27 January Friday

പാഠ്യപദ്ധതിയും കേരളസമൂഹവും

ആർ സുരേഷ് കുമാർUpdated: Wednesday Nov 16, 2022

വിദ്യാഭ്യാസം ഒരു സാമൂഹ്യപ്രക്രിയയാണ്. സമൂഹത്തിലെ ഓരോ തലമുറയെയും സ്വാധീനിക്കുന്ന പാഠ്യപദ്ധതികൾ രൂപപ്പെടുത്തുമ്പോൾ സാമൂഹ്യമായ അഭിപ്രായരൂപീകരണം വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. അതിനാൽ പാഠ്യപദ്ധതി പരിഷ്കരണമെന്നതിൽ എല്ലാക്കാലത്തും വെല്ലുവിളികൾ നേരിട്ടിരുന്നു. ജനാധിപത്യപരമായി സ്വാംശീകരിക്കപ്പെടുന്നതും സമൂഹത്തിന്റെ ആവശ്യകതകളെ അടിസ്ഥാനമാക്കുന്നതുമാണ് പാഠ്യപദ്ധതി. പാഠ്യപദ്ധതിയെ സമൂഹത്തിന്റെ മറ്റു പ്രവർത്തനങ്ങളുമായി ചേർന്നുപോകുന്ന ഒന്നായിട്ടാണ് പരിഗണിക്കുന്നത്. അതോടൊപ്പം വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തിയും വിദ്യാർഥികളുടെ ശാരീരിക, -മാനസിക വളർച്ചയുടെ ഘട്ടങ്ങൾക്ക്‌ അനുസരിച്ച് ഉള്ളടക്കങ്ങളും പ്രവർത്തനങ്ങളും ക്ലാസ് മുറികളുടെ സ്വഭാവവും മൂല്യനിർണയവുമൊക്കെ ചിട്ടപ്പെടുത്തിയും മുന്നോട്ടുപോകാനുള്ള പ്രവർത്തനരേഖയുമാണ് പാഠ്യപദ്ധതി. അയവുള്ള സമീപനമാണ് പാഠ്യപദ്ധതിക്ക് വേണ്ടതെന്ന കാഴ്ചപ്പാട് പ്രാദേശികമായ ഉൾച്ചേർക്കലുകളെയും വിദ്യാഭ്യാസ ആവശ്യകതകളെയും പഠനാന്തരീക്ഷത്തിന്റെ സാധ്യതകളെയും പരിഗണിച്ച് മുന്നോട്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു. അത്തരം പാഠ്യപദ്ധതികൾ രൂപപ്പെടുത്തുന്നതിന് ദീർഘസമയം ആവശ്യമുള്ള പരിശ്രമങ്ങളും വിപുലമായ വിശദാംശങ്ങളും ആവശ്യമാണ്. കേരളം ഇപ്പോൾ അതിലേക്ക് കടന്നിരിക്കുകയാണ്.

വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഭരണപരമായ ചുമതലയുള്ളവർക്കും ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കും വിദ്യാഭ്യാസ വിദഗ്‌ധർക്കുമൊപ്പം സമൂഹത്തിലെ നാനാതുറയിലുള്ളവർക്കും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്‌ക്കാൻ അവസരം നൽകേണ്ടതുണ്ട്. അത്തരത്തിലുള്ള ജനകീയ ചർച്ചകളാണ്  നടന്നുകൊണ്ടിരിക്കുന്നത്.  വിദ്യാർഥികൾക്കുതന്നെ പാഠ്യപദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പറയാൻ ചരിത്രത്തിലാദ്യമായി അവസരംനൽകി. ഇത്തരം ചർച്ചകൾ നടക്കുമ്പോൾ പരിഗണിക്കേണ്ടിവരുന്ന പ്രധാന കാര്യങ്ങളിലൊന്ന് കേരള സമൂഹത്തിന്റെ സവിശേഷതകളാണ്. ഇന്ത്യയിലെ അതിസമ്പന്നമായ സംസ്ഥാനമല്ല കേരളം. സാമ്പത്തിക വികസനത്തിന്റെ പല മാനദണ്ഡത്തിലും വികസിതമെന്ന പദവിയിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരതമ്യേന ചെറിയ സംസ്ഥാനവുമാണ്. എന്നാൽ, സാമൂഹ്യവികസന സൂചികകളിൽ വികസിത രാജ്യങ്ങളെന്ന് പരാമർശിക്കപ്പെടുന്ന രാജ്യങ്ങൾക്കൊപ്പമുള്ള നേട്ടം കൈവരിക്കാൻ പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസരംഗത്ത് കേരളം ആർജിച്ച നേട്ടങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാകില്ല.

