20 March Wednesday

സ്വാമി വിവേകാനന്ദന്‍ : ആധുനിക കേരളത്തിന്റെ ചുവരെഴുത്ത്

അഡ്വ. രാജേഷ് പുതുക്കാട്Updated: Saturday Dec 16, 2017

സംഘപരിവാര്‍, അവരുടെ ശാഖകളിലെയും കാര്യാലയങ്ങളിലെയും ഭിത്തികളില്‍ ആണിയടിച്ചുവച്ചിട്ടുള്ള ചില്ലിട്ട ചിത്രങ്ങള്‍കൊണ്ടാണ് വിവേകാനന്ദനെ സ്വകാര്യസ്വത്താക്കിയിരിക്കുന്നത്. മറ്റു പലരെയുമെന്നപോലെ ആശയങ്ങള്‍കൊണ്ടല്ല. ആ ചിത്രത്തെ ഉപയോഗിച്ച് ഇന്ത്യന്‍ മനസ്സിനെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ഗൂഢശ്രമം എത്രയോ കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. വിവേകാനന്ദന്റെ ഒരൊറ്റ പരാമര്‍ശം രാഷ്ട്രീയകേരളത്തെ ഉണര്‍ത്തിയ മണിമുഴക്കങ്ങളിലൊന്നാണ്. രാഷ്ട്രീയഭാരതത്തെ നിദ്രയില്‍നിന്നിനിയുമുണര്‍ത്താനുള്ളതും. സ്വാമി വിവേകാനന്ദന്‍ തിരിച്ചുപിടിക്കപ്പെടേണ്ട ഒരു ആശയസംഹിതയാണെന്ന് നമ്മള്‍ നിരന്തരമായി പറഞ്ഞുകൊണ്ടേയിരിക്കണമെന്ന് അദ്ദേഹത്തിന്റെ കേരളസന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

"ഈ രാജ്യത്തെ മലബാര്‍നാട്ടില്‍ കണ്ടപോലൊരു ഭ്രാന്തന്‍സമ്പ്രദായം ലോകത്ത് മറ്റെവിടെയെങ്കിലും കാണുമോ. മലബാറില്‍ മേല്‍ജാതിക്കാരന്‍ നടക്കുന്ന അതേ വഴിയിലൂടെ  അവന്റെ പേരുമാറ്റി ഒരു ഇംഗ്ളീഷ് പേരിട്ടശേഷം നടന്നാല്‍ അവന്റെ അയിത്തമെല്ലാം മാറി. അല്ലെങ്കില്‍ ഒരു മാപ്പിളപ്പേര് സ്വീകരിച്ചാല്‍മതി. മലബാറികള്‍ ചിത്തഭ്രമക്കാരും അവരുടെ ഭവനങ്ങള്‍ ഭ്രാന്താലയങ്ങളുമാണെന്ന നിഗമനമല്ലേ നമുക്ക് ലഭിക്കുക''”എന്നത് കേരളത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചംകീറിയ പല വാചകങ്ങളിലൊന്നാണ്. വിവേകാനന്ദന്റെ ആ അഭിപ്രായത്തിന്റെ ആദ്യഭാഗം അതുപോലെതന്നെ പ്രസക്തമാണ്. "ഒരര്‍ഥത്തില്‍ ഇവിടെ നടമാടിയ പരമാധികാരത്തിനൊരു തടയിട്ട കാര്യത്തില്‍ മഹമ്മദീയഭരണംപോലും നമുക്ക് അനുഗ്രഹമായി. ആ ഭരണം അത്രയ്ക്ക് കെട്ടതൊന്നുമായിരുന്നില്ല. ഈ മണ്ണില്‍ അധഃകൃതമായി കഴിഞ്ഞുകൂടുന്നവര്‍ക്കൊരു മോചനമായിട്ടാണ് മഹമ്മദീയ സംസ്കാരത്തിന്റെ കടന്നുകയറ്റം വന്നുഭവിച്ചത്. നമ്മുടെ ജനതയുടെ നാലിലൊന്നുഭാഗം മഹമ്മദീയരായിമാറിയത് അതുകൊണ്ടാണ്. അതെല്ലാം അവരുടെ ഉടവാളിന്റെ മൂര്‍ച്ചയുടെമാത്രം നേട്ടമല്ല. എല്ലാം ആയുധങ്ങളുടെയും ചുട്ടെരിക്കലിന്റെയും ബലത്തിലായിരുന്നെന്ന് കരുതുന്നത് ഭ്രാന്തമായിപ്പോകും'' ”

