02 March Tuesday

മോഡിയുടെ ഭിന്നിപ്പിക്കൽ തന്ത്രം - സീതാറാം യെച്ചൂരി എഴുതുന്നു

സീതാറാം യെച്ചൂരിUpdated: Friday Feb 19, 2021

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക്‌ മറുപടിയില്‍ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചത്‌ ഒന്നരമണിക്കൂറിലേറെയാണ്‌. പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത്‌ സ്വയം പുകഴ്‌ത്താനും രാഷ്ട്രപതിയുടെ പ്രസംഗത്തെ അടിസ്ഥാനമാക്കി സർക്കാരിനെ പുകഴ്‌ത്താനുമാണ്‌‌. യാഥാർഥ്യം എന്തെന്നുവച്ചാൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ്‌ രാഷ്ട്രപതിയുടെ പ്രസംഗം തയ്യാറാക്കിയത്‌. അത്‌ രാഷ്ട്രപതി പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ വായിച്ചെന്നു മാത്രം. ഇന്ത്യ മഹാമാരിയെ കൈകാര്യം ചെയ്‌ത രീതിയെ ലോക രാഷ്ട്രങ്ങൾ അഭിനന്ദിച്ചുവെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ സർക്കാർ കോവിഡ്‌ മഹാമാരിയെ നേരിട്ടതിനെയും അപ്രതീക്ഷിതമായും ആസൂത്രണവും മുൻകരുതലുമില്ലാതെ അടിച്ചേൽപ്പിച്ച ദേശീയ അടച്ചുപൂട്ടൽ സൃഷ്ടിച്ച ദുരിതങ്ങളെപ്പറ്റി സ്വയംവിമർശനം നടത്താൻ തയ്യാറായില്ല.

തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അടച്ചുപൂട്ടൽ കൂടുതൽ പ്രതിസന്ധിയിലാക്കി. തൊഴിലില്ലായ്‌മ കുതിച്ചുയർന്നു. ഇത്‌ പട്ടിണിയും പോഷകാഹാരക്കുറവും വ്യാപകമാക്കി, പ്രത്യേകിച്ച്‌ കുട്ടികൾക്കും അമ്മമാർക്കുമിടയിൽ. ലക്ഷക്കണക്കിന്‌ കുടിയേറ്റത്തൊഴിലാളികൾ അനുഭവിച്ച ദുരിതത്തെക്കുറിച്ച്‌  പ്രസംഗത്തിൽ പരാമർശിച്ചില്ല. പ്രധാനമന്ത്രിയുടെ ഓരോ അവകാശവാദവും തിരിച്ചടിക്കുന്നതും പൊള്ളയാണെന്നും തെളിയുന്നു. പ്രസംഗത്തിലെ ചില പ്രയോഗങ്ങൾ ചേർത്തുവായിക്കേണ്ടതുമാണ്‌. 

കർഷകസമരത്തെക്കുറിച്ച്‌ സംസാരിച്ചപ്പോൾ, കഴിഞ്ഞ ആറുവർഷത്തിനിടയിൽ ഇന്ത്യൻ കാർഷികമേഖലയ്‌ക്കും കർഷകർക്കും വലിയ ആനുകൂല്യങ്ങൾ നൽകിയതായി അവകാശപ്പെട്ടു. എന്നാൽ, കർഷകസമരത്തിൽ പങ്കെടുക്കുന്നതിനിടയിൽ മരിച്ച ഇരുനൂറിലേറെ കർഷകരുടെ വേർപാടിൽ മനോവേദന പ്രകടിപ്പിക്കാൻ തയ്യാറായില്ല. സമരം ചെയ്യുന്ന കർഷകരെ കുത്തുവാക്കുകൾകൊണ്ടും ദുഃസൂചനകൾകൊണ്ടും അപഹസിച്ചു. ഐതിഹാസികമായ സമരത്തിൽ പങ്കെടുക്കുന്ന കർഷകരെ ‘സമരജീവികളെ’ന്നാണ്‌ ആക്ഷേപിച്ചത്‌. പരാന്നജീവികളെന്നും ഇത്തിൾകണ്ണികളെന്നും തരംതിരിച്ചു. ഐതിഹാസികമായ ജനകീയ പോരാട്ടങ്ങളിലൂടെയാണ്‌ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്‌. ദേശീയപ്രസ്ഥാനത്തിൽ പങ്കെടുത്തവരും സമരജീവികളാണോ. ഈ സമരംകൊണ്ടാണ്‌ ഭരണഘടനയുടെ ആമുഖത്തിൽ‌ ‘നാം, ഇന്ത്യയിലെ ജനങ്ങൾ’എന്ന പദപ്രയോഗത്തിലൂടെ‌ മതനിരപേക്ഷ, ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രവും പാർലമെന്ററി ജനാധിപത്യ ഭരണസംവിധാനവും സ്വീകരിച്ചത്‌. ഇതുകൊണ്ടാണ്‌ മോഡി ഇന്ന്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നത്‌.
സ്വാതന്ത്ര്യസമരത്തിൽ ലക്ഷക്കണക്കിനാളുകൾ രക്ഷസാക്ഷികളായി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലോ ആധുനിക ഇന്ത്യയുടെ വികാസത്തിലോ ആർഎസ്‌എസ്‌/ബിജെപി പരിവാരത്തിൽപ്പെട്ടവരാരും അവരുടെ ജീവിതം ഹോമിച്ചിട്ടില്ല.


