26 August Monday

വ്യാകുലനായ മോഡി, ആശയറ്റ്‌ ബിജെപി

സീതാറാം യെച്ചൂരിUpdated: Tuesday Feb 5, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്പുള്ള ചുവരെഴുത്തുകൾ വായിച്ച് നരേന്ദ്ര മോഡി വ്യാകുലചിത്തനാണ്.  ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കുക ലക്ഷ്യമാക്കി മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളിൽ വളർന്നുവരുന്ന യോജിപ്പ് അവസരവാദത്തിന്റെയും പണച്ചാക്കുകളുടെ യോജിപ്പായും മറ്റും ചിത്രീകരിച്ച് പരിഹസിച്ചുതള്ളുകയാണ് മോഡി. ലോക‌്സഭാ തെരഞ്ഞെടുപ്പ് പോരാട്ടം മോഡിയും മറ്റുള്ളവരും തമ്മിലായിരിക്കുമെന്നാണ് പ്രചാരണം. എന്നാൽ, യഥാർഥ വസ‌്തുതയെന്താണെന്ന് നോക്കാം.

എൻഡിഎ കൊഴിഞ്ഞുപോകുന്നു
പ്രതിപക്ഷനിരയിലെ ഭിന്നിപ്പാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ടുമാത്രം നേടിയിട്ടും  അധികാരമേറാൻ ബിജെപിയെ സഹായിച്ചത്. അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇതാവർത്തിക്കപ്പെടില്ലെന്നുറപ്പാണ്. ഭിന്നിച്ചുനിന്ന പ്രതിപക്ഷത്തിന് 69 ശതമാനം വോട്ടുണ്ടായിരുന്നു.  ലോക‌്സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ തെരഞ്ഞെടുത്ത് അയക്കുന്ന സംസ്ഥാനങ്ങളിൽ പ്രാദേശികതലത്തിൽ രൂപപ്പെടുന്ന തെരഞ്ഞെടുപ്പ് ധാരണകൾ 2014 ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്നു.  ബിജെപി ക്യാമ്പിലുള്ള അസ്വസ്ഥതകൾക്ക് പ്രധാന കാരണവും ഇതാണ്.
പ്രതിപക്ഷത്തിന്റെ അവസാന കൈപ്രയോഗമാണ് പ്രതിപക്ഷഐക്യമെന്നാണ് മോഡിയുടെ ആരോപണം.  മോഡി അത്രമാത്രം ശക്തനാണെന്ന് കാണിക്കാനുള്ള വിലകുറഞ്ഞ പ്രചാരണതന്ത്രത്തിന്റെ ഭാഗംകൂടിയാണിത്. 2014ൽ മോഡി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ 42 പാർടിയാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. അതിൽ പല കക്ഷികളും എൻഡിഎയുടെ ഭാഗമായി. ഇതിൽ ചില കക്ഷികൾക്കുമാത്രമാണ് ലോക‌്സഭയിൽ പ്രാതിനിധ്യം ഉണ്ടായിരുന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇതാവർത്തിക്കപ്പെട്ടു. എന്നാൽ, ഇന്ന് എൻഡിഎയുടെ ഭാഗമായിരുന്ന ലോക‌്സഭയിൽ പ്രാതിനിധ്യമുള്ള പല കക്ഷികളും ഇപ്പോൾ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് എൻഡിഎയോട് വിടപറയുകയാണ്. 

എൻഡിഎയിലെ പ്രധാന ഘടകക്ഷിയായ ആന്ധ്രപ്രദേശിലെ ടിഡിപി ആ സഖ്യം വിട്ട് പുറത്തുവന്നു. അസമിൽ ബിജെപി സർക്കാർ അധികാരമേറുന്നതിന് വഴിതെളിച്ച പ്രധാന കക്ഷിയായ എജിപിയും എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചു.  പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ നടപടി.  ബിഹാറിലാകട്ടെ മൂന്ന് കക്ഷി എൻഡിഎ വിട്ട് മതനിരപേക്ഷ ശക്തികളുമായി സഖ്യം സ്ഥാപിച്ചു. ഉത്തർപ്രദേശ‌് മന്ത്രിസഭയിൽ അംഗങ്ങളായ പല കക്ഷികളും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ്. ശിവസേന ബിജെപിയെ ശക്തമായി വിമർശിച്ചാണ് മുന്നോട്ടുപോകുന്നത്. അതായത് എൻഡിഎ കൊഴിഞ്ഞുപോകുകയാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശങ്കയ‌്ക്ക് കാരണമിതാണ്.

ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുക ലക്ഷ്യമാക്കി മതനിരപേക്ഷ  കക്ഷികൾ ചില ധാരണയിലെത്തിയതിനെ അവസരവാദ സഖ്യമെന്ന് പരഹസിക്കുന്നതിന് പിന്നിലുള്ളതും പ്രധാനമന്ത്രി മോഡിയുടെ നിരാശയാണ്. 2014 ൽ എൻഡിഎയ‌്ക്ക‌് പിന്തുണ പ്രഖ്യാപിച്ച പല കക്ഷികളുമായിട്ടും ബിജെപിക്ക് ശത്രുതാപരമായ ബന്ധമാണ് ഉണ്ടായിരുന്നത്. ജമ്മു കശ‌്മീരിലെ പിഡിപിയുമായുള്ള ബന്ധം അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കുവയ‌്ക്കുന്നതിന് മാത്രമായിരുന്നു. ‘വിദേശികൾക്കെതിരെ'യുദ്ധപ്രഖ്യാപനം നടത്തി രംഗത്തുവന്ന അസം ഗണപരിഷത്തുമായുള്ള ബന്ധവും അത്തരത്തിലുള്ളതുതന്നെ. 

ഒരു തത്വദീക്ഷയുമില്ലാതെയാണ് ബിജെപി പ്രലോഭനങ്ങളും ഭീഷണികളും വഴി നിരവധി കക്ഷികളെ സംസ്ഥാന സർക്കാരുകളുടെ ഭാഗമാക്കിയത്.  ന്യൂനപക്ഷമായ ഗോവയിലും മണിപ്പൂരിലും അരുണാചൽപ്രദേശിലും ഉൾപ്പെടെ എംഎൽഎമാരെ വിലയ‌്ക്കുവാങ്ങി സർക്കാരുണ്ടാക്കിയതും ഈ മാർഗം ഉപയോഗിച്ചുതന്നെ.  അധികാരത്തിനുവേണ്ടി തത്വങ്ങളെയും മറ്റും ബലികഴിച്ച ഇക്കൂട്ടർക്ക് മതനിരപേക്ഷ പ്രസ്ഥാനങ്ങളോടും ജനങ്ങളോടും സദാചാര പാഠങ്ങളെക്കുറിച്ചും രാഷ്ട്രീയ മര്യാദകളെക്കുറിച്ചും പറയാൻ എന്തർഹതയാണുള്ളത്.