അവര്‍ ആയുധങ്ങളുടെയും ചുട്ടെരിക്കലിന്റെയും ബലത്തില്‍ നമ്മുടെ പിന്‍ഗാമികളെ കീഴ്പ്പെടുത്തിയെന്നും അവര്‍ക്കെതിരെ ഇന്നു നാം പ്രതികരിക്കണമെന്നും അവരുടെ പിന്‍ഗാമികളെ ആട്ടിപ്പായിക്കണമെന്നും അവരുടെ ആരാധനാലയങ്ങളിലേക്ക് ഇല്ലാത്തതോ ഒളിച്ചുകടത്തപ്പെട്ടതോ ആയ വിഗ്രഹം അന്വേഷിച്ചുപോകുകയും അങ്ങനെ അവര്‍ സ്ഥാപിച്ച മസ്ജിദുകളും താജ്മഹലുകളും പൊളിഞ്ഞുവീഴണമെന്നും വാതോരാതെ പറയുന്നവരാണ് ഇന്ന് അദ്ദേഹം പറഞ്ഞ ഭ്രാന്തിന്റെ ഉടമകള്‍.

"വേരോളം വ്യത്യാസമുള്ള വംശങ്ങള്‍ക്ക് ഐക്യപ്പെടാന്‍ വയ്യ. ആ പാഠം നമുക്ക് ജര്‍മനി കാട്ടിത്തന്നു. ഹിന്ദുസ്ഥാന്‍ അതില്‍ നിന്ന് പഠിക്കണം''”എന്ന് ഗോള്‍വള്‍ക്കര്‍ 1938ല്‍ പറഞ്ഞുതന്നപ്പോള്‍ വീണ്ടും വീണ്ടും അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ നമ്മളോട് മറക്കാന്‍ പറയുന്നത് മറ്റുപലതുമെന്നപോലെ വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗംകൂടിയാണ്. 1893 സെപ്തംബര്‍ 11ന് സര്‍വമതസമ്മേളനത്തിലെ ആദ്യപ്രസംഗത്തില്‍ എല്ലാ മതങ്ങളിലുമുള്ള, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ എന്റെ രാജ്യത്തില്‍ അഭിമാനിക്കുന്നുവെന്നുപറഞ്ഞ അദ്ദേഹം അവസാന സെഷനിലെ പ്രഭാഷണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

"ക്രിസ്ത്യന്‍ ഹിന്ദുവോ ബുദ്ധനോ ആകണമെന്നില്ല. ഹിന്ദു ബുദ്ധിസ്റ്റും ക്രിസ്ത്യാനിയും ആകേണ്ടതില്ല. അവരെല്ലാംതമ്മില്‍ ഒരേ ഉത്സാഹത്തെ ആര്‍ജിക്കുകയും അതേസമയം സ്വന്തം വ്യക്തിത്വത്തെ നിലനിര്‍ത്തിക്കൊണ്ട് തന്റേതായ നിയമത്തില്‍ വളരുകയും വേണം.''

ഹൈന്ദവസന്യാസിയായും സവര്‍ണദേശീയതയുടെ വക്താവായും സംഘപരിവാര്‍ എഴുന്നള്ളിക്കുന്ന സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗത്തിനുശേഷം അമേരിക്കന്‍ ഐക്യനാടുകളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ആവര്‍ത്തിച്ചുപറഞ്ഞത് ശങ്കരാചാര്യര്‍ മുതല്‍പേര്‍ തകര്‍ത്തെറിഞ്ഞ ബുദ്ധമതത്തെയും ശാക്യമുനിയെയും കുറിച്ചായിരുന്നു. 1894 ഒക്ടോബര്‍ 21ന് ബാള്‍ട്ടിമോറിലെ ലൈസിയം തിയറ്ററിലെ പ്രഭാഷണത്തില്‍ ക്രിസ്തുവിന് അറുനൂറ് വര്‍ഷം മുമ്പ് ഹിന്ദുമതത്തിലെ മൃഗബലി തുടങ്ങിയ അനാചാരങ്ങള്‍ തുടച്ചുനീക്കിയ, ഭാരതീയജീവിതത്തെ മലീമസമാക്കിയ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ത്തെറിയാന്‍ ഒരു നവോത്ഥാനപ്രക്രിയയാരംഭിച്ച ശാക്യമുനി തനിക്കുവേണ്ടി യാതൊന്നും നേടാതെ മറ്റുള്ളവര്‍ക്കുവേണ്ടി സര്‍വവും ത്യജിച്ച ഏകപ്രവാചകനാണെന്ന് പ്രഖ്യാപിച്ചു.

