24 May Friday

ഫാസിസത്തിലേക്കുള്ള കുറുക്കുവഴികള്‍

ഡോ. സംഗീത ചേനംപുല്ലിUpdated: Friday May 11, 2018

സംഗീത ചേനംപുല്ലി

സംഗീത ചേനംപുല്ലി

ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണെന്ന പോലെ ആള്‍ക്കൂട്ടത്തിന്റെ മൂല്യബോധം അതില്‍ ഏറ്റവും നൈതികതയും ചിന്താശേഷിയും കുറഞ്ഞയാളുടെ മൂല്യബോധത്തെയാണ് പിന്‍പറ്റുന്നത്. ഉത്തരവാദിത്തത്തിന്റെ അഭാവവും എളുപ്പത്തില്‍ തിരിച്ചറിയപ്പെടില്ല എന്ന തോന്നലും കൂടിയാവുമ്പോള്‍ ആള്‍ക്കൂട്ടം എളുപ്പത്തില്‍ വിദ്വേഷത്തിലേക്കും
ആക്രമണോത്സുകതയിലേക്കും വഴുതിവീഴുന്നു-
അക്രമാസക്തമാകുന്ന ആള്‍ക്കൂട്ട മനഃശാസ്ത്രത്തെക്കുറിച്ച്...
ഡോ. സംഗീത ചേനംപുല്ലി എഴുതുന്നു
.

കൊളോണിയല്‍ അമേരിക്കയില്‍ ഉറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം വിപ്ളവാനന്തര അമേരിക്കന്‍ ഐക്യനാടുകളില്‍ ഉണര്‍ന്നെണീറ്റ റിപ് വാന്‍ വിങ്കിളിന്റെ കഥ, കുട്ടിക്കഥ എന്നതിനപ്പുറം സാമൂഹ്യമാറ്റത്തിനൊപ്പം നടക്കാനാവാതെ അമ്പരന്നുനിന്നുപോയ സാധാരണ ഗ്രാമീണന്റെ കഥയാണ്. നവോത്ഥാനപൂര്‍വ കേരളത്തില്‍ ഉറക്കത്തിലാണ്ട മലയാളി ആധുനിക കാലത്ത് ഉണര്‍ന്നെണീക്കുമ്പോള്‍ അയാളുടെ ലോകം പഴയതില്‍നിന്നും എങ്ങനെയാണ് വ്യത്യസ്തമായിരിക്കുക? കെട്ടിടങ്ങളും റോഡുകളും വേഷവിധാനങ്ങളും ഓരോരുത്തരുടെയും കൈയില്‍ മിന്നുന്ന മൊബൈല്‍ വെളിച്ചങ്ങളുമടക്കം ഭൌതിക യാഥാര്‍ഥ്യങ്ങള്‍ അയാളെ അമ്പരപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അയാള്‍ക്ക് മനസ്സുവായിക്കാന്‍കൂടി കഴിയുമെങ്കില്‍ താന്‍ പാതിയില്‍ നിര്‍ത്തിപ്പോയ ജീവിതകാലത്തുനിന്ന് മനോഭാവങ്ങള്‍ ഒട്ടൊന്നും മാറിയില്ലെന്ന് കണ്ട് ആശ്വസിക്കാനാണിട. ഭാവനകള്‍ എന്തുതന്നെയായാലും നവോത്ഥാനാനന്തരം സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമായി എന്ന് കരുതപ്പെട്ടിരുന്ന ഭൂതങ്ങള്‍, കാലങ്ങളോളം മലയാളി മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നു എന്ന് കനത്തില്‍ അടിവരയിട്ടുകൊണ്ടാണ് കഴിഞ്ഞ ഫെബ്രുവരി മാസം കടന്നുപോയത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട(അ)നീതിക്ക് ഇരയാക്കപ്പെട്ട സംഭവം മലയാളിയുടെ സാംസ്കാരിക അടിത്തറക്കേറ്റ, ഏറെക്കാലം ഗുപ്തമായിരുന്ന ആഴത്തിലുള്ള വിള്ളലുകളെ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തുകയാണുണ്ടായത്.

