02 December Wednesday

യു ട്യൂബ് അപവാദപ്രചാരണത്തിനാകരുത്‌

ജെയ്‌മോൻ ആൻഡ്രൂസ്‌Updated: Wednesday Sep 30, 2020

സമൂഹത്തിലെ പല ഉന്നതർക്കും ചിലപ്പോൾ സാധാരണക്കാർക്കും എതിരായി തങ്ങൾക്ക് ശരിയായ അറിവില്ലാത്ത, ഒരു അടിസ്ഥാനവുമില്ലാത്ത അപവാദങ്ങളും അശ്ലീലങ്ങളും നിറംപിടിപ്പിച്ച കഥകളും യു ട്യൂബ് വഴിയും ഓൺലൈൻ പത്രങ്ങൾ വഴിയും പടച്ചുവിടുക എന്നത് എളുപ്പത്തിലുള്ള സ്വത്ത് സമ്പാദനരീതിയായി മാറിയിട്ടുണ്ട്‌.

ഏതാനും വീഡിയോകൾ കുറച്ച്‌ ആളുകൾ കണ്ടുകഴിഞ്ഞാൽ പിന്നീട് അത് എത്രയും പെട്ടെന്ന് "യു ട്യൂബ്' ചാനലുകളായി മാറും. സാമൂഹ്യമാധ്യമങ്ങൾവഴി ഇവ പ്രചരിപ്പിച്ച്‌ പരമാവധി ആളുകളെ കാണിച്ച്‌ സമ്പന്നരാകുക എന്നതാണ്‌ ഈ സാമൂഹ്യവിരുദ്ധരുടെ ലക്ഷ്യം.  യു ട്യൂബ് വഴി പോസിറ്റീവ് വാർത്തകളേക്കാൾ പ്രചാരം ലഭിക്കുന്നത് നെഗറ്റീവ് വാർത്തകൾക്കാണെന്നതും ഈ വഴി തെരഞ്ഞെടുക്കാൻ കാരണമാക്കുന്നുണ്ട്.  ഒരു അസംബന്ധം എത്രത്തോളം വിവാദമാകുന്നു അത്രത്തോളം കാഴ്ചക്കാർ, ലൈക്കുകൾ, കമെന്റുകൾ, സബ്‌സ്‌ക്രിഷൻ എന്നിവ കൂടും. ഇത്തരം ദുഷിച്ച വീഡിയോകൾക്കെതിരായി പ്രതിഷേധം ഉയരുമ്പോൾ ആ പ്രതിഷേധം നൽകുന്ന പ്രചാരവുംകൂടി ഈ വീഡിയോ കൂടുതൽ ആളുകൾ കാണാനും അതുവഴി അധികവരുമാനം ഉണ്ടാകാനുമിടയാകുന്നു.  ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെട്ടാൽ അത് ഉടൻ നീക്കം ചെയ്യിക്കാൻ ആവശ്യമായ നിയമങ്ങൾ ഈ രാജ്യത്തില്ല.


 

ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ്  അനധികൃത സ്വത്തുസമ്പാദനം തടയൽ എന്ന കേന്ദ്ര നിയമത്തിന്റെ പരിധിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൊണ്ടുവരേണ്ടതിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. പ്രസ്തുത നിയമത്തിൽ 2 (യു) വകുപ്പിൽ "കുറ്റകൃത്യത്തിൽ നിന്നുള്ള സമ്പാദ്യം' നിർവചിച്ചിട്ടുണ്ട്. അത്തരം പണം, സ്വത്ത് ഇവ നിയമത്തിലെ വകുപ്പ് 5  പ്രകാരം സർക്കാരിന് ബന്ധപ്പെട്ട ഏജൻസികൾ വഴി  കണ്ടുകെട്ടാവുന്നതാണ്. ഇത്തരം ചാനലുകളെ നിയന്ത്രിക്കാനും തടയാനും ശിക്ഷിക്കാനും ഫലപ്രദമായ വിവരസാങ്കേതിക നിയമം രാജ്യത്ത് ഇല്ല. വിവരസാങ്കേതികാനിയമത്തിലെ 66-എ  വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതിനുശേഷം ഫലപ്രദമായ നിയമനിർമാണം, ഭേദഗതികൾ ഉണ്ടായിട്ടില്ല. ഐടി നിയമത്തിലെ 72, 75 വകുപ്പുകൾ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതാകട്ടെ ഇത്തരം ചാനൽ പ്രസിദ്ധീകരണങ്ങളെ നിയന്ത്രിക്കാനുള്ളതല്ല.

സമഗ്രമായ നിയമഭേദഗതികൾ വരുത്തി അപവാദക്കച്ചവട പരിപാടികൾക്ക്  തടയിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ നിയമങ്ങളിൽ ഫലപ്രദമായ നിയമഭേദഗതി കൊണ്ടുവരേണ്ട ബാധ്യതയുണ്ട്. ഇപ്പോൾ യു ട്യൂബ് കുറ്റവാളികൾക്കെതിരായി  രജിസ്റ്റർ ചെയ്ത  കേസുകളിൽ  അനധികൃതസ്വത്ത് സമ്പാദനം തടയൽ നിയമത്തിന്റെ,  ഇത്തരം സ്വത്ത് കണ്ടുകെട്ടൽ പ്രക്രിയയുടെ പരിധിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതെങ്കിലും വകുപ്പുണ്ടോ എന്നത് അറിവില്ല. അങ്ങനെയുണ്ടെങ്കിൽ കേന്ദ്ര ഏജൻസിക്ക് കൈമാറി നിയമത്തിന്റെ  വരുതിയിൽ കൊണ്ടുവന്ന്‌ യു ട്യൂബ് വഴി കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടാം.

(സുപ്രീംകോടതിയിൽ അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top