 

ദേശീയ പ്രസ്ഥാനത്തിൽനിന്നും മാറിനിന്ന്‌ ആർഎസ്‌എസ്‌ ബ്രിട്ടീഷുകാരുമായി സഹകരിക്കുകയായിരുന്നു എന്നത്‌ ചരിത്ര വസ്‌തുതയാണ്‌. ബിജെപി സൃഷ്ടിച്ച പ്രതിഷേധ സമരങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയുമാണ്‌‌ മോഡി രാഷ്ട്രീയ നേതൃത്വത്തിലേക്ക്‌ ഉയർന്നതും പിന്നീട്‌ പ്രധാനമന്ത്രിയായതും. ഇത്തരമൊരാൾ കർഷകസമര പോരാളികളെ സമരജീവികൾ എന്ന്‌ ആക്ഷേപിച്ചത്‌ ആസൂത്രിതമായ ലക്ഷ്യത്തോടെയാണ്‌.  ജനങ്ങളെ അരാഷ്ട്രീയവൽക്കരിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.‌‌ ജനകീയ പ്രതിഷേധത്തിന്‌ തടയിട്ട്‌ ആർഎസ്‌എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണിത്‌. രണ്ടു തരത്തിലുള്ള പ്രതിഷേധവും പോരാട്ടവുമാണ്‌ രാജ്യത്ത്‌‌ ഉയർന്നുവരുന്നത്‌. ഒന്ന്‌: ജനങ്ങളുടെ ജീവിതവും ജീവനോപാധിയും മെച്ചപ്പെടുത്തി നല്ലൊരു ഇന്ത്യക്കായുള്ള പ്രക്ഷോഭം. നമ്മുടെ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾ ഇതിന്റെ ഭാഗമാണ്‌. മറ്റൊരുതരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നവരുമുണ്ട്‌. അവർ വിദ്വേഷവും വെറുപ്പും അക്രമവും വ്യാപിപ്പിച്ചും ജനങ്ങളിൽ വേർതിരിവുണ്ടാക്കിയും നമ്മുടെ സമൂഹത്തെ നശിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

1990കളിൽ ബിജെപി നടത്തിയ രഥയാത്ര രാജ്യത്തിന്റെ പല ഭാഗത്തും രക്തച്ചൊരിച്ചിലും വർഗീയകലാപങ്ങളും സൃഷ്ടിച്ചു. ആയിരക്കണക്കിനാളുകൾക്ക്‌‌ ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്തപാടായി മാറിയ ബാബ്‌റി മസ്‌ജിദ്‌ തകർക്കുന്നതിലേക്ക്‌ നയിച്ചത്‌ ഇത്തരത്തിലുള്ള പ്രക്ഷോഭമായിരുന്നു. വർഗീയ കലാപങ്ങളെപ്പറ്റിയുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടുകളിലെല്ലാം വർഗീയ വിദ്വേഷവും നിഷ്‌ഠുരമായ കലാപങ്ങളും വ്യാപിപ്പിക്കുന്നതിൽ ആർഎസ്‌എസിന്റെ പങ്ക്‌ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇയൊരു സ്ഥിതി നിലവിലിരിക്കെ കർഷകരെ സമരജീവികളെന്ന്‌ ആക്ഷേപിച്ചതിനെ രാജ്യവും ജനങ്ങളും ജാഗ്രതയോടെ കാണണം.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെയും വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും ലക്ഷക്കണക്കിന്‌ കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും സ്‌ത്രീകളും ദളിത്‌, ആദിവാസികളും ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലാണ്‌. ബിജെപി ഗവൺമെന്റ്‌ വർഗീയ ധ്രുവീകരണം വീണ്ടും ശക്തിപ്പെടുത്തി ജനങ്ങളിൽ വേർതിരിവുണ്ടാക്കുന്നു. മനുഷ്യാവകാശ പ്രവർത്തകരെയും പൗരാവകാശ പ്രവർത്തകരെയും നിർദയമായ കരിനിയമങ്ങൾ ചാർത്തി ജയിലിൽ അടയ്‌ക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന രീതിയിൽ അതിവേഗം ജനാധിപത്യത്തെ മാറ്റിയെടുത്ത്‌ ഫാസിസ്റ്റ്‌ രീതിയിലുള്ള അസഹിഷ്‌ണുതയും അക്രമവും വ്യാപകമാക്കുന്നു.


