22 February Saturday

സോഫിഷോളിനെ ഓർക്കുമ്പോൾ

എ എം ഷിനാസ്‌ Updated: Saturday Jan 18, 2020

മുസോളിനിയുടെ ‘കറുത്തകുപ്പായ’ക്കാരും ഹിറ്റ്‌ലറുടെ ‘തവിട്ടുകുപ്പായ’ക്കാരും 20–-ാം നൂറ്റാണ്ടിന്റെ പ്രഥമാർധത്തിൽ നടത്തിയ ഹിംസയുടെ തനിയാവർത്തനത്തിനാണ്‌ ജെഎൻയു സാക്ഷ്യം വഹിച്ചത്‌.  മുഖംമൂടിധാരികളായ, പെൺഗുണ്ടകൾ ഉൾപ്പെടെയുള്ള അക്രമിസംഘം ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷിന്റെ തലതല്ലിച്ചതയ്‌ക്കുകയും കൈ ഒടിക്കുകയും ചെയ്‌തു. അക്രമിസംഘത്തിന്റെ കൂസലില്ലാത്ത ചിത്രവും ഐഷിഘോഷിന്റെ മുഖം തിരിച്ചറിയാനാകാത്തവിധത്തിൽ രക്തത്തിൽ കുതിർന്നുനിൽക്കുന്ന ധാരുണദൃശ്യവും കണ്ടപ്പോൾ 1943 ൽ നാസികൾ ഗില്ലറ്റിൻ (ശിരച്ഛേദം) ചെയ്‌ത ഇരുപത്തൊന്നുകാരിയായ സോഫിഷോൾ എന്ന മ്യൂണിക് സർവകലാശാലയിലെ വിദ്യാർഥിനിയെയാണ്‌ ഓർമവന്നത്‌. വർഷങ്ങൾക്കുമുമ്പ്‌ വായിച്ച ‘സോഫിഷോൾ ആൻഡ്‌ ദ വൈറ്റ്‌ റോസ്‌’ എന്ന പുസ്‌തകം വീണ്ടുമെടുത്ത്‌ നോക്കിയപ്പോൾ നാസിവാഴ്‌ചയുടെ പ്രാരംഭകാലം എങ്ങനെയായിരുന്നുവോ അതേ ഹിംസാത്മകവും ഗർഹണീയവുമായ പരിതോവസ്ഥയിലൂടെയാണ്‌ വർത്തമാന ഇന്ത്യ കടന്നുപോകുന്നതെന്നുള്ള നടുക്കുന്ന പരമാർഥം ഒന്നുകൂടെ ഉറച്ചു. സോഫിഷോളും സഹോദരൻ ഹാൻസ്‌ഷോളും ഉൾപ്പെടെ അഞ്ച്‌ വിദ്യാർഥികളും അവരുടെ ഒരു അധ്യാപകനും നാസിസത്തിനെതിരെ നടത്തിയ അഹിംസാനിഷ്‌ഠമായ പ്രതിരോധ പ്രസ്ഥാനമാണ്‌ ‘വൈറ്റ്‌ റോസ്‌’.

‘തനി’ ജർമൻ കൗമാരക്കാരെല്ലാം ഹിറ്റ്‌ലർ യൂത്ത്‌ എന്ന സംഘടനയിൽ ചേരണമെന്നത്‌ നിർബന്ധമായിരുന്നു. ഈ അഞ്ചംഗ വിദ്യാർഥിസംഘം തുടക്കത്തിൽ നാസിസത്തോട്‌ അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഹാൻസ്‌ഷോൾ കിഴക്കൻ സേനാമുഖത്ത്‌ രണ്ടുവർഷം സൈനിക സേവനത്തിൽ ഏർപ്പെട്ടിരുന്നു. അവിടെവച്ച്‌ ഹാൻസ്‌ കണ്ട ഒരു ഭീകരദൃശ്യമാണ്‌ വൈറ്റ്‌ റോസിന്റെ രൂപീകരണത്തിലേക്ക്‌ നയിച്ച ഒരു ഘടകം. ജൂതന്മാരെ ഒരു വലിയ കുഴിയിൽ നഗ്നരാക്കി നിർത്തി നാസിസൈന്യം വെടിവച്ച്‌ കുഴിച്ചുമൂടുന്ന ബീഭത്സതയ്‌ക്കാണ്‌ സോഫിയേക്കാൾ മൂന്ന്‌ വയസ്സ്‌ മൂത്ത ഹാൻസ്‌ ദൃക്‌സാക്ഷിയായത്‌.

