25 May Saturday

വയോജനങ്ങളെ സംരക്ഷിക്കുന്ന സർക്കാർ

അമരവിള രാമകൃഷ്ണൻUpdated: Friday Apr 19, 2019


ഇന്ത്യ ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സമൂഹത്തിൽ ഏറ്റവും ദുർബലരായ വയോജനങ്ങളുടെ പ്രശ്നങ്ങൾ ഓരോ രാഷ‌്ട്രീയ പാർടിയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ‌്. ഇന്ത്യയിലെ ജനസംഖ്യയിൽ 10 ശതമാനത്തോളം വയോജനങ്ങളാണ്. കേരളത്തിൽ ഇത് 13.5 ശതമാനം വരും. കേന്ദ്ര സർക്കാരും കേരളം ഒഴികെയുള്ള സംസ്ഥാന സർക്കാരുകളും വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നത് വ്യക്തമാണ്. കേരളം മാത്രമാണ് വയോജനങ്ങൾക്ക് മാന്യമായ അംഗീകാരം നൽകിയ ഇന്ത്യയിലെ ഏക സംസ്ഥാനം. കേന്ദ്ര സർക്കാർ വയോജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പെൻഷൻ പ്രതിമാസം 200 രൂപയാണ്. നരേന്ദ്ര മോഡി അഞ്ച‌ുവർഷം ഭരിച്ചിട്ടും ഈ പെൻഷൻ ഒരു രൂപപോലും വർധിപ്പിക്കാൻ തയ്യാറായില്ല.

കേരളത്തിൽ സാമൂഹ്യക്ഷേമപെൻഷൻ 600 രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ച ഉമ്മൻചാണ്ടി സർക്കാർ ഈ തുക അൽപ്പംപോലും  വർധിപ്പിക്കാൻ തയ്യാറായില്ല. എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ സാമൂഹ്യക്ഷേമ പെൻഷൻ 1000 രൂപയായും ഇപ്പോൾ 1200 രൂപയായും വർധിപ്പിച്ചു. 56 ലക്ഷം പേർക്കാണ് ഈ ആനുകൂല്യം ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും ബൃഹത്തായ ഒരു സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി നിലവിലില്ല. മാത്രവുമല്ല, ഈ തുക കൃത്യമായി അവരുടെ വീടുകളിൽ കൊണ്ടുപോയി നേരിട്ട് നൽകുന്നു എന്ന പ്രത്യേകതയും ഉണ്ട്. സാമൂഹ്യ സുരക്ഷ പെൻഷൻ 6000 രൂപയാക്കണമെന്നാണ‌് സിപിഐ എം ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളത്.

വയോജനങ്ങൾക്കായി വ്യത്യസ‌്തങ്ങളായ പല പെൻഷൻ പദ്ധതികളും കേരളത്തിൽ നിലവിലുണ്ട്. സാമൂഹ്യസുരക്ഷാ പെൻഷൻ കൂടാതെ വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ, കർഷകത്തൊഴിലാളി, വിധവ, വികലാംഗ പെൻഷനുകൾ. കൂടാതെ, 50 വയസ്സായ അവിവാഹിതയായ വനിത, കർഷകർ തുടങ്ങിയ വിഭാഗങ്ങൾക്കും പെൻഷൻ നൽകിവരുന്നു.

മുതിർന്നവർക്കുവേണ്ടി സംസ്ഥാന സർക്കാർ വിവിധ ക്ഷേമപദ്ധതികളും നടപ്പാക്കിവരുന്നു. ആശ്വാസ് കിരൺ, മന്ദഹാസം, സ്വയം പ്രഭാസദനങ്ങൾ, വയോജന സേവന സെന്ററുകൾ, വൃദ്ധസദനങ്ങൾ, മൊബൈൽ മെഡിക്കൽ കെയർ യൂണിറ്റ്, കൗൺസലിങ‌് സെന്റർ, ഫിസിയോതെറാപ്പി ക്ലിനിക്കുകൾ, വൃദ്ധ വിധവകൾക്കായുള്ള മൾട്ടി ഫെസിലിറ്റി സെന്ററുകൾ, അൽഷിമേഴ്സ്/ഡിമൻഷ്യാ രോഗികൾക്കുള്ള ഡേകെയർ സെന്ററുകൾ, വയോമധുരം തുടങ്ങിയ നിരവധി പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിവരുന്നത്.

വയോജന സംരക്ഷണത്തിന്റെ ഏജൻസികൾ തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പദ്ധതിത്തുകയിൽ അഞ്ച‌ുശതമാനം വയോജനങ്ങൾക്കായി നീക്കി വയ‌്ക്കാൻ തിരുമാനിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും പദ്ധതിത്തുക സംസ്ഥാന ബജറ്റ‌് വഴി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നില്ല.  2018 ‐-2019 സാമ്പത്തിക വർഷം 375 കോടിരൂപയാണ് നീക്കിവച്ചതെങ്കിലും ഇതിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ വയോജനങ്ങൾക്കായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പൊതുതെരഞ്ഞെടുപ്പ‌് അടുത്തിരിക്കുകയാണ‌്. മുതിർന്നവർ ഈ അവസരത്തിൽ നമ്മുടെ മിത്രങ്ങൾ ആരാണ് എന്ന‌് മനസ്സിലാക്കാൻ തയ്യാറാകണം.  നമ്മുടെ സംസ്ഥാനത്തു മാത്രമാണ് വയോജനങ്ങൾക്ക് ഇത്രയധികം സംരക്ഷണവും പരിരക്ഷയും ലഭിക്കുന്നത്. ഈ വസ‌്തുത  മനസ്സിലാക്കി വയോജന ക്ഷേമപദ്ധതികൾ നടപ്പാക്കാനുള്ള പിന്തുണ സർക്കാരിന‌് നൽകാൻ വയോജനങ്ങൾക്ക് ബാധ്യതയുണ്ട്. ഈ കടമ നിർവഹിക്കാൻ എല്ലാ വയോജനങ്ങളും തയ്യാറാകേണ്ടതാണ്.


പ്രധാന വാർത്തകൾ
 Top