21 September Saturday

ചിക്കാഗോ പ്രഭാഷണം ഒന്നേകാൽ നൂറ്റാണ്ടിനുശേഷം

കെ എൻ ഗണേശ്‌Updated: Tuesday Sep 11, 2018

സ്വാമി വിവേകാനന്ദൻ ചിക്കാഗോയിലെ സർവമതസമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിന്റെ 125‐ാം വാർഷികമാണിത‌്. സാർവദേശീയതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റിമറിച്ച ആ പ്രസംഗം ഇപ്പോൾ പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

യൂറോപ്പിൽ വളർന്നുവന്ന മുതലാളിത്ത നാഗരികത ഇന്ത്യയടക്കമുള്ള ലോകത്തിലെ മറ്റു പ്രദേശങ്ങളിലെ ജനതയെ പ്രാകൃതരായി കണ്ട കാലമായിരുന്നു അത്. മുതലാളിത്തനാഗരികതയിലെന്നപോലെ സയൻസിലും മതത്തിലും സാഹിത്യകലാരൂപങ്ങളിലും ചിന്താപദ്ധതികളിലുമെല്ലാം ഔന്നത്യം അവർക്കാണെന്ന് യൂറോപ്യൻ സൈദ്ധാന്തികർ ആവർത്തിച്ചു പ്രഖ്യാപിച്ചു. ഔന്നത്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ലോകജനതയെ മുഴുവനും സംസ്‌കാരസമ്പന്നരാക്കാനുള്ള അവകാശവും കടമയും യൂറോപ്യന്മാർക്കാണെന്ന വാദത്തിലേക്കും നയിച്ചു. മുതലാളിത്തത്തിന്റെയും അതിന്റെ സാർവദേശീയ അധീശത്വരൂപമായ കൊളോണിയലിസത്തിന്റെയും നീതീകരണമായിരുന്നു ഇത്.

യൂറോപ്യന്മാർ നേരിട്ട് ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചപ്പോൾ അവരുടെ ആദ്യകാലധാരണകൾക്ക് മാറ്റം വന്നു. ഇന്ത്യൻ ജനതയുടെ ബഹുദൈവാരാധനയും അനുഷ്ഠാനങ്ങളും ആചാരമര്യാദകളും പ്രാകൃതമായിത്തന്നെയാണ് അവർ കണ്ടത്. അവരെ സംസ്‌കാരസമ്പന്നരാക്കാനായി മിഷണറിമാർ മതപരിവർത്തനത്തിനുള്ള ശ്രമങ്ങളുമാരംഭിച്ചു. സംസ്‌കാരത്തിന്റെ അംശങ്ങൾ അവർ ഇന്ത്യയിൽ കണ്ടെത്തിയത് ബ്രാഹ്മണസംസ്‌കൃതപാരമ്പര്യത്തിലും പാലിയും തമിഴുമടക്കമുള്ള പാരമ്പര്യങ്ങളിലുമായിരുന്നു. യൂറോപ്യൻ നാഗരികതയുമായും അവരുടെ സാംസ്‌കാരിക സംഭാവനകളുമായും താരതമ്യപ്പെടുത്താവുന്ന ചില അംശങ്ങൾ അവർ കണ്ടെത്തി. പലപ്പോഴും ഗ്രേക്കോ റോമൻ സംസ്‌കാരങ്ങളുടെ ഉൽപ്പന്നങ്ങളാണ് ഇത്തരം സാംസ്‌കാരികരൂപങ്ങളെന്ന് വിശദീകരിക്കാൻവരെ ശ്രമങ്ങൾ നടന്നു. ഇന്ത്യൻ കലാനിർമിതികൾ പേർഷ്യക്കാരുടെ സ്വാധീനത്തിലുണ്ടായതാണെന്നും അലക്‌സാണ്ടറുടെ ഇന്ത്യൻ ആക്രമണമാണ് മൗര്യസാമ്രാജ്യത്തിന് പ്രേരണയായതെന്നും ക്രിസ്തുമതവും ബൗദ്ധചിന്തയുംതമ്മിലുള്ള താരതമ്യവുമൊക്കെ ഉദാഹരണങ്ങളാണ്.

