27 January Friday

വായ്പയ്ക്കെതിരെ കേന്ദ്രം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Dec 7, 2022

വായ്പ വാങ്ങി പാവപ്പെട്ടവരെ സഹായിക്കുന്ന രീതി ഉടൻ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധന മന്ത്രിയും ആവശ്യപ്പെടുന്നു. ആനുകൂല്യങ്ങളെ  പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത് മധുരം കിനിയുന്ന എള്ളുണ്ട എന്നത്രേ. പ്രധാനമന്ത്രിതന്നെ ഒരു യോഗത്തിൽ ഉപയോഗിച്ച ആക്ഷേപവാക്കാണ്‌ ഇത്. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ തനത് നികുതി വരുമാനം ഉപയോഗിച്ച് എത്ര വേണമെങ്കിലും സഹായം നൽകാം.  ബജറ്റ് ഇതര വായ്പകൾ ഉപയോഗിച്ചാണ് പാവങ്ങളെ സഹായിക്കുന്നതെങ്കിൽ അത്തരം വായ്പകൾ അംഗീകരിക്കുകയില്ല.  അനുവദനീയമായ വായ്പാ പരിധിയായ മൂന്നു ശതമാനത്തിൽ അവ കൂടി ഉൾപ്പെടുത്തിയാകും ശേഷം വായ്പ നൽകുക. നികുതിവരുമാനം ഉപയോഗിച്ച് വളരെ പരിമിതമായ തോതിൽ മാത്രമേ ആനുകൂല്യങ്ങൾ നൽകാൻ കഴിയൂവെന്ന യാഥാർഥ്യം കേന്ദ്രത്തിന് അറിയാത്തതല്ല.

സർക്കാർ സബ്സിഡികൾ നിർത്തുകയോ കുറയ്ക്കുകയോ ചെയ്താൽ പാവങ്ങളെ അത് വല്ലാതെ ബാധിക്കും. കിറ്റ് വിതരണത്തെ ബാധിക്കും. കുറഞ്ഞ നിരക്കിൽ വൈദ്യുതിയും കുടിവെള്ളവും കിട്ടാൻ പ്രയാസമാകും. ട്രാൻസ്പോർട്ട് യാത്രാ ചെലവ് കൂടും. സൗജന്യ റേഷൻ വിതരണം നിലയ്ക്കും. ഭവന നിർമാണത്തിനുള്ള സബ്സിഡിയെ ബാധിക്കും. കുടുംബശ്രീക്കുള്ള സൗജന്യ പലിശനിരക്ക് നിലയ്ക്കും. കിഫ്ബി  മുഖേനയുള്ള നിർമാണപ്രവർത്തനങ്ങൾ സ്തംഭിക്കും. അതിക്രൂരമായ ജനദ്രോഹമാണ് കേന്ദ്രത്തിന്റേത്  എന്ന കാര്യത്തിൽ സംശയമില്ല.

എന്താണ് സർക്കാരിന്റെ ന്യായവാദം. വായ്പ ധനക്കമ്മി ഉയർത്തും. ധനക്കമ്മി മൂന്നു ശതമാനത്തിൽ ഒതുക്കണം. അതാണ് ധന ഉത്തരവാദിത്വ നിയമം അനുശാസിക്കുന്നത്. ധനക്കമ്മി കൂടിയാൽ വിലക്കയറ്റമുണ്ടാകും. അതിനെ മുതലാളിമാർ ഇഷ്ടപ്പെടുന്നില്ല. കാരണം ഉല്പാദനച്ചെലവ് ഉയരുകയും ജനങ്ങളുടെ വാങ്ങൽശേഷി ഇടിയുകയും  ലാഭം ചുരുങ്ങുകയും ചെയ്യും. അതുകൊണ്ട് ധനക്കമ്മി കുറയ്ക്കുന്നതിനെ അവർ ശക്തമായി അനുകൂലിക്കുന്നു. മാത്രമല്ല, സർക്കാർ മാർക്കറ്റിൽനിന്ന് വായ്പ വാങ്ങിയാൽ പലിശനിരക്ക് ഉയരും. കുറഞ്ഞ പലിശയ്ക്ക് ധനസമാഹരണം നടത്താൻ മുതലാളിമാർക്ക്‌ കഴിയാതാകും.