മൃഗബലി നിര്‍ത്തലാക്കിയവരുടെ പിന്‍ഗാമികളായി സ്വയം പ്രതിഷ്ഠിച്ച് പശുവിനെ രാഷ്ട്രീയമൃഗമാക്കിയും സംസ്കാരിക ശുദ്ധിവാദത്തിന്റെ പതാകാവാഹകരായും പുതിയ  പ്രവാചകന്മാരെ സൃഷ്ടിക്കാന്‍ ശ്രമിച്ചും ഫാസിസത്തിന്റെ നിലമുഴുത് കൃഷിയൊരുക്കുന്നവര്‍ക്ക് വിവേകാനന്ദനെ പക്ഷേ, ശരിയായ രീതിയില്‍ അവതരിപ്പിക്കാനാകില്ല. "പൌരാവകാശങ്ങള്‍പോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും വഴങ്ങി ഇവിടെ കഴിയുകയല്ലാതെ അവര്‍ക്ക് മറ്റൊരു മാര്‍ഗമില്ല''’എന്ന് അപരവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നവരുടേതല്ല വിവേകാനന്ദന്‍. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള മോഡിയുടെ കാപ്പിറ്റോള്‍ ഹില്ലിലെ ടെലിപ്രോംപ്ടര്‍ പ്രസംഗത്തെ വാഴ്ത്താനുള്ള പ്രൊപ്പഗണ്ട അരങ്ങേറിയപ്പോള്‍ അത് ചിക്കാഗോപ്രസംഗത്തിന്റെ മതേതരത്വത്തെ മരവിപ്പിക്കാന്‍കൂടിയായിരുന്നെന്ന് നാം അറിയാതെ മറന്നുപോയി.

മതന്യൂനപക്ഷത്തോട് രാജ്യത്തിന്റെ പുറംവാതില്‍ കാട്ടിക്കൊടുത്ത് അഭയാര്‍ഥികളാകാന്‍ ആജ്ഞാപിക്കുന്ന പരിവാരകാലത്ത് പ്രതിരോധം തീര്‍ക്കാന്‍  നമുക്ക് വിവേകാനന്ദചിന്തകളുടെ കുട ചൂടേണ്ടി വരും.

"നമ്മള്‍ പ്രാപഞ്ചികമായ സഹനത്തില്‍ മാത്രമല്ല, സര്‍വമതങ്ങളും സത്യമാണെന്ന് വിശ്വസിക്കുന്നു. നാടുകടത്തപ്പെട്ടവരും അഭയാര്‍ഥികളുമായ നിരവധിയാളുകള്‍ക്ക് അഭയം നല്‍കിയ ഒരു രാജ്യത്ത് ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മളവരെ സഹനത്തോടെമാത്രം കണ്ടാല്‍ പോരാ. പ്രതീക്ഷയോടെ ആശ്ളേഷിക്കുകയുംവേണം.''”വംശവെറിയുടെ ഇരകളായി ഈ രാജ്യത്തിന്റെ അതിര്‍വേലിക്കുപുറത്ത് കനിവുതേടി കാത്തുകെട്ടിക്കിടക്കുന്ന  അഭയാര്‍ഥികള്‍ക്കുമുന്നില്‍ സങ്കുചിത വര്‍ഗീയതയുടെ വാതില്‍പ്പടിയില്‍നിന്നുകൊണ്ട് നോ എന്‍ട്രിയുടെ രാഷ്ട്രതന്ത്രം വിളമ്പുന്നവരാണ് വിവേകാനന്ദന്റെ അഭിനവഭാരത വക്താക്കളായി ഭാവിക്കുന്നത്. വേദങ്ങള്‍ കഴിഞ്ഞാല്‍ ആരാധ്യമായത് മനുസ്മൃതിയാണെന്ന് സവര്‍ക്കര്‍ അഭിമാനിച്ചപ്പോഴും മനുസ്മൃതിയില്ലാത്ത ഭരണഘടന ഇന്ത്യയുടേതാകില്ലെന്ന് വിചാരധാര വാശിപുലര്‍ത്തുമ്പോഴും ഭരണഘടനയിലതുള്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ആക്രോശിച്ചപ്പോഴും എല്ലാ ജാതിമതങ്ങള്‍ക്കും തുല്യപരിഗണനയെന്ന ഭരണഘടനാശില്‍പ്പിയുടെ വാദത്തെ ഓര്‍ഗനൈസര്‍ തുറന്നെതിര്‍ത്തപ്പോഴും വിവേകാനന്ദന്റെ സ്മൃതിവിരുദ്ധചിന്തകള്‍ ഈ അന്തരീക്ഷത്തിലുണ്ടായിരുന്നു.

