28 February Sunday

ഹരിത ജീവനത്തിലേക്കുള്ള വാതില്‍; സവിശേഷ മാതൃകയുടെ തുടക്കം

ടി എൻ സീമUpdated: Monday Jan 25, 2021

2015 ജനുവരി 31, തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 35–--ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന പരിപാടികൾ അരങ്ങേറുകയാണ്. ആവേശകരമായ അന്തരീക്ഷം. പക്ഷേ, ഗ്യാലറികളിൽ നിറഞ്ഞ ജനസഞ്ചയത്തിന് ആവേശത്തോടൊപ്പം കൗതുകവും പകർന്ന അനുഭവമാണ് തുടർന്ന് ഉണ്ടായത്. സ്റ്റീൽ ജാറിൽ കുടിവെള്ളവും സ്റ്റീൽ കപ്പുകളുമായി വളന്റിയർമാർ കാണികൾക്കിടയിലേക്ക് കടന്നുവന്നപ്പോൾ ആദ്യം അതൊരു അത്ഭുതം തന്നെയായിരുന്നു. എന്നാൽ, ഓരോരുത്തരായി സ്റ്റീൽ കപ്പിൽ പകർന്ന വെള്ളം ഏറ്റുവാങ്ങി കുടിക്കാൻ തുടങ്ങിയതോടെ അത്ഭുതവും കൗതുകവും ആവേശത്തിന് വഴിമാറുകയായിരുന്നു. ഗ്യാലറികളെ ഇളക്കിമറിക്കുന്ന മെക്സിക്കൻ തിരമാലപോലെ അത് പടരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അതൊരു തുടക്കമായിരുന്നു.

സവിശേഷ മാതൃകയുടെ തുടക്കം

ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ മാതൃക വൻ വിജയമാവുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ ഗ്രീൻപ്രോട്ടോകോൾ എന്നതും കേരളത്തിന്റെ പേരിനോടൊപ്പം എഴുതിച്ചേർക്കപ്പെടുകയായിരുന്നു. 2016 ഡിസംബർ 8ന് നവകേരളം കർമപരിപാടിയുടെ ഭാഗമായി ഹരിതകേരളം മിഷന് തുടക്കം കുറിച്ചപ്പോൾ ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി മാറി ഗ്രീൻപ്രോട്ടോകോൾ വ്യാപിപ്പിക്കൽ.

വലിയ സമ്മേളനങ്ങളിലും പൊതുപരിപാടികളിലും ആഘോഷങ്ങളിലും മാത്രമല്ല ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക്‌ കടന്നുവരേണ്ടതാണ് ഹരിതപെരുമാറ്റച്ചട്ടം എന്ന തിരിച്ചറിവിലായിരുന്നു ഹരിതകേരളം മിഷൻ ഗ്രീൻപ്രോട്ടോകോൾ ആശയത്തെ ഏറ്റെടുത്തത്. സ്ഥൂലതലത്തിൽനിന്ന് സൂക്ഷ്മതലത്തിലേക്ക്‌ എന്ന സമീപനമാണ് ഇതിനായി സ്വീകരിച്ചത്. ജനങ്ങളിൽ ആശയം എത്തിക്കലും ഫലപ്രാപ്തിയെക്കുറിച്ച് ആത്മവിശ്വാസം നൽകലും ആയിരുന്നു ആദ്യം വേണ്ടത്. അതിനായി ആയിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ ഗ്രീൻപ്രോട്ടോകോൾ പാലിച്ച് നടപ്പാക്കാൻ തുടങ്ങി. ആറ്റുകാൽ പൊങ്കാല, ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്തു നടക്കുന്ന ഘോഷയാത്ര, സ്കൂൾ കലോത്സവം, ഉത്സവങ്ങൾ, വിവിധ മതസമ്മേളനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കിയപ്പോഴുണ്ടായ മാറ്റം ജനങ്ങൾ അനുഭവിച്ചറിയുകയായിരുന്നു.

മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, രൂപപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി തരം തിരിച്ച് സുരക്ഷിതമായി സംസ്കരിക്കുക, പരമാവധി പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുക എന്നിവയിലധിഷ്ഠിതമാണ് ഗ്രീൻപ്രോട്ടോകോൾ. കഴിഞ്ഞ 15 വർഷക്കാലത്തിനിടയിലാണ് കേരളത്തിൽ മാലിന്യപ്രശ്നം രൂക്ഷമാവാൻ തുടങ്ങിയത്. വഴിയരികിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിയ അടുക്കള മാലിന്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായിരുന്നു തുടക്കം. പിന്നെയത് പൊതുസ്ഥലങ്ങളിലെല്ലാമുള്ള മാലിന്യക്കൂമ്പാരങ്ങളായി മാറി. ജലസ്രോതസ്സുകളെല്ലാം പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമെല്ലാംകൊണ്ട് നിറയാൻ തുടങ്ങി. വീടുകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് സ്ഥിരം കാഴ്ചയായി.

