19 February Tuesday

കോൺഗ്രസിന്റെ വർഗനയം ബിജെപിയുടേതുതന്നെ

എസ് രാമചന്ദ്രൻപിള്ളUpdated: Friday Mar 9, 2018


ഇരുപത്തിരണ്ടാം പാർടി കോൺഗ്രസിന് മുന്നോടിയായി പാർടി കോൺഗ്രസിന്റെയും പാർടി ഘടകങ്ങളുടെയും ചർച്ചയ്ക്കുവേണ്ടി സിപിഐ എം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയത്തെപ്പറ്റി സിപിഐയുടെ കേന്ദ്രനേതാക്കളിൽ ഒരാളായ സഖാവ് ഡി രാജ നടത്തിയ പരസ്യവിമർശനങ്ങൾ അനുചിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.

ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഡി രാജ നടത്തിയ അഭിപ്രായപ്രകടനങ്ങളും അദ്ദേഹം നേരത്തെ നടത്തിയ പരസ്യവിമർശനത്തിന്റെ ചുവടുപിടിച്ചുകൊണ്ടുള്ളതായിരുന്നു. രാഷ്ട്രീയപ്രമേയത്തിലെ രാഷ്ട്രീയനയം വിശദീകരിക്കുന്ന ഭാഗം പരസ്പരവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കരട് രാഷ്ട്രീയപ്രമേയത്തിൽ ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്താൻ മുഴുവൻ മതനിരപേക്ഷ ജനാധിപത്യശക്തികളെയും ഒരുമിപ്പിച്ച് അണിനിരത്തുക എന്നത് മുഖ്യകടമയായി എടുത്തുപറഞ്ഞിരിക്കുന്നു. എന്നാൽ, ഇത് ചെയ്യേണ്ടത് കോൺഗ്രസ് പാർടിയുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കിക്കൊണ്ടായിരിക്കരുതെന്നും കരട് രാഷ്ട്രീയപ്രമേയം നിഷ്കർഷിക്കുന്നു.
കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കരുതെന്ന് നിഷ്കർഷിക്കുന്നതിനോടാണ് അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കണമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ, മാത്രമേ ബിജെപിയെ തടയാനാകൂ എന്നും അദ്ദേഹം കരുതുന്നു.

കോൺഗ്രസിന്റെ വർഗസ്വഭാവം സംബന്ധിച്ച് പാർടിപരിപാടിയിൽ നടത്തിയിട്ടുള്ള വിലയിരുത്തലുകളുടെയും രാഷ്ട്രീയനയസമീപനങ്ങൾ നടപ്പാക്കിയതിന്റെ കഴിഞ്ഞകാല അനുഭവങ്ങൾ സംബന്ധിച്ച് 21‐ാം പാർടി കോൺഗ്രസ് നടത്തിയ വിമർശനപരമായ അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസുമായി ധാരണയോ സഖ്യമോ പാടില്ലെന്ന നിലപാടിൽ പാർടിയുടെ കേന്ദ്ര കമ്മിറ്റി എത്തിയത്. ബിജെപി പിന്തുടരുന്ന അതേ വർഗനയങ്ങൾ തന്നെയാണ് കോൺഗ്രസിനും ഉള്ളത്. വൻകിട ബൂർഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും താൽപ്പര്യങ്ങളാണ് കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്നത്. മതനിരപേക്ഷ കക്ഷിയാണെന്ന് കോൺഗ്രസ് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് വർഗീയശക്തികളെ നേരിടാൻ അതിനു കഴിയുന്നില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണോത്സുകമായ ഹിന്ദുവർഗീയ നിലപാടുകളെ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ സമീപനം ബിജെപിയെ നേരിടുന്നതിന് തികച്ചും അസമർഥവും അപര്യാപ്തവുമാണ്. നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന് മുൻകൈയെടുത്തതും അമേരിക്കൻ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യത്തിന് രൂപംകൊടുത്തതും കോൺഗ്രസ് തന്നെയാണ്. മുഖ്യപ്രതിപക്ഷകക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഇപ്പോഴും ഇതേ നയങ്ങൾക്കുവേണ്ടിയാണ് വാദിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യവികാസത്തിന് അടിത്തറയാകുന്ന ജനകീയ ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുന്നതിന് അടിസ്ഥാനപരമായി മൂന്ന് കടമ ചെയ്തുതീർക്കേണ്ടതുണ്ട്. അവ ഭൂപ്രഭുത്വ വിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവും കുത്തകവിരുദ്ധവുമാണ്. ഇവ നിർവഹിക്കണമെങ്കിൽ എന്തുചെയ്യണമെന്നും പാർടി പരിപാടി ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: 'എന്നാൽ വൻകിട ബൂർഷ്വാസിക്കും ഭരണകൂടത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന അതിന്റെ രാഷ്ട്രീയ പ്രതിനിധികൾക്കുമെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളാതെ, അവർക്കെതിരായി സമരം ചെയ്യാതെ, ഇന്നത്തെ പശ്ചാത്തലത്തിൽ വിപ്ലവത്തിന്റെ മൗലികവും അടിസ്ഥാനപരവുമായ ഈ കടമകൾ നിറവേറ്റാൻ കഴിയില്ല.'

