10 December Tuesday

ഒറ്റത്തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ മരണവും - സുനിൽ പി ഇളയിടം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

 

‘ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആശയവുമായി ഹൈന്ദവ വർഗീയതയുടെ നടത്തിപ്പുകാർ മുന്നോട്ടുപോകുകയാണ്. ഇന്ത്യയുടെ ഫെഡറൽ സ്വഭാവഘടനയെതന്നെ തകർക്കാനും ഏകാത്മകമായ രാഷ്ട്രസങ്കൽപ്പം മുകളിൽനിന്നും അടിച്ചേൽപ്പിക്കാനുമുള്ള കുറുക്കുവഴിയായി വിഭാവനം ചെയ്യപ്പെട്ട ഒന്നാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം. ഒരു രാഷ്ട്രം, ഒരുഭാഷ, ഒരു സംസ്കാരം, ഒരു പാർടി, ഒരു മതം എന്നിങ്ങനെ തങ്ങൾ ലക്ഷ്യം വയ്ക്കുന്ന മതാത്മകരാഷ്ട്രത്തിന്റെ നിർമാണോപാധികൾ എന്ന നിലയിൽ ഹിന്ദുത്വശക്തികൾ ഉയർത്തിക്കൊണ്ടുവന്ന ഏകതാവാദങ്ങളുടെ തുടർച്ചയിലാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയവും അവതരിപ്പിച്ചത്. അപ്രായോഗികവും ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തിന് കടകവിരുദ്ധവുമായ ഒന്നാണീ സമീപനം. വ്യാപകമായ വിമർശത്തിനുശേഷവും ഹിന്ദുത്വഭരണകൂടം അതിനായുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പാർലമെന്ററി സമ്പ്രദായത്തിൽനിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്കുള്ള വഴിമാറ്റത്തിന്റെ തുടക്കമായും പലരും ഇതിനെ വിലയിരുത്തുന്നു.

ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് പഠിച്ച് അഭിപ്രായ രൂപീകരണത്തിലെത്താൻ എന്ന മറവിൽ കേന്ദ്രസർക്കാർ നിയോഗിച്ചതും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായതുമായ സമിതി ശുപാർശകൾ കൈമാറി. കേന്ദ്രഭരണത്തിന്റെ ഇംഗിതത്തിനനുസരിച്ചുള്ള ആശയങ്ങൾക്കപ്പുറം ഒന്നും ആ ശുപാർശയിലില്ല. ഒറ്റത്തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രക്രിയയെ ഊർജസ്വലമാക്കുമെന്നും പണച്ചെലവ് കുറയ്ക്കുമെന്നും മറ്റുമുള്ള ഉപരിപ്ലവമായ വാദങ്ങളാണ് അതിലുള്ളത്. ഒറ്റത്തെരഞ്ഞെടുപ്പ്  എന്ന വർഗീയ അജൻഡയുടെ സാധൂകരണത്തിനായുള്ള, ദുർബലവും ഉപരിപ്ലവവുമായ മറ എന്നതിനപ്പുറം  ആ റിപ്പോർട്ട് ഒരു ദൗത്യവും നിറവേറ്റുന്നില്ല.

ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം തെരഞ്ഞെടുപ്പിന്റെയോ ഭരണനിർവഹണത്തിന്റെയോ മാത്രം തലത്തിൽ ഒതുങ്ങുന്നതല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്ക് എന്ന സങ്കൽപ്പത്തിനും ബഹുസ്വരസമൂഹം എന്ന ആശയത്തിനും നേർവിപരീതമാണ് അത്. ജനാധിപത്യത്തെ ഭൂരിപക്ഷാഭിപ്രായം എന്ന ഔപചാരികയുക്തിയിലേക്ക് ചുരുക്കി, തങ്ങൾ പ്രതീക്ഷിക്കുന്ന മതരാഷ്ട്രത്തിന്റെ വാതിലുകൾ തുറന്നിടാനാണ് ഹൈന്ദവ വർഗീയവാദികൾ ശ്രമിക്കുന്നത്.

വ്യത്യസ്ത ജീവിതപാരമ്പര്യങ്ങൾ പങ്കുവയ്ക്കുന്നവർ സാഹോദര്യപൂർവം സഹവസിക്കുന്ന ഒരിടമായാണ് ഇന്ത്യയെ ടഗോർ വിഭാവനം ചെയ്തത്. അതിർത്തിയെ സംബന്ധിക്കുന്നതോ ഭൂമിശാസ്ത്രപരമോ ആയ സൂചനകൾക്കപ്പുറം ജനതയുടെ ജീവിതക്രമത്തെക്കൂടിയാണ് ഇന്ത്യ എന്ന ആശയമായി ടാഗോർ വിലയിരുത്തിയത്.

