30 September Wednesday

പൊതുവിദ്യാഭ്യാസം നക്ഷത്രശോഭയിൽ

ഡോ. ജെ പ്രസാദ്‌Updated: Wednesday Nov 6, 2019

മലയാള ഭാഷയിലെ മനോഹരമായ ഒരു പദപ്രയോഗമാണ് ‘മുക്തകണ്ഠം പ്രശംസിക്കുക’ എന്നത്. പ്രയോഗിക്കുന്നവർക്ക്‌ യാതൊരു ചേതവുമില്ല; എന്നാൽ,  അത് കേൾക്കുന്നവരിൽ  കൂടുതൽ ഉത്തരവാദിത്തവും ഉന്മേഷവും ജ്വലിപ്പിക്കും. നമ്മുടെ സ്‌കൂൾവിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ സൂക്ഷ്‌മവും  ശാസ്ത്രീയവും  ഏറെക്കുറെ സമഗ്രവുമെന്ന് വിശേഷിപ്പിക്കാവുന്ന  ഒരു പഠനത്തിൽ മറ്റുപല മേഖലകളിലുമെന്നപോലെ കേരളത്തിലെ വിദ്യാഭ്യാസമേഖലയും  ഒന്നാം സ്ഥാനത്തെത്തിയ വാർത്ത കേരളീയസമൂഹത്തെ ഒട്ടൊന്നുമല്ല ആഹ്ലാദഭരിതരാക്കിയിട്ടുണ്ടാകുക. ആ നേട്ടത്തിന്റെ  നേരവകാശികൾ തങ്ങളാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയോ അവരുടെ സർക്കാരോ  അവകാശപ്പെട്ടിട്ടില്ല. കാലാകാലങ്ങളിൽ സംസ്ഥാനം ഭരിച്ച സർക്കാരുകൾ അവരുടേതായ സംഭാവന ഈ രംഗത്ത് നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ഈ സർക്കാർ  വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വർധിപ്പിക്കുന്നതിനും നമ്മുടെ കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനും പൊതുസമൂഹത്തിന്റെ  സഹകരണത്തോടെ  ഫലപ്രദമായ ഇടപെടൽ നടത്തുകയാണുണ്ടായത്. അതിന്റെ ഫലമായി, കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് അഞ്ച് ലക്ഷത്തിലധികം കുട്ടികൾ സ്വാശ്രയ- –- അൺ എയ്‌ഡഡ്‌  സ്‌കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിൽ  എത്തിച്ചേർന്നു. അതിന് ഫലംകണ്ടു എന്നതിന്റെ സൂചനയാണ് നിതി ആയോഗ് നടത്തിയ സ്‌കൂൾ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി 82.17 സ്‌കോർ നേടി കേരളം മുന്നിലെത്തിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന്റെ  ദേശീയ ദിനപത്രങ്ങൾ രാജ്യത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ  സംബന്ധിച്ച നിതി ആയോഗിന്റെ  റിപ്പോർട്ടുമായാണ്‌ പുറത്തിറങ്ങിയത്. ‘ദി ഹിന്ദു’ പോലുള്ള പ്രമുഖ ദേശീയ പത്രങ്ങൾ അത് മുഖപേജ് വാർത്തയാക്കിയപ്പോൾ നമ്മുടെ പല മലയാള ദേശീയദിനപത്രങ്ങൾക്കും അത്ര പ്രധാനപ്പെട്ട വാർത്തയായി തോന്നിയില്ല. ഒരുപക്ഷേ, ഉപതെരഞ്ഞെടുപ്പുകാലത്ത് സർക്കാരിന്‌ ഗുണംചെയ്യുന്ന ഒരു വാർത്ത വരുന്നത് തങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാകാം അവർ അങ്ങനെ ചെയ്‌തത്. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ അത് പുറത്തുവരാതിരിക്കില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ‘കേരളത്തിന് നക്ഷത്ര ശോഭ’ എന്ന തലവാചകത്തോടെ ഒരു പ്രമുഖ മലയാളപത്രത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. ഒരാഴ്‌ചയ്‌ക്കുള്ളിൽ  രണ്ട് എഡിറ്റോറിയൽ കേരള പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയെക്കുറിച്ച്‌ വിവരിക്കാൻ ആ പത്രം കാണിച്ച സൗമനസ്യത്തെ പ്രകീർത്തിക്കാൻ  ഒട്ടും പിശുക്ക് കാട്ടേണ്ടതുമില്ല. ഇതിൽനിന്ന്‌  ഒരു കാര്യം വ്യക്തമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വർധിപ്പിക്കാൻ നടത്തിവരുന്ന ഇടപെടൽ, നിറഞ്ഞ സന്തോഷത്തോടെ  ജനങ്ങൾ സ്വാഗതം ചെയ്‌തുകഴിഞ്ഞു. സർക്കാർ തുടങ്ങിവച്ച നാല് മിഷനിൽ എല്ലാ അർഥത്തിലും  തിളങ്ങിനിൽക്കുന്നത്‌ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം തന്നെയാണ്; ഇക്കാര്യം മുഖ്യമന്ത്രിതന്നെ തന്റെ പ്രഭാഷണങ്ങളിൽ എടുത്തുപറയാറുണ്ട്.