കേരളമാണ് സാമൂഹ്യമായ ‘ഉൾച്ചേർക്കൽ' (ഇൻക്ലൂസീവ്) വിദ്യാഭ്യാസത്തിന് ആദ്യംതന്നെ മാതൃകയായ സംസ്ഥാനം. അധഃസ്ഥിതരെന്ന് വിശേഷിപ്പിക്കപ്പെട്ടവർക്ക് അന്യമായിരുന്ന വിദ്യാഭ്യാസ അവസരത്തിനുവേണ്ടി രാജഭരണകാലത്തുതന്നെ സാമൂഹ്യമുന്നേറ്റങ്ങൾ കേരളത്തിൽ നടന്നിരുന്നു. അയ്യൻകാളിയുടെ നേതൃത്വത്തിൽ പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നടന്ന പണിമുടക്ക് സമരം കേരളത്തിലെ വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്.

1957ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ സ്വീകരിച്ച നയപരിപാടികൾ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യമായ ഉൾച്ചേർക്കൽ പ്രക്രിയയെ ശക്തിപ്പെടുത്തി. സാർവത്രികവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഏർപ്പെടുത്തുകയും അർഹരായവർക്ക് സൗജന്യ പാഠപുസ്തകവും ഉച്ചഭക്ഷണവും നൽകാൻ തുടങ്ങുകയും ചെയ്തു. കുടിയൊഴിപ്പിക്കൽ നിരോധനം, കാർഷിക ബന്ധനിയമം, തൊഴിലാളിക്ക് മെച്ചമായ വേതനം, ഭൂപരിഷ്കരണം എന്നീ നയപരിപാടികളിലൂടെ ജാതീയമായ വേർതിരിവുകളാലും ദാരിദ്ര്യത്താലും ദുരിതം അനുഭവിച്ചിരുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമായി.

2016നു ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ ലോകോത്തര നിലവാരം ഉറപ്പുവരുത്താനും 45,000 ക്ലാസ് മുറികളെ സ്മാർട്ട് ക്ലാസുകളാക്കാനും കഴിഞ്ഞതിലൂടെ പൊതുവിദ്യാലയങ്ങളിലേക്ക് ലക്ഷക്കണക്കിന് വിദ്യാർഥികൾ കൂടുതലായി എത്തിച്ചേർന്നത് എടുത്തുപറയേണ്ടതായ നേട്ടമാണ്. ശാസ്ത്രീയ അവബോധങ്ങളിൽനിന്ന് സമൂഹത്തെ പിന്നാക്കം നയിക്കാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നതിനെ അവഗണിക്കാനാകില്ല. മതപരമായ വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അതിർവരമ്പുകൾ വളരെ നേർത്തതായതിനാൽ ദുരാചാരങ്ങളെ പുനഃപ്രതിഷ്ഠിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വൈകാരികമായ പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് ശാസ്ത്രീയ ചിന്തകളെയും യുക്തിബോധത്തെയും തമസ്കരിക്കാനാണ് നോക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയെ ലക്ഷ്യമിടുന്നുവെന്ന അപകടംകൂടിയാണ് അതിന്റെ പശ്ചാത്തലം. ഇക്കാര്യങ്ങൾക്കൊപ്പം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും അതീവ ഗുരുതരമായ വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നതെന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാത്ത ഏകത്വം അടിച്ചേൽപ്പിക്കൽ വിദ്യാഭ്യാസരംഗത്തും നയങ്ങളായി നടപ്പാക്കുമ്പോൾ കേരളത്തിന്റേതായ ബദൽവിദ്യാഭ്യാസത്തിന് പ്രസക്തി വർധിക്കുന്ന സമയത്താണ് പാഠ്യപദ്ധതിയെക്കുറിച്ച് നാം ചർച്ചകൾ നടത്തുന്നത്. 

വിജ്ഞാനസമൂഹമായി കേരളത്തെ പരിവർത്തനപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. 2030 ആകുമ്പോഴേക്കും നേടിയിരിക്കണമെന്ന് ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനലക്ഷ്യങ്ങൾക്ക് അനുപൂരകമാണ് ആ സമീപനം. വിജ്ഞാന സമൂഹമെന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന പങ്കുവയ്‌ക്കുന്ന കാഴ്ചപ്പാട് കേരളത്തെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. മുഴുവൻ ആളുകൾക്കും ജീവിതത്തിന്റെ ഗുണമേന്മയും സുരക്ഷയുമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിയുന്നതുകൂടിയാകണം വിജ്ഞാനസമൂഹം. അവിടെ ഇടുങ്ങിയ മത, വർഗ, പ്രാദേശിക, ദേശീയ ചിന്തകൾക്കോ സാമ്പത്തിക ചൂഷണങ്ങൾക്കോ സ്ഥാനമുണ്ടാകില്ല. ഇങ്ങനെയുള്ള വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനത്തെ സഹായിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് കേരളത്തിന് അനിവാര്യമെന്ന ബോധ്യത്തോടെയാകണം അഭിപ്രായങ്ങളും നിർദേശങ്ങളും ഉയർന്നുവരേണ്ടത്.

(ഹയർ സെക്കൻഡറി വിഭാഗം 
ജോയിന്റ് ഡയറക്‌ടറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top