിന്റെ വിജയവും 1935ൽ തിരുവിതാംകൂർ പബ്ലിക‌് സർവീസ‌് കമീഷൻ നിലവിൽവന്നതും ഉദ്യോഗനിയമനത്തിൽ 35  ശതമാനം സംവരണം ഏർപ്പെടുത്തിയതും ക്ഷേത്രപ്രവേശന ആവശ്യത്തിന‌് അനുകൂലമായ അന്തരീക്ഷമുണ്ടാക്കി. ഇതേതുടർന്നാണ‌് 1936 നവംബർ 12ന‌ു തിരുവിതാംകൂർ സർക്കാർ ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ചത‌്. ചിത്തിരതിരുനാളിന്റെ 25–ാം ജന്മദിനമാണ‌് അതിനായി സി പി തെരഞ്ഞെടുത്തത‌്.  1936ൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ’37 ജനുവരിയിലാണ‌് ഇത‌് യാഥാർഥ്യമായത‌്. ജനവരി 12ന‌ു ഗാന്ധിജിയുടെ നേതൃത്വത്തിൽ നാനാജാതിയിലുംപെട്ടവർ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അത‌് ചരിത്രമുഹൂർത്തമായി. പിന്നെയും ഏറെ വർഷങ്ങൾക്ക‌ുശേഷമാണ‌് കൊച്ചിയിലും മലബാറിലും അവർണർക്ക‌് ക്ഷേത്രപ്രവേശന അവകാശം ലഭിച്ചത‌്.


പ്രധാന വാർത്തകൾ
 Top