13 July Monday

ടി കെ സ്മരണ അതിജീവനത്തിന് കരുത്തേകും

കോടിയേരി ബാലകൃഷ്ണൻUpdated: Tuesday Apr 21, 2020

പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത വിപ്ലവകാരികളിൽ പ്രമുഖനായ ടി കെ  രാമകൃഷ്ണന്റെ സ്മരണ മായാത്തതാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻ സഭയുടെ ദേശീയ നേതാവായും പ്രവർത്തിച്ചിരുന്ന സഖാവിന്റെ 14–--ാം ചരമവാർഷികദിനമാണ് ഇന്ന്. വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ കാലമുണ്ട്. 1940 കളുടെ മധ്യത്തിൽ കേരളത്തിൽ പടർന്നുപിടിച്ച വസൂരിക്കുമുന്നിൽ മനുഷ്യർ പതറിപ്പോയി. വസൂരി വന്നവരെ പായയിൽ കെട്ടി കാട്ടിലും വിജനമായ പറമ്പിലും തള്ളിയിരുന്നു. ആ ഘട്ടത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്ന് വിതരണം ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത് കമ്യൂണിസ്റ്റുകാരാണ്. ആ അനുഭവസമ്പത്തിന്റെ ഉടമയായ ടി കെയുടെ സ്മരണ കോവിഡ്–-19ന്റെ പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ ഊർജം പകരുന്നതാണ്.

ദേവീകോപമാണ് വസൂരിക്ക് കാരണമെന്ന വിശ്വാസം അന്ന് രൂഢമൂലമായിരുന്നു. അത്തരം അന്ധവിശ്വാസക്കാരെ ബോധവൽക്കരിക്കാൻ രാഷ്ട്രീയത്തെയും സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ. സ്വാതന്ത്ര്യസമരത്തിനുമുമ്പും പിമ്പും രാഷ്ട്രീയപ്രവർത്തനം നടത്തിയ അനുഭവത്തിന് ഉടമയാണ്. നിയമസഭയിലെ പ്രതിപക്ഷ–-ഭരണപക്ഷ അനുഭവസമ്പത്തുള്ള മികച്ച പാർലമെന്റേറിയനായിരുന്നു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്  പൊതുപ്രവർത്തനത്തിലെത്തിയത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ പഠിക്കുമ്പോഴാണ് 1940ൽ സ്റ്റുഡൻസ് ഫെഡറേഷന്റെ നേതാവാകുന്നത്. ക്വിറ്റ് ഇന്ത്യാസമര നോട്ടീസ് ഇറക്കിയതിന് 1942ൽ ടി കെയെ കോളേജിൽനിന്ന് പുറത്താക്കി. അതിനും ഒരുവർഷംമുമ്പേ കമ്യൂണിസ്റ്റ് പാർടി അംഗമായി. കലാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട സഖാവ് കരിങ്കൽത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ ഇറങ്ങി. അവരെ ആകർഷിക്കാനായി നാടകം രചിച്ച് അത് അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ "വാഴക്കുല'യും പി ഭാസ്‌കരന്റെ "വയലാർ ഗർജിക്കുന്നു' എന്നതും കഥാപ്രസംഗരൂപത്തിലാക്കി അവതരിപ്പിച്ച്‌ ജനങ്ങളെ കൂട്ടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയും പരിവട്ടവും കൊടുമ്പിരിക്കൊണ്ടപ്പോൾ ജനങ്ങളെ യുദ്ധവിരുദ്ധവികാരത്തിൽ കോർത്തിണക്കാൻ "ഗ്രാമത്തകർച്ച' എന്ന നാടകം രചിച്ച് അവതരിപ്പിച്ചു. അത് നിരോധിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഇരുമ്പനത്ത് പുഴയുടെ നടുക്ക് വള്ളങ്ങൾ കൂട്ടിക്കെട്ടി സ്റ്റേജുണ്ടാക്കി നാടകം കളിച്ചു. ത്യാഗഭവനം, ആരാധന, അഗതിമന്ദിരം, സഹോദരൻ, കല്ലിലെ തീപ്പൊരികൾ തുടങ്ങിയ നാടകങ്ങളും ടി കെ എഴുതി. കാലായ്ക്കൽ കുമാരൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രഗത്ഭരൊക്കെ ഈ നാടകങ്ങളിൽ അഭിനയിച്ചു. "കല്ലിലെ തീപ്പൊരികൾ' പിന്നീട് നോവലാക്കുകയും അത് പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. പക്ഷേ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധഭാഗങ്ങളിൽ അവതരിപ്പിച്ച ടി കെയുടെ നാടകങ്ങൾ ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആ കാലത്തെ അനുഭവസമ്പത്തുള്ളവരെ കണ്ടെത്തി അവ വീണ്ടെടുക്കുക ശ്രമകരമാണ്. അപ്രകാരം അവ പുസ്തകരൂപത്തിലാക്കാൻ കഴിയുമോ എന്ന അന്വേഷണം ഈ രംഗത്തെ പ്രവർത്തകരും സംഘടനകളും നടത്തുന്നത് ഉചിതമാകും. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ടി കെ സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മികച്ച പാർലമെന്റേറിയനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചത് ടി കെയായിരുന്നു. പാർടി ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇ എം എസ് ഡൽഹിയിലായതിനെ തുടർന്നായിരുന്നു അത്.  ടി കെയുടെ അന്നത്തെ ഇടപെടലുകളും പ്രസംഗങ്ങളും ചരിത്രമായി മാറി.

