18 June Friday

അതിജീവനത്തിന് ടി കെ സ്മരണ - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Wednesday Apr 21, 2021

പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത വിപ്ലവകാരികളിൽ പ്രമുഖനായ ടി കെ രാമകൃഷ്ണന്റെ സ്മരണ ഒരിക്കലും മായാത്തതാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻ സഭയുടെ ദേശീയ നേതാവായും പ്രവർത്തിച്ചിരുന്ന സഖാവിന്റെ 15–-ാം ചരമവാർഷികദിനമാണ് ഇന്ന്.

വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ കാലമുണ്ട്. 1940കളുടെ മധ്യത്തിൽ കേരളത്തിൽ പടർന്നുപിടിച്ച വസൂരിക്കുമുന്നിൽ മനുഷ്യർ പതറിപ്പോയി. വസൂരി വന്നവരെ പായയിൽ കെട്ടി കാട്ടിലും വിജനമായ പറമ്പിലും തള്ളിയിരുന്നു. ആ ഘട്ടത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്ന് വിതരണം ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത് കമ്യൂണിസ്റ്റുകാരാണ്. ആ അനുഭവസമ്പത്തിന്റെ ഉടമയായ ടി കെയുടെ സ്മരണ കോവിഡ് 19ന്റെ രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ നമുക്ക് ഊർജം പകരുന്നതാണ്. ദേവീകോപമാണ് വസൂരിക്ക് കാരണമെന്ന വിശ്വാസം അന്ന് രൂഢമൂലമായിരുന്നു. അത്തരം അന്ധവിശ്വാസക്കാരെ ബോധവൽക്കരിക്കാൻ രാഷ്ട്രീയത്തെയും സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ. സ്വാതന്ത്ര്യസമരത്തിനുമുമ്പും പിമ്പും രാഷ്ട്രീയപ്രവർത്തനം നടത്തിയ അനുഭവത്തിന് ഉടമയാണ്.

നിയമസഭയിലെ പ്രതിപക്ഷഭരണപക്ഷ അനുഭവസമ്പത്തുള്ള മികച്ച പാർലമെന്റേറിയനായിരുന്നു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തിയത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ പഠിക്കുമ്പോഴാണ് 1940ൽ സ്റ്റുഡൻസ് ഫെഡറേഷന്റെ നേതാവാകുന്നത്. ക്വിറ്റ് ഇന്ത്യാസമര നോട്ടീസ് ഇറക്കിയതിന് 1942ൽ ടി കെയെ കോളേജിൽനിന്ന് പുറത്താക്കി. അതിനും ഒരുവർഷംമുമ്പേ കമ്യൂണിസ്റ്റ് പാർടി അംഗമായി.


 

കലാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട സഖാവ് കരിങ്കൽത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ ഇറങ്ങി. അവരെ ആകർഷിക്കാനായി നാടകം രചിച്ച് അത് അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ ‘വാഴക്കുല'യും പി ഭാസ്‌കരന്റെ ‘വയലാർ ഗർജിക്കുന്നു' എന്നതും കഥാപ്രസംഗരൂപത്തിലാക്കി അവതരിപ്പിച്ച് ജനങ്ങളെ കൂട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയും പരിവട്ടവും കൊടുമ്പിരിക്കൊണ്ടപ്പോൾ ജനങ്ങളെ യുദ്ധവിരുദ്ധവികാരത്തിൽ കോർത്തിണക്കാൻ ‘ഗ്രാമത്തകർച്ച' എന്ന നാടകം രചിച്ച് അവതരിപ്പിച്ചു. അത് നിരോധിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഇരുമ്പനത്ത് പുഴയുടെ നടുക്ക് വള്ളങ്ങൾ കൂട്ടിക്കെട്ടി സ്റ്റേജുണ്ടാക്കി നാടകം കളിച്ചു. ത്യാഗഭവനം, ആരാധന, അഗതിമന്ദിരം, സഹോദരൻ, കല്ലിലെ തീപ്പൊരികൾ തുടങ്ങിയ നാടകങ്ങളും ടി കെ എഴുതി. കാലായ്ക്കൽ കുമാരൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രഗത്ഭരൊക്കെ ഈ നാടകങ്ങളിൽ അഭിനയിച്ചു. ‘കല്ലിലെ തീപ്പൊരികൾ' പിന്നീട് നോവലാക്കുകയും അത് പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. പക്ഷേ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധഭാഗങ്ങളിൽ അവതരിപ്പിച്ച ടി കെയുടെ നാടകങ്ങൾ ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആ കാലത്തെ അനുഭവസമ്പത്തുള്ളവരെ കണ്ടെത്തി അവ വീണ്ടെടുക്കുക ശ്രമകരമാണ്. അപ്രകാരം അവ പുസ്തകരൂപത്തിലാക്കാൻ കഴിയുമോ എന്ന അന്വേഷണം ഈ രംഗത്തെ പ്രവർത്തകരും സംഘടനകളും നടത്തുന്നത് ഉചിതമാകും.