കാർഷികപ്രതിസന്ധിയും തൊഴിലില്ലായ‌്മയും
കഴിഞ്ഞ 57 മാസത്തിനിടയ‌്ക്ക് സാമ്പത്തികമേഖലയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സാമൂഹ്യ ഐക്യത്തെയും തകർത്തതിൽ ജനങ്ങളിൽ കടുത്ത അമർഷമുണ്ട്.  കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച തീക്ഷ‌്ണമായ സമരങ്ങൾക്കും പാർലമെന്റിനു മുമ്പിൽ നടത്തിയ റാലിക്കും പിന്നിലുള്ള കാരണവും മറ്റൊന്നല്ല.  200 കർഷകസംഘടനയുടെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ 21 രാഷ്ട്രീയ പാർടി നേതാക്കളെത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നിർബന്ധിതരായി. കർഷക ആത്മഹത്യ തടയാനും കാർഷിക പ്രതിസന്ധി പരിഹരിക്കാനും കാർഷികവായ്പകൾ എഴുതിത്തള്ളാനും ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നിശ്ചയിക്കാനും ആവശ്യപ്പെട്ടുള്ള നിയമനിർമാണത്തെ ഈ രാഷ്ട്രീയ പാർടികൾ പിന്തുണയ‌്ക്കുകയും ചെയ‌്തു.  2019 ലെ തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം കാർഷികപ്രതിസന്ധിയും തൊഴിലില്ലായ‌്മയും തൊഴിലാളികളുടെ പ്രശ്നങ്ങളും സാമ്പത്തികഭാരവും തന്നെയായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.  
പൊതുധനം കൊള്ളയടിക്കുന്നതിന് പ്രധാനമന്ത്രി കൂട്ടുനിന്നതിനെതിരെയും ജനരോഷം ഇരമ്പുകയാണ്.  പല ബാങ്കുകളിൽനിന്നായി വൻകിടക്കാർ എടുത്ത് തിരിച്ചടയ‌്ക്കാത്ത വായ്പാ തുക 12 ലക്ഷം കോടി വരും. ബാങ്കിങ് മേഖലയെത്തന്നെ ഇത് തകർക്കും. കൊള്ളയടിച്ച മുതലുമായി രാജ്യംവിടാൻ ഇവർക്ക് സഹായം നൽകിയതാകട്ടെ സർക്കാരാണ്. ഈ കൊള്ളക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും മറ്റും തയ്യാറാകുന്നതിനുപകരം ജനങ്ങളുടെ നിക്ഷേപം ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകാനായി ചെലവഴിക്കുകയാണ്. ഇത് വീണ്ടും കൊള്ളയടിക്കാനുള്ള അവസരമൊരുക്കും. ഈ വെളിപ്പെടുത്തലിനൊപ്പമാണ് റഫേൽ അഴിമതിയും പുറത്തുവന്നത‌്.

വർഗീയധ്രുവീകരണം
ഈ കൊള്ളയും അതോടൊപ്പം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തിക ഭാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുക.  ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിക്കുക.  നയങ്ങളിലെ മാറ്റമാണ് വേണ്ടത്.  ഇത് സാധ്യമാകണമെങ്കിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കണം. എങ്കിൽമാത്രമേ ബിജെപി–-ആർഎസ്എസ് വീണ്ടും അധികാരത്തിൽ വരില്ലെന്ന് ഉറപ്പിക്കാൻ കഴിയൂ. ഈ സർക്കാരിനെ പുറത്താക്കിയാലേ ജനങ്ങൾക്ക് അനുകൂലമായ നയംമാറ്റം സാധ്യമാകൂ.
വർഗീയധ്രുവീകരണം ലക്ഷ്യമാക്കി ബിജെപിയും ആർഎസ്എസും മത വികാരം ഇളക്കിവിടുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തുടർച്ചയായി ഉയർത്തുകയാണ്. അതിലൊന്നാണ് അയോധ്യയിൽ ബാബ്റി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം പണിയണമെന്നത്. നാലരവർഷം ഇക്കാര്യത്തെക്കുറിച്ച് മിണ്ടാതിരുന്ന ബിജെപി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അതേക്കുറിച്ച് വാചാലമാകുന്നത് ധ്രുവീകരണം ലക്ഷ്യമാക്കിയാണ്.

