02 June Tuesday

‘ഗുരുവിന്റെ ദുഃഖം’രാജ്യം ഭരിക്കുമ്പോൾ

അശോകൻ ചരുവിൽUpdated: Saturday Sep 21, 2019


ഗുരുവിന്റെ യാത്രാപഥങ്ങളെ പിന്തുടരാൻ ശ്രമിക്കുമ്പോൾ കാലവും പ്രപഞ്ചവും ഉള്ളടങ്ങുന്ന ചില ദർശനവെളിച്ചങ്ങൾ കണ്ട് നമ്മൾ അമ്പരന്നുപോകും. വളരെ സ്വാഭാവികമായ ചില പ്രതികരണങ്ങളുടെ രൂപത്തിലാണത്. ഒരു ചോദ്യമോ ഉത്തരമോ. ഒരു ചെറിയ വാക്കോ വാചകമോ. ഒരു നർമം. അവയൊന്നും ആകസ്‌മികപ്രതികരണങ്ങൾ അല്ലെന്ന് നാം തിരിച്ചറിയുന്നത് പിന്നീട് ഗുരുദേവകൃതികളിലൂടെ സഞ്ചരിക്കുമ്പോഴാണ്. "മതം എന്നാൽ അഭിപ്രായം. മതംമാറ്റം എന്നത് എല്ലാ മനുഷ്യരിലും അവരുടെ വളർച്ചയുടെ ഭാഗമായി എല്ലായ്‌പോഴും ഉണ്ടാകേണ്ട സംഗതിയാണ്. ഒരു വീട്ടിൽ അച്ഛന്റെ മതമാകണമെന്നില്ല മകന്റെ മതം.’  ഇത് ഒരു സാധാരണ സംഭാഷണത്തിലെ വാചകങ്ങളാണ്. പക്ഷേ "ആത്മോപദേശശതക’ത്തിൽ ഈ ആശയം ദാർശനിക പരിവേഷം കൈവരിക്കുന്നുണ്ട്.

‘പ്രബുദ്ധകേരള’ത്തിന്റെ സന്ദേശം
ഗുരുവിനെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കേരളം അത്രയ്‌ക്കും ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അവസാനം അതുണ്ടായത് തനിക്ക് ജാതിയില്ല; മതമില്ല എന്ന "പ്രബുദ്ധ കേരളം വിളംബര’ ത്തിന്റെ ശതാബ്ദിയാഘോഷകാലത്താണ്. (2015–-16) അക്കാലത്തെ അന്വേഷണങ്ങൾക്കിടയ്‌ക്കാണ് ഗുരുവിന്റെ സുഹൃത്തായിരുന്ന നെടുങ്ങണ്ടയിലെ അബ്‌ദുൾ അസീസ് മുസലിയാരെക്കുറിച്ച് ഞാൻ അറിയുന്നത്. വൃദ്ധനായ മുസലിയാർ വീട്ടിൽ വിശ്രമിക്കുന്ന കാലത്ത് ഗുരു അദ്ദേഹത്തെ സന്ദർശിച്ചു. വായിക്കാൻ സൗകര്യമില്ലാത്ത തന്റെ വീട്ടുസാഹചര്യത്തെക്കുറിച്ച് മുസലിയാർ പരിതപിച്ചപ്പോൾ ഗുരു പറഞ്ഞു: "ശിവഗിരിയിൽ വന്നു താമസിച്ചോളൂ. അവിടെ ആവശ്യത്തിന് ഗ്രന്ഥങ്ങളുണ്ട്. പ്രാർഥിക്കാൻവേണ്ടി ഞാൻ അവിടെ ഒരു പള്ളി പണിതു തരാം.’