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ടി കെ സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മികച്ച പാർലമെന്റേറിയനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചത് ടി കെയായിരുന്നു. പാർടി ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇ എം എസ് ഡൽഹിയിലായതിനെ തുടർന്നായിരുന്നു അത്. ടി കെയുടെ അന്നത്തെ ഇടപെടലുകളും പ്രസംഗങ്ങളും ചരിത്രമായി മാറി. 1969 മുതൽ കേരളത്തിൽ നിലനിന്ന കമ്യൂണിസ്റ്റുവിരുദ്ധ മുന്നണിയെ തകർക്കാൻ വലിയ ഇടപെടലാണ്  പ്രതിപക്ഷനേതാവ് എന്ന നിലയിൽ ടി കെ നടത്തിയത്. 1980 മുതലുള്ള നായനാർ മന്ത്രിസഭകളിൽ മന്ത്രിയായി. ആഭ്യന്തരം, ഫിഷറീസ്, സഹകരണം, എക്സൈസ്, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ഭരണത്തിലൂടെ എന്നും ഓർക്കാവുന്ന മാതൃകകൾ സൃഷ്ടിച്ചു. 1980ൽ നായനാർ മന്ത്രിസഭയിൽ ടി കെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ക്രമസമാധാനം തകർന്നു എന്നപേരിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് കൈയും കണക്കുമില്ല.  ഏറ്റുമാനൂർ അമ്പലത്തിൽ വിഗ്രഹമോഷണം ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ സൃഷ്ടിച്ച പുകപടലം ചെറുതായിരുന്നില്ല. വിഗ്രഹം കിട്ടിയാൽ നായനാർക്കും ടി കെയ്ക്കും പൂമാല കൊടുക്കാമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് കെ കരുണാകരൻ പരിഹാസപൂർവം പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തുകയും പ്രതി ഓലത്താന്നി സ്റ്റീഫനെ വിഗ്രഹംസഹിതം അറസ്റ്റ് ചെയ്യുകയും ഉണ്ടായി. തുടർന്ന്, പുത്തരിക്കണ്ടം മൈതാനത്തും പിന്നീട് നിയമസഭയിലും കരുണാകരന്റെ വെല്ലുവിളിയുടെ അർഥശൂന്യത വിവരിച്ച് നായനാരും ടി കെയും നടത്തിയ സരസമായ പ്രസംഗങ്ങൾ എന്നും സ്മരിക്കപ്പെടുന്നവയാണ്.