ആള്‍ക്കൂട്ട മനഃശാസ്ത്രവും അരുംകൊലകളും

തങ്ങളുടെ നീതിബോധവും ഉത്തരവാദിത്തബോധവും ആവേശത്തിനു പണയപ്പെടുത്തിയ മനുഷ്യരുടെ കൂട്ടമാണ് പലപ്പോഴും ആള്‍ക്കൂട്ടം. ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്റെ മുഖമുദ്ര അത് മനുഷ്യനെ സാമൂഹ്യനീതിക്കനുസൃതമായി സംസ്കരിക്കപ്പെട്ട അവന്റെ നൈതികതയില്‍ നിന്ന് വ്യതിചലിപ്പിച്ച് അപമാനവീകരിക്കുന്നു എന്നതാണ്. ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണെന്നപോലെ ആള്‍ക്കൂട്ടത്തിന്റെ മൂല്യബോധം അതില്‍ ഏറ്റവും നൈതികതയും ചിന്താശേഷിയും കുറഞ്ഞയാളുടെ മൂല്യബോധത്തെയാണ് പിന്‍പറ്റുന്നത്. ഉത്തരവാദിത്തത്തിന്റെ അഭാവവും എളുപ്പത്തില്‍ തിരിച്ചറിയപ്പെടില്ല എന്ന തോന്നലും കൂടിയാവുമ്പോള്‍ ആള്‍ക്കൂട്ടം എളുപ്പത്തില്‍ വിദ്വേഷത്തിലേക്കും ആക്രമണോത്സുകതയിലേക്കും വഴുതിവീഴുന്നു. തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവും നിയമനടപടികള്‍ എളുപ്പമല്ലെന്ന തോന്നലും ലജ്ജ, കുറ്റബോധം, ആത്മവിമര്‍ശനം എന്നിവയെ മറികടന്ന് പ്രാകൃതവികാരങ്ങളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. വിവേകത്തെക്കാള്‍ വികാരത്താല്‍ നയിക്കപ്പെടുന്ന ആള്‍ക്കൂട്ടം ധൃതിപിടിച്ചുള്ള തീരുമാനങ്ങളിലേക്കും എത്തിപ്പെടുന്നു. എളുപ്പത്തില്‍ നയിക്കപ്പെടുകയും അടിപതറുകയും ചെയ്യുന്ന കൊച്ചുകുഞ്ഞിനെയോ കാട്ടുമൃഗത്തെയോ പോലെയാണ് ആള്‍ക്കൂട്ടമെന്ന് മക് ഡുഗല്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍തന്നെ ആള്‍ക്കൂട്ടം സ്ത്രീവിരുദ്ധവും വംശീയ സ്വഭാവമുള്ളതും ആയി മാറുന്നതില്‍ അത്ഭുതമില്ല.

വിശാലമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെടാത്ത ആള്‍ക്കൂട്ടങ്ങളുടെ ആക്രമണോത്സുകത ജേണലിസ്റ്റായ ലോറ ലോഗന്റെ അനുഭവത്തില്‍നിന്ന് വ്യക്തമാണ്. മുല്ലപ്പൂവിപ്ളവത്തിന്റെ ഭാഗമായി ഈജിപ്തിലെ തെഹ്രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയ ആള്‍ക്കൂട്ടം ഏതെങ്കിലും പ്രത്യേക സംഘടനയുടെയോ രാഷ്ട്രീയപാര്‍ടിയുടെയോ ആഹ്വാനഫലമായല്ല അവിടെയെത്തിയത്. അതുകൊണ്ടുതന്നെ അവര്‍ കൂട്ടുത്തരവാദിത്തത്താല്‍ പലപ്പോഴും അടിസ്ഥാനവര്‍ഗത്തിന് അന്യമാണ്. ആധുനികതയുടെ കാലത്ത് രൂപപ്പെട്ട പൊതുമണ്ഡലം മധ്യവര്‍ഗത്താല്‍ നിയന്ത്രിക്കപ്പെട്ടതായിരുന്നു എന്ന ഹേബര്‍മാസിന്റെ നിരീക്ഷണത്തോട് സമാനമാണ് ഇന്റര്‍നെറ്റ് കാലത്തെ അവസ്ഥയും. ഇതുകൊണ്ടുകൂടിയാണ് മള്‍ട്ടിറ്റ്യൂഡ് സമരങ്ങള്‍ മധ്യവര്‍ഗത്തിന് മേല്‍ക്കൈയുള്ളതായി മാറുന്നത്.

ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ളവകാലത്തെ കാഴ്ച

ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ളവകാലത്തെ കാഴ്ച


പ്രായദേശാതീതമായി ഒരേ താല്‍പ്പര്യങ്ങള്‍ പിന്തുടരുന്നവരുടെ വലിയൊരു സമാന്തരലോകത്തെ സൃഷ്ടിച്ചെടുക്കാന്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള ഡിജിറ്റല്‍ സങ്കേതങ്ങള്‍ക്ക് വളരെയെളുപ്പത്തില്‍ സാധ്യമാകുന്നു. യഥാര്‍ഥ ആള്‍ക്കൂട്ടം വാഗ്ദാനം ചെയ്യുന്നതിലും എത്രയോ ഏറെയാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ നല്‍കുന്ന അനോണിമിറ്റി. അതുകൊണ്ടുതന്നെ സോദ്ദേശ ഗ്രൂപ്പുകളെക്കാള്‍ പ്രതിലോമ ആവശ്യങ്ങള്‍ പിന്‍പറ്റുന്ന ഗ്രൂപ്പുകള്‍ക്ക് വളരെ എളുപ്പത്തില്‍ സ്വാധീനമുറപ്പിക്കാനുമാവുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഗ്രൂപ്പുകള്‍ ഒന്നും രൂപീകരിക്കാതെ തന്നെ സംഘടിത പ്രതികരണവും ആക്രമണവും സോഷ്യല്‍ മീഡിയ വഴി സാധ്യമാകുന്നു. ഇത് കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരുകയും സമാനമനസ്കരുടെ ഒരു വലിയ വിര്‍ച്വല്‍ ആള്‍ക്കൂട്ടം രൂപപ്പെടുകയും ചെയ്യുന്നു. യഥാര്‍ഥ ലോകത്ത് ഒരു ആള്‍ക്കൂട്ടം രൂപപ്പെടുന്നതിനെക്കാള്‍ എത്രയോ കുറച്ച് സമയവും ഊര്‍ജവും  മതി അതിനെക്കാള്‍ അനേകമടങ്ങ് വലിപ്പമുള്ള ഒരു വിര്‍ച്വല്‍ ആള്‍ക്കൂട്ടം രൂപപ്പെടാന്‍. ഈ വിര്‍ച്വല്‍ ആള്‍ക്കൂട്ടത്തിന് ആവശ്യമെങ്കില്‍ റിയല്‍ ആള്‍ക്കൂട്ടമായി മാറാനുമാകും, മധുവിന്റെ കൊലപാതകത്തിലും മറ്റും സംഭവിച്ചതുപോലെ.
 
വ്യക്തികളില്‍ പെരുമാറ്റരീതികള്‍ രൂപപ്പെടുന്നത് അനുകരണവും അനുശീലനവും വഴിയാണ്. ഡിജിറ്റല്‍ കാലത്ത് പെരുമാറ്റരീതികളെ രൂപപ്പെടുത്തുന്നതില്‍ ടി വി, ഇന്റര്‍നെറ്റ്, വീഡിയോ ഗെയിമുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവക്ക് കാര്യമായ പങ്കുണ്ടെന്ന് ആന്റേഴ്സണും ബുഷ്മാനും ചേര്‍ന്ന് നടത്തിയ പഠനം തെളിയിക്കുന്നു (Violence and video games- Anderosn and Bushman). സോഷ്യല്‍ മീഡിയയിലൂടെയുള്ള കൂട്ടംചേരലും പ്രചാരണങ്ങളും സമൂഹത്തിന്റെ മൊത്തം കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നതിന് ഏറെ ഉദാഹരണങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ത്തന്നെ കാണാം. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിന് പ്രതികൂലമായിരുന്ന പൊതുബോധത്തെ കുറച്ചുനാളുകള്‍ക്കുശേഷം അനുകൂലമായി മാറ്റിയെടുക്കുന്നതില്‍ മറ്റ് മാധ്യമങ്ങളെക്കാള്‍ നവമാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധതയെപ്പറ്റി നടി പാര്‍വതി അഭിപ്രായം പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണം പുരുഷന്മാരടക്കം ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉള്ള മുഴുവന്‍ ആളുകള്‍ക്കും നേരെയുള്ള കൂട്ട ആക്രമണമായി മാറുന്നതും കാണാം. പീഡോഫൈല്‍ ഗ്രൂപ്പുകളുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍, ഏറ്റവുമൊടുവില്‍ ഫാന്‍ ഫൈറ്റ്സ് ക്ളബ് എന്ന വിര്‍ച്വല്‍ തെമ്മാടിക്കൂട്ടത്തില്‍ ഒരു സംവിധായകനടക്കം നടത്തുന്ന, സ്ത്രീവിരുദ്ധ-ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയൊക്കെ മലയാളിയുടെ പൊതുബോധത്തെ സമൂഹമാധ്യമങ്ങള്‍ എപ്രകാരത്തില്‍ ദോഷകരമായി സ്വാധീനിക്കുന്നു എന്നതിനുള്ള നല്ല ഉദാഹരണങ്ങളാണ്.