ഏറ്റവും പ്രധാനപ്പെട്ട താരതമ്യം ‘ആര്യൻമിത്ത്' എന്നു പിന്നീട് വിശേഷിപ്പിക്കപ്പെട്ട വാദഗതികളായിരുന്നു. യൂറോപ്യന്മാരും ഇറാനിയന്മാരും ഇന്ത്യക്കാരും ഒരുപോലെ ഇന്തോആര്യൻ വംശത്തിൽ ജനിച്ചവരാണെന്നവാദം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യംമുതൽ ഉണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മൂന്നുവർണങ്ങൾ‐ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ‐ എങ്കിലും ആര്യവംശത്തിലുള്ളവരാണെന്ന വാദം ഉയർന്നു. ‘നാഗരിക'രായ യൂറോപ്യന്മാരും ഇന്ത്യയിലെ ഉപരിവർണങ്ങളും പരസ്പരം ബന്ധുക്കളായി. സംസ്‌കൃതഭാഷയും യൂറോപ്യൻ ഭാഷകളും ഒരേ കുലഭാഷയിൽനിന്ന് ഉത്ഭവിച്ചതാണെന്നു കണ്ടെത്തിയതോടെ ഈ ബാന്ധവസങ്കൽപ്പം ശക്തമായി. ഇതിനിടയിൽ യൂദന്മാർ നാടുകടത്തിയ യാഫെത്തിന്റെ സന്തതിപരമ്പരയാണ് ആര്യന്മാർ എന്ന വാദവും ഉന്നയിക്കപ്പെട്ടു. ആര്യന്മാരുടെ ആക്രമണത്തെപ്പറ്റിയുള്ള മാക്‌സ‌്‌മുള്ളറുടെ സിദ്ധാന്തംകൂടി വന്നപ്പോൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട നാഗരികതയുടെ അംശങ്ങൾ എല്ലാം പലവിധത്തിൽ യൂറോപ്യൻ ക്രിസ്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്ന വാദവും വളർന്നുവന്നു.

ഇത്തരത്തിൽ സാംസ്‌കാരികമായി ബന്ധുക്കളാണെങ്കിൽ, പിന്നെയെങ്ങനെ ഇന്ത്യക്കാർ സാംസ്‌കാരികമായി പിന്നോക്ക സമൂഹമായി മാറി? യൂറോപ്യന്മാർ അതിനും കാരണം കണ്ടെത്തി. ഇന്ത്യൻ ജനതയുടെ അറിവില്ലായ്മയും അന്ധവിശ്വാസവും കൊണ്ടാണ് അവർ പിന്നോക്കമായത്. ഉഷ്ണമേഖലയിലെ കൊടുംചൂടിൽ നിലനിൽക്കാൻ ഇന്ത്യക്കാർ നടത്തിയ തത്രപ്പാടും അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. അവരെ നയിച്ച ബ്രാഹ്മണർ ഭൗതികമായ വികാസത്തിലല്ല, ആധ്യാത്മികവികാസത്തിലാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് ഇന്ത്യക്കാരുടെ ഭൗതികമായ മുന്നേറ്റത്തിൽ അവർക്ക‌് അശേഷം താൽപ്പര്യമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ഇന്ത്യക്കാർ പ്രദർശിപ്പിച്ച ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിനുള്ള താൽപ്പര്യംപോലും പിൽക്കാലത്ത് ഇല്ലാതായി. ഇന്ത്യയിൽ വളർന്നുവന്ന സ്വേച്ഛാധിപതികളായ നാടുവാഴികൾ അവരുടെ സമ്പത്തിലും സുഖലോലുപതയിലും ശ്രദ്ധിച്ചതല്ലാതെ ഇന്ത്യക്കാരുടെ ഭൗതികവികാസത്തിൽ ഒരു താൽപ്പര്യവും കാണിച്ചില്ല.

