14 June Monday

ക്യാമറകൊണ്ട് എഴുതിയ കവിത - ഷാജി എൻ കരുൺ എഴുതുന്നു

ഷാജി എൻ കരുൺUpdated: Friday Jun 11, 2021

photo credit buddhadeb dasgupta official twitter

പിറവിക്ക് സംസ്ഥാന പുരസ്‌കാരം ലഭിക്കാത്തത് അക്കാലത്ത് വലിയ മാധ്യമചർച്ചയ്‌ക്ക് വഴിവച്ചിരുന്നു. അന്നത്തെ സംസ്ഥാന പുരസ്‌കാര നിർണയ ജൂറി തലവൻ ബുദ്ധദേബ് ദാസ്ഗുപ്തയായിരുന്നു. അതിലുള്ള സങ്കടം കൊണ്ടാണോ എന്നറിയില്ല, പിന്നീട് കണ്ടപ്പോൾ അദ്ദേഹം ഏറെ വികാരഭരിതനായി സംസാരിച്ചു. അതോടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. പിറവിയുമായി ഞാൻ വിദേശ മേളകളിലെത്തിയപ്പോൾ അവിടെ ചരാചർ എന്ന പുതിയ ചിത്രവുമായി അദ്ദേഹമുണ്ടായിരുന്നു. രാജ്യത്തെയും വിദേശത്തെയും മേളകളിൽ ഒന്നിച്ചുള്ള യാത്രകൾ പിന്നീട് ഞങ്ങൾക്ക് ശീലമായി.  

കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ അതിന്റ തലപ്പത്ത് ബുദ്ധദേബ് ദാസ്ഗുപ്തയായിരുന്നു. അദ്ദേഹം എന്നെയും ഗവേണിങ് ബോർഡിലേക്ക് ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർണായകമായ ഒട്ടേറെ കാര്യങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ചു. കവിതയിൽനിന്നുമാണ് അദ്ദേഹം സിനിമയിലെത്തിയത്. കവി ഓരോ വാക്കും അതിസൂക്ഷ്‌മമായി തെരഞ്ഞെടുത്ത് കാവ്യതാളം സൃഷ്ടിക്കുംപോലെയാണ് അദ്ദേഹം ചലച്ചിത്രത്തിന് ദൃശ്യഭാഷ ചമച്ചത്. സമകാലീന ബംഗാൾ ചലച്ചിത്രകാരന്മാരിൽനിന്ന്‌ വ്യത്യസ്തമായി കാവ്യാത്മകമായ താളവും ധ്വനിഭംഗിയും സിനിമകളെ വേറിട്ടുനിർത്തി. ലോക ചലച്ചിത്രവേദികൾ അവ ഏറ്റെടുത്തതും കാവ്യഭംഗി കൊണ്ടായിരുന്നു. കേരള പശ്ചാത്തലത്തിൽ സിനിമ ചെയ്യാൻ ഏറെ കൊതിച്ചു. ശാരീരിക അവശതകൾ അവഗണിച്ചും കേരളത്തിന്റെ ചലച്ചിത്രമേളകളിൽ പങ്കാളിയായി. ഒരിക്കൽ മേളയ്ക്കിടെ തിരുവനന്തപുരത്ത് വച്ച് ഡയാലിസിസിന് വിധേയനായി. കഴിഞ്ഞതവണ കൊൽക്കൊത്ത  മേളയ്ക്കിടെ കണ്ടപ്പോൾ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. വേദിയിൽ ഒറ്റ ചലച്ചിത്രകാരന്മാരുടെ ചിത്രമില്ല, ഉള്ളത് ബംഗാൾ മുഖ്യമന്ത്രിയുടെ ചിത്രംമാത്രം.  ബംഗാളി സിനിമയെ മുഖ്യധാരശീലങ്ങൾ വിഴുങ്ങിത്തുടങ്ങിയതിലും അദ്ദേഹം നിരാശനായിരുന്നു.

മിക്കപ്പോഴും സിനിമകളുടെ നിർമാണഭാരംകൂടി അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു. സമാന്തരസിനിമയുടെ സാഹസികപാത ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടതിൽ, തന്റെ തലമുറ ചലച്ചിത്രമേഖലയ്‌ക്ക് നൽകിയ സാംസ്‌കാരികമായ പിന്തുടർച്ച നഷ്ടപ്പെടുന്നതിൽ, ആസ്വാദന ക്ഷമതപോലും തീർത്തും  വൈദേശികമായി പോകുന്നതിൽ എല്ലാം  അദ്ദേഹം ദുഃഖിതനായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top