എളുപ്പത്തില്‍ നയിക്കപ്പെടുകയും അടിപതറുകയും ചെയ്യുന്ന കൊച്ചുകുഞ്ഞിനെയോ കാട്ടുമൃഗത്തെയോ പോലെയാണ് ആള്‍ക്കൂട്ടമെന്ന് മക് ഡുഗല്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍തന്നെ ആള്‍ക്കൂട്ടം സ്ത്രീവിരുദ്ധവും വംശീയ സ്വഭാവമുള്ളതും ആയി മാറുന്നതില്‍ അത്ഭുതമില്ല.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൌകര്യങ്ങളും വ്യക്തിയെ തന്നില്‍തന്നെ കേന്ദ്രീകരിക്കുന്നവനായി മാറ്റുന്നുണ്ട്. അത് വ്യക്തിജീവിതത്തെ കൂടുതല്‍ അടഞ്ഞതാക്കി മാറ്റുന്നു. യഥാര്‍ഥ സാമൂഹ്യ കൂട്ടായ്മകളില്‍നിന്ന് അവനെ അന്യനാക്കുകയും തന്റെ താല്‍പ്പര്യങ്ങളോട് പൊരുത്തപ്പെടുന്ന ഒരു അയഥാര്‍ഥ ലോകത്തെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.  യഥാര്‍ഥ സാമൂഹ്യ കൂട്ടായ്മകളില്‍ ആവശ്യമായ സാമൂഹ്യ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഈ വിര്‍ച്വല്‍ ലോകം അവന് വിടുതല്‍ നേടിക്കൊടുക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ മുതലാളിത്തത്തിന്റെ രണ്ടാംഘട്ടത്തില്‍ വളര്‍ന്നുവന്ന സംസ്കാര ഉപഭോഗ സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായിത്തന്നെയാണ് ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയത്തിന്റെ വ്യാപനം എന്ന് കാണാം. ചിന്തയോ വ്യാഖ്യാനമോ ആവശ്യപ്പെടാത്ത, കണ്ട് വിസ്മൃതിയിലേക്ക് തള്ളിക്കളയേണ്ട വിവരങ്ങളുടെ തള്ളിക്കയറ്റം ചിന്ത ആവശ്യപ്പെടുന്ന വിഷയങ്ങളില്‍നിന്ന് മനുഷ്യരെ സമര്‍ഥമായി വഴിതിരിച്ചുവിടുന്നു. അങ്ങനെ ചൂഷണമടക്കമുള്ള അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മുതലാളിത്തത്തെ സഹായിക്കുന്ന ഉപകരണമായിക്കൂടി നവമാധ്യമങ്ങള്‍ മാറുന്നുണ്ട്.

എന്നാല്‍ ഇതിന്റെ മറുപുറം എന്ന് പറയാവുന്ന തരത്തില്‍ ഗുണപരമായും സോഷ്യല്‍ മീഡിയ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തിലെ പരമ്പരാഗത മാധ്യമങ്ങളെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ മൂക്കുകയറിട്ട് തങ്ങളുടെ വഴിക്ക് നയിച്ച സംഭവമായിരുന്നു മധുവിന്റെ കൊലപാതകം. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തെ അതിന്റെ യഥാര്‍ഥരൂപത്തില്‍ റിപ്പോര്‍ട്ട്് ചെയ്യാന്‍ പത്രങ്ങള്‍ നിര്‍ബന്ധിതരായി. എങ്കിലും അനോണിമിറ്റി എന്ന വലിയ ഉറപ്പും തങ്ങള്‍ക്കൊപ്പം വലിയൊരു കൂട്ടം തന്നെയുണ്ടെന്ന ആത്മവിശ്വാസവും നിഷേധാത്മക സ്വഭാവമുള്ള ഗ്രൂപ്പുകളെ കൂടുതല്‍ വളരാന്‍ സഹായിക്കുന്നുണ്ടെന്ന് കാണാം.

