20 April Saturday

പെട്രോൾ വിലവർധനയ‌്ക്കെതിരെ ബ്രസീൽ ഉണർന്നപ്പോൾ

വി ബി പരമേശ്വരൻUpdated: Saturday Jun 9, 2018


നിയോലിബറൽ പരിഷ്‌കാരങ്ങൾക്കെതിരെ തെക്കേ അമേരിക്കൻ രാഷ്ട്രമായ ബ്രസീലിൽ കഴിഞ്ഞാഴ്ച നടന്ന സമരവും അതിന്റെ വിജയവും ലോകമെങ്ങും അനുരണനങ്ങൾ ഉണ്ടാക്കാൻ പോകുന്നതാണ്.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അന്തരാഷ്ട്ര കമ്പോളവിലയ‌്ക്ക് സമാനമാക്കിയതിന്റെപേരിൽ അടിക്കടി വിലവർധിച്ചപ്പോൾ അത് കുറയ‌്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രാജ്യത്തെ ട്രക്ക് ഡ്രൈവർമാരും എണ്ണക്കമ്പനിയിലെ തൊഴിലാളികളും ചേർന്നാണ് സമരം ആരംഭിച്ചത്. അവസാനം ഡീസൽ ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ‌്ക്കാൻ മൈക്കിൾ ട്രമർ സർക്കാർ നിർബന്ധിതമായി. വിലനിയന്ത്രണം ഒഴിവാക്കുന്നതിന് നേതൃത്വം നൽകിയ രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ പെട്രോബ്രാസിന്റെ സിഇഒ പെഡ്രോ പരാന്റെക്ക് രാജിവയ‌്ക്കേണ്ടിയും വന്നു. പെട്രോൾവില അന്താരാഷ്ട്രകമ്പോളത്തിന് തുല്യമാക്കിയ ഇന്ത്യയിലെ ജനങ്ങൾക്കും ഈ സമരത്തിൽനിന്ന‌് ഏറെ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്ന് സാരം.

ബ്രീസീൽ വർക്കേഴ്‌സ് പാർടി(പിടി) സർക്കാർ അധികാരത്തിലിരുന്നപ്പോൾ പെട്രോബ്രാസിന്റെ പൂർണനിയന്ത്രണം സർക്കാരിന്റെ കൈവശമായിരുന്നു. ലുലയും ഡിൽമ റുസേഫും പ്രസിഡന്റ‌് സ്ഥാനത്തിരുന്നപ്പോൾ ഡീസലും പാചകവാതകവും മറ്റും സബ്‌സിഡി നിരക്കിലാണ് വിതരണംചെയ്തിരുന്നത്.  എന്നാൽ, ഡിൽമ റൂസേഫിനെ  ഇംപീച്ച്‌മെന്റിലുടെ(പാർലമെന്ററി അട്ടിമറി) പുറത്താക്കിയതിനുശേഷം പ്രസിഡന്റായി അധികാരമേറ്റ വൈസ് പ്രസിഡന്റ് മൈക്കിൾ ട്രമർ പെട്രോളിയം വില നിയന്ത്രണം എടുത്തുകളഞ്ഞു.  പെട്രോബ്രാസ് വില നയത്തിൽ മാറ്റംവരുത്തിയ ട്രമർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അന്താരാഷ്ട്ര കമ്പോളവിലയ‌്ക്ക് തുല്യമാക്കി.  സർക്കാർ അധികാരത്തിലേറിയ ഉടൻ രണ്ട് വർഷത്തിനകം 121 തവണയാണ് വില വർധിപ്പിച്ചത്. കഴിഞ്ഞമാസം മാത്രം വില 16 തവണ അതായത് 38.4 ശതമാനം വർധിപ്പിച്ചു. സബ്‌സിഡി പൂർണമായും ഒഴിവാക്കപ്പെട്ടു. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ കൂടി.  പുതിയ പരിഷ്‌കാരങ്ങൾക്ക് ട്രമറെ പ്രേരിപ്പിച്ചവരിൽ പ്രധാനിയായിരുന്നു പെട്രോബ്രാസിന്റെ സിഇഒ പരാന്റെ. ഈ പരിഷ്‌കാരങ്ങളുടെഫലമായി എണ്ണവില 230 ശതമാനം വർധിച്ചു.

