26 March Tuesday

ഹംഗറിയിൽ ചെങ്കൊടി ഉയരുമ്പോൾ

വി ബി പരമേശ്വരൻUpdated: Tuesday Jan 8, 2019


ഫ്രാൻസിലെ മഞ്ഞക്കുപ്പായ പ്രക്ഷോഭം യുറോപ്പിലെങ്ങും വ്യാപിക്കുകയാണെന്ന സൂചന നൽകി ഹംഗറിയിലെ തൊഴിലാളികളും പ്രക്ഷോഭപാതയിലാണിന്ന്. ഡിസംബറിൽ ഹംഗേറിയൻ പാർലമെന്റ് അംഗീകരിച്ച തൊഴിൽനിയമമാണ് പ്രക്ഷോഭത്തിനുള്ള കാരണം. തൊഴിലാളികൾ വർഷത്തിൽ 400 മണിക്കൂർ കൂടുതൽ ജോലിചെയ്യണമെന്ന് അനുശാസിക്കുന്നതാണ് വിക്ടർ ഒർബൻ സർക്കാർ പാസാക്കിയ നിയമം. അതായത് ആഴ്ചയിൽ ഒരുദിവസംകൂടി അഥവാ എട്ട് മണിക്കൂർ കൂടി പണിയെടുക്കണമെന്ന് സാരം. എന്നാൽ, ഇതിന്റെ കൂലി മൂന്ന് വർഷത്തിനു ശേഷമേ തൊഴിലാളികൾക്ക് നൽകേണ്ടതുള്ളൂവെന്നും നിയമത്തിലുണ്ട്. മൂന്ന് വർഷത്തിന് ശേഷമുള്ള വിലക്കയറ്റനിരക്ക് കൂടി കണക്കിലെടുത്താൽ കൂലി തുച്ഛമാകുമെന്നർഥം. മൂന്ന് വർഷം കഴിയുമ്പോൾ പണിയെടുത്ത ഫാക്ടറി ഷട്ടർ താഴ‌്ത്തിയാൽ തൊഴിലാളികൾക്ക് ആര് കൂലി നൽകുമെന്നതിന് വ്യക്തമായ വ്യവസ്ഥകളൊന്നും നിയമത്തിൽ ഇല്ലതാനും. അതായത് കൂലിയില്ലാതെ പണിയെടുക്കണമെന്ന് സാരം. കോർപറേറ്റുകളുടെ, പ്രത്യേകിച്ചും ജർമൻ കാർനിർമാതാക്കളുടെ ലാഭം വർധിപ്പിക്കാൻ തൊഴിലാളി അധികമായി വിയർപ്പൊഴുക്കണം.  ‘നാവടക്കൂ പണിയെടുക്കൂ' എന്ന പഴയ രീതി നവലിബറൽ മുതലാളിത്തത്തിന്റെ കാലത്ത് പുതിയ രൂപത്തിൽ തിരിച്ചുവരികയാണ്. 

തൊഴിലാളിദ്രോഹ നടപടി
അതുകൊണ്ടാണ് ഹംഗറിയിലെ തൊഴിലാളിവർഗം ഈ നിയമത്തെ ‘അടിമ നിയമം' എന്ന് വിശേഷിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. ബന്ധപ്പെട്ട കക്ഷികളുമായി പ്രത്യേകിച്ചും ട്രേഡ‌് യൂണിയനുകളുമായും  പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്താതെയാണ് ഒർബൻ സർക്കാർ നിയമനിർമാണം നടത്തിയത്. അതും സ്വകാര്യബില്ലായി അവതരിപ്പിക്കപ്പെട്ടതാണ‌് നിയമമായത‌്. ഭരണകക്ഷിയിൽപെട്ട രണ്ട് എംപിമാരാണ് സ്വകാര്യബില്ലായി ഈ തൊഴിലാളിദ്രോഹ നടപടി കൊണ്ടുവന്നത്.  ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ രണ്ടായിരത്തിലധികം ഭേദഗതികൾ അവതരിപ്പിച്ചെങ്കിലും അവയെല്ലാം സ‌്പീക്കർ ഒന്നിച്ച് വോട്ടിനിട്ട് തള്ളി.