"ഏകമേവതു ശൂദ്രസ്യ പ്രഭുഃ കര്‍മസമാദിശത്
ഏതേഷാ മേവ വര്‍ണാനാം ശുശ്രൂഷാമനുസൂയയാ''”(1.88-91)
"ശക്തേനാപി ഹി ശൂദ്രേണ ന കാര്യോ ധനസഞ്ചയഃ''” ( 10.129)

തുടങ്ങിയ മനുസ്മൃതിയുടെ രൂപഭാവങ്ങളെയും പരാശരസ്മൃതിയെയും നാരദസ്മൃതിയെയും വിവേകാനന്ദന്‍ എതിര്‍ത്തു. ശൂദ്രര്‍ വേദം പഠിക്കരുത് എന്നര്‍ഥത്തില്‍ വേദങ്ങളില്‍നിന്ന് ഒരു തെളിവും ഉദ്ധരിക്കാന്‍ ആചാര്യര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ശങ്കരാചാര്യരെ വിമര്‍ശിച്ചു. സ്പാര്‍ട്ടക്കാര്‍ക്കിടയില്‍ അടിമകളും അമേരിക്കയില്‍ അടിമകളും മര്‍ദിക്കപ്പെട്ടതിനേക്കാള്‍ കൂടുതലായി ഇവിടെ ശൂദ്രര്‍ മര്‍ദിക്കപ്പെട്ടിട്ടുണ്ട് എന്ന് വിളിച്ചുപറഞ്ഞ വിവേകാനന്ദന്‍ ശൂദ്രവര്‍ഗം ശൂദ്രത്തത്തോടുകൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ദീര്‍ഘദര്‍ശനംചെയ്തു. "ഭാരതത്തിന്റെ അധഃപതനകാലത്ത് പുരോഹിതര്‍ ബ്രാഹ്മണേതര ജാതികള്‍ക്ക് വേദാധ്യയനത്തിന് അവകാശമില്ലെന്നുവിധിച്ച കാലംമുതല്‍ സ്ത്രീകളുടെ അവകാശങ്ങളും നിഷേധിക്കപ്പെട്ടെന്നും സ്മൃതിയും കുസൃതിയും എഴുതിപ്പിടിപ്പിച്ച് സ്ത്രീകളെ നിങ്ങള്‍ സൃഷ്ടിച്ച നിയമങ്ങളിലും നീതിശാസ്ത്രങ്ങളിലും കെട്ടിയിട്ട് അവരെയൊക്കെ വെറും സന്താനോല്‍പ്പാദനയന്ത്രങ്ങളാക്കി മാറ്റിക്കളഞ്ഞു''വെന്നും നഃ സ്ത്രീ സ്വാതന്ത്യ്രമര്‍ഹതിയുടെ മുഖത്തുനോക്കിയാട്ടുകയായിരുന്നു അദ്ദേഹം. ആശയവാദദര്‍ശനം അതിന്റെ യുക്തിപരമായ ബാധ്യതകളെയും കപടശാസ്ത്രീയ നാട്യത്തെയും ഉപേക്ഷിച്ച് വിശ്വാസത്തിന്റെയും മുന്‍വിധിയുടേതുമായ മെച്ചപ്പെട്ട പുരാതനായുധം അണിഞ്ഞുകൊണ്ട് രംഗത്ത് നിലയുറപ്പിക്കുന്ന ഈ കാലത്ത് വിവേകാനന്ദദര്‍ശനങ്ങളുടെ ചുമരെഴുത്ത് അനിവാര്യമാണ്. മതവും അധികാരവും തമ്മിലും മതവും നിക്ഷിപ്ത താല്‍പ്പര്യവും തമ്മിലും ഇണങ്ങിയാല്‍ മതം ഭ്രാന്തായിത്തീരുമെന്ന വിവേകാനന്ദവചനം കാലത്തിന്റെ ചുവരെഴുത്താണ്. ആ ചുവരെഴുത്ത് വായിക്കാന്‍ ആധുനിക കേരളത്തിന് കഴിയുന്നുവെന്നതാണ് വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ വര്‍ത്തമാനകാലപ്രസക്തി
 

പ്രധാന വാർത്തകൾ
 Top