09 December Monday

ഗുരുവിന്റേത് സമത്വ, മാനവിക കാഴ്ചപ്പാട്

അഡ്വ. ടി കെ ശ്രീനാരായണദാസ്Updated: Thursday Sep 21, 2017

ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള സ്മരണ ഇന്നും പുതുമയോടെ നിലനില്‍ക്കുന്നു. വെള്ളമുണ്ട് ധരിച്ച് വെളുത്ത നേര്യത് ദേഹത്ത് പുതച്ച് സാധാരണക്കാരുടെയും പാവങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിവന്ന ഒരു സന്യാസിയുടെ രൂപമാണ് മനോദൃഷ്ടിയില്‍ തെളിഞ്ഞുവരുന്നത്. രാജ്യത്തിന് പരിചിതമായ പല സന്യാസിമാരില്‍നിന്നും വ്യത്യസ്തമായിരുന്നു ഗുരുവിന്റെ വ്യക്തിത്വം. സാധാരണ സന്യാസിമാര്‍ സ്വന്തം മോക്ഷത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ ഗുരു ചിന്തിച്ചത് സമൂഹത്തിന്റെ മോക്ഷത്തെപ്പറ്റിയാണ്.

പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും വ്യവസായവും കച്ചവടവും പ്രോത്സാഹിപ്പിക്കണമെന്നും ഉപദേശിച്ചതും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറ പൊളിക്കുന്നതിലൂടെ സാമൂഹികമാറ്റം സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. യാഥാര്‍ഥ്യബോധത്തോടെയുള്ള ഈ ദൂരക്കാഴ്ചയുടെ പരിണത ഫലമാണ് ആധുനിക കേരളം. മനുഷ്യനില്‍ വേര്‍തിരുവുണ്ടാക്കി ഭൂമിയിലെ സമസ്താവകാശങ്ങളും ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈപ്പിടിയിലൊതുക്കുന്ന കൌശലങ്ങളാണ് ജാതിവ്യവസ്ഥയില്‍ ഒളിപ്പിച്ചിട്ടുള്ളത്.

ജാതിസംരക്ഷണച്ചുമതലയുള്ള ദൈവങ്ങളെയാണ് ഇവിടെ സൃഷ്ടിച്ച് നിലനിര്‍ത്തിയത്. ജാതിവ്യവസ്ഥ ദൈവ കല്‍പ്പിതമാണെന്ന് സമര്‍ഥിക്കുന്ന ധാരാളം കഥകളും ഉപകഥകളും മന്ത്രങ്ങളും ഹിന്ദുപുരാണങ്ങളിലുണ്ട്.  പരശുരാമന്‍ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച് ബ്രാഹ്മണന് ദാനം ചെയ്തു എന്ന ഐതിഹ്യം തന്നെ ഇത്തരം കാപട്യങ്ങളുടെ ഭാഗമാണ്. ഹിന്ദുധര്‍മത്തിന്റെ സങ്കുചിത ദൈവസങ്കല്‍പ്പത്തിനെതിരായ ദാര്‍ശനിക വിപ്ളവത്തിനാണ് ശ്രീനാരായണഗുരു നേതൃത്വം നേല്‍കിയത്. മതസംഘടനകളില്‍നിന്ന് ആത്മീയതയെ മോചിപ്പിച്ച് അവതരിപ്പിക്കുക എന്ന പുതിയ ഒരു ദാര്‍ശനിക സമീപനമാണ് ഗുരു സ്വീകരിച്ചത്. ഇതാണ് ഗുരുദേവന്റെ മതാതീതമായ ആത്മീയ വിശകലനം.

രാജ്യത്തിന്റെ മതവിഭാഗീയത സ്പര്‍ശിക്കാത്ത പ്രാചീന സംസ്കാരത്തിന്റെ ആദിരൂപങ്ങള്‍ ഗുരുധര്‍മം സ്വീകരിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തിന്റെ മതാതീതമായ സാംസ്കാരത്തനിമയുടെ ഹൈന്ദവവല്‍ക്കരണത്തെ ഗുരുധര്‍മം ഉള്‍ക്കൊള്ളുന്നില്ല. ഹിന്ദു രാഷ്ട്രസങ്കല്‍പ്പവും ഗുരുവിന്റെ മതേതര ആത്മീയദര്‍ശനവും രണ്ടു ധ്രുവങ്ങളാണ്.

