16 August Sunday

വിദ്യാലയങ്ങൾ പ്രതിഭകളോടൊപ്പം

പ്രൊഫ. സി രവീന്ദ്രനാഥ് (പൊതുവിദ്യാഭ്യാസ മന്ത്രി)Updated: Tuesday Nov 12, 2019

 
സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയകരമായി തുടർന്നുവരികയാണല്ലോ. ജനകീയ വിദ്യാഭ്യാസത്തിന്റെ ഉത്തമമാതൃകയായി ഈ പദ്ധതി മാറിയിരിക്കുന്നു. കേരളജനത ഒറ്റക്കെട്ടായി, കക്ഷിരാഷ്ട്രീയത്തിനുമപ്പുറം, ജനകീയ വിദ്യാഭ്യാസത്തെ നെഞ്ചേറ്റിയിരിക്കുന്നു. സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ ഓർമകളും ഊർജവും  പൊതുവിദ്യാഭ്യാസത്തെ കൂടുതൽ സമ്പന്നമാക്കിയിരിക്കുന്നു. മൂന്ന് പ്രധാന ഘടകമാണ് ഈ പദ്ധതിയിൽ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് ജനകീയത. രണ്ട് ആധുനികത. മൂന്ന് മാനവികത. ഈ മൂന്ന് ആശയങ്ങളുടെ പരസ്പരപൂരകമായ വ്യാപനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വളർച്ച. കമ്പോളം നഷ്ടപ്പെടുത്തിയ എല്ലാ മൂല്യങ്ങളെയും തിരിച്ചുപിടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിലൂടെ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസം എന്ന ഐക്യകേരളത്തിന്റെ ചിരകാല സ്വപ്‌നം സാക്ഷാൽക്കരിക്കാൻ നമുക്ക് കഴിയുമെന്ന് കരുതുന്നു. വരുന്ന തലമുറകൾക്കുവേണ്ടി നമുക്ക് കരുതിവയ്‌ക്കാവുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്.

കഴിഞ്ഞ മൂന്നരവർഷത്തെ കഠിനമായ പ്രയത്നംമൂലം മേൽപ്പറഞ്ഞ മാർഗദിശയിലൂടെ ഏറെ മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നിതി ആയോഗിന്റെ കണക്കെടുപ്പിൽ 82.17 പോയിന്റ് നേടി കേരളം ഒന്നാം സ്ഥാനത്തെത്തിയത് അതിന്റെ ഉദാഹരണമാണ്. പാർശ്വവൽക്കരണമില്ലാത്ത ക്ലാസ്‌ മുറിയിൽനിന്ന്‌ പാർശ്വവൽക്കരണമില്ലാത്ത സമൂഹം എന്ന ആശയം സാർഥകമാക്കാനാണ് ജനകീയ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. അതേസമയം, ഏറ്റവും ആധുനികമായ വിദ്യാഭ്യാസം സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്ക്‌ ലഭിക്കുകയും വേണം.  ഇതിലൂടെ വിദ്യാഭ്യാസരംഗത്തെ തുല്ല്യത എന്ന ആശയംകൂടി നടപ്പാക്കപ്പെടുകയും എല്ലാ കുട്ടികൾക്കും ഏറ്റവും ആധുനിക വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യും.


 

വായനയുടെ വസന്തം
പാർശ്വവൽക്കരണമില്ലാത്തതും മാനവികത നിറഞ്ഞതും പ്രകൃതിചിന്തയുള്ളതും മതനിരപേക്ഷവും സാമൂഹ്യബോധവും ശാസ്ത്രചിന്തയുള്ളതുമായ മനസ്സ് വളർന്നുവരണം എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ യുക്തിഭദ്രമായ ലക്ഷ്യം.  ആവാസവ്യവസ്ഥാധിഷ്ഠിതമായതും ആധുനികവൽക്കരിച്ചതുമായ വിദ്യാഭ്യാസത്തിനുമാത്രമേ ഈ നേട്ടം കൈവരിക്കാൻ കഴിയൂ. ഇത്തരത്തിൽ മാത്രമേ ഫ്യൂഡൽ കൊളോണിയൽ വിദ്യാഭ്യാസത്തിൽനിന്ന്‌ മോചനം നേടാനും കഴിയൂ. വർത്തമാനകാലത്തെ കമ്പോള-–-വർഗീയ വിദ്യാഭ്യാസരീതിയിൽനിന്ന്‌ രക്ഷപ്പെടാനും ഇതുമാത്രമാണ് വഴി.