ഹിറ്റ്‌ലർ അധികാരത്തിലെത്തുമ്പോൾ സോഫിഷോളിന്‌ 12 വയസ്സായിരുന്നു. ലുഡ്‌വിഗ്‌സ്‌ബർഗിൽ താമസിച്ചിരുന്ന സോഫിയുടെ കുടുംബം 1932ൽ മ്യൂണിക്കിലേക്ക്‌ താമസം മാറി. പിന്നീട്‌ പെൺകുട്ടികളുടെ നാസിവിഭാഗമായ ‘ലീഗ്‌ ഓഫ്‌ ജർമൻ ഗേൾസിൽ’ ചേരുന്നത്‌ ഒഴിവാക്കാൻ സോഫി ഒരു നേഴ്‌സറിയിൽ അധ്യാപികയായി. പക്ഷേ, സോഫിക്ക്‌ പിഴച്ചു. ആറ്‌ മാസത്തെ യുദ്ധസഹായ സേവനത്തിന്‌ സോഫിക്ക്‌ പോകേണ്ടിവന്നു.


 

യുദ്ധമുഖത്തെ സേവനകാലാവധി കഴിഞ്ഞപ്പോൾ ഹാൻസ്‌ഷോൾ മ്യൂണിക് സർവകലാശാലയിൽ മെഡിസിന്‌ ചേർന്നു. 1942 ൽ സോഫിയും അവിടെ ജീവശാസ്‌ത്രവും തത്വചിന്തയും പഠിക്കാനായി എത്തി. അപ്പോഴാണ്‌ ഹാൻസിന്റെ സുഹൃത്തുക്കളായ വില്ലിഗ്രാഫ്‌, ക്രിസ്‌റ്റഫ്‌ പ്രോബ്‌സ്റ്റ്‌, അലക്‌സാണ്ടർ ഷ്‌മോറൽ എന്നിവരെ പരിചയപ്പെടുന്നത്‌. ഈ അഞ്ച്‌ വിദ്യാർഥികളും തത്വചിന്താ പ്രൊഫസറായ കർട്ട്‌ ഹ്യൂബറുമായിരുന്നു വൈറ്റ്‌ റോസ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടത്‌. തിന്മയുടെയും ദുഷ്‌ടതയുടെയും എതിർമുഖത്ത്‌ നിർമലതയും നിഷ്‌കളങ്കതയും ഉയർത്തിക്കാട്ടുന്ന പ്രതീകമെന്ന നിലയ്‌ക്കാണ്‌ ‘വൈറ്റ്‌ റോസ്‌’ എന്ന്‌ തങ്ങളുടെ വളരെ ചെറുതെങ്കിലും അതിധീരമായ പ്രസ്ഥാനത്തിന്‌ അവർ പേരിട്ടത്‌.