മുതലാളിത്തചിന്തയിലും പ്രവർത്തനങ്ങളിലും വേരൂന്നിയ ഇത്തരം ധാരണകളെയാണ് വിവേകാനന്ദൻ ചോദ്യംചെയ്തത്. യൂറോപ്യന്മാർ കരുതുന്നതുപോലെ ഇന്ത്യക്കാർ അജ്ഞരും അന്ധവിശ്വാസികളുമായ ഒരുപറ്റം ആളുകളല്ല, അവർക്ക് അതിപ്രാചീനമായ സംസ്‌കാരം സൃഷ്ടിക്കാൻ കഴിയുകയില്ല. ഇന്ത്യക്കാരുടേത‌് ആധ്യാത്മികസംസ്‌കാരമാണെന്നത് ശരിയാണ്. ആധ്യാത്മികതയെ ഭൗതികജീവിതവുമായി ബന്ധപ്പെടുത്താനാണ് അവർ ശ്രമിച്ചത്. യൂറോപ്യന്മാർ ആരോപിക്കുന്നതുപോലെ കേവലമായ സുഖലോലുപതയിൽ ജീവിക്കുകയായിരുന്നില്ല ഇന്ത്യക്കാരുടെ ലക്ഷ്യം.  അഹിംസയിലും ധർമത്തിലും സഹിഷ്ണുതയിലും കേന്ദ്രീകരിച്ച ജീവിതമാണ് അവർ നിർദേശിച്ചത്. തന്റെ കൃതികളിൽ വിവേകാനന്ദൻ ഈ കാഴ്ചപ്പാടിനെ വ്യവഹരിക്കുന്നത് പ്രായോഗികവേദാന്തം എന്നാണ്. പ്രായോഗികവേദാന്തം സയൻസിനും യുക്തിചിന്തയ‌്ക്കും എതിരല്ല. ആധ്യാത്മികതയിൽ ഉൗന്നിനിന്നുകൊണ്ട് പ്രായോഗികജീവിതം ആവിഷ്‌കരിക്കുന്ന രീതി മാത്രമാണത്.

ചാതുർവർണ്യത്തിന്റെഫലമായി ഒരുവിഭാഗം ജനങ്ങൾ അധഃസ്ഥിതരായി എന്നത് വിവേകാനന്ദൻ അംഗീകരിക്കുന്നുണ്ട്. ചാതുർവർണ്യം തൊഴിലും ജീവിതരീതിയുമനുസരിച്ചുള്ള വിഭജനമാണ്. അതനുസരിച്ച് ഒരു വിഭാഗം ആളുകൾ മറ്റൊരു വിഭാഗത്തെ അടക്കിഭരിക്കുന്നതിനെ വിവേകാനന്ദൻ എതിർക്കുന്നു. പക്ഷേ, ഇന്ത്യക്കാരുടെമാത്രം പ്രത്യേകതയല്ല. ലോകമാസകലമുള്ള ജനതകളിൽ മേലാളരും അടിയാളരുംതമ്മിലുള്ള വൈരുധ്യമുണ്ട്. അതിനെതിരായ പോരാട്ടവും നടക്കുന്നുണ്ട്. അതുപോലെ ശൂദ്രന്മാരുടേതായ മോചനപോരാട്ടമാണ് നടന്നുവരുന്നതെന്ന് വിവേകാനന്ദൻ സമർഥിക്കുന്നു.

