01 April Wednesday

പോരാട്ടങ്ങളുടെ ആറരപ്പതിറ്റാണ്ട്

കെ വി രാമകൃഷ്‌ണൻUpdated: Saturday Feb 22, 2020

മധ്യതിരുവിതാംകൂറിലെ പ്രധാന കർഷക സമരങ്ങളിലൊന്നായ ശൂരനാട് വിപ്ലവത്തിന്റെ സ്മരണകളിരമ്പുന്ന കൊല്ലത്ത്‌ കേരള കർഷകസംഘം 26–-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം. ""ശൂരനാട് എന്നൊരു നാട് കേരളത്തിന്റെ ഭൂപടത്തിൽ വേണ്ട'' എന്ന  തിരുവിതാംകൂർ –- കൊച്ചിൻ മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ളയുടെ പ്രഖ്യാപനവും തുടർന്ന് നടന്ന രക്തരൂഷിത പോരാട്ടവും കർഷകസമരങ്ങളുടെ തിളങ്ങുന്ന ഏടായി.
അഖിലേന്ത്യാ കിസാൻ സഭയ്ക്ക് 84 വർഷവും കേരള കർഷകസംഘം രൂപീകരിച്ച് 64 വർഷവും പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് വേദിയൊരുങ്ങുന്നത്.

1935 ജൂലൈ 13ന് കണ്ണൂർ കൊളച്ചേരിയിലെ നണിയൂരിലാണ് കർഷകരുടെ സംഘടിതപ്രസ്ഥാനത്തിന് ആദ്യരൂപം കൈവരിക്കുന്നത്.  1937ൽ  അഖില മലബാർ കർഷകസംഘവും 1940ൽ കൊച്ചി കർഷകസഭയും 1941 ൽ തിരുവിതാംകൂർ കർഷകസംഘവും രൂപീകരിക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1956 ഡിസംബർ 29, 30 തീയതികളിൽ സംയുക്തമായി ഷൊർണൂരിൽ സമ്മേളിച്ച് കേരള കർഷകസംഘത്തിന് രൂപംനൽകി. നീണ്ട 84 വർഷത്തെ സംഘടനാപാടവവും സമരാനുഭവങ്ങളും ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് നമ്മുടേത്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ വികസനത്തിന്റെയും അടിസ്ഥാനം കർഷകപ്പോരാട്ടവും അതിന്റെ വിജയവുമാണ്. ഭൂവുടമാ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തി ഗ്രാമങ്ങളിൽ പുതിയ ബന്ധങ്ങൾ ഉരുത്തിരിയാനും ഈ പോരാട്ടങ്ങൾ വഴിതെളിച്ചു.

1991 മുതൽ കേന്ദ്രഗവൺമെന്റ് നടപ്പാക്കുന്ന സാമ്പത്തികനയം കാർഷികമേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ലോകവ്യാപാര കരാർ, ആസിയാൻ കരാർ, ഇന്തോ–-അമേരിക്കൻ കരാർ, ആർസിഇപി കരാർ തുടങ്ങിയ ഒട്ടേറെ വ്യാപാരകരാറുകൾ കാർഷികമേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകളെ ക്ഷണിച്ചുവരുത്തി. കോർപറേറ്റ് കൃഷിസമ്പ്രദായം, വിത്തുനിയമം, ഭക്ഷ്യനയം തുടങ്ങിയവ മേഖലയെ കൂടുതൽ ആഴങ്ങളിലേക്ക്‌ തള്ളുകയാണ്. പ്രതിസന്ധി ചെറുകിട, ഇടത്തരം, നാമമാത്ര കൃഷിക്കാരെ മാത്രമല്ല ധനിക കർഷകരെക്കൂടി ബാധിച്ചിരിക്കുന്നു. ഈ നയങ്ങൾക്കെതിരായി ഒരു ബദൽനയം ഉയർത്തിപ്പിടിച്ചാണ് അഖിലേന്ത്യാ കിസാൻസഭയും കേരള കർഷകസംഘവും മുന്നോട്ടുപോകുന്നത്.