മാറുന്ന കേരളവും വളരുന്ന പ്രതിസന്ധികളും

അതിവേഗം മധ്യവര്‍ഗവത്കരിക്കപ്പെട്ട ഒരു സമൂഹമാണ് മലയാളികള്‍. ജനസംഖ്യയുടെ മുക്കാല്‍പങ്കിലധികം കൈയാളുന്ന മധ്യവര്‍ഗം സംഘടിത മതങ്ങളോളം സ്വാധീനശേഷിയുള്ള കൂട്ടമായാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായ ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും തൊഴില്‍സജ്ജരായ വലിയൊരു വിഭാഗത്തെ സൃഷ്ടിച്ചു. പ്രവാസം മുന്നോട്ടുവച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ കേരളം മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള സമൂഹമായി പരിണമിക്കുകയും  ചെയ്തു. തുടര്‍ന്ന്, തൊണ്ണൂറുകളിലെ ഉദാരവല്‍ക്കരണ നയങ്ങള്‍ തുറന്ന വിപണിയായി ഇന്ത്യയെ മാറ്റുകയുണ്ടായി. തുറന്ന വിപണിയുടെ പ്രലോഭനങ്ങള്‍ മലയാളിക്ക് നിരസിക്കാന്‍ എളുപ്പമായിരുന്നില്ല. വാങ്ങല്‍ശേഷി കൂടുതലുള്ള, ഉപരിവര്‍ഗശ്രേണിയിലേക്ക് കുതിച്ചുകയറാന്‍ വെമ്പുന്ന മലയാളി സമൂഹം എളുപ്പത്തില്‍ വിപണിയുടെ ഇരകളായി മാറ്റപ്പെട്ടു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സാന്ദ്രതയും ഇതോടൊപ്പംതന്നെ വര്‍ധിക്കുകയുണ്ടായി. അതേസമയം, നവോത്ഥാന പ്രക്രിയക്ക് തൊലിപ്പുറമേയുള്ള മാറ്റങ്ങള്‍ക്കപ്പുറം ആഴത്തില്‍ രാഷ്ട്രീയവത്കരണം സാധ്യമായില്ല. സ്ത്രീകളോടും ദളിതരോടും ലിംഗന്യൂനപക്ഷങ്ങളോടുമുള്ള സമീപനത്തില്‍ കാതലായ മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല മധ്യവര്‍ഗവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ അത് കൂടുതല്‍ പ്രതിലോമകരമായി മാറിത്തീരുകയുംചെയ്തു. വിശപ്പ് എന്ന ഭീഷണ യാഥാര്‍ഥ്യത്തെ ജീവിതത്തിലൊരിക്കലും നേരിടാത്തവരാണ് കേരളത്തിലെ നാല്‍പ്പത് വയസ്സിനുതാഴെയുള്ള ജനസംഖ്യയില്‍ തൊണ്ണൂറുശതമാനവും.