ഇത് വെറുമൊരു സുജനമര്യാദയുടെ ഭാഗമായ സംഭാഷണ ശകലമായിരുന്നില്ല എന്ന്‌ ഗുരുവിന്റെ ജീവിതയാത്ര നമ്മെ ബോധ്യപ്പെടുത്തുന്നു. ഓരോ മതവും അതു പിറന്നകാലത്തോടും ദേശത്തോടും സാമൂഹ്യാവസ്ഥകളോടുമുള്ള മനുഷ്യന്റെ വിവേകപൂർണമായ പ്രതികരണങ്ങളാണെന്ന്‌ ഗുരു ഉദ്ഘോഷിക്കുന്നു. കാലാന്തരത്തിൽ ആചാരങ്ങൾ വന്നുമൂടി കെട്ടുകിടക്കുന്ന മതങ്ങളുടെ യഥാർഥ സത്ത മനുഷ്യൻ തിരിച്ചറിയുന്നപക്ഷം മതവിദ്വേഷം എന്ന സംഗതിക്ക് കാരണമില്ല. എല്ലാവരും എല്ലാ മതങ്ങളും ദർശനങ്ങളും പഠിക്കുക എന്നതാണ് പരിഹാരം. ആ പഠനത്തിലൂടെ ഒരാൾ സ്വയം സ്വാംശീകരിച്ചെടുക്കുന്ന ആശയം ഏതൊന്നാണോ അതായിരിക്കണം അയാളുടെ മതം. പക്ഷേ, ഈ പഠനത്തിന്റെ മുന്നൊരുക്കമായി അയാൾക്ക് പിറവിയിലൂടെ ലഭിച്ച മതത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. അക്കാര്യം ഗുരു സ്വയം നിർവഹിച്ചതിന്റെ  ശബ്ദമാണ്‌ ‘പ്രബുദ്ധകേരളം' വിളംബരത്തിലൂടെ നാം കാണുന്നത്.

മതവിദ്വേഷംകൊണ്ട് മുറിഞ്ഞ് ചോരയൊഴുകുന്ന ലോകത്തിന് ഒരു  ദിവ്യൗഷധമാകേണ്ടിയിരുന്ന ഗുരുദർശനം മറഞ്ഞുകിടക്കുന്നു എന്നു കാണുമ്പോൾ മലയാളി പ്രതിസ്ഥാനത്ത് വരുന്നു. ഗുരുവിനെ കേവലബിംബമാക്കി ആരാധിച്ചും ആഘോഷിച്ചും മഹത്തായ ആ ദർശനത്തെ ഇത്രനാളും തമസ്‌കരിച്ചതിന് നാം കുറ്റക്കാരാണ്.

ഇന്ത്യയുടെ യഥാർഥ പ്രശ്നം മതകലഹമാണെന്ന് ഗുരു സി വി കുഞ്ഞിരാമനോട് പറഞ്ഞിട്ട് വർഷങ്ങൾ ഏറെ കടന്നു പോയി. പുഴയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. ഇന്ന് സാക്ഷാൽ മതഭ്രാന്ത് ഇന്ത്യയെ ഭരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും സംസ്‌കാരത്തിന്റെയുംപേരിൽ അടിച്ചമർത്തപ്പെടുന്ന ജനതയുടെ നിലവിളികൾ മുഴങ്ങുന്ന അന്തരീക്ഷത്തിലിരുന്നാണ് നാം ഇത്തവണ ഗുരുസമാധി ആചരിക്കുന്നത്‌. അന്യമതവിദ്വേഷം എന്ന കൊടുംവിഷത്തെ ദേശാഭിമാനമായി വ്യാഖ്യാനിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ അഴീക്കോട് മാഷ് പറഞ്ഞ ‘ഗുരുവിന്റെ ദുഃഖം' പൂർണമാകുന്നു. മതവിദ്വേഷംകൊണ്ട് മുറിഞ്ഞ് ചോരയൊഴുകുന്ന ലോകത്തിന് ഒരു  ദിവ്യൗഷധമാകേണ്ടിയിരുന്ന ഗുരുദർശനം മറഞ്ഞുകിടക്കുന്നു എന്നു കാണുമ്പോൾ മലയാളി പ്രതിസ്ഥാനത്ത് വരുന്നു. ഗുരുവിനെ കേവലബിംബമാക്കി ആരാധിച്ചും ആഘോഷിച്ചും മഹത്തായ ആ ദർശനത്തെ ഇത്രനാളും തമസ്‌കരിച്ചതിന് നാം കുറ്റക്കാരാണ്.