പ്രതിപക്ഷത്തിന് അവരുടെ വീക്ഷണഗതികൾ അവതരിപ്പിക്കാനുള്ള അവസരം പോലും നിഷേധിച്ചു. ഔദ്യോഗികമാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ വീക്ഷണം പ്രക്ഷേപണം ചെയ്യാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷ എംപിമാർ ഔദ്യോഗിക ടെലിവിഷൻ ചാനലിന്റെ ഓഫീസിനുമുന്നിൽ രാത്രിയും പകലും സത്യഗ്രഹമിരുന്നു.  ബിൽ പാസാക്കിയ ദിവസംതന്നെ ആയിരങ്ങൾ പാർലമെന്റ് ചത്വരത്തിൽ പ്രതിഷേധപ്രകടനം നടത്തി.  അടുത്ത ദിവസമാകുമ്പോഴേക്കും വിദ്യാർഥികളും തൊഴിലാളികളും മറ്റും ഇതേ സ്ഥലത്ത് ഒത്തുകൂടി സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി.  പലയിടത്തും തൊഴിലാളികൾ വഴിതടഞ്ഞു.  പ്രതിഷേധ റാലികൾ നടത്തി. പൊലീസ് പൊതുവെ അനുഭാവപൂർവമായ സമീപനമാണ് സമരത്തോട് കാട്ടിയത്. അധികസമയം ജോലിചെയ്യാൻ നിർബന്ധിക്കപ്പെടുന്ന പൊലീസിന് അധികവേതനം നൽകാൻ ഒർബൻ സർക്കാർ വിസമ്മതിച്ചതാണ് സമരത്തെ അനുഭാവപൂർവം കാണാൻ പൊലീസുകാരെ പ്രേരിപ്പിക്കുന്നത്.

ജനങ്ങളെ പ്രക്ഷോഭ പതാകയേന്താൻ മറ്റൊരു നിയമനിർമാണവും കാരണമായി. സർക്കാരുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനായി നിയമ മന്ത്രാലയത്തിന‌് കീഴിൽ ഭരണകോടതികൾ സ്ഥാപിക്കാനുള്ള നിയമമാണത‌്. നിയമപരമായ എല്ലാ വെല്ലുവളികളിൽ നിന്നും സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള നീക്കമായാണ‌് ഭരണകോടതികളുടെ സ്ഥാപനത്തെ ജനങ്ങൾ വിലയിരുത്തിയത‌്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ‌്ക്കുശേഷം ആദ്യമായി ബുഡാപെസ്റ്റിലും മറ്റ് നഗരങ്ങളിലും ജനങ്ങൾ വീണ്ടും ചെങ്കൊടി ഉയർത്തി. പ്രകടനങ്ങളിലും പ്രതിഷേധ പരിപാടികളിലും ചെങ്കൊടി വ്യാപകമായി ഉപയോഗിക്കപ്പെട്ടു.  ശക്തമായ ട്രേഡ് യൂണിയനുകൾ ഇന്നും നിലവിലുള്ള രാജ്യമാണ് ഹംഗറി. കെമിക്കൽ, റെയിൽവേ മേഖലകളിലാണ് ട്രേഡ‌് യൂണിയൻ പ്രവർത്തനം ശക്തം. സാങ്കേതികമേഖല, സ‌്കൂൾ –-സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും യൂണിയൻ പ്രവർത്തനം ശക്തമാണ്. ദേശീയ അംഗീകാരമുള്ള അഞ്ച് യൂണിയനുകളുണ്ട്. മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ശമ്പളവും മറ്റും കുറഞ്ഞ രാജ്യമാണ് ഹംഗറി. വിലക്കയറ്റവും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽനിന്നുള്ള സർക്കാർ പിന്മാറ്റവും ജീവിതഭാരം ഇരട്ടിപ്പിച്ചു. നവ ലിബറൽ നയങ്ങൾ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായിത്തുടങ്ങിയെന്ന് വിളിച്ചുപറയുന്നതാണ് ഫ്രാൻസിലെയും ഹംഗറിയിലെയും പ്രക്ഷോഭം.

