17 August Wednesday

പാർടിയും എസ്എഫ്ഐയും - എ കെ ബാലൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

വർഗബഹുജന സംഘടനകളെക്കുറിച്ചുള്ള മാർക്സിസ്റ്റ് –-ലെനിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം  അതിന്റെ നിലപാട്‌ രൂപപ്പെടുത്തിയത്. 1978ൽ ജലന്തറിൽ നടന്ന 10–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ പ്രധാനപ്പെട്ട രണ്ട് ലക്ഷ്യം; 1. പാർടിയുടെ സ്വതന്ത്രശക്തി ശക്തിപ്പെടുത്തണം, വർഗബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനം ശക്തിപ്പെടുത്തുക. 2. ഇടതുപക്ഷ ഐക്യം ഉറപ്പുവരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി യാഥാർഥ്യമാക്കുക, ഏകാധിപത്യത്തിനെതിരായ വിശലമായ വേദിക്ക് രൂപംകൊടുക്കുക.

ഈ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് 1978ൽ തന്നെ പടിഞ്ഞാറൻ ബംഗാളിലെ സാൽക്കിയയിൽ ഒരു സംഘടനാ പ്ലീനം വിളിച്ചുചേർത്തത്. യഥാർഥത്തിൽ വർഗബഹുജന സംഘടനകളെ സംബന്ധിച്ച ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് ഈ പ്ലീനം വഴിയാണ് രൂപപ്പെടുത്തിയത്. പ്ലീനത്തിന്റെ തുടർച്ചയായിരുന്നു 1981ലെയും 2004ലെയും കേന്ദ്ര കമ്മിറ്റി രേഖകൾ. ‘വർഗബഹുജന സംഘടനകളെക്കുറിച്ച്', ‘വർഗ ബഹുജന സംഘടനകളും പാർടിയും' എന്നിവയാണ് രണ്ട് രേഖ. അതോടെയാണ്‌ വർഗബഹുജന സംഘടനകളെക്കുറിച്ചു പാർടിക്കുള്ളിലെ തെറ്റായ ധാരണ മാറ്റിയെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് ഇ എം എസ് എഴുതിയ ‘തൊഴിലാളി വർഗത്തിന്റെ വിപ്ലവ ബഹുജന പാർടി' എന്ന ചെറിയ പുസ്തകത്തിൽ സൂചിപ്പിച്ച കാര്യം –‘വർഗ ബഹുജന സംഘടനകൾ പാർടിയുടെ പോഷക സംഘടനകളല്ല. പാർടിയുടെ ചട്ടുകമല്ല ബഹുജന സംഘടനകൾ. അത് സ്വതന്ത്രവും ജനാധിപത്യപരവുമായി പ്രവർത്തിക്കേണ്ട സംഘടനകളാണ്. പാർടിയുടെ സംഘടനാരൂപമായ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വം ബഹുജന സംഘടനകൾക്ക് ബാധകമല്ല. അത് പൂർണമായും ജനാധിപത്യപരമായി പ്രവർത്തിക്കേണ്ടവയാണ്. എന്നാൽ, വർഗബഹുജന സംഘടനയിൽ പ്രവർത്തിക്കുന്ന പാർടി അംഗങ്ങൾ പാർടി തീരുമാനം അംഗീകരിക്കണം. ബഹുജന സംഘടനകളുടെ ജനാധിപത്യത്തിന്റെ പേരിൽ പാർടി സംഘടനാ തത്വങ്ങൾ വെല്ലുവിളിക്കരുത്. 'ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് വർഗ ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനം ശക്തിപ്പെടുത്തി വലിയൊരു വിഭാഗത്തെ ബഹുജന സംഘടനകൾക്ക് ആകർഷിക്കാൻ കഴിഞ്ഞത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഘടനയാണ് വിദ്യാർഥി രംഗത്തെ എസ്എഫ്ഐ. എസ്എഫ്ഐക്കു മുമ്പ് രൂപംകൊണ്ട വിദ്യാർഥി സംഘടനയാണ് കെഎസ്എഫ്. വിദ്യാർഥികളെ പൊതുവിൽ ആകർഷിക്കാൻ ആ സംഘടനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് വിദ്യാർഥി രംഗത്ത് കെഎസ്‌യു നിറഞ്ഞുനിന്നത്.