ആലുവ സബ്‌ജയിലിന് മുന്നില്‍ ദിലീപ് ആരാധകര്‍ തടിച്ചുകൂടിയപ്പോള്‍

ആലുവ സബ്‌ജയിലിന് മുന്നില്‍ ദിലീപ് ആരാധകര്‍ തടിച്ചുകൂടിയപ്പോള്‍


'ദാരിദ്യ്രമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ളേശ വിവേകമുള്ളൂ' എന്ന വരികള്‍ ഉപരിപ്ളവമെങ്കിലും കേരളത്തിലെ മധ്യവര്‍ഗ മനസ്സിന്റെ സംവേദനരാഹിത്യത്തിന്റെ കാരണങ്ങളിലൊന്നിനെ വെളിവാക്കുന്നുണ്ട്. വിപണി മനുഷ്യനെ എങ്ങനെ അപമാനവീകരിക്കുന്നു എന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമായി കേരളീയ സമൂഹത്തെ എടുത്തുകാട്ടാവുന്നതാണ്. മധ്യവര്‍ഗ മനോഭാവത്തിന് മേല്‍ക്കൈ ലഭിച്ചതോടെ സാമൂഹ്യ പ്രതിബദ്ധതയുടെ സ്ഥാനത്ത് തന്‍കാര്യം പ്രതിഷ്ഠിക്കപ്പെട്ടു. ഇതോടെ സംവേദനക്ഷമതയില്ലാത്ത ഒരു മലയാളി സമൂഹമനസ്സ് രൂപപ്പെടുകയും ചെയ്തു. മധ്യവര്‍ഗ മനസ്സ് ഈ സംവേദനമില്ലായ്മക്ക് ഇന്ധനം പകരുന്നുണ്ട്. മധ്യവര്‍ഗം എപ്പോഴും തങ്ങളില്‍പ്പെട്ടവരെ മാത്രം കാണുകയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയുംചെയ്യുന്നു. സമ്പന്നരെ അവര്‍ അകന്നുനിന്ന് ആരാധിക്കുകയോ പരിഹസിക്കുകയോ ചെയ്യുമ്പോള്‍ പാവപ്പെട്ടവരെ നികൃഷ്ടജീവികളും ജീവിക്കാന്‍ അവകാശമില്ലാത്തവരുമായി കണക്കാക്കുന്നു. ഈ മധ്യവര്‍ഗ പൊതുബോധമാണ് തങ്ങളുടെ കൂട്ടത്തില്‍ പെടാത്തവരോടുള്ള ആക്രമണോത്സുകതയായി മാറ്റപ്പെടുന്നത്.

കൊടികളുടെ നിറങ്ങള്‍ക്കപ്പുറം വ്യക്തിയെ ആന്തരികമായി സൂക്ഷ്മതലത്തില്‍ രാഷ്ട്രീയവത്കരിക്കാനായില്ല എന്നത് കേരള നവോത്ഥാനത്തിനുനേരെയുള്ള ഏറ്റവും വലിയ വിമര്‍ശനമായി നിലനില്‍ക്കുന്നു എന്നു മാത്രമല്ല, മധുവിന്റെ കൊലപാതകികളെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം നവോത്ഥാനത്തിന്റെ അപൂര്‍ണതകളിലേക്ക് നീളുന്നുമുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയമായി പക്വതയാര്‍ജിക്കാത്ത, ടെക്നോളജിയെ എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി ബോധവത്കരിക്കപ്പെടാത്ത ഒരു സമൂഹത്തിന്റെ കൈയിലേക്ക് വന്നുചേര്‍ന്ന ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റ് സൌകര്യങ്ങളും അടക്കമുള്ള സാങ്കേതികവിദ്യകള്‍ പല സന്ദര്‍ഭങ്ങളിലും ഭസ്മാസുരന് ലഭിച്ച വരം പോലെയായി മാറുന്നതും കാണാം. ടെക്നോളജി തന്നെയാണ് ശാസ്ത്രബോധത്തിനെതിരെ ഏറ്റവും വ്യാപകമായി ഇന്നുപയോഗിക്കപ്പെടുന്ന ആയുധം. കിംവദന്തികളുടെയും തട്ടിപ്പുകളുടെയും വിദ്വേഷ പ്രവര്‍ത്തനങ്ങളുടെയും പ്രധാന മാധ്യമമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നു. കൂടാതെ ആത്മരതിയുടെ കൂത്തരങ്ങായും സോഷ്യല്‍ മീഡിയ മാറിത്തീര്‍ന്നു. സാമൂഹ്യബോധത്തെ പുറംതള്ളി വ്യക്തിപരത പ്രതിഷ്ഠിക്കപ്പെട്ടതിനു സമാന്തരമായിത്തന്നെയാണ് സെല്‍ഫികളില്‍ നമ്മള്‍ അഭിരമിച്ചുതുടങ്ങിയതും. വ്യക്തിയുടെ ആത്മാവിഷ്കാരപ്പൊങ്ങച്ചങ്ങള്‍ അപകട സ്ഥലത്തുനിന്നും ശവമഞ്ചത്തിന് മുന്നിലും ലൈവ് കൊലകളുടെയും സെല്‍ഫിക്കാഴ്ചകളായി സോഷ്യല്‍ മീഡിയ വഴി സമൂഹത്തില്‍ വന്നടിയുന്നു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിന് പ്രതികൂലമായിരുന്ന പൊതുബോധത്തെ കുറച്ചുനാളുകള്‍ക്കുശേഷം അനുകൂലമായി മാറ്റിയെടുക്കുന്നതില്‍ മറ്റ് മാധ്യമങ്ങളെക്കാള്‍  നവമാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