1969 മുതൽ കേരളത്തിൽ നിലനിന്ന കമ്യൂണിസ്റ്റുവിരുദ്ധ മുന്നണിയെ തകർക്കാൻ വലിയ ഇടപെടലാണ്‌  പ്രതിപക്ഷനേതാവ് എന്ന നിലയിൽ ടി കെ നടത്തിയത്. 1980 മുതലുള്ള നായനാർ മന്ത്രിസഭകളിൽ മന്ത്രിയായി. ആഭ്യന്തരം, ഫിഷറീസ്, സഹകരണം, എക്‌സൈസ്, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ഭരണത്തിലൂടെ എന്നും ഓർക്കാവുന്ന മാതൃകകൾ സൃഷ്ടിച്ചു.


 

കമ്യൂണിസ്റ്റ് നേതൃഭരണം സംസ്ഥാനത്ത് ഉള്ളപ്പോഴെല്ലാം മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കാൻ കള്ളക്കഥകളും അപവാദങ്ങളും ശത്രുവർഗവും പിന്തിരിപ്പൻ മാധ്യമങ്ങളും സൃഷ്ടിക്കാറുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ലോകമാതൃകയായി കേരളം മാറിയിരിക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും താഴ്ത്തിക്കെട്ടാൻ അടിസ്ഥാനമില്ലാത്ത ഡാറ്റാ വിവാദം കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതിന് സോപ്പ് കുമിളയുടെ ആയുസ്സേ ഉണ്ടാകൂവെന്ന് ടി കെയുടെ കാലത്തെ അനുഭവങ്ങൾ ഓർമപ്പെടുത്തുന്നു. 1980ൽ നായനാർ മന്ത്രിസഭയിൽ ടി കെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ക്രമസമാധാനം തകർന്നു എന്നപേരിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് കൈയും കണക്കുമില്ല. പ്രതിപക്ഷപ്രചാരണത്തിന് കാറ്റുപിടിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന യോഗേന്ദ്ര മക്വാന കൂടെക്കൂടെ ഡൽഹിയിൽനിന്ന് ഇവിടെവന്ന് വിവാദപ്രസ്താവനകൾ നടത്തി.

ഏറ്റുമാനൂർ അമ്പലത്തിൽ വിഗ്രഹമോഷണം ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ സൃഷ്ടിച്ച പുകപടലം ചെറുതായിരുന്നില്ല. വിഗ്രഹം കിട്ടിയാൽ നായനാർക്കും ടി കെയ്ക്കും പൂമാല കൊടുക്കാമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് കെ കരുണാകരൻ പരിഹാസപൂർവം പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തുകയും പ്രതി ഓലത്താന്നി സ്റ്റീഫനെ വിഗ്രഹംസഹിതം അറസ്റ്റ് ചെയ്യുകയും ഉണ്ടായി. തുടർന്ന്, പുത്തരിക്കണ്ടം മൈതാനത്തും പിന്നീട് നിയമസഭയിലും കരുണാകരന്റെ വെല്ലുവിളിയുടെ അർഥശൂന്യത വിവരിച്ച് നായനാരും ടി കെയും നടത്തിയ സരസമായ പ്രസംഗങ്ങൾ എന്നും സ്മരിക്കപ്പെടുന്നവയാണ്.

ടി കെ  ഉൾപ്പെടെയുള്ള നേതാക്കളുടെയും മുൻ കമ്യൂണിസ്റ്റ് നേതൃസർക്കാരുകളുടെയും ഭരണാനുഭവങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ടുപോകുന്നത്. കോവിഡ്–-19 ന്റെ വ്യാപനം തടയാൻ രാഷ്ട്രീയ- ജാതി–--മത–-വേഷ-–-ഭാഷ ചിന്തകൾക്കതീതമായി ജനങ്ങൾ ഒന്നായി മുന്നോട്ടുപോകേണ്ട സമയമാണിത്.  ആരോഗ്യരംഗത്തടക്കം മികച്ച സംവിധാനങ്ങൾ ഉണ്ടായിരുന്ന ഇറ്റലിയിൽ കോവിഡ് മരണങ്ങൾ പെരുകുന്നതുകൂടി കണ്ടാണ് കേരളം കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക്  ജാഗ്രത കാട്ടിയത്. അതുകൊണ്ടുതന്നെ ലോകത്ത് ഏതുഭാഗത്ത് ആർജിച്ച ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെയും കേരളം ഉപയോഗപ്പെടുത്തേണ്ടത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമാണ്. അതിന് സാങ്കേതികത വിലങ്ങുതടിയാകാൻ പാടില്ല.

ജനങ്ങളെ മരണത്തിൽനിന്ന്‌ രക്ഷിക്കുന്നതിനുവേണ്ടി പ്രശംസാർഹമായ രീതിയിൽ പ്രവർത്തിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഈ സർക്കാരിനെ ശക്തിപ്പെടുത്താനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും ഊർജിതമാക്കാനും ടി കെയുടെ സ്മരണ കരുത്താണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top