ഭാവം പുച്ഛം, വേഷം ബഹുകൃതം

അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ എന്ന് ചോദിച്ചതുപോലെയാണ് തൃശൂർ എംപിയുടെ കാര്യമെന്ന് നാട്ടുകാർ മാത്രമല്ല സഹഎംപിമാരും പറഞ്ഞുതുടങ്ങി. സഹമന്ത്രിയാണെങ്കിലും ഒട്ടും സഹിഷ്ണുതയും സഹകരണവും ഇല്ലെന്നാണ് സഹകരിച്ച് നിൽക്കുന്നവരുടെയും സംസാരം. അഭിനയമാണ് ജീവിതം, അഭിനയമാണ് സമ്പത്ത്, നാട്യമാണ് സർവസ്വവും എന്നാണ് പുള്ളിക്കാരന്റെ തത്വശാസ്ത്രം. എംപി പണിയായാലും മന്ത്രിപ്പണിയായാലും പാർലമെന്റിലായാലും പുറത്തായാലും അഭിനയത്തിന്റെ പുത്തൻ മേഖലകൾ കണ്ടെത്തുന്നതിലാണ് ത്രിൽ.
കഥകളിയിലാണ് ഇപ്പോഴത്തെ കമ്പം. കലാമണ്ഡലം നിലകൊള്ളുന്ന ജില്ലയിലെ എംപിയാകുമ്പോൾ കഥകളിയിൽ അഗ്രഗണ്യനായില്ലെങ്കിൽ കുറച്ചിൽ വോട്ടർമാർക്കാണെന്ന് ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. പിന്നെ കലാമണ്ഡലം ഗോപി ആശാനെ വെല്ലുന്ന നടനാകണമെന്നത് അങ്ങേരുടെ ഒരു ശപഥവുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഗോപി ആശാന് പത്മ അവാർഡ് വാങ്ങിച്ച് കൊടുക്കാൻ നോക്കിയപ്പോൾ ആരുടെയും ശുപാർശയിൽ വേണ്ടെന്ന് മുഖത്തുനോക്കി പറഞ്ഞത് എങ്ങനെ മറക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് മലയാള സിനിമ ഉണ്ടാക്കിയതുപോലെ കഥകളിയുടെയും ഗുരുവായിട്ടേ ഇനി അടങ്ങുവെന്ന് അന്ന് ശപഥം ചെയ്തതാണ്.
പാർലമെന്റിലിരിക്കുമ്പോഴും പുറത്ത് നടക്കുമ്പോഴും കത്തി, പച്ച, കരി, താടി, മിനുക്ക് തുടങ്ങിയ വേഷങ്ങൾ മിന്നിമറയും. ഇനി കേരളമെന്ന് കേട്ടാലോ നിറയും പുച്ഛം സിരകളിലെന്നുമാത്രമല്ല കൈയും കാലും മുഖവും എല്ലാം ഒന്നിച്ചെടുത്ത് പുതുപുത്തൻ വേഷങ്ങളിൽ നിറഞ്ഞാടും. കഴിഞ്ഞ ദിവസം പാർലമെന്റിലാണ് ഈ അത്ഭുത വേഷപ്പകർച്ച പുറത്തെടുത്തത്. ഇതു കണ്ട് ഭരണ, പ്രതിപക്ഷ എംപിമാരാകെ കണ്ണും തള്ളി അന്തം വിട്ടിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. തമിഴ്നാട്ടിൽനിന്നുള്ള എംപി കനിമൊഴി കേരളത്തെ പരാമർശിച്ചപ്പോഴായിരുന്നു മലയാള സിനിമയുടെ ‘പിതാമഹന്റെ ' അത്ഭുത ആംഗ്യപ്രകടനം. വയനാട്ടിൽ മഹാദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അവിടെ ചെന്ന് ഷോ നടത്തിയിട്ടും എന്തേ സഹായം കൊടുത്തില്ലായെന്ന് അയൽപക്ക സ്നേഹംകൊണ്ട് ചോദിച്ചതാണ്. അപ്പോഴാണ് സ്വന്തം സീറ്റിലിരുന്ന് കൈയും കാലും മുഖവും എല്ലാം ചേർത്ത് കേരളത്തോടും കനിമൊഴിയോടുമുള്ള സർവമാന പുച്ഛവും ആവാഹിച്ച് നടന്റെ വിസ്മയ പ്രകടനം പുറത്തെടുത്തത്. കഥകളിയിലെന്നല്ല മറ്റൊരു കളിയിലും ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്നുള്ള അപാരവേഷം കെട്ടലായിരുന്നുവെന്നാണ് സഹ എംപിമാരുടെ സാക്ഷ്യപ്പെടുത്തൽ. കേരളത്തിലെ മാധ്യമക്കാർ സ്ഥിരമായി ഈ നാട്യവൈഭവം കാണുന്നതിനാൽ പുതുമ തോന്നത്തതുകൊണ്ടായിരിക്കാം ആരും കാര്യമായി എടുത്തില്ല. വയനാടിന് സഹായം കൊടുത്തുവെന്ന പച്ചക്കള്ളം പരസ്യമായി വിളിച്ച് പറയുന്ന ആഭ്യന്തര മന്ത്രിയുടെ ചരടിൽ തുള്ളുന്ന സഹമന്ത്രിയിൽ പരമപുച്ഛം നിറയുന്നതിൽ എന്തിനതിശയിക്കുന്നുവെന്ന് ആശ്വസിക്കാനേ വഴിയുള്ളു.