ജാതിദൈവങ്ങളെ എതിര്‍ത്തുകൊണ്ടാണ് ജാതിയും മതവും ഇല്ലാത്ത ദൈവത്തെ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്. ഹിന്ദുക്ഷേത്രാചാരങ്ങള്‍ക്കെതിരായ വിപ്ളവ മുദ്രാവാക്യമാണ് അരുവിപ്പുറത്ത് മുഴങ്ങിക്കേട്ടത്. പുഴയില്‍നിന്ന് മുങ്ങിയെടുത്ത ശിലയെ ശിവനായി സങ്കല്‍പ്പിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു. മുഹൂര്‍ത്തം നോക്കാതെ പ്രതിഷ്ഠ നടത്തിയതിനെ ചോദ്യംചെയ്ത പണ്ഡിതനോട് "കുട്ടി ജനിച്ചശേഷമല്ലേ ജാതകം നോക്കുക, മുഹൂര്‍ത്തം നോക്കി ജനിക്കാറില്ലല്ലോ'' എന്ന മറുപടിയാണ് നല്‍കിയത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിലാണ് ആഞ്ഞടിച്ചത്. സമത്വത്തിലും മാനവികതയിലും ഊന്നിയ സാമൂഹിക കാഴ്ചപ്പാടാണ് ഗുരു അവതരിപ്പിച്ചത്.

ജാതി-മതചിന്തകളില്‍ സമൂഹമനസ്സ് കീറിമുറിക്കപ്പെട്ട സാഹചര്യത്തിലാണ് സമബുദ്ധിയോടെ എല്ലാവരും എല്ലാ മതങ്ങളും പഠിച്ചാല്‍ മതകലഹം അസ്തമിക്കുമെന്ന് ഗുരു നിരീക്ഷിച്ചത്. മോക്ഷം പ്രാപിക്കുന്നതിന് ഹിന്ദുമതം പര്യാപ്തമാണെന്ന് സ്വാമികള്‍ കരുതുന്നുണ്ടോ എന്ന് മഹാത്മാഗാന്ധി ചോദിച്ചപ്പോള്‍ മറ്റുമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടെന്ന ഗുരുവിന്റെ പ്രതിവചനം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

മനുഷ്യര്‍ തമ്മിലുള്ള ഭേദചിന്തകളെ പാടേ നിരാകരിച്ച ഗുരു മതത്തിന്റെയോ ജാതിയുടെയോ വാക്കാവില്ല. സമാധിക്ക് ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു സംഘടനാ സമ്മേളനത്തില്‍ ഗുരു ഉദ്ബോധിപ്പിച്ചത് " ഒരു പ്രത്യേക ജാതിയിലേക്കോ സമുദായത്തിലേക്കോ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടല്ല, മനുഷ്യകുടുംബത്തെ മുഴുവന്‍ ഒന്നിപ്പിക്കലായിരിക്കണം നമ്മുടെ ലക്ഷ്യം'' എന്നാണ്. ജാതി-മതങ്ങള്‍ക്കതീതമായി ജനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെയാണ് ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നത്. ഗുരുദര്‍ശനത്തിന്റെയും സന്ദേശങ്ങളുടെയും സത്ത ഉള്‍ക്കൊണ്ട്് സമത്വവും സാഹോദര്യവും സ്നേഹവും പുലരുന്ന ഒരു ക്ഷേമസമൂഹത്തിനുവേണ്ടി നമുക്ക് ഒരുമിക്കാം. കേരളം അങ്ങനെ ഗുരു വിഭാവനം ചെയ്ത ഒരു മാതൃകാസ്ഥാപനമാകട്ടെ

പ്രധാന വാർത്തകൾ
 Top