ഇന്ത്യ ഒരു ഭൂപ്രദേശത്തിന്റെ പേരുമാത്രമല്ലെന്നും അതൊരാശയത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഏറ്റവുമാദ്യം ചൂണ്ടിക്കാട്ടിയത് രബീന്ദ്രനാഥ ടഗോർ ആയിരുന്നു. സുനിശ്ചിതമായ ഒരതിർത്തിക്കുള്ളിൽ ജീവിക്കുന്ന ജനസഞ്ചയം എന്നതിനപ്പുറത്ത് ധാരാളം വിവക്ഷകൾ അതിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിൽക്കാലത്ത് ‘ഇന്ത്യ എന്ന ആശയം' എന്ന പ്രയോഗമായി വേരുപിടിച്ചതും ഇതാണ്. വ്യത്യസ്ത ജീവിതപാരമ്പര്യങ്ങൾ പങ്കുവയ്ക്കുന്നവർ സാഹോദര്യപൂർവം സഹവസിക്കുന്ന ഒരിടമായാണ് ഇന്ത്യയെ ടഗോർ വിഭാവനം ചെയ്തത്. അതിർത്തിയെ സംബന്ധിക്കുന്നതോ ഭൂമിശാസ്ത്രപരമോ ആയ സൂചനകൾക്കപ്പുറം ജനതയുടെ ജീവിതക്രമത്തെക്കൂടിയാണ് ഇന്ത്യ എന്ന ആശയമായി ടാഗോർ വിലയിരുത്തിയത്. മതനിരപേക്ഷവും ജാതി ഭാഷാ സംസ്കാരഭേദങ്ങളെ മറികടന്നുപോകുന്നതുമായ ഒന്നാണത്. പിൽക്കാലത്ത് നാനാത്വത്തിലെ ഏകത്വം എന്ന രാഷ്ട്രതത്ത്വമായി ചുരുക്കിയെഴുതപ്പെട്ടതും മറ്റൊന്നല്ല.

മതാത്മകമായ ദേശീയതാസങ്കൽപ്പത്തെ  കുടഞ്ഞെറിഞ്ഞ് സാമ്രാജ്യത്വവിരുദ്ധമായ ജനകീയ ദേശീയത എന്ന ആശയത്തിലേക്ക് ഇന്ത്യൻ ദേശീയപ്രസ്ഥാനം നടന്നെത്തിയത് 1920കളോടെയാണ്. ഗാന്ധിയായിരുന്നു ഈ പരിവർത്തന പ്രക്രിയയുടെ കേന്ദ്രബിംബം. അതിനുമുമ്പുവരെ മിക്കവാറും മതപരവും സാംസ്കാരികവും മറ്റുമായ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ദേശീയത മനസ്സിലാക്കപ്പെട്ടിരുന്നത്. മധ്യകാല നാടുവാഴിത്തത്തിന്റെയും രാജവാഴ്ചയുടെയും അവശിഷ്ടാധികാരത്തിന്റെ പുനഃസ്ഥാപനത്തിനായുള്ള പരിശ്രമങ്ങൾ വരെ ദേശീയതാ സങ്കൽപ്പവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥിതിവിശേഷം അന്നുണ്ടായിരുന്നു. നവോത്ഥാനപരമായ ശ്രമങ്ങളോട് ദേശീയപ്രസ്ഥാനം അക്കാലത്ത് ഏറെക്കുറെ മുഖംതിരിഞ്ഞുനിന്നു. ബാലഗംഗാധരതിലകൻ നേതൃസ്ഥാനം വഹിച്ച കാലയളവിലെ ദേശീയപ്രസ്ഥാനത്തിന്റെ സ്വഭാവം വിശകലനം ചെയ്താൽ ഇക്കാര്യം വ്യക്തമാകും. ഹൈന്ദവ മതരാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കൽ പോലെയാണ് അന്നത്തെ ദേശീയപ്രസ്ഥാനത്തിന്റെ പ്രവൃത്തിലോകം വലിയൊരളവോളം നിലനിന്നത്.