നിരന്തരം അപരങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് യാഥാസ്ഥിതികത്വം നിലനില്‍ക്കുന്നത്. നാസി ജര്‍മനിയില്‍ ജൂതരും ജൂത ഇസ്രയേലില്‍ മുസ്ളിങ്ങളും എന്നിങ്ങനെ അത് ഓരോയിടത്തും തരാതരംപോലെ അപരത്വങ്ങളെ സൃഷ്ടിക്കുന്നു. ഈ അപരത്വങ്ങളുമായുള്ള നിരന്തര സംഘര്‍ഷത്തിലൂടെയാണ് യാഥാസ്ഥിതിക വലതുപക്ഷം തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കുന്നത്. അപരന്മാരെ സൃഷ്ടിച്ചു മാത്രമേ അതിന് നിലനില്‍ക്കാനുമാവൂ. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതിനെയെല്ലാം ശത്രുപക്ഷത്ത് നിര്‍ത്തി ഒറ്റപ്പെടുത്താനുള്ള പ്രവണത സമീപകാലത്ത് മലയാളികള്‍ക്കിടയിലും വര്‍ധിച്ചുവരുന്നതായി കാണാം. അന്യസംസ്ഥാന തൊഴിലാളികള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി കറുപ്പുനിറമുള്ളവര്‍ വരെ സമീപകാലത്ത് പലസ്ഥലങ്ങളിലും വ്യാജ ആരോപണങ്ങള്‍ അടിസ്ഥാനമാക്കി ആക്രമിക്കപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയവ സംബന്ധിച്ച് കിംവദന്തികള്‍ സോഷ്യല്‍ മീഡിയ വഴി പരക്കെ പ്രചരിപ്പിക്കപ്പെടുകയും ഇത് മേല്‍പ്പറഞ്ഞ വിഭാഗങ്ങളെ കൂടുതല്‍ രൂക്ഷമായ അപരവല്‍കരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദളിതനായ കലാകാരന്റെ മൃതദേഹത്തിന് അമ്പലത്തിന്റെ പരിസരമെന്ന് പറഞ്ഞ് അയിത്തം കല്‍പ്പിച്ച സമൂഹം അതിന്റെ മുന്നോട്ടുള്ള യാത്ര ഏതുവഴിക്കെന്ന് പ്രകടമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. മുഖ്യധാരാ  സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന ആദിവാസിയുടെ  ജീവിതം ശരാശരി മലയാളിക്ക് പലപ്പോഴും വിദൂരകാഴ്ചപോലുമല്ല. അതിനെക്കുറിച്ച് അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമില്ല. അതിനാല്‍ ആദിവാസി നിരന്തരം അപരനായിത്തന്നെ വീക്ഷിക്കപ്പെടുന്നു. ആദിവാസികളില്‍ തന്നെ വിവിധ ജാതീശ്രേണികള്‍ നിലനില്‍ക്കുകയും കാടിനോടടുത്ത് ജീവിക്കുന്ന ചില പ്രത്യേക വിഭാഗങ്ങള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്.