ഭൂപരിഷ്കരണം നടപ്പാക്കിയ കുറച്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.  ജൻമിത്തം അടക്കിവാണ ഒരു സമൂഹത്തെയും അതിന്റെ ജാതി–-നാടുവാഴി താവഴികളെയും ഭൂപരിഷ്കരണം കശക്കിയെറിഞ്ഞു.  ലക്ഷക്കണക്കിന് കൃഷിക്കാർക്ക് കൃഷിഭൂമി സ്വന്തമായി; കർഷകത്തൊഴിലാളികൾക്ക് ഭൂമിയും കുടികിടപ്പും ലഭിച്ചു.  ഗ്രാമീണമേഖലയിൽ സാമൂഹ്യവും സാമ്പത്തികവുമായ വലിയ മാറ്റങ്ങൾക്ക് ഭൂപരിഷ്കരണം വഴിതെളിച്ചു.  എന്നാൽ, ഭൂപരിഷ്കരണത്തിനുശേഷവും കേരളത്തിൽ വലിയ രീതിയിലുള്ള കാർഷിക മുതലാളിത്തത്തിന്റെ വളർച്ചയുണ്ടായില്ല.  ഒട്ടേറെ കർഷകർ കൃഷി വിട്ട് മറ്റ് ജീവിതവൃത്തികളിലേക്ക് തിരിഞ്ഞു, കൃഷിഭൂമിയുടെ വിസ്തീർണം കുറഞ്ഞു, പല വിളകളിലും ഉൽപ്പാദനം കുറഞ്ഞു, ഉൽപ്പാദനക്ഷമതയുടെ വളർച്ച മന്ദീഭവിച്ചു, യന്ത്രവൽക്കരണം സാർവത്രികമായില്ല, ചുരുക്കത്തിൽ ചെറുകൃഷിയിടങ്ങളെ അടിസ്ഥാനമാക്കിയുള്ള കാർഷിക മുതലാളിത്തം സംഭവിച്ച അവസ്ഥയാണ്‌ കേരളത്തിലുള്ളത്.  |

ഉൽപ്പാദന ബന്ധങ്ങളുടെയും ഉൽപ്പാദന ശക്തികളുടെയും പൊരുത്തമില്ലായ്മ പ്രത്യക്ഷമായിതന്നെ ദൃശ്യവുമാണ്.
ഇതിന് പല കാരണങ്ങളുണ്ട്. കേരളത്തിലെ ഭൂപരിഷ്കരണത്തിന് ഏറെ പരിമിതികളുണ്ടായിരുന്നു. 1957ലെ നിയമം അതിനുശേഷം വന്ന സർക്കാരുകൾ അട്ടിമറിച്ചു.  മിച്ചഭൂമി തിരിമറി ചെയ്യപ്പെട്ടതുമൂലം കൃഷിഭൂമിയുടെ പുനർവിതരണം പൂർണമായില്ല.  കർഷകത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ഭൂമി മുഴുവനായി കിട്ടിയില്ല.  ഫലത്തിൽ, ഭൂരിപക്ഷം കർഷകത്തൊഴിലാളികൾക്കും ഭൂപരിഷ്കരണത്തിന്റെ ഫലം കുടികിടപ്പ് അവകാശത്തിലൊതുങ്ങി.  അതേസമയം, പാട്ടകുടിയാൻമാർക്കും മറ്റും ലഭിച്ച കൃഷിഭൂമിയാകട്ടെ ജനസംഖ്യാവർധനയുടെ ഭാഗമായി സ്വത്ത് വീതംവയ്‌പിലൂടെ ചെറുതുണ്ടുകളായും മാറി.  തോട്ടവിളകൾക്ക് പുറത്തുള്ള ഭൂമിയെടുത്താൽ, ബഹുഭൂരിപക്ഷം കൃഷിയിടങ്ങളുടെയും വിസ്തൃതി ഒരേക്കറിൽ താഴെയായി. ഭൂവിസ്തൃതിയുടെ സാമ്പത്തിക ഗുണങ്ങൾ നേടാൻ ഈ കൃഷിയിടങ്ങൾക്ക് കഴിയാതെ വന്നു. വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടക്കാതെയും  ആധുനികസാങ്കേതിക വിദ്യകൾ പ്രയോഗത്തിൽ വരുത്താൻ കഴിയാതെയും വന്നു.  ഇത് കാർഷികരംഗത്തിന്റെ ദൗർബല്യത്തിന് കാരണമായി. ഇതിനൊപ്പം കാണേണ്ട പ്രധാന ദൗർബല്യങ്ങൾ വേറെയുമുണ്ട്.

1) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ കൃഷിയെ മുഖ്യ വരുമാന സ്രോതസ്സായി ആശ്രയിക്കുന്ന കുടുംബങ്ങൾ കുറവാണ്. ആകെ ഗ്രാമീണ കുടുംബങ്ങളുടെ 27 ശതമാനം മാത്രമാണത്.  ഇന്ത്യയിലെ ഗ്രാമീണമേഖല മൊത്തമെടുത്താൽ ഇത് 61 ശതമാനം വരും. കൃഷിഭൂമി സ്വന്തമായുള്ള പല കുടുംബങ്ങൾക്കും ഗൗരവമായി കൃഷി ചെയ്യാൻ സമയമോ താൽപ്പര്യമോ ഇല്ല.  അതുതന്നെയാണ്  നെൽപ്പാടങ്ങളും പറമ്പുകളും തരിശായിടുന്ന അവസ്ഥ സൃഷ്ടിച്ചതും.  2) കാർഷികമേഖലയുടെ നട്ടെല്ലാണ് നാണ്യവിളകൾ.  മിക്ക നാണ്യവിളകളുടെയും വില ആഗോള വിപണിയിലെ വിലയുമായി സമന്വയപ്പെട്ടിരിക്കുന്നു.  നാണ്യവിളകളുടെ സാമ്പത്തിക സാധ്യതകൾ നമ്മുടെ പരിധിക്ക് പുറത്താണ് നിശ്ചയിക്കപ്പെടുന്നത്.  3) കർഷകത്തൊഴിലാളികളുടെ അഭാവവും തടസ്സമാണ്‌. കർഷകത്തൊഴിലാളികളിൽ വലിയൊരു ഭാഗം കാർഷികേതരവൃത്തികളിലാണ്. പുതുതലമുറ ഈ മേഖലയിലേക്ക്‌ കടന്നുവരുന്നതിൽ വിമുഖരാണ്. യന്ത്രവൽക്കരണത്തിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെങ്കിൽപ്പോലും അതിന് പരിഹാരം കാണാൻ കഴിയാത്തത് മേൽ സൂചിപ്പിച്ച ദൗർബല്യങ്ങളാണ്.

കാർഷിക  ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുക എന്നതാണ്  പ്രധാന വെല്ലുവിളി.  റബർ ഒഴികെ  മറ്റ് പല വിളകളുടെയും ഉൽപ്പാദനക്ഷമത രാജ്യത്തെ ശരാശരിയെക്കാളും കുറവാണ്.  സാങ്കേതിക വിദ്യകൾ  ഉപയോഗത്തിൽ വരുത്തിയും  മികച്ച വിപണന സൗകര്യങ്ങൾ ഒരുക്കിയും  മൂല്യവർധിത സംസ്കരണം  ഉറപ്പുവരുത്തിയും മാത്രമേ വരുമാനം വർധിപ്പിക്കാനാകൂ.ഒരു പുതിയ കാർഷിക കേരളംതന്നെ നിർമിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഏറ്റവും പ്രധാനം യുവാക്കളെ എങ്ങനെ കൃഷിയിലേക്ക് ആകർഷിക്കാം എന്നതാണ്.  പുതിയ തലമുറയെ  ആകർഷിക്കാതെ കൃഷിയെ സംരക്ഷിക്കാൻ കഴിയില്ല.  ഇതിനുവേണ്ടത് കൃഷിയെ സാമ്പത്തികമായി ആകർഷകമാക്കുകയാണ്. ഹോർട്ടികൾച്ചർ കൃഷിയിലാണ് പുതുതലമുറക്ക് കൂടുതൽ താൽപ്പര്യം.


