15 December Sunday

ചോരവീണ സോൻഭദ്ര; കർഷകരുടെ ജീവന്‌ എന്ത്‌ വിലയുണ്ട്‌...

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ജാതി മേൽക്കോയ്‌മ നിറഞ്ഞ് നിൽക്കുന്ന, ശ്വസിക്കുന്ന വായുവിൽ പോലും ജാതിയുള്ള ഉത്തർപ്രദേശിലെ ലാൽഗാവിന്റെ കഥപറഞ്ഞ ആർട്ടിക്കിൾ 15 എന്ന സിനിമ വന്നുപോയിട്ട്‌ അധികമായിട്ടില്ല. 3 പെൺകുട്ടികളെ കാണാതായിട്ടും, കൊന്ന്‌ മരത്തിൽ കെട്ടിത്തൂട്ടിയിട്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുന്ന ഭരണാധികാരികളെയാണ്‌ സിനിമയിൽ ഉടനീളം കാണിക്കുന്നത്‌. ഉത്തർപ്രദേശിലെത്തന്നെ കാൺപൂർ അടക്കമുള്ള സ്ഥലങ്ങളിൽ മേൽജാതിക്കാരും ഉദ്യോഗസ്ഥരും പ്രദർശനം തടയുകയും ചെയ്‌തു. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു എന്നായിരുന്നു അവരുടെ വാദം.

എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ മിർസാപൂരിലെ സോൺഭദ്രയിൽ സംഭവിച്ച കാര്യങ്ങൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നീതിനിഷേധത്തിനിരയാകുന്നവരുടെ നരകതുല്യമായ ജീവിതമാണ്‌ പുറംലോകത്തെത്തിക്കുന്നത്‌. നാല് സ്ത്രീകളടക്കം പത്ത് ആദിവാസികളാണ്‌ സോന്‍ഭദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉഭ ഗ്രാമത്തലവന്‍ ഇ കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് ഇവിടെ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ടവർ വർഷങ്ങളായി ഇവിടെ താമസിച്ച‌് കൃഷിചെയ്യുന്നവരാണ‌്. എന്നാൽ, രേഖകളിൽ എവിടെയും ഇവരുടെ പേരില്ല. ചുരുങ്ങിയത്‌ സ്വാതന്ത്രലബ്‌ധിക്ക്‌ ശേഷം മുതലെങ്കിലും പ്രദേശത്ത്‌ കൃഷിചെയ്‌ത്‌ ജീവിക്കുന്നവരാണ്‌ ഗോണ്ട്‌ ഗോത്രവിഭാഗത്തിലുള്ള കർഷകർ. പെട്ടെന്ന്‌ ഒരുദിവസം നൂറുകണക്കിനാളുകൾ തങ്ങളുടെ കൃഷിയിടം ട്രാക്‌ടറുകളുമായി നശിപ്പിക്കുന്നത്‌ കണ്ടാണ്‌ അവർ പ്രതിഷേധിച്ചത്‌. സ്‌ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. എല്ലാവരേയും ലാത്തികൊണ്ടും വടികൊണ്ടും മർദ്ദിച്ചു. മുന്നിൽ നിന്നവർക്കുനേരെ വെടിയുതിർത്തു.

വളരെ ആസൂത്രിതമായ കൂട്ടക്കൊല നടത്തിയിട്ടും പൊലീസും ഉത്തർപ്രദേശിലെ ഭരണസംവിധാനങ്ങളും സംഭവം പുറത്തറിയാതിരിക്കാനാണ്‌ ശ്രദ്ധിച്ചത്‌. ഭൂമിയുമായി ബന്ധപ്പെട്ട്‌ രണ്ട്‌വർഷമായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ്‌ സോൺഭദ്ര. വലിയൊരു അക്രമിസംഘം ഗ്രാമത്തിലേക്ക്‌ കടന്നുകയറിയിട്ടും അത്‌ നിയന്ത്രിക്കാനോ, വെടിവയ്‌പ്പിനുശേഷം നടപടികളെടുക്കാനോ ആദ്യം ആരും തയ്യറാറായിരുന്നില്ല. പ്രാദേശിക മാധ്യമങ്ങളാണ്‌ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്‌.

വർഷങ്ങളായി അവിടെ താമസിച്ച്‌ കൃഷി ചെയ്‌ത്‌ ജീവിച്ചിരുന്ന ആദിവാസികൾ പക്ഷേ രേഖകളിൽ ഒരിടത്തുപോലും ഇല്ല. അവർ ആരായിരുന്നു എന്ന്‌ ഭരണസംവിധാനങ്ങൾ ചോദിച്ചാൽ എവിടെയോ ജനിച്ച്‌ എങ്ങനെയോ മരിച്ചുപോയ കുറേ മനുഷ്യൻ എന്നുമാത്രമായിരിക്കും അറിയാൻ കഴിയുക. പലതവണ സ്ഥലം തങ്ങളുടേതാക്കിമാറ്റാൻ വിവിധ കമ്പനികളും വൻകിട ഭൂവുടമകളും ശ്രമിച്ചിരുന്നെങ്കിലും വഴങ്ങാതെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു സോൻഭദ്രക്കാർ.

പ്രധാനപ്പെട്ട ദേശീയ മാധ്യമങ്ങൾക്കെല്ലാം സോൺഭദ്രയെപ്പറ്റി ഇപ്പോഴും പറയാനുള്ളത്‌ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞു എന്നതിനോട്‌ ചേർത്താണ്‌. നിരോധനാജ്ഞാ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്യാൻ കാരണം എന്നും അറിയാൻ കഴിഞ്ഞു. പക്ഷെ, പ്രിയങ്കാ ഗാന്ധിയുടെ സമരം എന്തിന് വേണ്ടിയായിരുന്നു എന്ന് ആരും പറഞ്ഞു കണ്ടില്ല. പത്ത് പേരുടെയെങ്കിലും മരണത്തിനും നിരവധി പേർക്ക് പരിക്കിനും ഇടയാക്കിയ ഒരു വെടിവെപ്പ് രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ ജനങ്ങളെ അറിയിക്കരുത് എന്ന് ആർക്കാണ് നിർബന്ധം?

സംഭവം പുറംലോകം അറിഞ്ഞതോടെ സർക്കാർ ഇട്പെട്ട കേസിൽ 29 പേർ അറസ‌്റ്റിലായിട്ടുണ്ട്‌. സബ‌്ഡിവിഷണൽ മജിസ‌്ട്രേറ്റും പൊലീസ‌് സർക്കിൾ ഇൻസ‌്പെക്ടറും ഉൾപ്പെടെ അഞ്ചുപേരെ സസ‌്പെൻഡ‌്ചെയ‌്തു. ഗ്രാമമുഖ്യനുൾപ്പെടെ 10 പേരാണ‌് മരിച്ചത‌്. മരിച്ചവരിൽ മൂന്നുപേർ സ‌്ത്രീകളാണ‌്. മുഖ്യപ്രതി യാഗദത്ത‌് ഉൾപ്പെടെ 29പേരാണ‌് അറസ‌്റ്റിലായത‌്. ഇയാളിൽനിന്ന‌് ഒറ്റ ബാരൽ തോക്കും മൂന്ന‌് ഇരട്ട ബാരൽ തോക്കും ഒരു റൈഫിളും ആറ‌് ട്രാക്ടറും പിടിച്ചെടുത്തു.


പ്രധാന വാർത്തകൾ
 Top