 

എന്നാൽ, 1970 ൽ എസ്എഫ്ഐ രൂപംകൊണ്ടതിനുശേഷം എസ്എഫ്ഐയുടെ പ്രവർത്തനശൈലിയും സമീപനവും വിദ്യാർഥികളെ നന്നായി ആകർഷിച്ചു. മിടുക്കരായി പഠിക്കുന്ന വിദ്യാർഥികളും കായിക  കലാരംഗത്തെ പ്രതിഭകളും വലിയൊരളവിൽ എസ്എഫ്ഐയിലേക്ക് ആകർഷിക്കപ്പെട്ടു. മാത്രവുമല്ല, കോൺഗ്രസ്‌, മുസ്ലിംലീഗ്,  ബിജെപി തുടങ്ങി മറ്റ് പാർടികളുടെ കുടുംബങ്ങളിൽനിന്നുപോലും വിദ്യാർഥികൾ എസ്എഫ്ഐയിലേക്ക് ആകർഷിക്കപ്പെട്ടു. ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് കുടുംബങ്ങളിൽനിന്നുള്ള കുട്ടികളടക്കം ആകർഷിക്കപ്പെട്ട കെഎസ്‌യു വിദ്യാർഥികളിൽനിന്ന് അപ്രത്യക്ഷമായി.

ഭൂരിപക്ഷം കോളേജും സ്‌കൂളുകളും  സാങ്കേതിക ആരോഗ്യ സ്ഥാപനങ്ങളുമെല്ലാം എസ്എഫ്ഐയുടെ നിയന്ത്രണത്തിലായി. സെനറ്റ്, സിൻഡിക്കറ്റ് വിദ്യാർഥി പ്രതിനിധികൾ ഭൂരിപക്ഷവും എസ്എഫ്ഐക്കാരാണ്. ഇത് പൊതുസമൂഹത്തിൽ പ്രതിഫലിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുന്നതിന് കാരണമായി. എന്നാൽ, എസ്എഫ്ഐയുടെ വളർച്ചയോടൊപ്പംതന്നെ തെറ്റായ ചില പ്രവണതകളും ഒറ്റപ്പെട്ട രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രവണതകളായിരുന്നു കെ എസ്‌യുവിന്റെ നാശത്തിലേക്ക് എത്തിച്ചതെന്ന തിരിച്ചറിവിൽ എസ്എഫ്ഐ നേതൃത്വം എപ്പോഴും ജാഗ്രതപ്പെട്ടിരുന്നു.
എന്നാൽ, പൂർണമായും ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. അതിന്റെ ഉദാഹരണമാണ് ഒറ്റപ്പെട്ടതെങ്കിലും വയനാട്ടിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റും അപ്പോൾത്തന്നെ ശക്തമായി പ്രതികരിച്ചു. കോൺഗ്രസിന്റെയും ബിജെപിയുടെയും പാരമ്പര്യമല്ല സിപിഐ എമ്മും  എസ്എഫ്ഐയും കാണിച്ചത്.

എസ്എഫ്ഐ ഇതുസംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞു–-‘വയനാട് സംഭവം നേതൃത്വത്തിന്റെ അറിവോടെയല്ല, ഈ പ്രവണതയെ ശക്തമായി തള്ളുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത് എസ്എഫ്ഐയുടെ പാരമ്പര്യത്തിന് യോജിച്ചതല്ല. എസ്എഫ്ഐ കാലികമായി ഉയർത്തേണ്ടുന്ന പ്രശ്നമല്ല ബഫർസോൺ പ്രശ്നം’. യഥാർഥത്തിൽ ബഫർസോൺ പ്രശ്നം വയനാട് ജില്ലയിൽ ആളിക്കത്തുന്ന ഒരു ജനകീയ പ്രശ്നമാണ്. പക്ഷേ, എസ്എഫ്ഐ ഉയർത്തേണ്ട ഒരു പ്രശ്നമല്ലെന്ന നിലപാടാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിനുള്ളത്.