ജനങ്ങളെ മുന്നിൽ കണ്ടുള്ള സമഗ്രവികസന നയമാണ് എൽഡിഎഫ് ആവിഷ്‌കരിച്ചത്. പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതിന്റെ കരുത്തുമായാണ് ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന വേളയിലാണ് ഇക്കുറി ടി കെയുടെ സ്മരണ പുതുക്കുന്നത്. ടി കെ ഉൾപ്പെടെയുള്ള നേതാക്കളുടെയും മുൻ കമ്യൂണിസ്റ്റ് നേതൃസർക്കാരുകളുടെയും ഭരണാനുഭവങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ അഞ്ചുവർഷം മുന്നോട്ടുപോയത്. ജനങ്ങളെ മുന്നിൽ കണ്ടുള്ള സമഗ്രവികസന നയമാണ് എൽഡിഎഫ് ആവിഷ്‌കരിച്ചത്. പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതിന്റെ കരുത്തുമായാണ് ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടിസ്ഥാനജനവിഭാഗങ്ങളുടെ ഉൾപ്പെടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷ ഭരണം തുടർന്നേ മതിയാകൂ എന്ന ചിന്ത കേരളത്തിൽ പ്രബലമാണ്. അതിന്റെ വിളംബരമാകും മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ഫലം എന്നത് ഉറപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ശേഷവും എൽഡിഎഫ് വിരുദ്ധ വിദ്വേഷപ്രചാരണത്തിൽ യുഡിഎഫും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും ഏകോദരസഹോദരങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. സിപിഐ എമ്മിനെയും വിശിഷ്യാ മുഖ്യമന്ത്രി പിണറായി വിജയനെയും മനുഷ്യത്വഹീനമായും പ്രാകൃതമായും ആക്രമിക്കുന്നതിനും ഒരു മനഃസാക്ഷിക്കുത്തു പോലും ഈ മുക്കൂട്ട് മുന്നണിക്കില്ല. ടി കെ ആഭ്യന്തര മന്ത്രിയായിരിക്കെ കേന്ദ്രത്തിൽ മക്വാന എന്ന ഒരു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഉണ്ടായിരുന്നു. വകതിരിവുകേടിന്റെ കേന്ദ്രസ്ഥാനമായിരുന്നു മക്വാന. മക്വാനയുടെ പുതിയ പതിപ്പായി ഇന്ന് ഒരു കേന്ദ്ര സഹമന്ത്രി ഉണ്ട്. ഈ അഭിനവ മക്വാന ഒരു മലയാളിയാണ് എന്നത് നമ്മുടെ നാടിന് സംഭവിച്ച ഒരു ഭാഗ്യക്കേടാണ്. ‘വായ്ക്കു തോന്നുന്നത് കോതയ്ക്ക് പാട്ട്' എന്ന വിധം എന്തും വിളിച്ചു പറയുന്ന തലത്തിലേക്ക് ഈ സഹമന്ത്രി അധഃപതിച്ചിരിക്കുകയാണ്.

കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. വാക്‌സിനും ഓക്‌സിജനും ലഭ്യമാക്കുന്നതിലും സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിലും കേന്ദ്രസർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. കോവിഡിനെ അതിജീവിക്കുന്നതിന് മാതൃകാപരമായി മുന്നോട്ടുപോയ കേരളം ഈ മഹാമാരിയുടെ രണ്ടാം വരവിനെ നേരിടുകയാണ്. നമുക്ക് അതിജീവിച്ചേ മതിയാകൂ. അതിന് ഈ ഘട്ടത്തിൽ എല്ലാവിധ രാഷ്ട്രീയ-, ജാതി-, മത ചിന്തകൾക്കും ഉപരിയായി യോജിച്ച് മുന്നോട്ടുപോകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്ന നിയന്ത്രണങ്ങളോടും നടപടികളോടും സഹകരിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ജാഗ്രതയോടെ നടപ്പിലാക്കാനും എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് രണ്ടാം തരംഗത്തെയും അതിജീവിക്കാനുളള മഹായജ്ഞത്തിന് ടി കെ സ്മരണ നമുക്ക് ഊർജം പകരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top