05 July Sunday

സുപ്രീംകോടതിക്കു മുകളിലോ ഡെസ്‌ക്‌ ഓഫീസർ

ജി സുഗുണൻUpdated: Saturday Feb 22, 2020

രാജ്യത്തെ കുത്തക മുതലാളിവർഗത്തിന്റെ താൽപ്പര്യങ്ങൾ അപ്പാടെ സംരക്ഷിക്കുന്നതാണ്‌ കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ നയം. അവർക്കുവേണ്ടിമാത്രമാണ് ഈ സർക്കാർ ഓരോ നടപടിയും കൈക്കൊള്ളുന്നത്. നിയമനിർമാണസഭയും എക്സിക്യൂട്ടീവും ജുഡീഷ്യറിയുമെല്ലാം ഈ വർഗതാൽപ്പര്യമാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും. ചിലപ്പോഴെല്ലാം കോടതി ഭരണകൂട താൽപ്പര്യത്തിനെതിരായി ശബ്ദിച്ചെന്നു വരും. എന്നാൽ, കോടതിയുടെ നിർദേശങ്ങളും തീരുമാനങ്ങളുമെല്ലാം അംഗീകരിക്കാൻ വൻകിട കുത്തകകൾ തയ്യാറാവുകയുമില്ല.  പലപ്പോഴും തങ്ങൾക്കെതിരായ കോടതിവിധികൾക്കെതിരായി അപ്പീൽ സമർപ്പിക്കുകയും അതിന്റെ പേരിൽ  രക്ഷപ്പെടുകയും ചെയ്യും. വിധി എതിരായി വന്നാലും പലപ്പോഴും അത് തള്ളിക്കളയുകയാണ് ചെയ്യുന്നത്. പ്രമാദമായ ടെലികോംകേസിൽ സുപ്രീംകോടതി വിധിക്കെതിരായ ഒരു ഡെസ്ക്ക് ഓഫീസറുടെ ഉത്തരവ് ഇതിനുദാഹരണമാണ്. സ്വകാര്യ ടെലികോം കമ്പനിക്കെതിരായ സുപ്രീംകോടതിയുടെ ഐതിഹാസികമായ വിധിയും അതിനെ പുല്ലായി കാണുന്ന വൻകിട കുത്തകകളുടെ നിലപാടും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.

സ്വകാര്യകമ്പനികളിൽനിന്ന് 1.47 ലക്ഷം കോടി രൂപ എജിആർ കുടിശ്ശിക പിരിക്കാത്ത ടെലികോംവകുപ്പിന് എതിരായി കോടതിയുടെ രൂക്ഷവിമർശം വന്നിരിക്കുകയാണ്. ഉത്തരവ് ഉദ്യോഗസ്ഥൻ നടപ്പാക്കുന്നില്ലെങ്കിൽ കോടതി പൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് മുൻ ഉത്തരവ് നടപ്പാക്കാത്തതിന് ബെഞ്ച് രൂക്ഷ വിമർശം നടത്തിയത്.
കുടിശിക അടയ്‌ക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ  24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ കമ്പനികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ ജനുവരി 16ന് തള്ളി. തുടർന്ന്‌ അന്ത്യശാസനത്തിനുശേഷമാണ്‌ പതിനായിരം കോടി രൂപഅടയ്ക്കാമെന്നും ബാക്കി മാർച്ച് 14 ന് അടയ്ക്കാമെന്നും ഭാരതി എയർടെൽ അറിയിച്ചു.

കുടിശിക തിട്ടപ്പെടുത്തുകയാണെന്നും ഏതാനും ദിവസങ്ങൾക്കകം തുക അടയ്ക്കാമെന്നും വോഡഫോൺ വ്യക്തമാക്കി. പണം പിരിക്കേണ്ട ഉദ്യോഗസ്ഥന്മാർതന്നെ ഈ ഉടമകളുടെ അനുസരണയുള്ള ഭൃത്യന്മാരായി മാറുന്നു. ജനുവരി 23ന് കമ്പനികളെ കുടിശ്ശിക അടയ്ക്കാൻ നിർബന്ധിക്കരുതെന്നും അവർക്കെതിരായി നടപടി സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കാണിച്ച് അറ്റോർണി ജനറലിനും മറ്റ് അധികൃതർക്കും ടെലികോംവകുപ്പിലെ ഡെസ്ക് ഓഫീസർ കത്തെഴുതി. കമ്പനികൾക്ക് സുപ്രീംകോടതിയോടല്ല വിധേയത്വം. മറിച്ച് ഇന്ത്യൻ ഭരണവർഗത്തോടും അതിന് നേതൃത്വം നൽകുന്ന മോഡി–- അമിത്ഷാ സംഘത്തോടുംമാത്രമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സുപ്രീംകോടതിയെ മാനിക്കാനും അതിന്റെ ഉത്തരവുകൾക്ക് വില കൽപ്പിക്കാനും കുത്തക മുതലാളികൾ തയ്യാറായെന്ന് വരില്ല.


പ്രധാന വാർത്തകൾ
 Top