 

നമ്മുടെ ഭരണഘടനാ സംവിധാനങ്ങളെ സംരക്ഷിക്കാൻ പോരാടുന്ന ജനകീയ പ്രസ്ഥാനങ്ങൾക്കു പിന്നിൽ വിദേശകരങ്ങളാണെന്ന്‌ മുദ്രകുത്തുന്നത്‌ ഇന്ത്യൻ ഭരണാധികാരികളുടെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്‌. ഇത്തരം ചരിത്രപരമായ പോരാട്ടങ്ങളെ, പ്രത്യേകിച്ച്‌ കർഷക സമരത്തെ പ്രധാനമന്ത്രി മോഡി വിവരിച്ചത്‌ വിദേശ നശീകരണ പ്രത്യയശാസ്‌ത്രത്തിന്റെ ഉൽപ്പന്നമാണെന്നാണ്‌ (ഫോറിൻ ഡിസ്‌ട്രക്ടീവ്‌ ഐഡിയോളജി–-എഫ്‌ഡിഐ). രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കു പിന്നിൽ വിദേശകരങ്ങളൊന്നുമില്ല. കർഷകസമരത്തെ സർക്കാർ അടിച്ചമർത്തുന്ന രീതിക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചതോടെയാണ്‌‌ പ്രധാനമന്ത്രി എഫ്‌ഡിഐ പ്രയോഗിച്ചത്‌. അന്നദാതാക്കളായ കർഷകർക്ക്‌ ഇതിൽപ്പരം വലിയ അപമാനം സഹിക്കാനില്ല. അവർ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളാണ്‌ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള എല്ലാവരുടെയും ജീവൻ നിലനിർത്തുന്നത്‌. ഈ അന്നദാതാക്കളെയാണ്‌ സമരജീവികളെന്നും പരാന്നഭോജികളെന്നും ഇത്തിൾകണ്ണികളെന്നും വിശേഷിപ്പിച്ചത്‌. യഥാർഥത്തിൽ അന്നദാതാക്കളുടെ ഉൽപ്പാദനത്തെ ആശ്രയിച്ചുകഴിയുന്നവരാണ്‌ പരാന്നഭോജികളും ഇത്തിൾകണ്ണികളും.

ആറു വർഷത്തിനിടയിൽ സർക്കാർ ഇന്ത്യൻ കാർഷികമേഖലയ്‌ക്കും കർഷകർക്കും വലിയതോതിലുള്ള നേട്ടമുണ്ടാക്കിയെന്നും രാജ്യത്തെ ചെറുകിട, നാമമാത്ര കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചതായും മോഡി പറഞ്ഞു. ഇവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള നയങ്ങൾ രൂപപ്പെടുത്തി നടപ്പാക്കിയതിലൂടെ ജീവിതം മെച്ചപ്പെടുത്തിയെന്നും മോഡി അവകാശപ്പെട്ടു. ഗ്രാമീണ ഇന്ത്യയിലെ ചെറുകിട, നാമമാത്ര കർഷകരുടെ ജീവിതം അൽപ്പമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു കാരണമായത്‌ ഇടതുപക്ഷത്തിന്റെ നിരന്തരസമ്മർദത്തെ തുടർന്ന്‌ ഒന്നാം യുപിഎ സർക്കാർ നടപ്പാക്കാൻ നിർബന്ധിതമായ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയാണ്‌. മോഡി സർക്കാരിന്റെ ‌ കാലത്ത്‌ കർഷക ആത്മഹത്യ തുടർന്നുകൊണ്ടേയിരുന്നു.

