16 October Saturday

വികസനപാതയിലെ രജതരേഖ

തയ്യാറാക്കിയത്‌: എം വി പ്രദീപ്‌Updated: Thursday Sep 23, 2021

കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ സിൽവർ ലൈൻ അപ്രായോഗികമെന്ന യുഡിഎഫ്‌ ഉപസമിതി റിപ്പോർട്ട്‌ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പ്‌ തടയാൻ ലക്ഷ്യമിട്ടുള്ള തട്ടിക്കൂട്ട്‌ റിപ്പോർട്ടാണ്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ പദ്ധതി തടസ്സപ്പെടുത്തുകയാണ്‌ യുഡിഎഫ്‌ ലക്ഷ്യം. നിലവിലെ ട്രെയിൻ യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദൽ മാർഗമുണ്ടാക്കുന്നതിനും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സിൽവർ ലൈൻ ആവിഷ്‌കരിച്ചത്. എന്നാൽ, യുഡിഎഫ്‌ വസ്‌തുതയുമായി പുലബന്ധമില്ലാത്ത കണ്ടെത്തലുകളാണ്‌ നടത്തിയത്‌. ആരോപണങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ്‌ ഇവിടെ
 

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക്‌ നാലു മണിക്കൂറിനുള്ളിൽ എത്താൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ്‌ സിൽവർ ലൈൻ. നിർമാണസമയത്ത് നേരിട്ടും അല്ലാതെയും അരലക്ഷത്തോളം പേർക്കും പൂർത്തീകരണവേളയിൽ പതിനൊന്നായിരത്തോളം പേർക്കും തൊഴിൽ ലഭിക്കും. 11 സ്റ്റേഷനാണ് പദ്ധതിക്കുള്ളത്. 11 ജില്ലയിലൂടെ പാത കടന്നുപോകും. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46,206 പേർ സിൽവർ ലൈനിലേക്ക് മാറും. ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും. മാത്രമല്ല, 530 കോടിയുടെ പെട്രോൾ, ഡീസൽ ഇന്ധനമാണ് പ്രതിവർഷം ലാഭിക്കുക. 529.45 കിലോമീറ്ററുള്ള പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യ സ്ഥലവുമാണ് ഉപയോഗപ്പെടുത്തുക. ഭൂമി ഏറ്റെടുക്കുന്നതിനായി 7075 കോടി രൂപയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കായി 4460 കോടിയും പുനരധിവാസത്തിനും മറ്റുമായി 1730 കോടിയുമാണ് വകയിരുത്തിയത്.

സമ്പൂർണ ഹരിതപദ്ധതി
സിൽവർ ലൈൻ പ്രകൃതിദുരന്തം വിളിച്ചുവരുത്തുമെന്നാണ്‌ യുഡിഎഫിന്റെ ഉപസമിതി റിപ്പോർട്ടിലെ ആരോപണം. ഏറ്റവും പരിസ്ഥിതി സൗഹാർദമായ യാത്രാമാർഗമാണ് റെയിൽവേ. സിൽവർ ലൈൻ സമ്പൂർണ ഹരിത പദ്ധതിയായിട്ടാണ് രൂപകൽപ്പന. കാർബൺ ബഹിർഗമനം ഒട്ടുമുണ്ടാകില്ല. 2025ൽ ഏകദേശം 2,80,000 ടൺ കാർബൺ അന്തരീക്ഷത്തിൽനിന്നും നിർമാർജനം ചെയ്യാൻ പദ്ധതിക്ക് കഴിയും. റോഡ് ഉപയോഗിക്കുന്ന നല്ലൊരു ശതമാനം യാത്രികരും സിൽവർ ലൈനിലേക്ക് മാറും. സുരക്ഷയും വേഗതയും ആധുനിക സൗകര്യങ്ങളുമാകും സിൽവർ ലൈനിന്റെ മുഖ്യആകർഷണങ്ങൾ. റോഡ്‌ ഗതാഗതം ഗണ്യമായി കുറയുന്നതിനൊപ്പം അഞ്ഞൂറോളം ചരക്കുവാഹനം സിൽവർ ലൈൻ റോ–-റോ സംവിധാനംവഴി ലക്ഷ്യസ്ഥാനത്ത് എത്തിക്കാം.

