23 May Monday

അർഥപൂർണമായ ചുവടുകളിലൂടെ മുന്നോട്ട്‌

പി എം മുബാറക് പാഷUpdated: Thursday Dec 16, 2021

കേരളത്തിലെ 15–-ാമത്തെ സർവകലാശാലയായി  ശ്രീനാരായണ ഗുരു ഓപ്പൺ‍ യൂണിവേഴ്സിറ്റി  2020 ഒക്ടോബറിൽ രൂപീകൃതമായി. യുജിസി അംഗീകാരം ലഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. സർവകലാശാല  പൊതു ഇടമാണെന്നും പൊതുബോധത്തിന്റെ സ്ഫുരണങ്ങൾ സ്വാംശീകരിക്കേണ്ടത് സർവകലാശാലയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഉറച്ച ബോധ്യമുണ്ട്. സർവകലാശാല എന്തു ചെയ്‌തെന്ന ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്.

സാധാരണ സർവകലാശാലകൾ ആരംഭദിവസംമുതൽ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാൻ നിയമപരമായി പ്രാപ്തമാണ്. പക്ഷേ, ഓപ്പൺ സർവകലാശാലയ്ക്ക് ഈ രീതി സ്വീകരിക്കാനുള്ള നിയമസാധുതയില്ല. യുജിസിയുടെ  ഡിസ്റ്റന്റ്‌സ് എഡ്യൂക്കേഷൻ ബ്യൂറോ ഓരോ പാഠ്യപദ്ധതിക്കും അതിന്റെ നിയമാവലിയനുസരിച്ച് അംഗീകാരം നൽകിയശേഷമേ  ആരംഭിക്കാൻ കഴിയൂ. വളരെ വിശദമായ ഗ‍ൃഹപാഠം അനിവാര്യമാണ്. ഇത് സർവകലാശാല നിയമപരമായി നിലനിന്നശേഷമേ ആരംഭിക്കാൻ കഴിയൂ എന്നുള്ളതാണ് മറ്റൊരു യാഥാർഥ്യം. ഒക്ടോബറിൽ ആരംഭിച്ച സർവകലാശാലയ്‌ക്ക് ഡിസംബറിൽ യുജിസി അംഗീകാരം നൽകുമ്പോൾ ഓർഡിനൻസ് നിയമമായി മാറ്റണമെന്ന് നിഷ്‌കർഷിച്ചിരുന്നു. ഇതനുസരിച്ച് വളരെ പെട്ടെന്ന് നിയമസഭ ഏകകണ്ഠമായി നിയമമാക്കി. അക്കാദമിക് വിഷയങ്ങൾക്കുള്ള അംഗീകാരം ഉറപ്പുവരുത്താനാണ് രണ്ടാം ഘട്ടത്തിലെ പ്രയാണം.

അക്കാദമിക് പണിപ്പുര
സർവകലാശാല ഇതാരംഭിച്ചത് കരിക്കുലത്തിന്റെ രൂപഘടന തയ്യാറാക്കുന്ന പ്രക്രിയയിലൂടെയാണ്. ബിരുദ വിഷയങ്ങൾക്ക് 132 ക്രെഡിറ്റും ബിരുദാനന്തരബിരുദ വിഷയങ്ങൾക്ക് 72 ക്രെഡിറ്റും നിഷ്‌കർഷിക്കുന്ന കരിക്കുലം ഫ്രയിംവർക്ക്‌  ജനുവരിയിൽ നടപ്പാക്കി.  തുടർന്ന് 21 ബിരുദ വിഷയത്തിനും 10 ബിരുദാനന്തരബിരുദ വിഷയത്തിനുംവേണ്ടി അക്കാദമിക് കമ്മിറ്റികൾ രൂപീകരിച്ച് സിലബസ് തയ്യാറാക്കി. സ്വന്തമായി അധ്യാപകർ ഇല്ലാത്തതിനാൽ കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം അധ്യാപകരുടെ കൂട്ടായ പരിശ്രമവും സഹകരണവുമാണ് ഈ സംരംഭത്തെ വിജയത്തിൽ എത്തിച്ചത്. ഓരോ കമ്മിറ്റിയും എട്ടു തവണയെങ്കിലും ചേർന്ന് ചർച്ചചെയ്ത് രൂപപ്പെടുത്തിയതാണ് സിലബസ്. ശ്രീനാരായണ ഗുരു പഠനത്തിനുള്ള  ബിരുദ പാഠ്യപദ്ധതിയും ഇതിൽപ്പെടുന്നു. ബിരുദ പഠനത്തിന് സിംഗിൾ മെയിനും ഡബിൾ മെയിനും ട്രിപ്പിൾ മെയിനും വിഭാവനം ചെയ്തുകൊണ്ടാണ് അക്കാദമിക് പ്രവർത്തനം തുടങ്ങിയത്.  തുടക്കത്തിൽ സിംഗിൾ മെയിനും പിന്നീട് മറ്റു മാതൃകകളും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സ്വയം പഠനസാമഗ്രികളുടെ നിർമിതി ആരംഭിച്ചത് മാർച്ചിലാണ്. എഴുതിത്തയ്യാറാക്കിയ അധ്യയന വിവരണങ്ങൾക്കു പുറമെ വെർച്വൽ എഡ്യൂക്കേഷന്റെ  സാധ്യതകളും ഈ ബോധനരീതിയുടെ അവിഭാജ്യഘടകങ്ങളാണ്.  സർവകലാശാല സ്വന്തമായി വികസിപ്പിച്ചെടുത്ത സ്വയംപഠന രീതിശാസ്ത്രം ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങളുടെ പാഠ്യപദ്ധതിക്ക്‌ അനു-സരിച്ചാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ മാതൃകകൾക്ക്‌ അധിഷ്ഠിതമായി യോഗ്യരായ നൂറ്റമ്പതോളംപേർ സ്വയംപഠന സാമഗ്രികൾ വികസിപ്പിക്കാൻ വ്യാപൃതരായത് കഴിഞ്ഞ മാർച്ചിലാണ്. യുജിസി നിയമമനുസരിച്ച് പഠനസാമഗ്രികളുടെ 40 ശതമാനമേ ഇങ്ങനെ വികസിപ്പിക്കാൻ അനുവാദമുള്ളൂ. ബാക്കിഭാഗം സർവകലാശാലയുടെ സ്വന്തം അധ്യാപകരാണ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി സർക്കാർ അനുവദിച്ച 118 തസ്തികയിൽ 56 എണ്ണം അധ്യാപകർക്ക് വേണ്ടിയുള്ളതാണ്. അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള അനുവാദത്തിന് യുജിസിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് അതിന്റെ പോർട്ടലിലൂടെയാണ്.  യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനയ്‌ക്കും വിധേയമായിട്ടാണ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരിയിൽ തുറക്കാൻ സാധ്യതയുള്ള ഈ പോർട്ടലിൽ നൽകുന്ന വിവരങ്ങൾ പരിശോധിക്കാൻ യുജിസി സമിതി നേരിട്ടെത്തും. അതിനുശേഷമേ കോഴ്സുകൾക്ക് അനുവാദം നൽകൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ.