മതാത്മക ദേശീയതയ്ക്കെതിരായി ഉയർന്നുവന്ന സാമ്രാജ്യത്വവിരുദ്ധമായ ഈ ജനകീയദേശീയതയാണ് ഫെഡറലിസത്തെയും പാർലമെന്ററി ജനാധിപത്യത്തെയും നമ്മുടെ രാഷ്ട്രസങ്കൽപ്പത്തിന്റെ അടിപ്പടവിൽ ഉറപ്പിച്ചെടുത്തത്.

1920കളോടെ ഇതിൽ നിർണായക  വഴിത്തിരിവുണ്ടായി. മുൻകാലരാജാക്കൻമാരുടെയും  നാടുവാഴികളുടെയും പുതിയ സമ്പന്ന മധ്യവർഗത്തിന്റെയും മുൻകൈയിൽനിന്നും കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന സാമാന്യജനതയുടെ കൈപ്പിടിയിലേക്ക് ദേശീയപ്രസ്ഥാനം വഴിമാറി. രാഷ്ട്രഭാവന അടിസ്ഥാന ജനതയിലേക്ക് വഴിതിരിഞ്ഞ ഈ സന്ദർഭത്തിലാണ് ഭാഷാദേശീയത, ഫെഡറൽ ഭരണകൂടം തുടങ്ങിയ ആശയങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രതത്ത്വങ്ങളായത്. ഇന്ത്യൻ ജനത അടിസ്ഥാനപരമായി ഒരു ബഹുസ്വരസമൂഹമാണെന്നും സാമ്രാജ്യത്വവിരുദ്ധമായ രാഷ്ട്രീയ ഇച്ഛയാണ് അതിനെ കൂട്ടിയിണക്കുന്നതെന്നും വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടതും ഇക്കാലത്താണ്. മതാത്മക ദേശീയതയ്ക്കെതിരായി ഉയർന്നുവന്ന സാമ്രാജ്യത്വവിരുദ്ധമായ ഈ ജനകീയദേശീയതയാണ് ഫെഡറലിസത്തെയും പാർലമെന്ററി ജനാധിപത്യത്തെയും നമ്മുടെ രാഷ്ട്രസങ്കൽപ്പത്തിന്റെ അടിപ്പടവിൽ ഉറപ്പിച്ചെടുത്തത്.  പരിമിതികളോടെയാണെങ്കിലും പിന്നിട്ട ഏഴരപ്പതിറ്റാണ്ടുകാലം അത് ഉലയാതെ നിന്നു.

ഇന്ത്യൻ ഭരണഘടനയുടെയും രാഷ്ട്രസങ്കൽപ്പത്തിന്റെയും ഈ അടിസ്ഥാന ഘടനയെയാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം വെല്ലുവിളിക്കുന്നത്. വ്യത്യസ്തമായ സാമൂഹ്യ–-സാമ്പത്തിക വളർച്ചയും ഭാഷാ സാംസ്കാരിക ജീവിതവുമുള്ള ജനവിഭാഗങ്ങളുടെ ഐക്യബോധത്തിൽനിന്ന്  ഉടലെടുത്ത രാഷ്ട്രം എന്ന അടിസ്ഥാന സങ്കൽപ്പത്തെ നിരാകരിച്ചുകൊണ്ട് ഒരൊറ്റ സാമൂഹ്യ രാഷ്ട്രീയ ഭരണ യുക്തിയിലേക്ക് രാജ്യത്തെയാകെ നയിക്കാനുള്ള ശ്രമമാണ് അതിനു പിന്നിലുള്ളത്. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നൂറുദിവസത്തിനുള്ളിലും നടത്തിക്കൊണ്ട് നിരന്തരം ആവർത്തിക്കുന്ന തെരഞ്ഞെടുപ്പുകൾ ഒഴിവാക്കണം എന്നതാണ് ഇതേക്കുറിച്ചുള്ള നിർദേശങ്ങളിൽ പ്രധാനം. നിലവിലുള്ള സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരമായി അവതരിപ്പിക്കപ്പെടുന്ന ഈ നിർദേശം, യഥാർഥത്തിൽ, പുതിയ പല പ്രശ്നങ്ങളും ഉയർത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു വരുന്നതോടെ  വ്യത്യസ്ത ജനവിഭാഗങ്ങളുടെ സവിശേഷപ്രശ്നങ്ങളും അവയ്ക്കു ലഭിക്കുന്ന പ്രത്യേക പ്രാധാന്യവും തമസ്കരിക്കപ്പെടും. അഖിലേന്ത്യാതലത്തിലെ രാഷ്ട്രീയപ്രശ്നങ്ങൾക്കുമാത്രം പ്രാധാന്യം കൈവരുന്ന ഈ സ്ഥിതിവിശേഷം രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അസ്തിത്വത്തെത്തന്നെ ഇല്ലാതാക്കും.  ഇന്ത്യയുടെ ബഹുസ്വരജീവിതത്തിനുമേൽ കൃത്രിമമായി അടിച്ചേൽപ്പിക്കപ്പെടുന്ന ഏകയുക്തികൾ പാർലമെന്റ് മുതൽ പഞ്ചായത്തുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളെയും നിർണയിക്കുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ നിലവിൽ വരിക.