ധനക്കമ്മി സംബന്ധിച്ച കേന്ദ്ര നിലപാട് യാഥാസ്ഥിതികമാണെന്ന് സംസ്ഥാന ബജറ്റിൽ ആരോപിച്ചത് എത്രയോ ശരി. ധനക്കമ്മി അൽപ്പം ഉയർന്നാൽ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. ധന ഉത്തരവാദിത്വ നിയമം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്. കേന്ദ്രത്തിന്റെ ധനക്കമ്മി ഒരിക്കൽപോലും മൂന്നു ശതമാനത്തിൽ ഒതുക്കിയിട്ടില്ല. ഏറ്റവുമൊടുവിലെ കേന്ദ്രബജറ്റ് പ്രതീക്ഷിക്കുന്നത് 6.4 ശതമാനം കമ്മിയാണ്. കഴിഞ്ഞവർഷം 6.9 ശതമാനവും അതിനു മുമ്പത്തെ വർഷം 9.2 ശതമാനവുമായിരുന്നു. ‘വൈദ്യരെ സ്വയം ചികിത്സിക്കൂ ’എന്നേ പറയാനാകൂ. കമ്മി കുറയുന്നത് ആശാസ്യമാണ്.  പക്ഷേ, അതിന്  സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുനേരെ ഖഡ്ഗമോങ്ങുന്നത് ആക്ഷേപകരമാണ്. എതിർക്കപ്പെടേണ്ടതാണ്.


 

കടം വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുമ്പോൾ ന്യായമായ തോതിൽ ധനസഹായം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകണം. അതിനുള്ള വിഭവങ്ങൾ കേന്ദ്രത്തിനുണ്ട്. നിലവിൽ നികുതി വരുമാനം മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കിടുന്നത്. പങ്കിടേണ്ടാത്ത വരുമാനമാണ് കേന്ദ്രം വർഷംതോറും ലെവിയായി പിരിക്കുന്നത്. 2010–-11ൽ 49,628 കോടി രൂപ ആ ഇനത്തിൽ സമാഹരിച്ചു. 22ൽ അത് 3,74,471 കോടിയായി വർധിച്ചു. തന്നാണ്ടിൽമാത്രം സമാഹരിച്ചത് 53,846 കോടിയാണ്. സെസും സർചാർജുംകൂടി മൊത്തം വരുമാനത്തിന്റെ 13.3 ശതമാനമായിരുന്നു 2014–- 15ൽ. 2022–-23ൽ അത് 20 ശതമാനമായി വളർന്നു. അതായത് കേന്ദ്ര വരുമാനത്തിന്റെ അഞ്ചിലൊരു ഭാഗം. കേന്ദ്ര വരുമാനത്തിന്റെ 41 ശതമാനമാണ് എല്ലാ സംസ്ഥാനത്തിനുമായി  വീതിച്ചുനൽകുന്നത്. സെസ്‌ വരുമാനം പങ്കിടാത്തതുകൊണ്ട്‌ സംസ്ഥാനങ്ങൾക്ക് യഥാർഥത്തിൽ ലഭിക്കുന്നത് 41 ശതമാനമല്ല 21. 6 ശതമാനമാണെന്ന് തെലങ്കാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ശരിയായിത്തന്നെ കണക്കാക്കുന്നു ( ദ ഹിന്ദു നവംബർ 16). സെസ് വരുമാനത്തിന്റെ വിനിയോഗത്തിൽ വലിയൊരു തട്ടിപ്പുണ്ട്. ഏത് ആവശ്യത്തിനാണോ സെസ്‌ സമാഹരിക്കുന്നത് ആയതിനു മാത്രമേ തുക ഉപയോഗിക്കാനാകൂ.  മാത്രമല്ല, സമാഹരിച്ച തുക പ്രത്യേകമായി വരവുവയ്‌ക്കുകയും വേണം. നിയമവ്യവസ്ഥയാണ് ഇത്. എന്നാൽ, 2018–- 19ൽ പിരിച്ച 2,74,592 കോടി രൂപയിൽ 1,10,270 കോടി കേന്ദ്രസർക്കാർ വകമാറ്റി. നിയമപരമായി ഇത്‌ കുറ്റകൃത്യമാണ്‌ . കിഫ്‌ബിക്കു പുറമേ പായുന്ന ഇഡി അതൊന്നും കാണുന്നില്ല.

