20 January Wednesday

വിശേഷണങ്ങളെ അപ്രസക്തമാക്കുന്ന സാന്നിധ്യം

പിണറായി വിജയൻUpdated: Monday Dec 9, 2019

ആമുഖക്കുറിപ്പും അവതാരികയും ഇല്ലാതെയാണ് ടി പത്മനാഭൻ കഥകൾ പ്രസിദ്ധീകരിക്കാറുള്ളത്. അദ്ദേഹത്തിനും ഒരാമുഖമോ അവതാരികയോ വേണ്ട. നവതിയിൽ എത്തിനിൽക്കുന്ന ടി പത്മനാഭനും സപ്തതി പിന്നിട്ട അദ്ദേഹത്തിന്റെ കഥയും വിശേഷണങ്ങളെ അപ്രസക്തമാക്കുന്ന സാന്നിധ്യമായി നമുക്കനുഭവപ്പെടുന്നു. ഏതാണ്ടെല്ലാ കഥകളും തന്റെ അനുഭവങ്ങൾതന്നെയാണെന്ന്‌ പത്മനാഭൻ ആവർത്തിച്ചുപറയാറുണ്ട്. പ്രകാശം പരത്തുന്ന പെൺകുട്ടിയെ എപ്പോഴും എവിടെയും പ്രതീക്ഷിക്കുന്ന കഥാകാരൻ അതേസമയംതന്നെ, മറ്റുള്ളവർ എന്ത് കരുതും എന്നുവിചാരിച്ച് സത്യങ്ങൾ മൂടിവയ്‌ക്കുന്നതിനോട് ശക്തമായി വിയോജിക്കുകയും ചെയ്യുന്നു. പ്രതീക്ഷയും വിയോജിപ്പും- ഈ ദ്വന്ദ്വത്തിന്റെ സവിശേഷമായ സമന്വയമാണ്. ഇതാണ്‌ പത്മനാഭനെ വ്യത്യസ്‌തനാക്കുന്നത്.

അടുപ്പമുള്ളവർ അദ്ദേഹത്തെ പപ്പേട്ടൻ എന്ന് വിളിക്കുന്നു. ഞങ്ങൾ തമ്മിൽ നേരിട്ടുള്ള അടുപ്പത്തിന് വ്യാഴവട്ടത്തിന്റെ പഴക്കമേ ഉള്ളൂ. ഒരിക്കൽ അദ്ദേഹം പനിബാധിച്ച്‌ ആശുപത്രിയിൽ കിടക്കുമ്പോഴാണ് ആദ്യമായി ദീർഘനേരം സംസാരിക്കാൻ കഴിയുന്നത്. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആ ഒരു കൂടിക്കാഴ്ചയിൽ ജനിച്ചത് അല്ല എന്ന് ബോധ്യപ്പെട്ടതും അപ്പോഴാണ്. അതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ കഥകൾ ഇഷ്ടത്തോടെ വായിച്ചിരുന്നു. രാഷ്ട്രീയമായി വിരുദ്ധചേരിയിൽ ആയിട്ടുപോലും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. അതുപോലെതന്നെ ഞങ്ങളെ പോലുള്ള രാഷ്ട്രീയപ്രവർത്തകരെ അദ്ദേഹവും ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കി. ജ്യേഷ്ഠസഹോദരനെ പോലെ കണ്ടുള്ള സൗഹൃദത്തിന്‌ പിന്നീടൊരിക്കലും തടസ്സങ്ങളുണ്ടായിട്ടില്ല.

കഥാകാരൻ എന്ന നിലയിൽ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾത്തന്നെ പച്ചമനുഷ്യനായ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മതനിരപേക്ഷതയ്ക്കും മാനവികതയ്‌ക്കുംവേണ്ടി ശബ്ദമുയർത്തുന്നതിൽനിന്ന് ഒരു ഘട്ടത്തിലും ടി പത്മനാഭൻ പുറകോട്ട് പോയിട്ടില്ല. വർഗീയതയ്‌ക്കെതിരെ ഒരു സന്ധിയും പാടില്ല എന്ന ഉറച്ച നിലപാടാണ് എക്കാലത്തും എടുത്തത്. ആ നിലപാടിന്റെപേരിൽ എന്ത് നഷ്ടം വന്നാലും താൻ കാര്യമാക്കുന്നില്ല എന്ന ഉറപ്പിക്കൽകൂടി ആകുമ്പോൾ ടി പത്മനാഭന്റെ വ്യത്യസ്‌തത കൂടുതൽ തെളിയും.