കുന്നുകൂടിയ മാലിന്യങ്ങളിൽ വലിയൊരളവ് ഡിസ്പോസബിൾ (ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്നവ) വിഭാഗത്തിൽപ്പെട്ടവയായിരുന്നു. ഉപയോഗിക്കാൻ സൗകര്യം എന്നതായിരുന്നു അവയുടെ മേന്മയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. എന്നാൽ, ഈ താൽക്കാലിക സൗകര്യം എത്ര വലിയ അസൗകര്യത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്ന് അധികം വൈകാതെ തന്നെ കേരളം തിരിച്ചറിയാൻ തുടങ്ങുകയായിരുന്നു. പകർച്ച വ്യാധികളായി, ജലജന്യ രോഗങ്ങളായി, കാലാവസ്ഥാ വ്യതിയാനമായി അവ മുന്നിലെത്തിയപ്പോഴാണ് എന്താണ് പോംവഴി എന്ന ചോദ്യം നമുക്ക് മുന്നിലുദിച്ചത്.
ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഹരിതകേരളം മിഷന് രൂപം നൽകിയത്. വായുവും വെള്ളവും മണ്ണും കരുതലോടെ കാത്തുസൂക്ഷിച്ചും സുരക്ഷിത ഭക്ഷണം കഴിയുന്നിടത്തോളം സ്വന്തമായി ഉൽപ്പാദിപ്പിച്ചും ഈ പ്രതിസന്ധിയെ മറികടക്കാൻ കേരളത്തെ സജ്ജമാക്കലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഹരിതകേരളം മിഷൻ നടപ്പാക്കുന്നത്. അതിലേക്കുള്ള മാർഗങ്ങളിൽ അതിപ്രധാനമായതാണ് ഹരിതപെരുമാറ്റച്ചട്ട പാലനം.

വ്യക്തി ജീവിതത്തിലേക്ക്‌ ഹരിത ചട്ടങ്ങൾ കടന്നുചെന്ന് ഒരു ശീലമായി മാറണമെങ്കിൽ അതിലേക്ക്‌ നയിക്കുന്ന നിരവധി അനുഭവങ്ങൾ ചുറ്റിലും ഉണ്ടാകണം. വലിയ പൊതുപരിപാടികൾ അതിന്റെ ആദ്യപടിയായിരുന്നു. വിവാഹങ്ങൾ ഉൾപ്പെടെയുള്ള കൂടിച്ചേരലുകളിൽ നടപ്പാക്കാൻ തുടങ്ങിയതോടെ ഗ്രീൻപ്രോട്ടോകോൾ രണ്ടാംഘട്ടം ആരംഭിക്കുകയായിരുന്നു. ഓഫീസുകളെയും സ്ഥാപനങ്ങളെയും ഹരിത ചട്ടത്തിലേക്ക്‌ കൊണ്ടുവരിക എന്നതാണ് മൂന്നാംഘട്ടം. വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടത്തിലേക്ക്‌ മാറിയാൽ സമൂഹത്തിൽ അതിന് വലിയ സ്വാധീനം ചെലുത്താൻ കഴിയും.

ഹരിതചട്ടപാലനത്തിലെ അതിപ്രധാനമായ ഈ മൂന്നാംഘട്ടത്തിലാണ് നമ്മളിപ്പോൾ ഉള്ളത്. ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന് സമഗ്രമായി ആസൂത്രണം ചെയ്താണ് ഹരിത ഓഫീസ് പരിപാടി നടപ്പാക്കിയത്. എല്ലാ ഓഫീസുകളിലും നോഡൽ ഓഫീസർമാരെ നിശ്ചയിച്ച്, വ്യക്തമായ പരിശീലനവും സാങ്കേതിക പിന്തുണയും നൽകി നടപ്പാക്കിയ ഈ പ്രവർത്തനം സർക്കാർ ജീവനക്കാരും അധ്യാപകരുമെല്ലാം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

2021 ജനുവരി 26ന് 10,000 സർക്കാർ ഓഫീസ്‌ ഹരിത ഓഫീസുകളായി മാറുന്നു എന്നത് തീർച്ചയായും വലിയ ഒരു നേട്ടമാണ്. മുഴുവൻ സർക്കാർ/അർധസർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ഗ്രീൻപ്രോട്ടോകോളിലേക്ക്‌ മാറുക എന്നതാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അതിലൂടെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി ഹരിതചട്ടങ്ങൾ മാറുമ്പോഴാണ് നമ്മുടെ ലക്ഷ്യം പൂർത്തിയാവുന്നത്.
കേരളത്തിന്റെ വായുവും വെള്ളവും മണ്ണും സുരക്ഷിതമായി സൂക്ഷിച്ച് വരും തലമുറകൾക്കായി കൈമാറാനുള്ള പ്രകൃതി സൗഹൃദമായ പോംവഴിയാണ് ഗ്രീൻപ്രോട്ടോകോൾ അഥവാ ഹരിതപെരുമാറ്റച്ചട്ട പാലനം. ഹരിത ജീവനത്തിലേക്കുള്ള വാതിൽ തുറക്കലാണത്.

(ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സനാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top