കാലാവസ്ഥാ വ്യതിയാനങ്ങളെ കൂടുതൽ പഠനവിധേയമാക്കി രൂപപ്പെടുത്തേണ്ടതാണ്  കൃഷിരീതികൾ എന്നതാണ് നാം അഭിമുഖീകരിച്ച മഹാപ്രളയത്തിന്റെ അനുഭവം പകരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ കൂടുതൽ ശാസ്ത്രീയമായി കൃഷിരീതി മാറണം.   1)  കൃത്യമായ ഒരു ഭൂവിനിയോഗ പദ്ധതി വേണം.  ഭൂമിയെ ഏറ്റവും കാര്യക്ഷമമായും സുസ്ഥിരമായും ഉപയോഗിക്കാൻ ഇത്തരമൊരു നയമുണ്ടായേ തീരൂ.  കൃഷിക്കനുയോജ്യമായ നയം വേണം. നിർമാണ നിഷിദ്ധ മേഖലകൾ, വിനോദ സഞ്ചാരമേഖലകൾ, വ്യാവസായികമേഖലകൾ എന്നിങ്ങനെ വിവിധ മേഖലകളിലായി ഭൂമിയെ തിരിക്കുന്ന ഒരു പദ്ധതി അനിവാര്യമാണ്.  മണ്ണിന്റെ ആരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും കണക്കിലെടുത്ത് ഓരോ മേഖലയിലും ഭൂപരിഷ്കരണ പദ്ധതികളും നമുക്കാവശ്യമാണ്.  2) ഓരോ നദിക്കും ഓരോ നദീതട പദ്ധതി വേണം.  ഈ നദീതട പദ്ധതികളിൽ അടിസ്ഥാനമാക്കിയ നീർത്തടാധിഷ്ഠിത പദ്ധതികളും ഓരോ പ്രദേശങ്ങൾക്കും വേണം.  3) ഭൂവിനിയോഗപദ്ധതികളിലും നീർത്തട പദ്ധതികളും അടിസ്ഥാനമാക്കിയ ഒരു വിളപദ്ധതിയും വേണ്ടതുണ്ട്.   ഇങ്ങനെ മാത്രമേ നമുക്ക് ഒരു പരിസ്ഥിതി സൗഹൃദ കൃഷിസമ്പ്രദായം ഇവിടെ കൊണ്ടുവരാൻ കഴിയൂ.  പ്രസ്തുതവിഷയങ്ങളും സമഗ്രമായി കൊല്ലം സമ്മേളനം ചർച്ച ചെയ്യും.
2017 ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ കണ്ണൂരിൽ ചേർന്ന 25–-ാം സംസ്ഥാന സമ്മേളനത്തിനുശേഷമുള്ള മൂന്ന് വർഷം കാർഷികമേഖലയിൽ വൻ മാറ്റമാണ് സൃഷ്ടിച്ചത്. കേന്ദ്രസർക്കാർ കർഷകരെ കൃഷിയിൽനിന്നകറ്റി കോർപറേറ്റ് കൃഷിയിലേക്ക് നീങ്ങുമ്പോൾ, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൃഷിക്കാരെ മേഖലയിൽത്തന്നെ പിടിച്ചുനിർത്താനുള്ള ഒരു ബദൽനയമാണ് സ്വീകരിക്കുന്നത്. തികച്ചും കർഷകപക്ഷ നിലപാടുകളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഒടുവിലായി കർഷകപെൻഷൻ 1,100 രൂപയായി വർധിപ്പിച്ച് വിതരണം ആരംഭിച്ചതും ആത്മവിശ്വാസം പകരുന്നതാണ്.

ക്രിയാത്മകമായ ഇത്തരം നടപടികളിലൂടെ കർഷകർക്കും കാർഷികമേഖലയ്ക്കും പുത്തനുണർവ് നൽകാനും  ആശങ്കൾ ദുരീകരിക്കാനായി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന ഓർമപ്പെടുത്തലിനും ഈ സമ്മേളനം വേദിയാകും.
കണ്ണൂർ സമ്മേളനത്തിനുശേഷം സംഘടനാപരമായി ബഹുദൂരം മുന്നോട്ടുപോകാൻ സംഘടനയ്ക്കായി. കക്ഷി രാഷ്ട്രീയത്തിനതീതമായി ആയിരക്കണക്കിന് കർഷകരാണ് പ്രതിവർഷം സംഘടനയിൽ അംഗങ്ങളാകുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കർഷകരുടെ ഏക സ്വതന്ത്ര സംഘടന കേരള കർഷകസംഘമാണ്.
കണ്ണൂരിൽനിന്ന്‌ കൊല്ലത്തെത്തുമ്പോൾ അംഗസംഖ്യ അരക്കോടിയിൽ അധികമായി ഉയർന്നു. കർഷകസംഘത്തിന്റെ പ്രാഥമിക ഘടകം യൂണിറ്റുകളാണ്.  22,418 യൂണിറ്റ് ഉണ്ടായിരുന്നത് 23,181 ആയി വർധിച്ചു.  2,047 വില്ലേജ് കമ്മിറ്റിയും 208 ഏരിയ കമ്മിറ്റിയും 14 ജില്ലാ കമ്മിറ്റിയും പ്രവർത്തിക്കുന്നു.  2019 ആഗസ്‌ത്‌ മുതൽ ആരംഭിച്ച യൂണിറ്റ് തലംമുതലുള്ള സമ്മേളന നടപടികളിലൂടെയാണ് സംസ്ഥാന സമ്മേളനം  22 മുതൽ 24 വരെ കൊല്ലത്ത്‌ നടക്കുന്നത്. 
ഭാരവാഹികളെ തെരഞ്ഞെടുക്കൽ മാത്രമല്ല മേൽചേർത്ത കാർഷികപ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളും സമ്മേളനം  സജീവ ചർച്ചയാക്കും.

കൃഷി ശാസ്ത്രസാങ്കേതിക വിദ്യയിലേക്കും യന്ത്രവൽക്കരണത്തിലേക്കും ഉയർന്നുവരേണ്ടതുണ്ട്.  കർഷകരെ അതിന് പ്രാപ്തരാക്കാൻ കഴിയുംവിധം ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങളിലേക്ക് അവരെക്കൊണ്ടുവരാൻ നേതൃത്വപരമായ പങ്ക് നിർവഹിക്കേണ്ടതുസംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യും.


പ്രധാന വാർത്തകൾ
 Top