അന്യമതവിദ്വേഷികളുടെ സർക്കാർ പാർലിമെന്റിലെ നയപ്രഖ്യാപനത്തിൽ ഗുരുവിനെ ഉദ്ധരിക്കുന്നതും ഈ തമസ്‌കരണതന്ത്രത്തിന്റെ ഭാഗമാണ്. അവർ ഗുരുവിനെ ഭയപ്പെടുന്നു എന്നതിന്റെ തെളിവും.

ഗുരുദർശനം ഒറ്റ വഴിയിലൂടെയല്ല യാത്ര ചെയ്യുന്നതെന്ന് അതു പഠിച്ച എല്ലാവർക്കും അറിയാം. തന്നെ വിമർശിക്കുന്നവരുടെ വഴിയും തന്റെ വഴിയാണെന്ന് ഗുരു വ്യക്തമാക്കിയിട്ടുണ്ട്. വാഗ്‌ഭടാനന്ദനും സഹോദരൻ അയ്യപ്പനും അങ്ങനെയാണ് ഗുരുശിഷ്യന്മാരാകുന്നത്. ഗുരുവിൽനിന്നു തുടങ്ങുന്നത് എത്രയെത്ര വഴികളാണ് എന്നാലോചിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ദൈവത്തിന്റെ വഴിയും ദൈവനിഷേധത്തിന്റെ വഴിയും അതിൽ ഉണ്ട്. ക്ഷേത്രം വേണ്ടവരും വേണ്ടാത്തവരും ഉണ്ട്. ഗുരുവിനെ ദൈവമായി കരുതുന്നവരെയും അങ്ങനെയല്ലാത്തവരെയും കാണാം. സന്യാസിയുടെയും ഗൃഹസ്ഥന്റെയും സാമൂഹ്യ പ്രവർത്തകന്റെയും ഭിന്നമായ വഴികളുണ്ട്. കവിതയുടെ വഴി, ധ്യാനത്തിന്റെ വഴി, ആതുരശുശ്രൂഷയുടെ വഴി, സാമൂഹ്യപരിവർത്തനത്തിന്റെ വഴി, വിദ്യാഭ്യാസത്തിന്റെ വഴി, കൈത്തൊഴിലിന്റെ, കച്ചവടത്തിന്റെ, കൃഷിയുടെ അങ്ങനെ നാനാതരം വഴികൾ. ഏതു വഴിയാണ് ഗുരുവിന്റേത് അല്ലാത്തത് എന്നുപറയുക വിഷമം.

പക്ഷേ ഒരു വഴി ഗുരുവിന്റേതല്ല എന്നുപറയാൻ അത്ര ആലോചനയൊന്നും ആവശ്യമില്ല. അത് നേരത്തേ സൂചിപ്പിച്ച അന്യമതവിദ്വേഷത്തിന്റെ വഴിയാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ വർഗീയരാഷ്ട്രീയത്തിന്റെ വഴി. ഇതര മതത്തെ ശത്രുസമൂഹമായിക്കണ്ട് അവർക്കെതിരെ പടയൊരുക്കം നടത്തി സ്വന്തം മതത്തിൽപ്പെട്ടവരെ ഏകോപിപ്പിച്ച് വോട്ടു ബാങ്കാക്കി അധികാരം പിടിച്ചെടുക്കുന്ന പരിപാടി. അന്യമതസ്ഥന്റെ ചോരപുരണ്ട കൈകളുമായി ഒരാൾ വന്ന്, ഗുരുപ്രതിമയെ  നമസ്‌കരിച്ച് ‘എള്ളെട്, പൂവെട്, തണ്ണികൊട്' എന്നുപറഞ്ഞ്‌ ഗുരുസ്തോത്രം ആലപിച്ചാൽ അതിനെ അശ്ലീലം എന്ന വാക്കുകൊണ്ടുമാത്രമേ വിശേഷിപ്പിക്കാനാകൂ. ഗുരുവിനെയും ദർശനത്തെയും അപമാനിക്കലാണത്. ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള കഴിവും ഗുരുദർശനം നമുക്ക് നൽകുന്നുണ്ട് എന്നാണ് എനിക്ക്‌ തോന്നുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top