ഇന്ത്യയിലെ വൻകിട ബൂർഷ്വാസിയുടെ ഇന്നത്തെ രാഷ്ട്രീയ പ്രതിനിധികൾ ബിജെപിയും കോൺഗ്രസുമാണ്. കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്നത് വൻകിട ബൂർഷ്വാസിയുടെ താൽപ്പര്യങ്ങളും നടപ്പാക്കുന്നത് കോർപറേറ്റ് അനുകൂലവും സാമ്രാജ്യത്വ അനുകൂലവുമായ നയങ്ങളാണ്. ഇക്കാരണത്താലാണ് കോൺഗ്രസിനെ ഐക്യമുന്നണിയിലെ സഖ്യശക്തികളായോ പങ്കാളികളായോ പരിഗണിക്കാനാകാത്തത്. കോൺഗ്രസുമായുണ്ടാക്കുന്ന ധാരണയും തെരഞ്ഞെടുപ്പുസഖ്യവും ഇടതുജനാധിപത്യശക്തികളെ അണിനിരത്താൻ നാം നടത്തുന്ന പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ബഹുജനങ്ങളുടെ ഇടയിൽ പാർടിക്കുള്ള വിശ്വാസ്യത തകർക്കുകയും ചെയ്യും.

എന്നാൽ, ബിജെപിയും കോൺഗ്രസും ഒരേപോലെ അപകടകാരികളാണെന്ന കാഴ്ചപ്പാടും സിപിഐ എമ്മിനില്ല. ബിജെപി ഇപ്പോൾ അധികാരത്തിലാണെന്നതും അതിന് ആർഎസ്എസുമായി അടിസ്ഥാനപരമായി ബന്ധമുള്ളതും കാരണം ബിജെപിയെ പാർടി ഇപ്പോഴത്തെ മുഖ്യഭീഷണിയായി കാണുന്നു. അതുകൊണ്ടാണ് പാർലമെന്റിൽ യോജിക്കാവുന്ന വിഷയങ്ങളിൽ കോൺഗ്രസുമായും മറ്റു മതനിരപേക്ഷകക്ഷികളുമായും സഹകരിക്കുന്ന സമീപനം പാർടി എടുക്കുന്നത്. പാർലമെന്റിന് പുറത്ത് വർഗീയഭീഷണിയെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കുന്നതിന് പാർടി തയ്യാറായത്. ബൂർഷ്വാകക്ഷികളോട് ബന്ധമുള്ള വർഗബഹുജന സംഘടനകളുമായി ഒരുമിച്ചുചേർന്ന് സംയുക്ത പ്രക്ഷോഭം വളർത്തിക്കൊണ്ടുവരുന്നതിലും പാർടി താൽപ്പര്യം കാട്ടുന്നത്. ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തി പരാജയപ്പെടുത്തുകയെന്നത് കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കാതെ നിർവഹിക്കണമെന്ന് മാത്രമാണ് പാർടി നിഷ്കർഷിക്കുന്നത്

(അവസാനിക്കുന്നില്ല)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top