വരുന്നു ഏക മതകോഡ്
ഏക സിവിൽകോഡ് എന്നുവച്ചാൽ എന്താന്ന് പലർക്കും മനസ്സിലായിട്ടില്ലേയെന്നോരു സന്ദേഹം നാട്ടിലുണ്ട്. ‘ഭജപ’ക്കാരുടെ വിശദീകരണത്തിൽ എന്തോ വലിയ സംഭവമാണെന്നാണ് ധരിച്ച് വശായിട്ടുള്ളത്. എന്നാൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. പറഞ്ഞത് ഉന്നത നിയമജ്ഞനായതുകൊണ്ട് സംശയിക്കേണ്ടതുമില്ല. " ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടമേ ഇവിടെ നടക്കു. അതാണ് നിയമം. ന്യൂനപക്ഷങ്ങൾ അക്രമകാരികളും മറുനാട്ടുകാരുമാണ്. ഭൂരിപക്ഷത്തിന്റെ നിയമത്തിനനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കിൽ കടുത്ത ശിക്ഷ നൽകി നാടുകടത്തും’. ചുരുക്കത്തിൽ ഇതാണ് ഏക സിവിൽകോഡ്. പറഞ്ഞത് ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലാകുമ്പോൾ ഇതിന് ആധികാരികത കൂടും. ചാണകംതിന്ന് ഗോമൂത്രം കുടിച്ചാൽ സർവരോഗ സംഹാരവും മോക്ഷവും കിട്ടുമെന്ന് വിശ്വസിക്കുന്നവരുടെ ഏക സിവിൽകോഡിൽ ജഡ്ജി പോലും അഭിമാനപൂരിതനാകുന്നതിലാണ് ബിജെപി ഭരണത്തിന്റെ കരുത്ത്. ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാണ് പ്രതിപക്ഷആവശ്യം. സുപ്രീംകോടതി കൊളീജിയത്തിന് മുന്നിലെത്തി സിവിൽകോഡ് പ്രസംഗം ഡീകോഡ് ചെയ്യണമെന്ന നിർദേശമാണ് ഒടുവിലുണ്ടായത്. ബിജെപിക്ക്മേൽ കൊളീജിയം പറക്കുമോ എന്ന് കണ്ടറിയാം.
വിഴുപ്പലക്കൽ മേള
കോൺഗ്രസിലിപ്പോൾ വിഴുപ്പലക്കൽ മേളയാണ്. നേതാക്കളെല്ലാം കൂട്ടത്തോടെ വാളും പരിചയും വടിയും കുന്തവുമായി ഇറങ്ങിയിട്ടുണ്ട്. സിനിമയിൽ സലിംകുമാർ പറഞ്ഞതുപോലെ പുനഃസംഘടനയെങ്ങാനും നടന്നാലോ എന്ന് ചിന്തിച്ചിട്ടാണത്രെ ഈ കോലാഹലം. എനിക്കൊന്നും തന്നില്ലേയെന്ന് ചാണ്ടിയുടെ വക കരച്ചിൽ. പാലക്കാട് ജയത്തിൽ ചാണ്ടിക്കും പങ്കുണ്ടെന്ന് മാങ്കൂട്ടത്തിലിന്റെ തിരിച്ചുള്ള കുത്ത്. ചാണ്ടിക്ക് മകനെന്ന ലേബലേയുള്ളു എന്ന് ഓർമപ്പെടുത്തി മറ്റൊരുകൂട്ടർ. പാർടിക്കുമേലെ പറന്നാൽ വീട്ടിലിരുത്തുമെന്ന് സൈബർ കോൺഗ്രസിന്റെ ഭീഷണി. അപ്പന്റെ പടം മാറ്റാൻപോലും സൈബറുകാർ അനുവദിക്കുന്നില്ലെന്ന് ചാണ്ടിയുടെ ലൈവ് നിലവിളി. രമ്യ ഹരിദാസിനെ കെട്ട് കെട്ടിച്ചതുപോലെ മൂലയ്‌ക്കിരുത്തുമെന്നായിരുന്നു ഇതിനുള്ള മറുപടി. യുവാക്കളുടെ അങ്കം കണ്ടിട്ടാകണം മുരളീധരനും ചില അങ്കലാപ്പുണ്ടെന്നാണ് സംസാരം. പ്രായമായെന്ന് കരുതി ആരെങ്കിലും അച്ഛനമ്മമാരെ മാറ്റുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മഗതം. രാഘവൻ എംപിയുടെ കണ്ണൂരിലെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്, കോലം കത്തിക്കൽ, തെരുവിലടി. തന്നെ കത്തിച്ചതിനുതുല്യമെന്ന് രാഘവന്റെ മാറത്തടി. ഇതിനിടയിൽ കോൺഗ്രസിൽ ഔദ്യോഗിക, അനൗദ്യോഗിക തർക്കവും രൂപമെടുത്തു. വക്താവ് അഖിൽ വക്കീലിനെ ഗ്രൂപ്പിൽനിന്ന് ജനറൽ സെക്രട്ടറി നീക്കിയതാണ് തർക്കത്തിന്റെ മൂലകാരണം. അങ്ങനെയൊന്നില്ലെന്നും ഉണ്ടെന്നുമുള്ള വാഗ്വാദം കൊടുമ്പിരി കൊണ്ടതിനാൽ ഗ്രൂപ്പുണ്ടോയെന്ന് ഗവേഷിക്കാൻ പ്രസിഡന്റ് ഉത്തരവിട്ടിരിക്കയാണ്. ഗ്രൂപ്പിൽ കെട്ടിപ്പടുത്ത കോൺഗ്രസിൽ ഇതിന് മാത്രം ഗ്രൂപ്പില്ലാതാക്കുന്നത് ശരിയല്ലെന്ന ടോക്കും ഉണ്ട്.
Related News

0 comments