തീവ്രമായ നവലിബറൽ നയങ്ങൾ
അടിമ നിയമത്തിൽ പ്രസിഡന്റ് ജാനോസ് അദേർ ഒപ്പിട്ടതോടെയാണ് പൊതുപണിമുടക്കിലേക്ക് ഹംഗറിയിലെ തൊഴിലാളിവർഗം നീങ്ങിയത്. കഴിഞ്ഞ ദിവസം പതിനായിരത്തിലധികംവരുന്ന തൊഴിലാളികൾ ഹീറോസ് സ‌്ക്വയറിൽ നിന്ന‌് പാർലമെന്റ് സ‌്ക്വയറിലേക്ക‌് മാർച്ച് ചെയ്യുകയും പ്രധാനമന്ത്രി ഒർബന് നിവേദനം നൽകുകയും ചെയ‌്തു. അടിമനിയമം പിൻവലിക്കുക, കൂലി വർധിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും വിപുലമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഒർബന് മുമ്പിൽവച്ചിട്ടുള്ളത്. ഇതംഗീകരിക്കാത്തപക്ഷം ജനുവരി 19 ന് പണിമുടക്ക് നടത്തുമെന്നും ഹംഗേറിയൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ വ്യക്തമാക്കി.  ‘ഭ്രാന്തമായ ബഹളംവയ‌്ക്കൽ' മാത്രമാണ് തൊഴിലാളികളുടേതെന്ന് പ്രതികരിച്ച ഒർബൻ പണിമുടക്ക് ക്ഷണിച്ചുവരുത്തുകയാണ്.    

തുടർച്ചയായി മൂന്നാംതവണയും  പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിക്ടർ ഒർബൻ ‘ഫിഡേസ്' എന്ന തീവ്ര വലതുപക്ഷ പാർടിയുടെ നേതാവാണ്. കുടിയേറ്റത്തിനെതിരെ പ്രത്യേകിച്ചും ‘കറുത്ത തൊലിയുള്ള മുസ്ലിം കുടിയേറ്റത്തിനെതിരെ' ഒച്ചവച്ചാണ്, ജക്കോബിൻ എന്ന തീവ്രവലതുപക്ഷ പാർടിയെ പോലും നിഷ‌്പ്രഭമാക്കി ഒർബൻ അധികാരത്തിൽവന്നത്.  രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ‌്മയ‌്ക്കും മറ്റും കാരണം കുടിയേറ്റമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫിഡേസ് പാർടി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതും തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നതും നവ ലിബറൽ നയങ്ങളുടെ ഫലമാണെന്ന തിരിച്ചറിവിൽനിന്നാണ് ഹംഗറിയിൽ ഇപ്പോൾ പണിമുടക്ക് നടക്കുന്നത്. ഇത് ഹംഗറിയുടെമാത്രം സ്ഥിതിയല്ല.  നവ ലിബറൽ നയത്തിനെതിരെ ശക്തമായി നിലകൊണ്ട് അധികാരത്തിൽവന്ന എല്ലാ തീവ്രവലതുപക്ഷ പാർടികളും അധികാരത്തിലെത്തിയാൽ നടപ്പാക്കുന്നത് തീവ്രമായ നവലിബറൽ നയങ്ങൾതന്നെയാണ്. ഒർബനും അതിൽനിന്ന‌് വ്യത്യസ‌്തനല്ലെന്ന‌് അടിമനിയമത്തിനെതിരെയുള്ള തൊഴിലാളി പ്രക്ഷോഭം അടിവരയിടുന്നു.


പ്രധാന വാർത്തകൾ
 Top