ഗോസംരക്ഷണം, ആൾക്കൂട്ടക്കൊല എന്നിവയെല്ലാം  ഇതിന്റെ ഭാഗമാണ്. ദളിത്, ന്യൂനപക്ഷ വേട്ടകളും വർധിച്ചുവരുന്നു. ജാതി–-മത–-ലിംഗ വ്യത്യാസമില്ലാതെ സമത്വം സ്ഥാപിക്കണമെന്ന ഭരണഘടനാ നിർദേശം മോഡി സർക്കാർ ലംഘിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. 
ഇതിനെല്ലാം പുറമെ, ഭരണഘടനാ സ്ഥാപനങ്ങൾക്ക‌ുനേരേ കടുത്ത കടന്നാക്രമണമാണ് നടക്കുന്നത്. പാർലമെന്റിൽ പ്രധാന വിഷയങ്ങൾപോലും ചർച്ച ചെയ്യുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 24 മണിക്കൂറിനുള്ളിൽ വേണ്ടത്ര ചർച്ചയില്ലാതെ, തയ്യാറെടുപ്പില്ലാതെ, മുൻകൂട്ടി അറിയിക്കാതെ ഭരണഘടന ഭേദഗതിചെയ്യുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുകയുണ്ടായി. ഇതുസംബന്ധിച്ച് സമവായം ഉണ്ടാകേണ്ടതുണ്ട്. വിവാദപൂർണമായ ചില നിയമവശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.  സാമൂഹ്യമായ വിവേചനം ഇല്ലാതാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. എന്നാൽ, സംവരണം ദാരിദ്ര്യനിർമാർജനത്തിനുള്ള  മാർഗം കൂടിയാണോ? ഗൗരവതരമായി സമീപിക്കേണ്ട ചോദ്യമാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ നിർവചിക്കാനുള്ള മാനദണ്ഡമെന്താണ് എന്നതും വിഷയമാണ്. സർക്കാർ പ്രഖ്യാപിച്ച എട്ടുലക്ഷം രൂപയിൽ കുറഞ്ഞ വരുമാനമുള്ളവർ എന്നത് ഉയർന്ന നിരക്കാണ്. മോഡി സർക്കാർതന്നെ പാചകവാതക സബ്സിഡിക്ക് നിശ്ചയിച്ച പരിധി അഞ്ച് ലക്ഷംരൂപ വാർഷിക വരുമാനമാണ്. ബിപിഎൽ കാർഡിനും മറ്റും ഇതിലും താഴെയാണ് വരുമാന പരിധി. രണ്ടുദിവസത്തെ പണിമുടക്കിൽ ഇന്ത്യൻ തൊഴിലാളിവർഗം ഉന്നയിച്ച പ്രധാന ആവശ്യം മാസത്തിൽ 18000 രൂപ മിനിമം കൂലി നിശ്ചയിക്കണമെന്നാണ്. വർഷത്തിൽ 2.16 ലക്ഷംരൂപ. അതുപോലും അംഗീകരിക്കാൻ മടിക്കുന്ന സർക്കാരാണിത്. ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ നിശ്ചയിക്കാനുള്ള വരുമാന പരിധി എട്ട് ലക്ഷമായി നിശ്ചയിക്കുന്നത് അസംബന്ധമാണ്. അതുപോലെ ഭൂമി സംബന്ധിച്ച മാനദണ്ഡത്തിലും അപാകതയുണ്ട്.

അവസാനമായി, 2004 ൽ ബിജെപിയും ആർഎസ്എസും ചോദിച്ചത് വാജ്പേയിക്ക് ബദൽ എന്തുണ്ട് എന്നായിരുന്നു. ഇപ്പോൾ അവർ ചോദിക്കുന്നു മോഡിക്ക് ബദൽ എന്താണ് എന്ന്. 2004ൽ ഇന്ത്യയിലെ ജനങ്ങൾ വാജ്പേയിക്ക് ബദൽ ഉറപ്പുവരുത്തി. അധികാരത്തിൽ വന്ന മൻമോഹൻസിങ് 10 വർഷം ഭരിച്ചു. അതുപോലെ 2019 ലും ബദൽ ഉയരും. ജനങ്ങൾക്ക് അനുകൂലമായ നയങ്ങളും മുന്നോട്ടുവയ‌്ക്കപ്പെടും. ഒരു സുസ്ഥിര മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത് രൂപപ്പെടുക. 1996ൽ ഐക്യമുന്നി സർക്കാരും 1998 ൽ എൻഡിഎയും 2004 ൽ യുപിഎയും നിലവിൽ വന്നതും തെരഞ്ഞെടുപ്പിന‌് ശേഷമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top