29 January Saturday

അതിദരിദ്രർക്ക്‌ ആശ്രയമൊരുങ്ങുന്നു - സുരേഷ് സിദ്ധാർഥ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം, കുടുംബശ്രീ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ ലോകത്തിനാകെ മാതൃകയായ വികസനപദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ കേരളം മറ്റൊരു ചരിത്ര പദ്ധതിക്കുകൂടി തുടക്കം കുറിക്കുകയാണ്. അതിതീവ്ര ദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സമ്പൂർണ അതിജീവനമാണ്‌ ലക്ഷ്യം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ നാല്‌ ലക്ഷത്തി മുപ്പത്തേഴായിരം (437000)  സന്നദ്ധപ്രവർത്തകരെ അണിനിരത്തി വലിയ ജനകീയപദ്ധതിക്കാണ്  കേരളം മുന്നിട്ടിറങ്ങുന്നത്. അഞ്ചുവർഷംകൊണ്ട് അതിദാരിദ്ര്യത്തെ സമ്പൂർണമായും ഇല്ലാതാക്കുക എന്നതായിരുന്നു രണ്ടാം  പിണറായി വിജയൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യതീരുമാനം. ആശ്രയ, അഗതിരഹിത കേരളം, വിശപ്പുരഹിത കേരളം തുടങ്ങി അതിദരിദ്രരെ ലക്ഷ്യംവച്ച്  ഇതിനുമുമ്പ് നടപ്പാക്കിയ വിവിധതരം പദ്ധതി പ്രവർത്തനങ്ങളുടെ തുടർച്ചയായാണിത്‌. നിരവധി തട്ടുകളായി നടക്കുന്ന പരിശീലനപരിപാടികളിലൂടെ വേണ്ട മാർഗനിർദേശങ്ങൾ നൽകി വ്യക്തവും സുതാര്യവുമായ  പദ്ധതിതന്നെ  തയ്യാറായിക്കഴിഞ്ഞു.

മനുഷ്യൻ നേരിടുന്ന വിവിധ തരത്തിലുള്ള ശേഷിയില്ലായ്മകളാണ് ദാരിദ്ര്യം എന്നതുകൊണ്ട് പൊതുവേ അർഥമാക്കുന്നത്. ആദ്യകാലത്ത് ഭക്ഷണത്തെയും അതിൽനിന്ന്‌ ലഭിക്കുന്ന കലോറി ഊർജത്തെയുംമാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു ദാരിദ്ര്യത്തെ നിർണയിച്ചിരുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരുടെ പട്ടികയ്ക്കായി കണക്കാക്കിയിരുന്ന അടിസ്ഥാന പരിഗണനാ വിഷയവും അതായിരുന്നു. എന്നാൽ, കേവലം ആഹാരലഭ്യത എന്നതിൽനിന്ന്‌ വ്യത്യസ്തമായി വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, സേവന ലഭ്യത, അടിസ്ഥാനസൗകര്യങ്ങൾ, അടിസ്ഥാന വരുമാനം, സാമൂഹ്യക്ഷേമ നടപടികളുടെ അപ്രാപ്യത എന്നിവയൊക്കെ ദാരിദ്ര്യം കണക്കാക്കുന്ന സൂചകങ്ങളിൽ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. ഇതിൽ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെ പരിഗണിക്കുന്ന ‘മാനവ വികസന സൂചിക’  മാനവവിഭവശേഷി വികസനത്തിന്റെ പ്രധാന സൂചികയായിത്തന്നെ മാറി. കേരളം ആ സൂചികയിൽ ഏറെ മുന്നിൽ നിൽക്കുന്നതും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്ത് ജനപങ്കാളിത്തത്തോടെ നടപ്പാക്കിവരുന്നതിന്റെ ഫലമായാണ്. എങ്കിലും ഇവിടെ ഇനിയും ദാരിദ്ര്യത്തിന് ചെറുതുരുത്തുകൾ അവശേഷിക്കുന്നുണ്ട്. അത് തുടച്ചുനീക്കാനാണ് ഇത്തരത്തിലൊരു ബൃഹത് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

സ്വന്തം അവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്തി അത് മറികടക്കാൻ ശേഷിയില്ലാത്തവർ, ഉപജീവനവും അതിജീവനവും നേടാൻ ശാരീരികവും മാനസികവുമായ ശേഷിയില്ലാത്തവർ, മാനസിക വെല്ലുവിളി, വാർധക്യം, തീരാവ്യാധി തുടങ്ങിയ കാരണങ്ങളാൽ ദൈനംദിന ജീവിതം മുന്നോട്ട് നീക്കാൻ ശേഷിയില്ലാത്തവർ  എന്നിങ്ങനെ അടിസ്ഥാന അവകാശങ്ങൾപോലും നേടിയെടുക്കാൻ ശേഷിയില്ലാത്ത പൊതുവിൽ ബാഹ്യസഹായം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അശരണരും നിരാലംബരും അഗതികളുമായ കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കേണ്ടത്. തൊഴിൽശേഷിയും അടിസ്ഥാന വരുമാനവും അടിസ്ഥാന ജീവിതസാഹചര്യങ്ങളുമുള്ള ദരിദ്ര കുടുംബങ്ങളെയല്ല ഇതിൽ ഉൾപ്പെടുത്തുന്നത്.

തെരുവിൽ കഴിയുന്നവർ, മറ്റ് വരുമാന സാധ്യതകളോ ആസ്തികളോ ഇല്ലാതെ അതിജീവനം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, ഗൃഹനാഥൻ ഉപേക്ഷിച്ച് മറ്റു വരുമാന സാധ്യതകളോ ആസ്തികളോ തൊഴിൽശേഷിയോ ഇല്ലാത്തവർ തുടങ്ങി കേവല ദാരിദ്ര്യത്തിനപ്പുറം അതിജീവനശേഷിയില്ലാത്ത അതിദരിദ്രരാണ്.