ജർമനിയിലെ ഒരു ചെറുനഗരത്തിൽ മേയറായിരുന്നു സോഫിയുടെ അച്ഛൻ റോബർട്ട്‌ഷോൾ. അകമേ അദ്ദേഹം കടുത്ത നാസി വിരുദ്ധനായിരുന്നു. തുടക്കത്തിൽ നാസിസത്തോട്‌ അഭിനിവേശമുണ്ടായിരുന്ന തന്റെ മക്കൾക്ക്‌ അദ്ദേഹം നാസികൾ ആദ്യം കത്തിക്കുകയും (1933ൽ) തുടർന്ന്‌ നിരോധിക്കുകയും ചെയ്‌ത പുസ്‌തകങ്ങൾ വായിക്കാൻ കൊടുക്കുമായിരുന്നു. തോമസ്‌മാന്നിന്റെയും എച്ച്‌ ജി വെൽസിന്റെയും പോൾക്ലൗഡലിന്റെയും മറ്റും ഗ്രന്ഥങ്ങൾ അങ്ങനെയാണ്‌ സോഫിയും സഹോദരനും വായിക്കുന്നത്‌. (1933ൽ നാസികൾ പുസ്‌തകങ്ങൾ കത്തിച്ചപ്പോൾ ആദ്യം അഗ്നിക്കിരയായത്‌ കാൾ മാർക്‌സിന്റെയും കാൾ കൗട്‌സിക്കിയുടെയും ഗ്രന്ഥങ്ങളായിരുന്നു)

‘‘ നിങ്ങളുടെ അവകാശങ്ങളെല്ലാം പടിപടിയായി കവർന്നെടുക്കാൻ അധികാരത്തിലിരിക്കുന്ന നരാധമന്മാരെ അനുവദിക്കുന്നത്‌ എന്തിനാണ്‌ ? നിങ്ങളെ നാശത്തിലേക്ക്‌ നയിക്കുന്നവരെ അന്ധമായി അനുഗമിക്കുന്നത്‌ എന്തിനാണ്‌?

വൈറ്റ്‌ റോസിന്റെ ആദ്യപ്രതിഷേധരീതി പൊതുകെട്ടിടങ്ങളുടെ ചുവരുകളിൽ നാസിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയായിരുന്നു. അത്‌ അപായകരമാണെന്ന്‌ മനസ്സിലാക്കിയ വൈറ്റ്‌ റോസ്‌ ലഘുലേഖകൾ ഉണ്ടാക്കി ആരുമറിയാതെ വിതരണം ചെയ്യാൻ തുടങ്ങി. ഈ ലഘുലേഖകൾ ജർമൻ നഗരങ്ങളായ ഹാംബർഗിലും ബർലിനിലും കൊളോണിലുമെല്ലാം എത്തിച്ചേർന്നു. 1942–-43 കാലത്ത്‌ പുറത്തിറക്കിയ ആറ്‌ ലഘുലേഖയും എഴുതിയത്‌ ഹാൻസ്‌ ആണെങ്കിലും പ്രൊഫസർ ഹ്യൂബറാണ്‌ അവ മെച്ചപ്പെടുത്തി മൂർച്ചക്കൂട്ടിയത്‌. സോഫിയുടെ ദൗത്യം ലഘുലേഖകളുടെ വിതരണമായിരുന്നു. പെൺകുട്ടി ആയതിനാൽ ഗസ്‌റ്റപ്പോ (ജർമൻ രഹസ്യ പൊലീസ്‌) സംശയിക്കാൻ സാധ്യത കുറവാണെന്നതായിരുന്നു കാരണം.