ബജറ്റ്‌ ഇതര വായ്‌പ പാടില്ലെന്ന് അനുശാസിക്കുന്ന കേന്ദ്രസർക്കാർ വൻതോതിൽ ഇത്തരം വായ്പകൾ സമാഹരിക്കുന്നുണ്ട്‌. കിഫ്‌ബി വാങ്ങുന്നത് തെറ്റും കേന്ദ്രം വാങ്ങുന്നത് ശരിയും ആകുന്നതെങ്ങനെ. ഇരട്ടനീതിയാണ്‌ ഇത്. പൊതുമേഖലാ ബാങ്കുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേന്ദ്രം വർഷങ്ങളായി ബജറ്റ് ഇതര വായ്പകൾ വാങ്ങുന്നുണ്ട്. 2019–-2020 മുതലാണ് കണക്കുകൾ വെളിപ്പെടുത്താൻ തുടങ്ങിയത്. 2016–-17 മുതൽ 2020–- 21 വരെ 5.99 ലക്ഷം കോടി രൂപ അങ്ങനെ സമാഹരിച്ചു. 2017–-18ൽ സമാഹരിച്ച വായ്പയിൽ 81,282 കോടി റവന്യൂ ചെലവുകൾക്കാണ്‌ വിനിയോഗിച്ചത്. 2 0 1 8–-1 9ൽ  1 ,5 8 ,1 0 7 കോടി അപ്രകാരം  വിനിയോഗിച്ചു. കിഫ്‌ബി സമാഹരിക്കുന്ന വായ്പയാകട്ടെ പൂർണമായും പശ്ചാത്തലസൗകര്യ വികസനങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. വായ്പ സർക്കാർ ഖജനാവിലോ സർക്കാർ വകുപ്പുകളിലോ വരവുവയ്‌ക്കരുതെന്ന് നിയമവ്യവസ്ഥയുണ്ട്. വിനിയോഗം നിരീക്ഷിക്കാൻ പ്രത്യേക ഉന്നതാധികാരസമിതിയും.

കിഫ്‌ബി വായ്‌പയെ എതിർക്കുന്ന കേന്ദ്രസർക്കാർ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നപേരിൽ 111 ലക്ഷം കോടിയാണ് കടമെടുക്കുന്നത്. റെയിൽപ്പാതകളും തുറമുഖങ്ങളും റോഡുകളും വൈദ്യുതി നിലയങ്ങളും പണയംവച്ചാണ് വായ്പ. കിഫ്‌ബി വായ്പ സംസ്ഥാനത്തിന്റെ പൊതുമുതൽ ഒന്നും പണയപ്പെടുത്താതെയാണ് എന്നത് ഏറെ ശ്രദ്ധേയം.

സാധാരണക്കാർക്കെതിരെ ഖഡ്‌ഗം വീശുന്ന കേന്ദ്രസർക്കാരിന് വൻകിട മുതലാളിമാർ പൊതുമേഖലാ ബാങ്കുകളിൽനിന്ന് സമാഹരിച്ച വായ്പയിൽ 10.70 കോടി എഴുതിത്തള്ളുന്നതിന് ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ല. 20 ലക്ഷം കോടിയാണ് എഴുതിത്തള്ളുന്നത് എന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ നാലുവർഷം 2840 പേർ മനപ്പൂർവം തിരിച്ചടവ് മുടക്കിയവരാണെന്ന് റിസർവ്‌ ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. എഴുതിത്തള്ളുമെന്ന പ്രതീക്ഷ വൻതോതിൽ വായ്പ എടുക്കുന്നതിനും തിരിച്ചടവ് മനപ്പൂർവം മുടക്കുന്നതിനും പ്രേരണ നൽകുന്നു.

പാവങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ക്രിയാത്മകവശം കേന്ദ്രസർക്കാർ വിലമതിക്കുന്നില്ല. സൗജന്യ ഉച്ചഭക്ഷണവും പെൺകുട്ടികൾക്ക് സൈക്കിളും നൽകുന്നത് സ്കൂളുകളിൽ ഹാജർ നില മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കിറ്റുകൾ നൽകുന്നത് ദാരിദ്ര്യം അകറ്റുന്നതിനും ദാരിദ്ര്യജന്യമായ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. സൗജന്യ നിരക്കിലുള്ള ആശുപത്രി സേവനങ്ങളുടെ അഭാവത്തിൽ മരണസംഖ്യ എത്രയോ ഏറുമായിരുന്നു. പാവങ്ങൾക്ക്‌ യാത്ര ചെയ്യാൻ കഴിയുന്നത് കുറഞ്ഞനിരക്കിൽ പൊതുഗതാഗത സംവിധാനം പ്രവർത്തിക്കുന്നതുകൊണ്ടാണ്. സൗജന്യ ടിവി സാധാരണക്കാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. ബിജെപി ജയിച്ചാൽ ദരിദ്ര കുടുംബങ്ങൾക്ക് ആണ്ടിൽ 10 സൗജന്യ പാചകവാതക സിലിണ്ടർ വാഗ്ദാനം ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top