പദ്ധതിക്ക് സ്ഥലം ആവശ്യമായി വരുന്നത് 15 മുതൽ 25 മീറ്റർ വീതിയിലാണ്. ആറുവരി ദേശീയപാത പണിയാൻ വേണ്ടിവരുന്ന ഭൂമിയുടെ പകുതിയിലും കുറവാണ്‌ ഇത്. കല്ല്, മണ്ണ്, മണൽ എന്നിവ ദേശീയപാത നിർമാണത്തിന്‌ ആവശ്യമുള്ളതിന്റെ പകുതിമാത്രം മതി. ദേശീയപാതയിൽ ഉൾക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി യാത്രികരെ വഹിക്കാനും കഴിയും. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ പാത കടന്നുപോകുന്നില്ല.

സിൽവർ ലൈൻ ജലനിർഗമനം തടസ്സപ്പെടുത്തുമെന്നാണ്‌ മറ്റൊരു ആരോപണം. എന്നാൽ, സിൽവർ ലൈൻ പുഴകളുടെയും അരുവികളുടെയും ഒഴുക്ക്‌ തടസ്സപ്പെടുത്തുന്നില്ല. കഴിഞ്ഞ 100 വർഷത്തെ പ്രളയ ജലനിരപ്പിന്റെ ഏറ്റവും കൂടിയ ഉയരത്തേക്കാളും ഒരു മീറ്റർ ഉയരത്തിലാണ് പാതയുടെ ഉയരം നിശ്ചയിച്ചിരിക്കുന്നത്. നെൽപ്പാടങ്ങളിലൂടെയുള്ള പാത പാലങ്ങളിലൂടെ ആയതിനാൽ കൃഷിഭൂമിയെ ബാധിക്കുന്നില്ല. സിൽവർ ലൈൻ വെള്ളപ്പൊക്കവും മറ്റു പാരിസ്ഥിതിക അപകടങ്ങളും സൃഷ്ടിക്കില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് നിർദിഷ്ട പാതയ്‌ക്ക് സമാന്തരമായ നിലവിലെ റെയിൽപ്പാത. സിൽവർ ലൈൻ ജലത്തിന്റെ ഒഴുക്കിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പാരിസ്ഥിതിക ആഘാതപഠനങ്ങളും ജലശാസ്ത്രപഠനങ്ങളും നടത്തും.

കേരളത്തെ വിഭജിക്കില്ല
സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. 530 കിലോമീറ്റർ നീളമുള്ള പാതയുടെ 137 കിലോമീറ്റർ ട്രാക്ക് തൂണുകളിലൂടെയോ തുരങ്കങ്ങളിലൂടെയോ ആണ്. ഇത്രയും ദൂരം പാതയ്‌ക്ക് കുറുകെ സഞ്ചരിക്കുന്നതിന് ഒരു തടസ്സവുമില്ല. ഗ്രാമീണ റോഡുകളും മണ്ണ് റോഡുകളും ഉൾപ്പെടെ എല്ലാ റോഡിലും ഓവർബ്രിഡ്ജുകൾ അല്ലെങ്കിൽ അടിപ്പാതകൾ നിർമിക്കും. അങ്ങനെ ജനങ്ങളുടെ സ്വതന്ത്രസഞ്ചാരം സുഗമമാക്കും. പൊതുജനങ്ങളുടെ സൗകര്യാർഥം ഓരോ 500 മീറ്ററിലും സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് പാത നിർമിക്കും. സിൽവർ ലൈനിന്റെ വേഗത മണിക്കൂറിൽ 200 വരെയാണ് എന്നതിനാൽ, ട്രാക്കിലേക്ക് ആളുകളോ മൃഗങ്ങളോ കടക്കുന്നത് അപകടമാണ്. ഇത് ട്രെയിനുകളുടെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കും. അതിനാൽ സംരക്ഷണവേലി അനിവാര്യമാണ്. റെയിൽവേ നിയമം അനുസരിച്ച് പാതകളിൽ കടക്കുന്നത് കുറ്റകരമാണ്.

