16 May Monday

മികവിൽ ശ്രീനാരായണഗുരു സർവകലാശാല

അഡ്വ. ബിജു കെ മാത്യുUpdated: Monday Dec 13, 2021


2020 ഒക്ടോബർ രണ്ടിന് നിലവിൽവന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല  വളർച്ചയുടെ പടവുകൾ അതിവേഗം പിന്നിടുകയാണ്. വിദൂര പഠനത്തിനുവേണ്ടിമാത്രം കേരളത്തിൽ ഒരു സർവകലാശാല എന്ന ആശയം നിലവിൽ വരുമ്പോൾ  ഉന്നത വിദ്യഭ്യാസത്തിന്റെ  ജനകീയവൽക്കരണം കൂടിയാകുന്നു. അറിവ് നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്  സാധ്യമാക്കുക എന്ന സാമൂഹ്യ ചിന്തയാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള  ഈ സർവകലാശാലയുടെ ഏറ്റവും പ്രസക്തമായ വശം. കേരള സമൂഹത്തിൽ വിവിധ ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട പലരും  ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു പോയിട്ടില്ല എന്നത് യാഥാർഥ്യമാണ്. സാമൂഹ്യ ഉത്തരവാദിത്വമുള്ള ഒരു ഭരണസമ്പ്രദായം ഉണർന്നു പ്രവർത്തിച്ചത് ഇത്തരം സാഹചര്യത്തിലാണ്. അങ്ങനെ  ഒരു ഇടപെടലാണ് എൽഡിഎഫ്‌ മന്ത്രിസഭയിൽ നിന്ന്‌ ഉണ്ടായതും. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനായി  പത്ത് കോടി രൂപ വകയിരുത്തിയത് തന്നെ  ഗവണ്മെന്റിന്റെ ഈ സർവകലാശാലയോടുള്ള കാഴ്ചപ്പാടും വിശ്വാസവും വ്യക്തമാക്കുന്നതാണ്. പുതുതായി 118 തസ്തിക അനുവദിച്ചു. ഗവൺമെന്റ്‌ കോളേജ് തൃപ്പൂണിത്തുറ, എസ്എൻജിഎസ് കോളേജ് പട്ടാമ്പി, കോഴിക്കോട് ഗവൺമെന്റ്‌ ആർട്‌സ്‌ ആൻഡ് സയൻസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലായി റിജണൽ സെന്ററുകൾ അനുവദിച്ചു. അധ്യാപക നിയമനങ്ങൾ യുജിസി മാനദണ്ഡങ്ങൾ പാലിച്ചും അനധ്യാപക നിയമനങ്ങൾ എംപ്ലോയ്മെന്റ്‌ എക്‌സ്‌ചേഞ്ച് വഴിയും നടത്തുവാനാണ് തീരുമാനം.

പുതിയകാല കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ വിദ്യാഭ്യാസ സാങ്കേതിക വിദ്യാ വിപ്ലവവും നിലവിലെ സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ പ്രക്രിയയുടെ പ്രാധാന്യം ഉയർത്തിക്കാണിക്കുന്നു. പ്രൈമറി ക്ലാസുകൾ മുതൽ പ്രൊഫഷണൽ കോഴ്‌സുകൾവരെ അടച്ചിട്ട മുറികളിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലേക്ക് ലോകം മുഴുവൻ എത്തിച്ചേർന്നപ്പോഴും പഠനത്തിന്റെ കാര്യക്ഷമത കാര്യമായി ഇടിഞ്ഞിരുന്നില്ല. മുഖാമുഖം അഭിസംബോധന ചെയ്തു വെർച്വൽ ക്ലാസുമുറികൾ സൃഷ്ടിക്കാൻ നമ്മുടെ സാങ്കേതിക വളർച്ചയ്ക്ക് സാധിച്ചു. ഇത്തരം അനുഭവങ്ങളും ഇവിടെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സാധ്യത ഉയർത്തിക്കാണിക്കുന്നു.

സാമൂഹ്യ പരിഗണനകൾ ഇന്ത്യയെപ്പോലൊരു രാജ്യത്ത് വിദൂര പഠന സമ്പ്രദായം എത്രമാത്രം സാധ്യതകൾ സൃഷ്ടിച്ചു എന്നുകൂടി പുതിയ കാലഘട്ടത്തിൽ വിലയിരുത്തേണ്ടതാണ്.  ഭരണഘടന ഏറ്റവും അധികം ലംഘിക്കപ്പെടുന്ന ഒരു അവസ്ഥയിലൂടെയാണ്  ഇന്ന് രാജ്യം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം നിലനിൽക്കുന്നുണ്ടെങ്കിലും   വിദ്യാഭ്യാസ മേഖലയിൽ പല ഉച്ചനീചത്വങ്ങളും അതിനു തടസ്സം നിൽക്കുന്നുണ്ട്. താരതമ്യേന വിദ്യാഭ്യാസപരമായി ഉന്നതമായ നേട്ടം കൈവരിച്ച കേരള സമൂഹത്തിൽപ്പോലും തുടർ പഠനമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാതെ പോയവർ നിരവധിയുണ്ട്. സാമൂഹ്യ ഉത്തരവാദിത്വമുള്ള ഒരു ഭരണസമ്പ്രദായം ഉണർന്നു പ്രവർത്തിക്കേണ്ടത് ഇത്തരം സാഹചര്യത്തിലാണ്. അങ്ങനെ  ഒരു ഇടപെടലാണ് കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിൽനിന്ന്‌ ഇത്തരത്തിൽ ഒരു തുറന്ന സർവകലാശാലാ സങ്കൽപ്പത്തിലൂടെ രൂപവൽക്കരിക്കപ്പെട്ടത്.

സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും മുഴുവൻ സമയം   തൊഴിലെടുക്കുന്നവർക്കും അല്ലാത്തവർക്കും വീട്ടമ്മമാർക്കും മുതിർന്നവർക്കും വിവിധ മേഖലയിലുള്ള വിഷയങ്ങളിൽ പഠനം നടത്തി അറിവ് നേടാൻ അവസരം നൽകുകയാണ് സർവകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യം. പ്രാരംഭ പ്രവർത്തനം എന്ന തരത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്, വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവരെ കണ്ടെത്താൻ സർവേ നടത്താനും  അവർക്കു അനുയോജ്യമായ കോഴ്‌സുകൾ പരിചയപ്പെടുത്താനുമാണ് യൂണിവേഴ്സിറ്റി ആലോചിക്കുന്നത് . അക്കാദമികമായ പ്രവർത്തനത്തിന്റെ മുന്നോടിയായി  കണ്ണൂർ  സർവകലാശാലാ മുൻ പ്രൊ വൈസ് ചാൻസലർ കുട്ടികൃഷ്ണന്റെ അധ്യക്ഷതയിൽ ഒരു വിദഗ്‌ധ സമിതി കഴിഞ്ഞ ഡിസംബറിൽത്തന്നെ പഠന റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി 38  അക്കാദമിക് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്.

(ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കറ്റ് മെമ്പറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top