ഒരു ലഘുലേഖയുടെ ഉള്ളടക്കം ഇതായിരുന്നു: ‘‘ നിങ്ങളുടെ അവകാശങ്ങളെല്ലാം പടിപടിയായി കവർന്നെടുക്കാൻ അധികാരത്തിലിരിക്കുന്ന നരാധമന്മാരെ അനുവദിക്കുന്നത്‌ എന്തിനാണ്‌ ? നിങ്ങളെ നാശത്തിലേക്ക്‌ നയിക്കുന്നവരെ അന്ധമായി അനുഗമിക്കുന്നത്‌ എന്തിനാണ്‌? യുദ്ധത്തിൽ ജർമനി പരാജയവക്കിലാണ്‌. ജൂതന്മാർക്ക്‌ സംഭവിച്ച അതേവിധി നിങ്ങൾക്കും കുട്ടികൾക്കും ഉണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടോ? മനുഷ്യരാശി മുഴുവൻ വെറുക്കുന്ന ഒരു ജനതയായി നാം തുടരണമോ? ബോൾഷെവിക്ക്‌ ഭീതിയെക്കുറിച്ചുള്ള പ്രചാരവേലയിൽ നിങ്ങൾ വിശ്വസിക്കരുത്‌. നാസികളിൽനിന്ന്‌ എത്രയും പെട്ടെന്ന്‌ വേർപിരിയുക. അനാസ്ഥ കൈവെടിയുക. വളരെ വൈകുന്നതിനുമുമ്പ്‌ നിങ്ങളുടെ ഭാവിയെക്കരുതി ധീരമായ തീരുമാനമെടുക്കുക. നാസികൾ ചെയ്‌തുകൂട്ടുന്ന അറയ്‌ക്കുന്നതും മനുഷ്യത്വഹീനവുമായ പ്രവൃത്തികൾ നിങ്ങൾ കാണുന്നില്ലേ? ഇത്‌ നമ്മുടെ ഭാവിക്കും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള തീവ്രയത്‌നസമരമാണ്‌. നമുക്കുവേണ്ടത്‌ കളങ്കമറ്റ സ്വാതന്ത്ര്യവും സ്വച്ഛന്ദമായ അഭിപ്രായ പ്രകാശനത്തിനുള്ള അന്തരീക്ഷവുമാണ്‌. നമുക്ക്‌ സ്വാതന്ത്ര്യത്തിന്റെ ചേതനയുള്ള ഒരു പുതിയ യൂറോപ്പ്‌ പടുത്തുയർത്താം. ’’

1943 ഫെബ്രുവരി 18ന്‌ വൈകിട്ട്‌ മ്യൂണിക് സർവകലാശാലയുടെ വരാന്തയിൽ ലഘുലേഖകൾ വിതറവെ ഗസ്റ്റപ്പോ സോഫിയെയും ഹാൻസിനെയും അറസ്റ്റ്‌ ചെയ്‌തു. തനിക്ക്‌ മുമ്പിൽവരുന്ന നാസിവിരുദ്ധകേസുകളിൽ 90 ശതമാനം പേർക്കും വധശിക്ഷ വിധിക്കുന്ന കുപ്രസിദ്ധ ജഡ്‌ജിയായ റൊളാണ്ട്‌ ഫ്രയ്‌സറോട്‌ സോഫി പറഞ്ഞു: ‘ ഞങ്ങൾ എഴുതിയതെല്ലാം സത്യമാണെന്ന്‌ അനേകം ജർമൻകാർ വിശ്വസിക്കുന്നുണ്ട്‌. അവർ അത്‌ പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ.’ 1943 ഫെബ്രുവരി 23 ന്‌ സോഫിയെയും ഹാൻസിനെയും ക്രിസ്‌റ്റഫ്‌ പ്രോബ്‌സ്‌റ്റിനെയും ശിരച്ഛേദം ചെയ്‌തു.

വധത്തിന്‌ തൊട്ടുമുമ്പ്‌ സോഫി തന്റെ സഹോദരിയോട്‌ പറഞ്ഞു: ‘ ഇതുപോലുള്ള മനോഹരവും പ്രസന്നവുമായ ദിവസം എനിക്ക്‌ പോയേ മതിയാകൂ. എന്റെ മരണത്തിന്റെ പ്രാധാന്യമെന്താണ്‌ ? ഞങ്ങളിലൂടെ ആയിരക്കണക്കിന്‌ ആളുകൾ ഉദ്‌ബുദ്ധരായെങ്കിൽ, അവരെ നാസിസത്തിനെതിരെ ചിന്തിക്കാൻ പ്രചോദിപ്പിച്ചെങ്കിൽ ചാരിതാർഥ്യത്തോടെയാണ്‌ ഞാൻ പോകുന്നത്‌. ’ സോഫിയുടെ അവസാനവാക്കുകൾ ‘സൂര്യൻ ഇപ്പോഴും എന്ത്‌ ശോഭയോടെയാണ്‌ തിളങ്ങുന്നത്‌ ’ എന്നായിരുന്നു.


പ്രധാന വാർത്തകൾ
 Top