വൈവിധ്യമാർന്ന പന്ഥാവുകൾ            
ഇതോടൊപ്പം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. തെരഞ്ഞെടുത്ത തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുവേണ്ടി കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സർവകലാശാലയും സംയുക്തമായി ആരംഭിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാം ഏപ്രിലിൽ ആദ്യ ബാച്ച് പഠിതാക്കളെ പുറത്തിറക്കും. ‘ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സു’മായി  ചേർന്ന് നടപ്പാക്കുന്ന വളരെ ജോലി സാധ്യതയുള്ള സേഫ്റ്റി മാനേജ്മെന്റ് പാഠ്യപദ്ധതി പൂർത്തിയായി. അധ്യയനം ഉടനെ ആരംഭിക്കും.  നൈപുണ്യപരിശീലന ദാതാക്കളായ ‘അസാപ്പു’മായി ചേർന്ന് നൈപുണ്യ കോഴ്സുകൾ സംയുക്തമായി നടത്താനുള്ള പദ്ധതികളും അവസാനഘട്ടത്തിലാണ്. 

ജീവിതസാഹചര്യംകൊണ്ട് പഠനം നിർത്തിയ പഠിതാക്കൾക്ക് ബിരുദപഠനവും നൈപുണ്യപരിശീലനവും ഒരുമിച്ചുനൽകുന്ന നവീന പാഠ്യപദ്ധതി സർവകലാശാലയും അസാപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്നു. കാസർകോട്‌ ജില്ലാ പഞ്ചായത്ത് ഇതിനുവേണ്ടി  20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഉദ്ഘാടനം ജനുവരിയിൽ നടക്കും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ചിന്തയും കേന്ദ്രീകൃതമാക്കി വികസിപ്പിക്കുന്ന സാംസ്കാരിക മ്യൂസിയവും ‘കൊല്ലം നഗരത്തിന്റെ പൈതൃകാഘോഷ’വും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ പുറത്തിറക്കും. കീഴാള- വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗമായ നൈപുണ്യവേലകൾ കൃത്യമായ പരിശീലനത്തിലൂടെ പൊതുധാരാ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയും  പ്രഥമ പരിഗണനയിലാണ്. പാരലൽ കോളേജ് അധ്യാപകരുടെ അക്കാദമിക് ശാക്തീകരണ–-പരിശീലന പരിപാടിയും വിഭാവനം ചെയ്യുന്നു. 

മുഖ്യമന്ത്രി  പിണറായി വിജയൻ ഈ സർവകലാശാലയെ നിറയെ പ്രതീക്ഷകളോടെയാണ് സംസ്ഥാനത്തിന് സമർപ്പിച്ചത്. അദ്ദേഹം നൽകിയ ശക്തമായ പിന്തുണ അതിന്റെ സാക്ഷ്യപത്രമാണ്. കൊല്ലം പട്ടണത്തിൽ സർവകലാശാലയ്‌ക്ക് ആസ്ഥാനമന്ദിരവും  പ്രവർത്തനത്തിനു വേണ്ട സാമ്പത്തികവും ലഭ്യമായി. സർക്കാരിന്റെ രണ്ട് ബജറ്റ് പ്രസംഗത്തിലും ബജറ്റ് രേഖകളിലും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വളരെ കരുതലോടെ പരിഗണിക്കപ്പെട്ടത്  ഊർജം നൽകുന്നു.  ശ്രീനാരായണ ഗുരുവിന്റെ നാമം സർവകലാശാലയുടെ സാമൂഹ്യ പ്രതിബദ്ധതയെയും  ഉത്തരവാദിത്തങ്ങളെയും  ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും.

(ശ്രീനാരായണ ഗുരു ഓപ്പൺ‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top