ഹൈന്ദവസംസ്‌കൃതി മറ്റേതു മതസംസ്‌കൃതിയോടൊപ്പമോ അതിനെക്കാളധികമോ സാംസ്‌കാരിക ഔന്നത്യം നിലനിർത്തുന്ന മതമാണെന്ന് വിവേകാനന്ദൻ വാദിക്കുന്നു. സഹിഷ്ണുതയും വിശാലമനസ്‌കതയുംകൊണ്ടാണ് ഈ ഔന്നത്യം നിലനിർത്തുന്നത്. ആധ്യാത്മികതയെന്നാൽ ക്ഷേത്രസംസ്‌കാരമോ ദൈവപൂജയോ മാത്രമല്ല, അതൊരു പ്രപഞ്ചവീക്ഷണമാണ്. ഈ പ്രപഞ്ചവീക്ഷണത്തെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഹിന്ദുമതത്തിന്റെ സവിശേഷതയായി വിവേകാനന്ദൻ കാണുന്നത്. അതുകൊണ്ട് അന്യമതസ്ഥരെയടക്കം ഏതുവിഭാഗം ആളുകളെയും ഉൾക്കൊള്ളാൻ ഈ വീക്ഷണത്തിനു സാധിക്കുമെന്ന് വിവേകാനന്ദൻ കരുതുന്നു. ഇതിന്റെ പ്രയോഗമായ പ്രായോഗികവേദാന്തത്തിലൂടെ ധാർമികമായ തലത്തിലുള്ള ജനകീയൈക്യം സൃഷ്ടിക്കാനും കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. രാമകൃഷ‌്ണ മിഷന്റെ പ്രവർത്തനാശയങ്ങളും ഇതിനെ ആധാരമാക്കിയാണ്.

വിവേകാനന്ദന്റെ ആശയങ്ങളും ഇന്നു പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദുത്വവാദവും തമ്മിലുള്ള ഭിന്നതയും ഇവിടെ പ്രകടമാണ്. ധാർമികതയിലും സഹിഷ്ണുതയിലും ആധ്യാത്മികമായ പ്രപഞ്ചവീക്ഷണത്തിലുമധിഷ്ഠിതമായ വീക്ഷണത്തിന് അന്യമതങ്ങൾക്കെതിരെയോ സംസ്‌കാരങ്ങൾക്കെതിരെയോ വർഗീയവെറി ഉയർത്താൻ സാധ്യമല്ല. ജാതീയതപോലെ അസമത്വത്തിലൂന്നിയുള്ള ആശയങ്ങളെ ന്യായീകരിക്കാൻ വിവേകാനന്ദൻ തയ്യാറായതുമില്ല. അത്തരത്തിലുള്ള വീക്ഷണത്തിന് ക്ഷേത്രങ്ങളുടെ ശുദ്ധിയോ അശുദ്ധിയോ ഗോമാംസഭക്ഷണം പാതകമാണെന്ന ധാരണയോ ഒന്നും പ്രശ്‌നമല്ല. ശാസ്ത്രത്തെയും യുക്തിചിന്തയെയും എതിർക്കാത്തതുകൊണ്ടുതന്നെ ഇതിഹാസപുരാണമിത്തുകളെ ആധാരമാക്കി എഴുന്നള്ളിക്കുന്ന മണ്ടത്തരങ്ങൾ ഒന്നും അതിനു ബാധകവുമല്ല. ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങളിൽ ആധ്യാത്മികമായ പ്രപഞ്ചവീക്ഷണമില്ല. അവർ പ്രചരിപ്പിക്കുന്ന ധാർമികമൂല്യങ്ങൾ മതവെറിയിൽനിന്നുണ്ടായിവന്ന ലൗകികതത്വങ്ങളും പ്രായോഗിക ജീവിതക്രമങ്ങളും മാത്രമാണ്. അമ്പലങ്ങളിലെ ഉത്സവങ്ങളും ഭജനയും ‘കൺഡക്ടഡ് ടൂറു'കളായി നടത്തുന്ന തീർഥയാത്രകളും ഗണോശോത്സവങ്ങളും  കൃഷ്ണജയന്തി ആഘോഷങ്ങളും മതപ്രഭാഷണങ്ങളും ഭാഗവതസപ‌്താഹങ്ങളും  ജ്യോതിഷവും ശകുനങ്ങളും മറ്റു വിശ്വാസങ്ങളുമെല്ലാം ഇന്ത്യയുടെതന്നെ ആധ്യാത്മികപാരമ്പര്യത്തിൽ നിന്നുണ്ടാകുന്നതല്ല. ധർമാധർമ വിവേചനത്തെക്കുറിച്ചുള്ള സംവാദങ്ങളിലേർപ്പെട്ടിരുന്നതല്ലാതെ മതവെറി അവരുടെ സ്വഭാവമായിരുന്നില്ലെന്നാണ് വിവേകാനന്ദന്റെ ജീവിതംതന്നെ വ്യക്തമാക്കുന്നത്.

