26 May Tuesday

കൊറോണ എന്ന പേരില്‍ ഒത്തിരിക്കാര്യമുണ്ട്

ലെനി ജോസഫ്Updated: Thursday Apr 2, 2020

കൊറോണ ചോക്ലേറ്റ്‌

'ഒരു പേരില്‍ എന്തിരിക്കുന്നു'വെന്ന് വിശ്വനാടകകാരന്‍ ഷേക്‌സ്പിയര്‍  തന്റെ കഥാപാത്രമായ റോമിയോയെക്കൊണ്ടു പറയിപ്പിക്കുന്നുണ്ട്  പക്ഷെ അദ്ദേഹം അറിയുന്നുണ്ടോ ഒരു പേരില്‍ ഒത്തിരിക്കാര്യങ്ങളുണ്ടെന്ന്.  കാര്‍പ്പാത്തിയന്‍ മലനിരകളിലൂടെ സഞ്ചരിക്കവെ ആവിപറക്കുന്ന കാട്ടുമാനിന്റെ ഇറച്ചിക്കൊപ്പം കോട്ടയം പുഷ്‌പ‌നാഥിന്റെ കഥാപാത്രമായ ഡിക്ടറ്റീവ് മാക്‌സിന്‍ രുചിച്ചത് ഹാഫ് എ കൊറോണ ചുരുട്ടിന്റെ പുകയായിരുന്നു.   എന്നാല്‍ ലോകവ്യാപിയായ അന്തക വൈറസിന്റെ പേര് ഇവിടംകൊണ്ടൊന്നും നില്‍ക്കുന്നില്ല.   പകര്‍ച്ചവ്യാധികളുടെ മധ്യസ്ഥയായ സെന്റ് കൊറോണയാണ് അതില്‍ ഏറെ കൗതുകകരം.

തന്റെ ക്രൈസ്തവ വിശ്വാസം പുറംലോകത്തിനു മുമ്പില്‍ വിളിച്ചുപറഞ്ഞതിനാല്‍ മൃഗീയമായി കൊല്ലപ്പെട്ട  പതിനാറുകാരിയായ വിശുദ്ധയാണ് കൊറോണ. ഇവര്‍  ഓസ്ട്രിയയിലും മറ്റും   പകര്‍ച്ചവ്യാധികള്‍ക്ക് എതിരായ മധ്യസ്ഥയാണ്. സിറിയയില്‍ രണ്ടാം നൂറ്റാണ്ടില്‍ കൊല്ലപ്പെട്ട ഇവരുടെ തിരുശേഷിപ്പുകള്‍ ഒന്‍പതാം നൂറ്റാണ്ടുമുതല്‍ ഇറ്റലിയിലെ അന്‍സു നഗരത്തിലെ ബസിലിക്കയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. കൊറോണാ വൈറസിന്റെ സാന്നിധ്യം ഇറ്റലിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അന്‍സു നഗരത്തിലാണ് എന്നതു യാദൃശ്ചികം.

സെന്റ് കൊറോണ

സെന്റ് കൊറോണ

റോമന്‍ സൈന്യത്തില്‍ അംഗമായിരുന്ന വിക്ടര്‍ എന്ന പടയാളി ക്രൈസതവ വിശ്വാസം സ്വീകരിച്ചു എന്നറിഞ്ഞ റോമന്‍ ന്യായാധിപന്‍ അയാളെ മരത്തില്‍ കെട്ടിയിട്ട്  ചാട്ടകൊണ്ട് അടിക്കാന്‍ ഉത്തരവിട്ടു.  വിശ്വാസത്തിന്റെ പേരില്‍ മരണം കൈവരിക്കുന്ന വിക്ടറിന്റെ സമീപത്തേക്ക് ഓടിയെത്തി മുട്ടില്‍നിന്ന്  കൊറോണ പ്രാര്‍ത്ഥിച്ചു. ഇരുവരെയും റോമന്‍ സൈന്യം വധിച്ചു. സിറിയയില്‍ രണ്ടാം നൂറ്റാണ്ടിലാണ് സംഭവം.  മേയ് 24നാണ് വിശുദ്ധ കൊറോണയുടെ തിരുനാള്‍.

പൗരാണിക ഗ്രീക്കില്‍നിന്ന് ഉത്ഭവിച്ച  വാക്കാണ്  'കൊറോണ'.  അര്‍ഥം ഇംഗ്ലീഷില്‍ 'ക്രൗണ്‍'.   മലയാളത്തില്‍ കിരീടം.  1960  കളിലാണ് കൊറോണ വൈറസുകളെ  ആദ്യമായി കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിലൂടെ കാണുമ്പോള്‍ അവയുടെ രൂപം കിരീട സമാനമായതിനാലാണ് വൈദ്യശാസ്ത്രം അവയ്ക്ക് കൊറോണ എന്ന്  പേര് നല്‍കിയത്.

രാവിന്‍ തിരുവരങ്ങില്‍ വീണുടഞ്ഞുവെന്ന് ഗിരീഷ് പുത്തഞ്ചേരി എഴുതിയ സൂര്യകിരീടവും ഇവിടെ പ്രസക്തം.   സൂര്യന്റെ വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷത്തെയും  കൊറോണ  എന്നാണ് പറയുന്നത്.   അതിനുമുണ്ടത്രെ കൊറോണയുമായി രൂപസാദൃശ്യം. 

സിസ്റ്റര്‍ ജസ്മി പറയുന്നത് അവരുടെ മഠത്തിലെ ഒരു സിസ്റ്ററിന്റെ പേര് കൊറോണ എന്നായിരുന്നുവെന്നാണ്.  ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേര് കൊറോണ എന്നാണ്. ആ നാട്ടുകാര്‍ കുടുങ്ങിയിരിക്കുകയാണ്. കൊറോണാപ്പേടി വന്നതില്‍പ്പിന്നെ കൊറോണ നിവാസികളെ മറ്റു ഗ്രാമങ്ങളിലേക്കൊന്നും നാട്ടുകാര്‍ കയറ്റില്ല. 

ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബിയറിന്റെ പേരും കൊറോണയെന്നാണ്. ഈജിപ്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനിയാണ് കൊറോണ.   സോഫ്‌റ്ഡ്രിങ്ക്, , കഥ, സിനിമ, മ്യൂസിക് ബാന്‍ഡ്, പാട്ട്   തുടങ്ങി കൊറോണ എന്ന നാമം കൈവച്ച മേഖലകളേറെ.


പ്രധാന വാർത്തകൾ
 Top