നമ്മുടെ നാട്ടിൽ പ്രളയം വന്നപ്പോൾ സഹായഹസ്‌തവുമായി ഓടിയെത്തിയ വ്യക്തികളിൽ മുൻനിരയിലുള്ള ഒരാൾ ടി പത്മനാഭനാണ്. അസഹിഷ്‌ണുത വിളയുമ്പോൾ, എതിർശബ്ദം അടിച്ചമർത്തപ്പെടുമ്പോൾ, പ്രതികരണങ്ങൾക്കുനേരെ വെടിയുണ്ടകൾ എത്തുമ്പോൾ നിർഭയത്വത്തോടെ ശബ്ദമുയർത്തി ടി പത്മനാഭനുണ്ട്.

പാവപ്പെട്ടവർക്കുവേണ്ടി, ഏറ്റവും ചൂഷണം അനുഭവിക്കുന്ന-കഷ്ടതയനുഭവിക്കുന്ന ആളുകൾക്കുവേണ്ടിയുള്ള കരുതലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും കഥകളിലും ദർശിക്കാനാകുന്നത്. തന്റെ കഥകളിൽ ദുഷ്ടകഥാപാത്രങ്ങൾ ഇല്ല എന്നാണ് അദ്ദേഹം പലപ്പോഴും പറയാറുള്ളത്. ദുഷ്ടത സമൂഹത്തിൽ ഉണ്ട്. അത് രചനകളിൽ നിന്ന് ഒഴിച്ചുനിർത്തുന്നു എന്ന് സാഹിത്യകാരൻ പറയുമ്പോൾ “കലയും സാഹിത്യവും എന്തിനുവേണ്ടി’ എന്ന ചോദ്യത്തിനുള്ള മറുപടിയുണ്ട്. കണ്മുന്നിൽ വ്യക്തമായി തെളിയുന്ന യാഥാർഥ്യത്തെ പഴമുറംകൊണ്ട് അടച്ചുനോക്കാൻ കഥയിലും ജീവിതത്തിലും അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് ചെറുപ്രായംമുതൽ കൂടെക്കൂട്ടിയ ഖദറിനെ, ആ വസ്ത്രത്തിനുള്ളിൽ നുഴഞ്ഞുകയറുന്ന അരുതായ്‌മകൾക്കെതിരെ പ്രതികരിച്ചുകൊണ്ടുതന്നെ അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്. അരാഷ്ട്രീയതയെ പടിക്കുപുറത്തു നിർത്തുന്നതാണ് ടി പത്മനാഭന്റെ നിലപാടുകൾ. സമൂഹത്തിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരെ ആദരവോടെ കാണാൻ ഒരു പക്ഷപാതിത്വവും തടസ്സമായിട്ടില്ല എന്നതിന് സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് വികാരനിർഭരമായി പങ്കുവയ്‌ക്കാറുള്ള ഓർമകളാണ് സാക്ഷ്യം. കോൺഗ്രസുകാരനായ ടി പത്മനാഭനാണ്‌ കമ്യൂണിസ്റ്റ് പാർടിയുടെ കേരളത്തിലെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ളയെക്കുറിച്ച്, മർദനമേറ്റു ചോരയൊലിപ്പിക്കുന്ന സഖാവിനെ അടുത്തുകണ്ട ഓർമകൾ ചികഞ്ഞെടുത്ത് വികാരനിർഭരമായി പ്രതികരിക്കാറുള്ളത്.

സുഹൃത്ത് കൂടിയായ എ പി കുഞ്ഞിക്കണ്ണൻ (മാഹി കലാഗ്രാമം) ടി പത്മനാഭനെ ഉപമിച്ചത് തേൻവരിക്കയോടാണ്. പുറമേയ്ക്കു മുള്ള് ആണെങ്കിലും അകത്ത് തേനൂറുന്ന മധുരം പേറുന്ന തേൻവരിക്കപോലെയാണ് പത്മനാഭൻ എന്ന് അദ്ദേഹം കുറിച്ചിട്ടു. അത് ശരിയാണെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്. നിലപാടുകളിൽ മായം ചേർക്കാതെ, ശിരസ്സ് കുനിക്കാതെയാണ്

ആ സാന്നിധ്യം. സ്വന്തം പ്രതിഭയിലും അതിൽനിന്നുളവാകുന്ന എഴുത്തിലും അതിനുള്ള സ്വീകാര്യതയിലും ഉറച്ച വിശ്വാസം അദ്ദേഹത്തിന്റെ ഉള്ളിൽനിന്നാണ് വരുന്നത്. ‘മഖൻസിങ്ങിന്റെ മരണ’വും ‘കടയനല്ലൂരിലെ ഒരു സ്ത്രീ’യും അടക്കമുള്ള പത്മനാഭൻകഥകളിൽ മനുഷ്യസ്‌നേഹപരതയാണ് നിറഞ്ഞുനിൽക്കുന്നത്. മനുഷ്യസ്‌നേഹം ആർദ്രസുന്ദരമായ ഭാഷയിൽ ചുറ്റിലുമുള്ള മനുഷ്യരിലേക്ക് പകർന്നു നൽകുകയായിരുന്നു എക്കാലത്തും പത്മനാഭൻ. അതിന്‌ മറ്റൊന്നും തടസ്സമായിട്ടില്ല.