ക്ലാസിലെ പഠനത്തിൽ ഒതുങ്ങാതെ പ്രകൃതിയുടെ നാനാതലങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്നതും പടർന്നുകയറുന്നതുമായ സർഗപ്രക്രിയയാണ് വിദ്യാഭ്യാസം. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയായി വിദ്യാഭ്യാസം മാറുന്നത് അപ്പോൾ മാത്രമാണ്. ക്യാമ്പസ് ഒരു പാഠപുസ്‌തകമാക്കി മാറ്റുന്നത് ഈ രീതിശാസ്ത്രത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ ക്ലാസുകൾ അതിന്റെ ഉപകരണവുമാണ്. ക്ലാസുകളെ ലോകത്തിന്റെ സമസ്‌ത കോണുകളിലേക്കും തുറന്നുവച്ചുകൊണ്ട് ജ്ഞാനത്തിന്റെ സർഗപ്രവാഹം ഒരുക്കി കുട്ടിയുടെ മനസ്സിന്റെ സാധ്യതകളെ ചക്രവാളംവരെ ഉയർത്താൻ ഡിജിറ്റൽ ക്ലാസുകൾ ശരിയായി ഉപയോഗിക്കുന്ന അധ്യാപകർക്ക്‌ കഴിയും.ഒപ്പം ക്ലാസ്‌ റൂം ലൈബ്രറി എന്ന ആശയം നടപ്പാക്കി വായന വളർത്താനും കഴിയണം. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ക്ലാസ് ലൈബ്രറി ആരംഭിക്കും. കുട്ടികളിലും അധ്യാപകരിലും വായനയുടെ വസന്തം തീർക്കുക എന്നതാണ് മുഖ്യലക്ഷ്യം. വായനയുടെ അനന്തമായ സാധ്യതയെ നല്ലതുപോലെ പ്രയോജനപ്പെടുത്തണം. ഓരോ കുട്ടിയുടെയും സംസ്‌കാരമാക്കി വായനയെ മാറ്റണം. സർഗധനരായ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ ഈ സാധ്യത പരമാവധി ഉപയോഗിച്ചുവരികയാണ്. മാതാപിതാക്കളും ഇതേ രീതിശാസ്ത്രത്തിന്റെ പ്രയോക്താക്കളായി വരുന്നു. എന്നാലും ധാരാളം മുന്നോട്ടുപോകേണ്ടതുണ്ട്.


 

സംസ്ഥാന സർക്കാരിന്റെയും  വിദ്യാഭ്യാസ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പിടിഎയുടെയും പൊതുജനങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ മേൽപ്പറഞ്ഞ വഴിയിലൂടെ മുന്നോട്ടുപോയതിന്റെ ഫലമായിട്ടാണ് കേരളം വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഇത് കേരള ജനതയുടെ നേട്ടമായിട്ടാണ് സർക്കാർ കാണുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ വിജയിപ്പിച്ച എല്ലാവർക്കും അഭിവാദനങ്ങൾ. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട കുട്ടികൾക്കുവേണ്ടി ഒരു ഉത്തമ മാതൃക സൃഷ്ടിക്കാൻ കേരള ജനത അക്ഷീണം ശ്രമിക്കുന്നു എന്നതിൽ ചാരിതാർഥ്യമുണ്ട്. നികത്തപ്പെടേണ്ട കുറവുകൾ ഇപ്പോഴും ഉണ്ട്. അവയെല്ലാം നികത്തിക്കൊണ്ട് പൂർണതയിലേക്ക് നമുക്ക് മുന്നേറാൻ കഴിയണം.

അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാനസമ്പത്ത്
ഈ മുന്നേറ്റത്തിന്റെ പാതയിൽ ഒരു പുതിയ പദ്ധതി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയാണ്. ‘വിദ്യാലയം പ്രതിഭകളോടൊപ്പം' എന്നതാണ് പദ്ധതി. ഓരോ വിദ്യാലയത്തിന്റെയും ആവാസവ്യവസ്ഥയിൽ താമസിക്കുന്ന സർഗധനരായ പ്രതിഭകളെ വീട്ടിൽച്ചെന്ന് ആദരിക്കാനും അവർക്ക്‌  പുതിയ തലമുറയ്‌ക്ക്‌ കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. 15 വിദ്യാർഥികൾ അധ്യാപകരോടൊപ്പം വിദ്യാലയത്തിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പുഷ്‌പങ്ങളുമായി ശിശുദിനമായ നവംബർ 14 മുതൽ 28 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എത്തി അവരെ ആദരിക്കും. പ്രതിഭകൾ അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക്‌  പറഞ്ഞുകൊടുക്കും. സാഹിത്യകാരന്മാർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങിയ പ്രതിഭകളെ സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നത്.

കുട്ടികൾക്ക് ലഭിച്ച സന്ദേശം അവർ സ്കൂളിൽ വന്ന് മറ്റു കുട്ടികളുമായി പങ്കുവയ്‌ക്കും. പ്രതിഭകൾ നവപ്രതിഭകളെ ഉണർത്തുക എന്നതാണ് മുഖ്യലക്ഷ്യം. മൂല്യങ്ങൾ പകർന്നുനൽകുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അനുഭവങ്ങളാണ് ഏറ്റവും വലിയ ജ്ഞാനസമ്പത്ത്. അത് വരുംതലമുറകളിലേക്ക് പകരുന്നതാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ സൂര്യപ്രകാശം. അറിവിന്റെ പ്രകാശഗോപുരമാകാൻ പുതിയ തലമുറയെ ഒരുക്കുന്ന സർഗചിന്താപ്രവാഹമൊരുക്കാൻ ഈ ജനകീയപദ്ധതിക്ക് കഴിയും. 14000 വിദ്യാലയം രണ്ടാഴ്ചയ്‌ക്കുള്ളിൽ ആയിരക്കണക്കിന് പ്രതിഭകളിലേക്കെത്തുകയാണ്. ഈ പദ്ധതിയിലൂടെ സാമൂഹ്യവിദ്യാഭ്യാസത്തിന് മറ്റൊരു മാതൃക നമുക്ക് സൃഷ്ടിക്കാം.

കേരളത്തിലെ പ്രതിഭാധനരായ മഹത് വ്യക്തികളുടെ സന്ദേശങ്ങളും ഉപദേശങ്ങളും സ്‌കൂളുകളിൽ രേഖപ്പെടുത്തും. നല്ല സന്ദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനതലത്തിൽ ഒരു പുസ്‌തകമാക്കി മാറ്റാനും പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നു. സർഗധനരായ മുഴുവൻ പ്രതിഭകളും ഈ പരിപാടിയുമായി സഹകരിച്ച് വിജയിപ്പിക്കണമെന്നഭ്യർഥിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top