 

തിരുവിതാംകൂറും  കൊച്ചിയും മലബാറുമെല്ലാം എക്കാലത്തും വിദ്യാഭ്യാസാവകാശത്തിനായി ശക്തമായ പോരാട്ടം നടത്തിയ നാടാണ്. പത്തൊമ്പതാം  നൂറ്റാണ്ടിന്റെ  തുടക്കത്തിൽത്തന്നെ അത് പ്രകടമായിരുന്നു.  കേരളരൂപീകരണത്തിനുശേഷവും ആ നില തുടർന്നു. അതുകൊണ്ടുതന്നെ മാറിമാറി വന്ന സർക്കാരുകൾക്ക്‌  നമ്മുടെ വിദ്യാഭ്യാസമേഖല ഒരു വെല്ലുവിളിയായിരുന്നു. 1957ലെ  ഇ എം എസ്‌ സർക്കാരിന്റെ  വിദ്യാഭ്യാസ ബില്ലോടെ വിദ്യാഭ്യാസമേഖല മാറി . അതിനെ കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു തുടർന്ന്‌ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ. റവന്യു വരുമാനത്തിന്റെ ഗണ്യമായ ഒരുപങ്ക് എക്കാലത്തും വിദ്യാഭ്യാസത്തിനായി നീക്കിവയ്‌ക്കും. ഇത്തവണ മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഓരോ വിദ്യാലയത്തിനും പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കിക്കൊണ്ട് അക്കാദമികരംഗത്തും പശ്ചാത്തല സൗകര്യവികസനരംഗത്തും സജീവമായ ഇടപെടൽ നടത്താൻ സർക്കാർ മുന്നോട്ടുവരികയായിരുന്നു. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധിപേർ കേരളത്തിൽ വന്നുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലവിധ പഠനങ്ങൾ നടക്കാറുണ്ടെങ്കിലും ഏറെക്കുറെ ശാസ്ത്രീയമായ രീതിയിൽ  ഒരു പഠനം നടക്കുന്നത്  ഇതാദ്യമായാണ്. നാളിതുവരെ പ്രഥം ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ തയ്യാറാക്കുന്ന ‘അസർ’ റിപ്പോർട്ടായിരുന്നു അടിസ്ഥാനരേഖയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉപയോഗിച്ചിരുന്നത്. അതിൽ ഒട്ടേറെ അപാകതകൾ ഉണ്ടായിരുന്നു. അതിനൊരുപരിധിവരെ പരിഹാരമാണ് നിതി ആയോഗിന്റെ  റിപ്പോർട്ട്‌. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അവയുടെ സ്കൂളുകളിലെ പ്രകടനത്തിന്റെ  അടിസ്ഥാനത്തിൽ പട്ടികതിരിച്ച്‌ റാങ്ക് ചെയ്യുക എന്ന മൂർത്തമായ ആശയം 2017ലാണ് രൂപം കൊണ്ടത്‌. അതിന്റെ  പ്രകടിതരൂപമാണ് സ്‌കൂൾ വിദ്യാഭ്യാസ ഗുണമേന്മാ സൂചിക. ലോകബാങ്കിന്റെയും എംഎച്ച്ആർഡിയുടെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. നിതി ആയോഗിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ വിദ്യാഭ്യാസ നിലവാര സൂചിക, 50 ശതമാനത്തിലധികം പ്രാമുഖ്യം നൽകുന്നത് പഠന നേട്ടങ്ങൾക്കാണ്‌. പഠനം, പ്രാപ്യത, തുല്യത, ഭരണം എന്നിവയുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൂചിക ശ്രമിക്കുന്നത്. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കുന്നതിനും നേട്ടങ്ങൾ വിലയിരുത്തുന്നതിനും  കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതിനുമുള്ള ഫലപ്രദമായ ഉപാധിയായാണ് ഈ ഗുണമേന്മാ സൂചിക കണക്കാക്കപ്പെടുന്നത്. അതിന് അടിസ്ഥാന വർഷമായി കണക്കാക്കിയത് 2015-–-16ഉം റഫറൻസ്‌  വർഷമായി കണക്കാക്കിയത് 2016–--17ഉം ആണ്. 2017-–-18 ലെ നാഷണൽ അച്ചീവ്മെന്റ്‌  സർവേയുടെയും 2016-–-17ലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏകീകൃത ജില്ലാ സ്ഥിതിവിവര കണക്കിന്റെയും അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കപ്പെട്ടിട്ടുള്ളത്.


