15 April Thursday

ശുഭാനന്ദ ഗുരുവിന്റെ വഴികൾ

രാജേഷ്‌ കെ എരുമേലിUpdated: Wednesday Jul 29, 2020


കേരളീയ നവോത്ഥാനത്തിലെ കീഴാള ഉണർവുകളെ സംബന്ധിച്ച് വ്യത്യസ്ത അന്വേഷണങ്ങളും പഠനങ്ങളുമുണ്ടാകുന്ന സവിശേഷ സന്ദർഭമാണിത്. ഇത്തരം ബദൽ അനുഭവങ്ങളും ഇടപെടലുകളും കണ്ടെത്തുന്നതിൽനിന്നാണ് ശുഭാനന്ദ ഗുരുവിനെപ്പോലുള്ളവർ ഉയർന്നുവരുന്നത്. സാമൂഹ്യപരിവർത്തനത്തിന് നവീനമായ കാഴ്ചപ്പാട് മുന്നോട്ടുവച്ച ശുഭാനന്ദ ഗുരുവിന്റെ 70‐ാംസ്‌മൃതിദിനമാണ്‌ ജൂലൈ 29. അയ്യൻകാളി, പൊയ്കയിൽ കുമാര ഗുരു, കുറുമ്പൻ ദൈവത്താൻ, വെള്ളിക്കര ചോതി, കൃഷ്ണാദിആശാൻ, കെ പി വള്ളോൻ, പണ്ഡിറ്റ് കറുപ്പൻ, വേലുക്കുട്ടി അരയൻ തുടങ്ങിയ പേരുകൾ പുതിയ അന്വേഷണങ്ങളുടെ ഭാഗമായി ചരിത്രപരമായി രേഖപ്പെടുത്തപ്പെട്ടു. നവോത്ഥാനത്തെ പ്രോജ്വലമാക്കിയ നങ്ങേലിയും ശകുന്തളാദേവിയും സമരോത്സുകമാക്കിയ ആറാട്ടുപുഴ വേലായുധപ്പണിക്കരും അധഃസ്ഥിതർക്ക് വഴി നടക്കാനും വിദ്യാഭ്യാസത്തിനുമായി മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളും അടയാളപ്പെടുത്താതെ നവോത്ഥാന ചരിത്രം പൂർത്തിയാക്കാൻ കഴിയില്ല.

ഏകത്വബോധമെന്ന ആത്മബോധത്താൽ ഏവരെയും ഒരേ അവസ്ഥയിൽ എത്തിക്കുക എന്നതാണ് ആത്മബോധോദയ  സംഘത്തിന്റെ ആശയം. നാരായണ ഗുരു മുന്നോട്ടുവച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തത്വവുമായി ബന്ധപ്പെട്ടതാണ് സംഘത്തിന്റെ അടിത്തറ

1932ൽ ശുഭാനന്ദ ഗുരു ആത്മബോധോദയ സംഘം എന്ന നവോത്ഥാന പ്രസ്ഥാനത്തിന് രൂപം നൽകി. ഏകത്വബോധമെന്ന ആത്മബോധത്താൽ ഏവരെയും ഒരേ അവസ്ഥയിൽ എത്തിക്കുക എന്നതാണ് ആത്മബോധോദയ  സംഘത്തിന്റെ ആശയം. നാരായണ ഗുരു മുന്നോട്ടുവച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തത്വവുമായി ബന്ധപ്പെട്ടതാണ് സംഘത്തിന്റെ അടിത്തറ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

ചെങ്ങന്നൂരിനടുത്തുള്ള ബുധനൂർ ഗ്രാമത്തിൽ 1882ലാണ് ശുഭാനന്ദ ഗുരു ജനിച്ചത്. പാപ്പൻ കുട്ടി എന്നായിരുന്നു യഥാർഥ പേര്. ചെറുപ്പത്തിൽത്തന്നെ അമ്മ മരിച്ചതോടെ അവധൂതനായി അലഞ്ഞുനടന്നു. ഈ യാത്ര നിരവധി കാര്യങ്ങൾ തിരിച്ചറിയാനുള്ള അവസരമായിരുന്നു. അങ്ങനെയാണ് ആത്മബോധോദയ സംഘം രൂപീകരിക്കുന്നതും ശുഭാനന്ദ ഗുരു എന്ന പേര് സ്വീകരിക്കുന്നതും. ശിവഗിരിയിൽവച്ച് നാരായണ ഗുരുവുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം അദ്ദേഹത്തോട് പറയുന്നുമുണ്ട്. പൊയ്കയിൽ കുമാര ഗുരുവുമായി ആഴത്തിൽ ബന്ധമുണ്ടായിരുന്നു. 1934ൽ മാവേലിക്കരയിൽ  ഗാന്ധിജിയോടൊപ്പം ഒരു യോഗത്തിൽ പങ്കെടുത്തു. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട്  തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തി. ചട്ടമ്പിസ്വാമിയുമായും മന്നത്ത് പത്മനാഭനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരള നവോത്ഥാന ചരിത്രമെഴുതിയ പി ഗോവിന്ദപ്പിള്ളയും ടി എച്ച് പി ചെന്താരശേരിയും  ഉൾപ്പെടെയുള്ളവർ ഗുരുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമാണ്  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top