ഇതോടെ എണ്ണമേഖല കടുത്ത പ്രതിസന്ധിയിലായി. ഇനി സ്വകാര്യവൽക്കരണമേ രക്ഷയുള്ളൂവെന്നായി ട്രമറിന്റെ വാദം.  തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ പെട്രോബ്രാസ് സ്വകാര്യവൽക്കരിക്കാനുള്ള അണിയറനീക്കങ്ങളുൃടെ ഭാഗമായി എണ്ണ ഉൽപ്പാദനത്തിന്റെ തോതും വെട്ടിക്കുറച്ചു. 23 ലക്ഷം വീപ്പയാണ് പ്രതിദിന ഉൽപ്പാദനം. ബ്രസീലിന്റെ ആഭ്യന്തര ആവശ്യത്തേക്കാളും വരുമിത്. എന്നാൽ, ഉൽപ്പാദനം 70 ശതമാനം കുറച്ച് വിദേശത്തുനിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങാൻ ആരംഭിച്ചു. 40 ഡോളറിന‌് വീപ്പ എണ്ണ ലഭിച്ചിരുന്നിടത്ത് വില 75 ഡോളറെന്ന നിരക്കിൽ ഇറക്കുമതി ആരംഭിച്ചു. ഉൽപ്പാദനം കുറഞ്ഞതോടെ എണ്ണശുദ്ധീകരണ ശാലകൾ വിൽക്കാമെന്ന് വന്നു. നാല് എണ്ണശദ്ധീകരണ ശാലകൾ സ്വകാര്യവൽക്കരിക്കാനും ട്രമർ സർക്കാർ  തീരുമാനിച്ചു. ക്രമേണ പൈപ്പ്‌ലൈനുകളും ടെർമിനലുകളും പെട്രോബ്രാസ് തന്നെയും സ്വകാര്യവൽക്കരിക്കുകയായിരുന്നു ലക്ഷ്യം.

ഈ ഘട്ടത്തിലാണ് തൊഴിലാളികൾ ഉണർന്ന് പ്രവർത്തിച്ചത്. എണ്ണത്തൊഴിലാളികളും ട്രക്ക് ഡ്രൈവർമാരും സമരം പ്രഖ്യാപിച്ചു. എണ്ണത്തൊഴിലാളികളുടെ സമരം പ്രധാനമായും പെട്രോബ്രാസ് എന്ന പൊതുമേഖലാ കമ്പനിയെ സംരക്ഷിക്കുന്നതിനായിരുന്നു. സ്വകാര്യവൽക്കരണത്തിനായി പ്രവർത്തിക്കുന്ന, എണ്ണയുടെ വില വർധിപ്പിക്കുന്ന സിഇഒ പരാന്റെയെ പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു.  പ്രസിഡന്റ് ട്രമറെ പുറത്താക്കാനും അവർ ആഹ്വാനം ചെയ്തു.  ഡീസൽ വിലവർധനപിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ട്രക്ക് ഡ്രൈവർമാർ സമരം ആരംഭിച്ചത്. രണ്ട് വിഭാഗം ട്രക്ക് ഡ്രൈവർമാരാണ് ബ്രസീലിലുള്ളത്. ഒന്നാമത്തെ വിഭാഗം ഏതെങ്കിലും കമ്പനിയുടെ കീഴിലുള്ള ഡ്രൈവർമാരാണ്. മറ്റൊരുവിഭാഗം സ്വന്തം ട്രക്ക് ഉപയോഗിച്ച് കരാർ പണിയിലേർപ്പെടുന്നവരാണ്.  ഇവർ സമരം ആരംഭിച്ചതോടെ ബ്രസീലിയൻ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചു. ബ്രസീലിലെ ഭരണാധികാരികൾ റെയിൽ ഗതാഗതത്തെ അവഗണിച്ച് റോഡ് ഗതാഗത്തിനായിരുന്നു പ്രാധാന്യം കൽപ്പിച്ചിരുന്നത്.  29000 കിലോമീറർ റെയിൽപാത മാത്രമാണ് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തുള്ളത്. എന്നാൽ, 16 ലക്ഷം കിലോമീറ്റർ റോഡുകൾ ബ്രസീലിലുണ്ട്. രാജ്യത്തെ 60 ശതമാനം ചരക്കുകളും വിനിമയം ചെയ്യപ്പെടുന്നത് 1.6 ലക്ഷം വരുന്ന ട്രക്കുകൾ വഴിയാണ്. അതിനാൽ ട്രക്കുകൾ സമരത്തിലായപ്പോൾ റോഡ് ഗതാഗതം നിലച്ചു. നിത്യജീവിതം പ്രശ്‌നമായി. സ്‌കൂളുകളും കോളേജുകളും സർക്കാർ ഓഫീസുകൾ പോലും അടച്ചിടേണ്ടിവന്നു.  സാധനങ്ങളുടെ വില റോക്കറ്റുപോലെ ഉയർന്നു. സമരം 10 ദിവസം നീണ്ടപ്പോൾ എത്ര വിലനൽകിയാലും സാധനങ്ങൾ കിട്ടാതെയുമായി. 