 

വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നുതരത്തിൽ വർഗീകരണം  നടത്തിക്കൊണ്ടാണ് പഠനനേട്ടങ്ങളും നേട്ടങ്ങളെ സഹായിക്കുന്ന ഭരണപ്രക്രിയകളും വിലയിരുത്തിയിട്ടുള്ളത്. കേരളം ഉൾപ്പെടുന്ന ഇരുപത്‌ സംസ്ഥാനങ്ങളിൽ പതിനെട്ടെണ്ണം അവരുടെ മൊത്തത്തിലുള്ള പ്രകടന സ്‌കോർ 2015-–-16നും 2016-–-17നുമിടയിൽ മെച്ചപ്പെടുത്തുകയുണ്ടായി. എട്ട് ചെറിയ സംസ്ഥാനങ്ങളിൽ അഞ്ചെണ്ണം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കുന്നു. പഠന നേട്ടങ്ങൾ, പ്രാപ്യതാ നേട്ടങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ സംബന്ധിച്ച നേട്ടങ്ങൾ, തുല്യതാ നേട്ടങ്ങൾ, നേട്ടങ്ങളെ സഹായിക്കുന്ന ഭരണ പ്രക്രിയ സംബന്ധിച്ച നേട്ടങ്ങൾ എന്നീ വിഭാഗങ്ങളിലായി കേരളത്തിന്റെ സ്കോർ  യഥാക്രമം 79.09, 88.67, 48.87, 95.44, 79.03 എന്നിങ്ങനെയാണ്. ഇവയുടെ മൊത്തം സ്‌കോർ കണക്കാക്കുമ്പോൾ 82.17 ശതമാനത്തോടെ കേരളം  മുന്നിട്ടുനിൽക്കുന്നു. ഈ സൂചിക നിലനിർത്തിക്കൊണ്ട്‌ നൂറുമേനിയിൽ എത്തിപ്പിടിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വരുംനാളുകളിൽ കേരളത്തിന് ഏറ്റെടുക്കാനുള്ളത്. ഗുണമേന്മ, തുല്യത തുടങ്ങിയ  രണ്ടാംതലമുറ പ്രശ്നങ്ങളാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

നേട്ടങ്ങളോടൊപ്പം കേരളത്തിന്റെ കോട്ടങ്ങളും റിപ്പോർട്ടിൽ എടുത്തുപറയുന്നു. അടിസ്ഥാനസൗകര്യങ്ങൾ, കംപ്യൂട്ടർ സഹായത്തോടെയുള്ള പഠനം, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം, ആർടി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാര്യങ്ങളുടെ നടത്തിപ്പ്, എസ്‌സിഇആർടി, ഡയറ്റ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ശാക്തീകരണം, മോണിറ്ററിങ്‌, സ്വയം വിലയിരുത്തൽ തുടങ്ങിയ കാര്യങ്ങളിൽ കേരളം പിന്നിൽനിൽക്കുന്നു എന്നതും ഗൗരവത്തോടെ കാണേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും അക്കാദമിക നേതൃത്വത്തിലുള്ള ശേഷി വർധിപ്പിക്കുന്നതിനൊപ്പം ഘടനാപരവും നയപരവുമായ പരിഷ്‌കരണങ്ങൾക്കുള്ള നോഡൽ ഏജൻസിയാണ് എസ്‌സിഇആർടി. ജില്ലാതലത്തിൽ വിദ്യാഭ്യാസാധിഷ്ഠിത പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും എസ്‌സിഇആർടിയെ സർവാത്മനാ പിന്തുണയ്‌ക്കാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളാണ് ഡയറ്റുകൾ. ഈ രണ്ട് സ്ഥാപനവും ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ എടുത്തുപറയുന്നു. അതേസമയം സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തിൽ റിപ്പോർട്ട്‌  മൗനം  പാലിക്കുന്നു. കേന്ദ്രം അംഗീകരിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ പ്രോജക്‌റ്റുകൾക്ക്‌  നൂറുശതമാനം സാമ്പത്തിക സഹായം വേണമെന്നത് കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ, നാളിതുവരെയായി അക്കാര്യത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

ഇപ്പോഴത്തെ റിപ്പോർട്ട്‌ കേവലം മുപ്പത് സൂചകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആ സൂചകങ്ങൾ എല്ലാ തലങ്ങളെയും സമഗ്രമായി സ്‌പർശിക്കുന്നു എന്നുപറയാൻ കഴിയില്ല. കാരണം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തവും അനന്യവുമായ ഒരു രീതിശാസ്ത്രമാണ് കേരളത്തിന്റെ  വിദ്യാഭ്യാസത്തെ നയിക്കുന്നത്. ജനാധിപത്യത്തിലും മാനവികതയിലും ആധുനികതയിലും അടിയുറച്ചുനിന്നുകൊണ്ടുള്ളതും ഭരണഘടനാമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതുമായ വിദ്യാഭ്യാസപ്രക്രിയയാണ് കേരളത്തിന്റെ പ്രത്യേകത. ഇവയൊക്കെ അളക്കാനുള്ള സൂചകങ്ങൾ ഈ റിപ്പോർട്ടിൽ പരിഗണിച്ചിട്ടില്ല. അവകൂടി പരിഗണിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ സൂചിക കൂടുതൽ ഉയരങ്ങളിൽ എത്തുമായിരുന്നു. വരുംവർഷങ്ങളിൽ ഇത്തരം ഘടകങ്ങൾകൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top