ദാരിദ്ര്യത്തിന്റെ അതിതീവ്ര രൂപമാണ് അതിദാരിദ്ര്യം. അതിദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് പുറമെനിന്ന് സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ പിന്തുണയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനോ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടക്കാനോ കഴിയില്ല. എന്നാൽ, സാധാരണ ദരിദ്രർക്ക് ആകട്ടെ അവരുടെ വരുമാനം, തൊഴിൽശേഷി എന്നിവ ചുരുങ്ങിയ അളവിലാണെങ്കിലും ജീവിതം മുന്നോട്ടു നയിക്കാൻ കഴിയും. 2002-–-2003ൽ ആരംഭിച്ച "ആശ്രയ പദ്ധതി' -  "ക്ലേശഘടകങ്ങളുടെ' അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്. 2016നുശേഷം സർക്കാർ നടപ്പാക്കിയ "അഗതിരഹിത കേരളം പദ്ധതി' "ആശ്രയ പദ്ധതി'യുടെ പരിഷ്കരിച്ച രൂപമായിരുന്നു. തങ്ങൾക്കുവേണ്ടി വാദിക്കാനോ ശബ്ദമുയർത്താനോപോലും കഴിയാത്തവരാണ് അതിദരിദ്രർ എന്നതാണ് പൊതുവിൽ കാണുന്ന അവസ്ഥ.  വിവിധതരം സാമൂഹ്യ ഒറ്റപ്പെടൽ അനുഭവിക്കുന്നവരും ഇവരിൽ ഉണ്ടാകും. മാനസിക വെല്ലുവിളികൾമൂലം സമൂഹം ഒറ്റപ്പെടുത്തിയ കുടുംബം ഒരു ഉദാഹരണമാണ്. തെരുവിൽ അലയുന്നവർ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കണമെന്നില്ല. പൊതുസ്ഥലങ്ങളിൽ താമസിക്കുന്നവരെ പൊതുവിൽ ആ സമൂഹത്തിലെ ഒരു കുടുംബമായി പരിഗണിക്കാറില്ല.

വാർഡിനകത്തെ ചെറിയ ക്ലസ്റ്ററുകൾ, വാർഡ്തല കൂട്ടായ്മകൾ എന്നിവയിലൂടെ സമൂഹത്തിൽ നിരന്തര സാന്നിധ്യമായ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ ഒരുമിച്ചിരുന്ന് പങ്കാളിത്ത ചർച്ചയിലൂടെ ഗുണഭോക്‌താക്കളെ കണ്ടെത്തുക എന്നതാണ്  രീതി.

പദ്ധതി ലക്ഷ്യങ്ങൾ
(1)സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച്‌ വർഷംകൊണ്ട് ഇല്ലാതാക്കുക.
(2)സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണസ്ഥാപന പ്രദേശത്തുമുള്ള, വിവിധ കാരണങ്ങളാൽ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ സാമൂഹ്യ പങ്കാളിത്ത പ്രക്രിയയിലൂടെ കണ്ടെത്തുക.
(3)സമഗ്ര വിവരശേഖരണം നടത്തുക.
(4)അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബ അധിഷ്ഠിത മൈക്രോപ്ലാൻ തയ്യാറാക്കുക.
(5)മൈക്രോപ്ലാനുകൾ ഏകോപിപ്പിച്ച് തദ്ദേശസ്ഥാപനതല പദ്ധതി തയ്യാറാക്കി നടപ്പാക്കുക.

പദ്ധതി നടത്തിപ്പിന്റെ  വിവിധ ഘട്ടങ്ങൾ

(1) ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക്‌ പരിശീലനം നൽകൽ.
(2)തദ്ദേശഭരണ സ്ഥാപനതലത്തിലും വാർഡുതലത്തിലും ജനകീയ സമിതികളുടെ രൂപീകരണം.
(3)സംസ്ഥാനതല ഏകോപനസമിതിയും ജില്ലാതല സമിതിയും രൂപീകരിക്കൽ.
(4)അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയ്യാറാക്കൽ.
(5)പ്രാഥമികമായി പട്ടികപ്പെടുത്തിയ കുടുംബങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തൽ.
(6)വിവരശേഖരണ പ്രക്രിയയുടെ സൂപ്പർ ചെക്കിങ്.
(7)ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വാർഡ്തല പട്ടിക തയ്യാറാക്കൽ.
(8)തദ്ദേശസ്ഥാപനതല പട്ടിക തയ്യാറാക്കലും അംഗീകാരം നേടലും.
(9)വാർഡ്തല പട്ടികകൾ വാർഡ് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകരിക്കൽ.
(10)തദ്ദേശസ്ഥാപന തലത്തിൽ അർഹരായവരുടെ അന്തിമ പട്ടിക തയ്യാറാക്കൽ.
(11)തദ്ദേശഭരണ സ്ഥാപനതലപദ്ധതിയും ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോ പ്ലാനും തയ്യാറാക്കൽ.
(12)തദ്ദേശഭരണ സ്ഥാപനതല പദ്ധതിയുടെയും മൈക്രോ പ്ലാനുകളുടെയും നടത്തിപ്പിന് ആവശ്യമായ വിഭവസമാഹരണം നടത്തൽ.
ജിയോ ടാഗിങ് സംവിധാനമുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ്  വിവരശേഖരണം നടത്തുന്നത് എന്നതിനാൽ കാര്യക്ഷമത ഉറപ്പാക്കാം.

(കൊല്ലം നെടുമ്പന പഞ്ചായത്ത് റിസോഴ്സ് പേഴ്സനാണ് ലേഖകൻ )
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top