ഇതിന്, സമാന്തരമായി മലയാളിയുടെ പ്രിയപ്പെട്ട ഒഴിവുസമയ വിനോദമായി സദാചാര പൊലീസിങ് മാറുന്നുണ്ട്. ലൈംഗിക സ്വാതന്ത്യ്രം പാടേ നിഷേധിക്കപ്പെട്ട, ലൈംഗികതയ്ക്കുള്ള ലൈസന്‍സായി വിവാഹത്തെ കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. സ്ത്രീക്കും പുരുഷനും സ്വതന്ത്രമനുഷ്യരായി, കൂട്ടാളികളും, സുഹൃത്തുക്കളുമായി, പ്രണയികളായി ഇടപെടാനുള്ള ഇടം നമ്മുടെ സമൂഹം അനുവദിക്കുന്നില്ല. ഭിന്നലൈംഗിക സ്വത്വമുള്ളവരുടെ ജീവിക്കാനുള്ള സ്വാതന്ത്യ്രംപോലും ഇന്നും വകവച്ചുകൊടുക്കപ്പെട്ടിട്ടില്ല. അടക്കിവയ്ക്കപ്പെട്ട ലൈംഗികത സദാചാര പൊലീസിങ്ങിലേക്ക് മാത്രമല്ല, ഫാസിസത്തിലേക്ക് തന്നെയുള്ള എളുപ്പവഴിയാണെന്ന് ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം എന്ന പുസ്തകത്തില്‍ വില്‍ഹെം റീഹ് നിരീക്ഷിക്കുന്നുണ്ട്.

ഒരു പ്രദേശത്തെ യുവാക്കളുടെ ഒറ്റപ്പെട്ട അക്രമം എന്ന നിലയ്ക്കല്ല, സമൂഹത്തിന്റെ ഉള്‍ക്കാമ്പില്‍ തിളച്ചുമറിയുന്ന ഇത്തരം നിരവധി പ്രതിലോമപ്രവണതകളുടെ ബഹിര്‍സ്ഫുരണമായിത്തന്നെയാണ് മധുവിന്റെ കൊലപാതകത്തെ വീക്ഷിക്കേണ്ടത്. ആള്‍ക്കൂട്ടത്തെ ഗുണപരമായി സ്വാധീനിക്കാനുള്ള ഏകവഴി അതിനെ പ്രത്യയശാസ്ത്രവത്കരിക്കുക എന്നത് മാത്രമാണ്. പ്രത്യയശാസ്ത്രവത്കരിക്കപ്പെട്ട ആള്‍ക്കൂട്ടങ്ങളാണ് വിപ്ളവങ്ങളടക്കം ലോകത്തെ മാറ്റിമറിച്ച മുന്നേറ്റങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. എന്നാല്‍ സൂക്ഷ്മതലത്തില്‍ പ്രത്യയശാസ്ത്രവത്കരിക്കപ്പെടാത്ത, നിരന്തരം അപരന്മാരെ സൃഷ്ടിക്കുന്ന കേരളത്തിലെ നിലവിലുള്ള അവസ്ഥ ഫാസിസത്തിന് വേരൂന്നാനുള്ള വളക്കൂറുള്ള മണ്ണാണ് ഒരുക്കിക്കൊടുക്കുന്നത്. ആഴത്തില്‍ പിടിമുറുക്കിക്കഴിഞ്ഞ മധ്യവര്‍ഗ മനോഭാവത്തിനൊപ്പം മതവിഭാഗങ്ങള്‍ തമ്മിലും ജാതികള്‍ തമ്മിലും വര്‍ധിച്ചുവരുന്ന സാമൂഹ്യവിടവ് പ്രതിലോമശക്തികള്‍ വരുംകാലങ്ങളില്‍ നന്നായിത്തന്നെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളുണ്ട്.

വ്യക്തിയെ നിയന്ത്രിക്കുന്ന സാമൂഹ്യനിയമങ്ങള്‍ ദുര്‍ബലമാക്കപ്പെടുകയും അതിന് ജനതയെ സ്വാധീനിക്കാന്‍ കഴിയാതാവുന്ന അവസ്ഥവരികയും ചെയ്യുക എന്നത് ആ നാടിന്റെ ഭീതിദമായ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഉണര്‍ന്നെണീക്കുന്ന പഴയ ഭൂതങ്ങള്‍ക്ക് ഒരിക്കലും പിടിച്ചടക്കാന്‍ കഴിയാത്തിടമായി എങ്ങനെ നമ്മുടെ നാടിനെ മാറ്റാം എന്നതാണ് മുന്നിലുള്ള കാതലായ ചോദ്യം .

(ദേശാഭിമാനി വാരികയില്‍ നിന്ന് )

പ്രധാന വാർത്തകൾ
 Top