കണ്ണൂരിനെ പശ്ചാത്തലമാക്കി എഴുതിയ ‘ഒരു കള്ളക്കഥ’യിൽ സിപിഐ എം നേതാവായിരുന്ന ടി കെ ബാലനെയാണ് പത്മനാഭൻ വരച്ചത്. തന്റെ കഥകളിൽ സൗന്ദര്യാത്മകയുടേതുമാത്രമല്ല, സാമൂഹികതയുടേതായ മുഖംകൂടിയുണ്ട് എന്നു തെളിയിക്കുന്ന അനേകം അനുഭവങ്ങളിൽ ഒന്നാണ് ആ കഥ. അദ്ദേഹത്തിൽ ‘കമ്യൂണിസ്റ്റ് വിരുദ്ധൻ’ എന്ന മുദ്ര ചാർത്താൻ പലപ്പോഴും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഒരാൾ ഖദറിനെ സ്‌നേഹിച്ചതുകൊണ്ടോ മൂന്നു വർണമുള്ള കൊടി പിടിച്ചതുകൊണ്ടോ ഉണ്ടാകുന്നതല്ല ആ മുദ്ര. താൻ കോൺഗ്രസ്‌ ആണെന്ന് ആവർത്തിച്ചുപറയുമ്പോഴും നിസ്വർക്കു വേണ്ടിയും അനീതിക്കെതിരെയും ശബ്‌ദമുയർത്തി കമ്യൂണിസ്റ്റുകാർക്കൊപ്പമാണ് പത്മനാഭൻ നിലകൊണ്ടത്. നല്ല മനുഷ്യനും മാനവികതയ്‌ക്ക്‌ വിലകൊടുക്കുന്നയാളുമാണ് കമ്യൂണിസ്‌റ്റ്‌ . അല്ലാത്തവർക്ക് കമ്യൂണിസ്റ്റാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ അതേവഴിയിൽ നിർഭയം സഞ്ചരിക്കുന്ന ആളുകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കമ്യൂണിസ്റ്റുകാർ മടിച്ചു നിൽക്കാറില്ല. മാനവികതയും വിട്ടുവീഴ്ചയില്ലായ്‌മയും ആർജവവുമാണ് കമ്യൂണിസ്‌റ്റുകാരെയും ടി പത്മനാഭനെയും ചേർത്തുനിർത്തുന്ന കണ്ണികൾ.

പുരോഗതിക്കും ധാർമിക- നൈതികമൂല്യങ്ങൾക്കുംവേണ്ടിയുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന അർപ്പണബോധത്തെയും വിശ്വാസപ്രമാണങ്ങളെയും ടി പത്മനാഭൻ കാണാതിരിക്കുകയോ കണ്ടില്ലെന്നുനടിക്കുകയോ ചെയ്‌തിട്ടില്ല.

മനുഷ്യന്റെ ദുഃഖവും ദുരിതവും തന്റെ കഥകൾക്ക് ഇതിവൃത്തമാക്കുന്ന ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമായ ഒരു വിചാരധാരയിൽ കുരുങ്ങിക്കിടക്കാൻ കഴിയില്ല. ആ വിചാരധാരയ്‌ക്കു പുറത്ത് നന്മയുടെ കണികകൾ ഉണ്ടാകില്ലെന്ന്‌ വിശ്വസിച്ചുകഴിയാനും സാധിക്കില്ല. ശരിയുടെ, നന്മയുടെ ഭാഗത്തേക്ക് ഒരു കലാകാരന്റെ കണ്ണും കാതും മനസ്സും ചായുന്നത് ഇവിടെയാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ രൂക്ഷമായി നിലനിൽക്കുമ്പോഴും ടി പത്മനാഭൻ എന്ന കഥാകൃത്തിനെയും ആ മനസ്സിനെയും ആദരവോടെ കാണാൻകഴിയുന്നതിന്റെ പൊരുളാണ് ഇവിടെ സൂചിപ്പിച്ച അനുഭവങ്ങൾ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാടിനും പ്രതിഭയ്‌ക്കും സൃഷ്ടികൾക്കും മാർക്കിടുകയല്ല, കേരളത്തിന്റെ പുനർനിർമാണയജ്ഞത്തിൽ ആ കൈയും ചേർത്തുപിടിക്കയാണ് വേണ്ടത് എന്നുകരുതുന്നു. തേൻവരിക്കയുടെ മാധുര്യമുള്ള ആശംസകൾ ടി പത്മനാഭന് തിരിച്ചുകൊടുക്കാനുള്ള അവസരമാണ് ഈ ജന്മദിനാഘോഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top