കേരളത്തിൽ ട്രെയിനിന്‌ മന്ദഗതി
കേരളത്തിന് അർധ അതിവേഗ റെയിൽവേ ഇടനാഴി ആവശ്യമില്ലെന്നാണ്‌ യുഡിഎഫ്‌ കണ്ടെത്തൽ. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. ദേശീയപാതകളിലെയും റെയിൽവേയിലെയും വേഗതക്കുറവ് സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റത്തിൽനിന്ന് സംസ്ഥാനത്തെ പിന്നോട്ടടിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദേശീയപാതകളിലെയും റെയിൽവേ ട്രാക്കുകളിലെയും ഗതാഗതം 30 മുതൽ 40 ശതമാനംവരെ മന്ദഗതിയിലാണ്. 560 കിലോമീറ്റർ നീളമുള്ള കാസർകോട്‌–-- തിരുവനന്തപുരം യാത്ര നിലവിൽ റെയിൽ, റോഡ് മാർഗങ്ങളിൽ 10 മുതൽ 14 മണിക്കൂർവരെ എടുക്കും. നിരവധി സ്റ്റോപ്പും വളവുകളും ഉള്ളതിനാൽ ട്രെയിനിന്റെ ശരാശരി വേഗത 45 കിലോമീറ്ററാണ്. ഇപ്പോൾ എറണാകുളം-–- തിരുവനന്തപുരം യാത്രയ്ക്ക് ആറു മണിക്കൂർവരെയെടുക്കും. സിൽവർ ലൈൻ യാഥാർഥ്യമായാൽ ഒന്നര മണിക്കൂറിനുള്ളിൽ ഓടിയെത്താം. കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താൻ മൂന്നു മണിക്കൂറും 53 മിനിറ്റും മതി. പ്രതിദിന സമയലാഭം 2,80,000 മണിക്കൂറാകും. ഇത്രയും നേരത്തെ മനുഷ്യവിഭവശേഷി മറ്റു തരത്തിൽ പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾക്ക് മികച്ച പരിഹാരമെന്ന നിലയിൽ സിൽവർ ലൈൻ പ്രസക്തമാണ്. അടിസ്ഥാന സൗകര്യവികസനത്തിൽ പ്രധാന വഴിത്തിരിവായിരിക്കും.

ദേശീയപാത വികസനം സമ്പൂർണ പരിഹാരമല്ല
ദേശീയപാത വികസനം യാഥാർഥ്യമാകുമ്പോൾ സിൽവർ ലൈൻ ആവശ്യമില്ലെന്നാണ്‌ യുഡിഎഫിന്റെ വാദം. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ കുറയ്ക്കുകയും പൊതുഗതാഗതത്തിലേക്ക് യാത്രക്കാരെ മാറ്റുകയും ചെയ്യുകയെന്നതാണ് കേന്ദ്ര സർക്കാർ നയം. സംസ്ഥാനത്തെ ദേശീയപാതകൾ വൻ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. ദേശീയപാത വികസനത്തോടെ ചുരുങ്ങിയ കാലത്തേക്ക് ആശ്വാസമാകും. അഞ്ചു വർഷത്തിനകം വീണ്ടും വാഹനം നിറയും. അഞ്ചോ പത്തോ വർഷം കൂടുമ്പോൾ ഹരിത ഇടനാഴികളിലൂടെ കൂടുതൽ ദേശീയപാതകളോ ബദൽ എക്‌സ്‌പ്രസ്‌ പാതകളോ ആസൂത്രണം ചെയ്യാൻ സംസ്ഥാനം നിർബന്ധിതമാകും. സിൽവർ ലൈൻ ഇക്കാര്യത്തിൽ വലിയ സംഭാവനയാകും. ജൈവ ഇന്ധനത്തിന്റെ ഉപയോഗം കുറയാനും സിൽവർ ലൈൻ ഉപകരിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയുടെ ലക്ഷ്യം നേടുന്നതിനും സഹായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top