ചിക്കാഗോ സമ്മേളനത്തിൽ വിവേകാനന്ദൻ സ്വീകരിച്ച നിലപാടുകളെപ്പറി അഭിപ്രായവ്യത്യാസമുണ്ടാകാം. അദ്ദേഹം അംഗീകരിച്ച ആധ്യാത്മികപാരമ്പര്യവും പ്രായോഗികവേദാന്തവും ഇന്ത്യയുടെ വികാസത്തിനെ എത്രമാത്രം ഫലപ്രദമായി സഹായിച്ചു. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികപാരമ്പര്യം ഇല്ലാതായതുതന്നെ ആധ്യാത്മികതയുടെ ആധിപത്യംകൊണ്ടാണെന്ന് വാദിക്കാം. ധർമശാസ്ത്രസംഹിതകളെയും വർണജാതിക്രമത്തെയും നിലനിർത്തിയതും ഈ ആധ്യാത്മികതയാണ്. വിവേകാനന്ദൻതന്നെ വേറൊരിടത്തു പറയുന്നതുപോലെ ഇന്ത്യയുടെ ശരീരത്തിന്റെ വ്യത്യസ്തഭാഗങ്ങളാണ് ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റു മതങ്ങളുമെല്ലാം. മതബന്ധമായ ആധ്യാത്മികശരീരമായാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. സയൻസും തത്വചിന്തയും സാങ്കേതികവിദ്യകളുമെല്ലാം ഈ ശരീരത്തിൽ ഉൾച്ചേരേണ്ടതാണെന്ന് അദ്ദേഹം കരുതി. ഇതിൽ ഭൗതികവാദത്തിന് സ്ഥാനമില്ല. ശൂദ്രജാതിയുടെ ഉദയത്തെക്കുറിച്ച് പറയുമ്പോഴും ജാതിവ്യവസ്ഥയെ അദ്ദേഹം നിരാകരിക്കുന്നില്ല. ഇക്കാലത്ത‌് അരബിന്ദോ, ഗാന്ധി മുതലായ മറ്റു ചിന്തകരെപ്പോലെതന്നെ, യഥാർഥത്തിലുള്ള ആധ്യാത്മികവും ധാർമികവുമായ ജീവിതംകൊണ്ട് പ്രായോഗികജീവിതത്തിലെ വൈരുധ്യങ്ങളെ മറികടക്കാമെന്ന് അദ്ദേഹം കരുതി.