ആദ്യം ട്രക്ക് ഉടമകളുമായി ചർച്ച നടത്തിയ ട്രമർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിൽ നേരിയ കുറവ് വരുത്താൻ തയ്യാറായി. ഇതോടെ ഉടമകളും അവരുടെ നിയന്ത്രണത്തിലുള്ള ട്രക്ക് ഡ്രൈവർമാരും സമരത്തിൽനിന്ന‌് പിന്മാറി. എന്നാൽ, ട്രക്ക് ഡ്രൈവർമാർ സമരം തുടർന്നു.  ട്രക്കുകൾ റോഡിന് കുറുകെയിട്ട് അവർ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. ഇതോടെ ഡീസൽവില അടുത്ത രണ്ടുമാസത്തേക്ക് കുറയ‌്ക്കാൻ സർക്കാർ തയ്യാറായി.  ട്രക്ക് ഡ്രൈവർമാരും സമരത്തിൽനിന്ന‌് പിന്മാറി. സമരംചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണം നൽകിയും വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയും മറ്റും വൻ പിന്തുണയാണ് സാധാരണ ജനങ്ങൾ നൽകിയത്. 


ഡാറ്റ പോൾഹ പോളിങ‌് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 87 ശതമാനം ജനങ്ങളും സമരത്തിന് പിന്തുണയായിരുന്നു.  അതോടൊപ്പം 72 മണിക്കൂർ എണ്ണ ജീവനക്കാരുടെ സമരം പിന്നിട്ടപ്പോൾത്തന്നെ പെട്രോബ്രാസ് സിഇഒ പരാന്റെ രാജിവച്ചു.സമരത്തിന് നേതൃത്വം നൽകിയ വർക്കേഴ്‌സ് പാർടിയുടെ ട്രേഡ്‌ യൂണിയനായ യുനിഫൈഡ് ഓയിൽ വർക്കേഴ്‌സ് ഫെഡറേഷ(എഫ്‌യുപി)ന്റെ സമരവും ഇതോടെ വിജയിച്ചു. എന്നാൽ ,വിലനിയന്ത്രണം എടുത്തുകളഞ്ഞ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം അവർ ശക്തമായി ഉയർത്തുകയാണിപ്പോഴും. ഈ ആവശ്യത്തെ ജനങ്ങൾ പൂർണമായും പിന്തുണയ‌്ക്കുകയാണ്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രസീലിൽ വലതുപക്ഷത്തിന‌്  പോലും ഈ ആവശ്യത്തെ അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയസ്ഥിതിയാണുള്ളത്. ജയിലിൽ കിടക്കുന്ന ലുലക്കൊപ്പമാണ് ജനങ്ങളെന്നത് ട്രമറെ വല്ലാതെ വേട്ടയാടുന്നുണ്ട്.

പ്രധാന വാർത്തകൾ
 Top