പ്രതിപക്ഷപാർടികൾ കാർഷിക പരിഷ്‌കരണം നടപ്പാക്കണമെന്ന്‌ ‌ ആവശ്യപ്പെട്ടിരുന്നുവെന്നും അതാണ്‌ ഇപ്പോൾ സർക്കാർ നടപ്പാക്കുന്നതെന്നുമാണ്‌ മോഡി പറയുന്നത്‌. എതു തരത്തിലുള്ള പരിഷ്‌കരണമെന്നതാണ്‌ പ്രധാന ചോദ്യം. സിപിഐ എം‌ എല്ലാക്കാലത്തും കാർഷിക പരിഷ്‌കരണത്തിനുവേണ്ടി നിലകൊള്ളുകയാണ്‌. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനുള്ള പരിഷ്‌കാരങ്ങളാണ്‌ പാർടി മുന്നോട്ടുവയ്‌ക്കുന്നത്‌. ജനങ്ങൾക്ക്‌ ആരോഗ്യവും മതിയായ പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും ആവശ്യത്തിന്‌ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുകയായിരിക്കണം മുഖ്യലക്ഷ്യം.

എന്നാൽ, കാർഷികമേഖലയെയും അതിന്റെ വിപണിയും ഉൽപ്പന്നങ്ങളും തദ്ദേശ, വിദേശ കോർപറേറ്റുകൾക്ക്‌ നൽകാനാണ്‌ ഇപ്പോഴത്തെ പരിഷ്‌കരണം. ഇത്‌ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കും. ന്യായവിലയ്‌ക്ക്‌ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പൊതുവിതരണ സംവിധാനത്തെ പാടെ തകർക്കും. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ്‌ ‌പ്രതിപക്ഷ പാർടികൾ നിയമത്തെ എതിർക്കുന്നത്‌. ഇക്കാര്യം സിപിഐ എം പാർലമെന്റിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ട്‌.


 

ആകാശംമുട്ടെ അവകാശവാദങ്ങൾ ഉന്നയിക്കുകയെന്നത്‌ പ്രധാനമന്ത്രിയുടെ സ്ഥിരം സ്വഭാവമാണ്‌. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങൾക്ക്‌ മതിയായ കാരണമില്ലെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. എല്ലാവരും പ്രതിഷേധത്തെപ്പറ്റി സംസാരിക്കുന്നു. എന്നാൽ, സമരത്തിനു പിന്നിലെ കാരണത്തെപ്പറ്റി മൗനംപാലിക്കുന്നുവെന്നും ആവർത്തിക്കുന്നു. എന്നാൽ, വ്യക്തമായ കാരണങ്ങൾ ഉയർത്തിയും ഇക്കാര്യം പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും മുന്നിൽ പലതവണ ഉന്നയിച്ചതുമാണ്‌. കാർഷിക നിയമങ്ങളുടെ പ്രത്യാഘാതം നൂലിഴകീറി പരിശോധിച്ച ജനങ്ങൾക്ക്‌ അറിയാവുന്നതാണ്‌. എന്നാൽ, കേന്ദ്ര ഭരണാധികാരികൾക്കു മാത്രം കാരണം പിടികിട്ടിയിട്ടില്ലത്രെ. ഇന്ത്യൻ കാർഷിക മേഖലയുടെയും അന്നദാതാക്കളായ കർഷകരുടെയും അഭിവൃദ്ധി ലക്ഷ്യമിടുന്നവരാണ്‌‌ കാർഷിക നിയമങ്ങളെ എതിർക്കുന്നത്‌. കാർഷിക നിയമത്തിന്റെ പ്രചാരകരും പിന്തുണയ്‌ക്കുന്നവരും കാർഷിക മേഖലയെയും കർഷകരെയും കൊള്ളയടിച്ചും ഉൽപ്പന്നവും വിപണിയും നിയന്ത്രണത്തിലാക്കിയും കോർപറേറ്റുകൾക്ക്‌ വൻലാഭം കൊയ്യാൻ അവസരം സൃഷ്ടിക്കുകയാണ്‌.

ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന്റെ കാരണം സുവ്യക്തമാണ്‌. ഇന്ത്യൻ കാർഷികമേഖലയെയും നമ്മുടെ ജനതയെയും ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുക എന്നതാണ്‌ ലക്ഷ്യം. മൂന്നു നിയമവും പിൻവലിക്കണം. അതോടൊപ്പം കാർഷിക പരിഷ്‌കരണത്തെപ്പറ്റി കർഷകരുമായും സർക്കാരിന്റെ സഹചാരികളായ കോർപറേറ്റുകളുമായും ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്‌ത്‌ പുതിയ നിർദേശങ്ങൾ രൂപപ്പെടുത്തണം. ഇത്‌ പാർലമെന്റിന്റെ പരിശോധനയ്‌ക്ക്‌‌ വിധേയമാക്കി വിശദമായ ചർച്ചയ്‌ക്കുശേഷം നിയമം പാസാക്കുകയാണ്‌ വേണ്ടത്‌. ഇതാണ്‌ ന്യായമായ പരിഹാരം. പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച്‌ കാർഷികനിയമങ്ങൾ എത്രയുംവേഗം പിൻവലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top