16 August Tuesday

ജനപ്രതിനിധികളുടെ വിജയഗാഥ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

കരുത്തുറ്റ ഭരണകേന്ദ്രങ്ങളായി മാറിയ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കാര്യക്ഷമതയോടെ നയിക്കാനായി ജനപ്രതിനിധികൾക്ക് വിദ്യാഭ്യാസപരിശീലന പദ്ധതികൾ അനിവാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷനും (കില) ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയും കൈകോർത്ത നൂതന അക്കാദമിക സംരംഭമാണ്‌  ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും' എന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ്. ഇത്‌ ജനപ്രതിനിധികളുടെ സേവനങ്ങളെ കൂടുതൽ സമ്പുഷ്‌ടമാക്കുന്നത് ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്യപ്പെട്ടതാണ്.

ആസൂത്രണം, വികസനം, പ്രാദേശിക ധനകാര്യം, തദ്ദേശഭരണ നിർവഹണം, നിയമഘടന, അധികാര വികേന്ദ്രീകരണം തുടങ്ങിയ പാഠഭാഗങ്ങളിൽനിന്ന് കൂടുതൽ അറിവുകൾ  ഉപയോഗപ്പെടുത്താനായി കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മൂവായിരത്തിൽപ്പരം ജനപ്രതിനിധികൾ ഈ കോഴ്സിന്റെ പഠിതാക്കളായി മാറി. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ നിലവിലുള്ള അവസ്ഥയിൽനിന്ന് മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുന്നതിന്‌ അനുഗുണമായ അറിവും പ്രേരണയും ഈ പഠനപ്രക്രിയയിലൂടെ ലഭിച്ചതായി കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾ അഭിപ്രായപ്പെടുന്നു.


പാഠ്യപദ്ധതി

മൂന്ന് തിയറി കോഴ്സുകളും ഭരണ നിർവഹണ വികസന പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള റിപ്പോർട്ട് തയ്യാറാക്കലും പ്രദേശത്തിന്റെ വികസനത്തിനോ പൊതുക്ഷേമത്തിനോ സഹായകരമാകുന്ന ഒരു പ്രായോഗിക പദ്ധതിരേഖയുടെ നിർമാണവും, ആകെ 16 ക്രെഡിറ്റും അടങ്ങിയതായിരുന്നു പാഠ്യപദ്ധതി. പഠിതാക്കൾക്കായി ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രത്യേക ഓൺലൈൻ  പോർട്ടൽ തയ്യാറാക്കിയിരുന്നു. സർവകലാശാലയുടെ മേൽനോട്ടത്തിൽ ഈ വിഷയത്തിൽ പ്രാവീണ്യം നേടിയ വിഷയ വിദഗ്‌ധർ തയ്യാറാക്കിയ സ്വയം പഠന സാമഗ്രികൾ പുസ്തക രൂപത്തിൽ അച്ചടിച്ച് നൽകി. 

ഇവ പഠിതാക്കളുടെ ലേ ണിങ്‌ പോർട്ടലിലും ലഭ്യമാക്കി. കൂടാതെ പഠന സഹായികൾ ഓഡിയോ, വീഡിയോ രൂപത്തിലും   സൗകര്യാർഥം എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താമായിരുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗൺസിലർമാരും കിലയുടെ അക്കാദമിക് വിദഗ്ധരുമടങ്ങിയ മുന്നൂറോളം അധ്യാപകരാണ് ജില്ലാ, ബ്ലോക്ക് തലങ്ങളിൽ  ക്ലാസുകളും കൗൺസലിങ്‌ സെഷനുകളും സംഘടിപ്പിച്ചത്. കോവിഡ് രൂക്ഷമായ ഘട്ടങ്ങളിൽ ഓൺലൈൻ ക്ലാസുകളും നടത്തി.  സൗജന്യമാണ്‌ കോഴ്‌സ്‌. വ്യത്യസ്ത പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതകളുമുള്ളവരായിരുന്നു പഠിതാക്കൾ.

വിലയിരുത്തൽ

2022 ഏപ്രിലിൽ കോഴ്സിന്റെ വിലയിരുത്തൽ ഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 120 മാർക്കിന്റെ ഭരണനിർവഹണ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള റിപ്പോർട്ടും 100 മാർക്കിന്റെ പ്രായോഗിക പദ്ധതിരേഖയും പഠിതാക്കൾ  സമർപ്പിച്ചു. ആകെ 3424 പേർ അർധവാർഷിക പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്തു. കേരളത്തിലെ 28 ഉന്നത വിദ്യാഭ്യാസ_ സ്ഥാപനം പരീക്ഷാകേന്ദ്രങ്ങളാക്കി മെയ് ഏഴിന്‌  നടത്തിയ പരീക്ഷ 2117 പേർ എഴുതി. നൂറോളം യൂണിവേഴ്സിറ്റി കോളേജ് അധ്യാപകരെ പങ്കെടുപ്പിച്ച്‌ മൂല്യനിർണയത്തിന് ശേഷം മെയ് പതിനാറിന്‌  പരീക്ഷാഫലം പ്രഖ്യാപിച്ചു.   കോഴ്‌സ്‌ വിജയകരമായി പൂർത്തിയാക്കിയ 70 ശതമാനം പഠിതാക്കളും വനിതാ ജനപ്രതിനിധികളാണ് എന്നതും, 60 വയസ്സിനു മുകളിലുള്ള 153 പേർ വിജയം നേടി എന്നതും ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നു.

കോഴ്സിന്റെ ഭാഗമായി ജനപ്രതിനിധികൾ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടുകളിൽ  വിദഗ്ധ സമതി തെരഞ്ഞെടുത്ത ഏറ്റവും മികച്ച പത്ത് പദ്ധതി കൊല്ലത്ത്  ‘നവകേരള നിർമിതി  വിജ്ഞാനം സാമൂഹിക പരിവർത്തനത്തിന്' എന്ന സംസ്ഥാനതല അക്കാദമിക കൂട്ടായ്മയിൽ അവതരിപ്പിച്ചു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ഘട്ടത്തിൽ മൂന്ന് സ്ഥാപനത്തിന്റെ സഹവർത്തിത്വത്തിലൂടെ   നൂതന അക്കാദമിക സംരംഭം ജനപ്രതിനിധികൾക്കായി പ്രദാനം ചെയ്യാൻ സാധിച്ചത് രാജ്യത്തിന് മാതൃകയാണ്. പ്രായഭേദമന്യേ എല്ലാവർക്കും വിദ്യാഭാസം എന്ന ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജനകീയ ആശയം ഈ കോഴ്സിലൂടെ അക്ഷരാർഥത്തിൽ നടപ്പാക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അതിന്റെ ആദ്യ ചുവടുവയ്പ് വിജയകരമായി പൂർത്തീകരിച്ചു.


(ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷാ കൺട്രോളറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top