04 December Friday

പ്രഥമ ഓപ്പൺ യൂണിവേഴ്സിറ്റി യാഥാർഥ്യമാകുമ്പോൾ - ഡോ. കെ ടി ജലീൽ എഴുതുന്നു

ഡോ. കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസമന്ത്രിUpdated: Friday Oct 2, 2020


"ഒരു മനുഷ്യന്റെ പരിപൂർണതയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസ'മെന്ന് അഭിപ്രായപ്പെട്ടത് സ്വാമി വിവേകാനന്ദനാണ്. ആ ദിശയിൽ സഞ്ചരിച്ച ശ്രീനാരായണ ഗുരുദേവൻ പ്രഖ്യാപിച്ചു; "വിദ്യകൊണ്ട് പ്രബുദ്ധരാകുക'. സാമൂഹ്യ പരിഷ്കരണത്തിനും  അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിനും ജീവിതം ഉഴിഞ്ഞുവച്ച  ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലാണ് സംസ്ഥാനത്തെ പ്രഥമ ഓപ്പൺ സർവകലാശാല സ്ഥാപിതമാകുന്നത്.  ഏതൊരു വിജ്ഞാനാന്വേഷിയിലും ഇതുണ്ടാക്കുന്ന സന്തോഷം കടലോളം വരും. പുതിയ വൈജ്ഞാനിക സംരംഭത്തിന്റെ ആസ്ഥാനം സാമൂഹ്യ അനീതികൾക്കെതിരായ പോരാട്ടങ്ങളുടെ സിരാകേന്ദ്രവും പ്രാചീന തുറമുഖ നഗരവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലവുമായ കൊല്ലമാണ്.

ആധുനിക സാങ്കേതികശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി എല്ലാ മേഖലകളിലുമുള്ള ഉന്നത വിദ്യാഭ്യാസം വിദൂര വിദ്യാഭ്യാസ മാതൃകയിൽ പ്രദാനം ചെയ്യുകയാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം. വിജ്ഞാനം തേടുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം ഒരുക്കലാണ്  ഉദ്ദേശ്യം. ഓപ്പൺ യൂണിവേഴ്സിറ്റി ഏതു പ്രായത്തിലുമുള്ള വിജ്ഞാനദാഹികൾക്കും അറിവ് ആർജിക്കാനുള്ള അവസരവും ക്ലാസ് മുറിക്ക് പുറത്തുള്ള അനന്തമായ പഠന സാധ്യതകളുമാണ് തുറക്കുന്നത്. ഇന്ത്യയിൽ 1985ൽ രണ്ട് ഡിപ്ലോമ കോഴ്‌സും 4000 പഠിതാക്കളുമായി ആരംഭിച്ച ഇന്ദിര ഗാന്ധി ദേശീയ ഓപ്പൺ സർവകലാശാല, ഇന്ന് ഇരുനൂറോളം വ്യത്യസ്ത കോഴ്‌സുകളുള്ള 30 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ബൃഹദ്‌ സ്ഥാപനമായി.


 

കേരളത്തിൽ പതിനാല് സംസ്ഥാന സർവകലാശാലയും ഒരു കേന്ദ്ര സർവകലാശാലയുമാണ് നിലവിലുള്ളത്. ഇതിൽ മെഡിക്കൽ, സാങ്കേതികം, അഗ്രികൾച്ചർ, ഫിഷറീസ്, വെറ്ററിനറി, നിയമം, കലാമണ്ഡലം എന്നീ ഏഴ്‌ സർവകലാശാല അതതു വിഷയങ്ങളിലെ പഠനകോഴ്‌സുകൾ മാത്രമാണ് നൽകുന്നത്. എന്നാൽ, മറ്റുള്ളവ ഭാഷ, ശാസ്ത്രം, മാനവീയം തുടങ്ങിയ വിഷയങ്ങളിലെല്ലാമുള്ള ഡിഗ്രി, പിജി, എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളാണ് നടത്തിവരുന്നത്. നിലവിലുള്ള ആറ് സർവകലാശാല അഫിലിയേറ്റിങ്‌ സർവകലാശാലകളാണ്. ഇവയിലെല്ലാംകൂടി ഏകദേശം 2500ഓളം കോളേജും 25 ലക്ഷത്തോളം വിദ്യാർഥികളുമാണ് പഠിക്കുന്നത്. ഇതിനുപുറമെയാണ്, കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ. ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് ഓരോ വർഷവും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. നിലവിലെ സ്ഥിതിയിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർവകലാശാലകൾക്ക് സാധിക്കുന്നില്ല എന്ന വിമർശം നിലനിൽക്കുന്നുണ്ട്. അവയ്‌ക്കെല്ലാം ശാശ്വതപരിഹാരമാണ്  സർക്കാർ ആഗ്രഹിക്കുന്നത്. വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ഡിസ്റ്റൻസ് സെന്ററുകളിലെ മഹാഭൂരിഭാഗം വിദ്യാർഥികളും പഠനാവശ്യങ്ങൾക്കായി സ്വകാര്യ ട്യൂഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത്.

സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവർക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രാപ്യത ഉറപ്പുവരുത്തുക, വിവിധ വിഷയതലങ്ങളിൽ ഉന്നത നിലവാരമുള്ളതും നൂതനവുമായ പ്രോഗ്രാമുകൾ ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാക്കുക, ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും  ആവശ്യാനുസരണം കോഴ്‌സുകൾ പ്രദാനം ചെയ്യുന്നതിലൂടെ ഉന്നതവിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരെ ഉന്നതിയിൽ എത്തിക്കുക, പാരമ്പര്യം, കല, സംസ്കാരം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച വിഷയങ്ങളിൽ തുടർപഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുക, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യൻകാളി, സഹോദരൻ അയ്യപ്പൻ, വക്കം അബ്ദുൽഖാദർ മൗലവി, ചാവറ അച്ചൻ തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനങ്ങൾ വിപുലമാക്കുക, മറ്റ്‌ സർവകലാശാലകളിലെ വിദ്യാർഥികൾക്ക് ക്രെഡിറ്റ് നേടാൻ സഹായിക്കുന്ന ഓൺലൈൻ അധിഷ്ഠിത കോഴ്‌സുകൾ തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തനക്ഷമമാകുന്നത്.


 

ഏതെങ്കിലും സ്ഥാപനത്തിൽ പഠന കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ, ക്രെഡിറ്റ് ട്രാൻസ്ഫർ നടത്തി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ തുടർപഠനം സാധ്യമാകും. ഓൺലൈൻ, വെബ്കാസ്റ്റിങ്‌, ബ്രോഡ്കാസ്റ്റിങ്‌, ടെലികാസ്റ്റിങ്‌, വീഡിയോ കോൺഫറൻസിങ് തുടങ്ങിയ നൂതന സങ്കേതങ്ങളെല്ലാം പ്രയോജനപ്പെടുത്തും. ശാസ്ത്രം, പരിസ്ഥിതി, സംസ്കാരം, പൈതൃകം, ഭാഷ, സാഹിത്യം, രാഷ്ട്രീയം, സാമൂഹ്യം, വിവിധ കലകൾ, കൈത്തൊഴിലുകൾ, നൈപുണ്യങ്ങൾ തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്നതിന് കോഴ്സുകളും ആരംഭിക്കും.

രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് സർവകലാശാലകൾ, അഫിലിയേറ്റഡ് സ്ഥാപനങ്ങൾ, ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വ്യവസായ സംരംഭങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്വയം സഹായ ഗ്രൂപ്പുകൾ, സർക്കാരിതര സംഘടനകൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി കരാറിലേർപ്പെടും.ഗവർണർ, യൂണിവേഴ്സിറ്റിയുടെ ചാൻസലറും ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊ- ചാൻസലറും ആയിരിക്കും. വൈസ്-ചാൻസലർ, പ്രൊ-വൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ, സൈബർ കൺട്രോളർ, പഠന സ്കൂൾ ഡയറക്ടർമാർ, റീജ്യണൽ കേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിങ്ങനെ മറ്റുദ്യോഗസ്ഥരും ഉണ്ടാകും. നാല് പ്രാദേശിക കേന്ദ്രവും സ്ഥാപിതമാകും.

ശ്രീനാരായണഗുരുവിന്റെ നാമധേയം സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിക്കു നൽകുന്നതിലൂടെ ആ നവോത്ഥാന നായകന്റെ കർമപഥം ഔദ്യോഗികമായി ആദരിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top