ഇത് യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ആഗ്രഹം മാത്രമായിരുന്നുവെന്നാണ് കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിലെ അനുഭവങ്ങൾ കാണിക്കുന്നത്. ആധ്യാത്മികഹിന്ദുമതവും പ്രായോഗികവേദാന്തവും ഒരിക്കലും ഇന്ത്യയുടെ പ്രധാനവീക്ഷണമായി മാറിയില്ല. അതനുസരിച്ചുള്ള കാഴ്ചപ്പാടുകൾ  ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിൽപോലും കടന്നുവന്നില്ല. മതപരവും ജാതീയവുമായ വെറിയുടെ അടിസ്ഥാനത്തിൽ മറുപക്ഷത്തെ ശത്രുക്കളായിക്കാണുന്ന നിലപാടുകൾമാത്രമാണ്  വളർന്നുവന്നത്. അതനുസരിച്ച് സൃഷ്ടിക്കപ്പെട്ട മിത്തുകളുടെയും സങ്കുചിതദേശീയതയുടെയും അകമ്പടിയോടെയുള്ള ഹിന്ദുമതമാണ് സ്ഥാനംപിടിച്ചത്. ആർഷഭാരതത്തെക്കുറിച്ചുള്ള വാചകക്കസർത്തുകളുണ്ടായെങ്കിലും അന്യമതസ്ഥർക്കെതിരെ യുദ്ധം ചെയ‌്ത പൃഥ്വിരാജിനോ റാണാപ്രതാപ് സിങ്ങിനോ ശിവജിക്കോ നൽകിയ സ്ഥാനം യാജ്ഞവൽക്യനോ ഉദ്ദാലകനോ നൽകാൻ ആരും തയ്യാറായിരുന്നില്ല. നളന്ദയ്‌ക്കോ തക്ഷശിലയ‌്ക്കോ മറ്റേതെങ്കിലും വിജ്ഞാനകേന്ദ്രത്തിനോ നൽകാത്ത സ്ഥാനമാണ് നാട്ടിലുള്ള ചെറുകിട ക്ഷേത്രങ്ങൾക്കുപോലും ലഭിച്ചത്. ആധ്യാത്മികചിന്തയ‌്ക്കു കിട്ടിയതിനേക്കാൾ എത്രയോ മടങ്ങു സ്വാധീനമാണ് ഭാഗവതസപ‌്താഹത്തിനും രാമായണം സീരിയലിനും കൃഷ്ണജയന്തി ശോഭായാത്രകൾക്കും ലഭിച്ചത്. ആധ്യാത്മികപ്രഭാഷണങ്ങൾ നടത്തുന്നവർപോലും ആർഎസ്എസ് പ്രചാരകരായി മാറുന്ന വിചിത്രമായ കാഴ്ചയും അടുത്ത കാലത്തുണ്ടായി. ആധ്യാത്മികസംവാദങ്ങൾക്കുപകരം അന്യമതസ്ഥരെ കൊന്നൊടുക്കുന്നതും അവരുടെ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുന്നതും ‘ക്ഷാത്രധർമ'ത്തിന്റെ തെളിവായി കണക്കാക്കപ്പെട്ടു. കേരളത്തിന്റെ ‘ദേശദ്രോഹികളായ' കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കലും ഇതിന്റെ ഭാഗമായി.

വിവേകാനന്ദൻ ചിക്കാഗോയിൽ ചെയ്തത് മതവാദപരമായ പ്രസംഗമായിരുന്നില്ല. ഇന്ത്യൻ പാരമ്പര്യത്തിന്റെ സാംസ്‌കാരികഔന്നത്യം ലോകസമക്ഷം അവതരിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ആധുനിക കാലഘട്ടത്തിന്റെ സവിശേഷതകളനുസരിച്ചുള്ള വിശദീകരണമാണ് അദ്ദേഹം നടത്താൻ ശ്രമിച്ചതും. പക്ഷേ, പിന്നീട് വന്ന അക്കാദമിക് പണ്ഡിതന്മാർ അതിനെ കേവല ആധ്യാത്മികവാദമാക്കിമാത്രം വ്യാഖ്യാനിക്കാൻ ശ്രമിച്ചു.. അതും പാശ്ചാത്യ ‘ഭൗതികവാദ' സംസ്‌കൃതിയുംതമ്മിലുള്ള വൈരുധ്യമാക്കി അതിനെ മാറ്റി. ഹിന്ദുത്വവാദികൾ അതിനെ ഫാസിസ്റ്റ് സ്വഭാവമുള്ള ദേശീയസങ്കുചിതവാദമാക്കി മാറ്റി. ഇവരെല്ലാം പിന്തുടർന്നത് വിവേകാനന്ദനെയായിരുന്നില്ല, ഹിന്ദുമതത്തെ സംബന്ധിച്ച കൊളോണിയൽ വ്യാഖ്യാനങ്ങളെയും അവയിലടങ്ങിയ വികലമായ കാഴ്ചപ്പാടുകളെയുമായിരുന്നു. ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചുള്ള വസ്തുതാപരമായ അന്വേഷണത്തെ തടയുകയാണ് ഇക്കൂട്ടർ ചെയ്തത്. ചിക്കാഗോ പ്രസംഗം നടന്നിട്ട് ഒന്നേകാൽ നൂറ്റാണ്ടുകഴിഞ്ഞതിനു ശേഷവും ഇന്ത്യൻ ജനതയുടെ യഥാർഥ സംഭാവനകളെക്കുറിച്ച് കൃത്യമായ നിലപാടുകൾ നമുക്ക് രൂപപ്പെടുത്താനായിട്ടില്ലെന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
 


പ്രധാന വാർത്തകൾ
 Top