ഒറ്റത്തെരഞ്ഞെടുപ്പിലൂടെ അവിടെ പുതിയ ഭരണം സ്ഥാപിക്കുക സാധ്യമല്ല. സാധ്യമാകുന്ന കാര്യം അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ  ഗവർണർഭരണം ഏർപ്പെടുത്തലാണ്. ഇത്  ജനാധിപത്യ അവകാശത്തെ തകർക്കലാണ്

ഇത്തരമൊരു സംവിധാനത്തിലേക്ക് കടക്കണമെങ്കിൽ നിലവിലുള്ള നിരവധി നിയമസഭകളുടെ കാലാവധി കുറയ്ക്കുകയും കൂട്ടുകയും എല്ലാം ചെയ്യേണ്ടതുണ്ട്. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ  ഖുറേഷി ചൂണ്ടിക്കാട്ടിയതുപോലെ അങ്ങനെ തെരഞ്ഞെടുപ്പ് നടത്തിയതിനുശേഷം പാർലമെന്റിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായാൽ എന്താണ് ചെയ്യുക എന്ന കാര്യത്തിൽ വ്യക്തതയില്ല. മുഴുവൻ സംസ്ഥാനങ്ങളിലെയും നിയമസഭകൾ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുക എന്ന അസംബന്ധത്തിലേക്കാണ്  ഇതെത്തിച്ചേരുക. നിയമസഭകളുടെ അവകാശം കൈയേറുന്നതും ഭരണപരവും സാമ്പത്തികവുമായ ഭീമമായ ബാധ്യതകൾ വരുത്തിവയ്ക്കുന്നതുമായ ഒന്നാണത്. ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ ഭരണപ്പാർടിയിൽ പിളർപ്പുണ്ടാകുകയോ, എംഎൽഎമാർ കൂറുമാറുകയോ ചെയ്ത് ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക എന്നതിലും അവ്യക്തതയാണ് ബാക്കിനിൽക്കുന്നത്. ഒറ്റത്തെരഞ്ഞെടുപ്പിലൂടെ അവിടെ പുതിയ ഭരണം സ്ഥാപിക്കുക സാധ്യമല്ല. സാധ്യമാകുന്ന കാര്യം അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ  ഗവർണർഭരണം ഏർപ്പെടുത്തലാണ്. ഇത്  ജനാധിപത്യ അവകാശത്തെ തകർക്കലാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഇംഗിതം നടപ്പിലാക്കിക്കൊടുക്കുന്ന ഗവർണർ ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ തള്ളിവിട്ടുകൊണ്ട് ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നിലപാടായി അത് മാറിത്തീരും.

പാർലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകൾ  കഴിഞ്ഞ് നൂറുദിവസത്തിനകം പഞ്ചായത്ത് തെരഞ്ഞെടുപ്പുകൂടി പൂർത്തിയാക്കണമെന്നാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി ശുപാർശചെയ്തിരിക്കുന്നത്. രാജ്യത്തെ മുപ്പത് ലക്ഷത്തിലധികം വരുന്ന പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ ഭരണസമിതി അംഗങ്ങളുടെ ജനാധിപത്യ അവകാശം ഹനിച്ചു മാത്രമാണ് ഇത് നടപ്പിലാക്കാൻ കഴിയുക. അതിനായി, നാൽപ്പത് ലക്ഷം പുതിയ ബാലറ്റ് പെട്ടികൾ തയ്യാറാക്കുകയും വേണം. വാർഡ്തല തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രകൃതത്തെപ്പോലും ദേശീയപ്രമേയങ്ങളുമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രാദേശിക ഭരണസംവിധാനത്തിന്റെ പ്രസക്തിയെത്തന്നെ അത് റദ്ദാക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top