ഓഫീസുകൾക്കുനേരെയുള്ള ആക്രമണം, വീടുകൾക്കുനേരെയുള്ള ആക്രമണം, ഏതു ഭാഗത്തുനിന്നു വന്നാലും മുളയിലേ നുള്ളിക്കളയണം. എന്ത് പ്രകോപനമുണ്ടായാലും അത്തരം പ്രവർത്തനങ്ങളോട് ഒരിക്കലും സിപിഐ എമ്മിനോ, എസ്എഫ്ഐക്കോ പൊരുത്തപ്പെടാൻ കഴിയില്ല. പ്രത്യേകിച്ച് കോൺഗ്രസിന്റെ ദേശീയ നേതാവിന്റെ മണ്ഡലത്തിലെ ഓഫീസ് ആക്രമിച്ചതിനോട് പൊതുസമൂഹം യോജിക്കില്ല. അതുകൊണ്ടാണ് സിപിഐ എമ്മിന്റെ ദേശീയ നേതൃത്വംതന്നെ ഇതിനെ അപലപിച്ചത്. പക്ഷേ, സ്വന്തം ഹൃദയം കാണിച്ചാലും ചെമ്പരത്തിയാണെന്നു പറയുന്നവരോട് ചില കാര്യം ഓർമപ്പെടുത്തട്ടെ.

1981 ൽ സിപിഐ എമ്മിന്റെ സംസ്ഥാന കേന്ദ്രമായ എ കെ ജി സെന്റർ കെഎസ്‌യുക്കാർ ആക്രമിച്ചു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ. എ കെ ജിയുടെ ഫോട്ടോയും അവർ തകർത്തു. കുറ്റവാളികളെ അന്നത്തെ ഓഫീസ് സെക്രട്ടറി  ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് മറക്കരുത്. 1991ൽ കരുണാകരൻ അധികാരത്തിൽ വന്ന ഘട്ടം കരുണാകരന്റെ പൊലീസ് എ കെ ജി സെന്ററിനുനേരെ വെടിവച്ചു. ഇതിനെ ചോദ്യം ചെയ്ത എം എ ബേബി ഉൾപ്പെടെയുള്ളവരെ പൊലീസ് അപമാനിച്ചു.  എം എ ബേബി രാജ്യസഭയിൽ ഇക്കാര്യം കൊണ്ടുവന്നു.  ഇതിന്റെ ഭാഗമായി കേരളത്തിലെ ഡിജിപിയെ പ്രിവിലേജ് കമ്മിറ്റിയുടെ മുന്നിൽ ഹജരാകാൻ ഡൽഹിയിലേക്ക് വിളിപ്പിച്ച സംഭവം മറക്കരുത്. 1987 മാർച്ച് 23  ചീമേനി സംഭവം ഓർമയുണ്ടല്ലോ.  ഇ കെ നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് ജയിച്ച തെരഞ്ഞെടുപ്പിൽ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ അന്നത്തെ കണ്ണൂരിലെ അറിയപ്പെടുന്ന കോൺഗ്രസിന്റെ നേതൃത്വം നോക്കിനിൽക്കെ അഞ്ച് സഖാക്കളെ ചുട്ടുകൊന്നു.
കോൺഗ്രസ്‌ നേതാവ് ആര്യാടൻ മന്ത്രിയായ ഘട്ടത്തിലാണ് നിലമ്പൂരിലെ കോൺഗ്രസ്‌ ഓഫീസിൽ അടിച്ചുവാരാൻ വന്ന സ്‌ത്രീയെ ബലാൽസംഗംചെയ്ത് കൊലപ്പെടുത്തി ശരീരത്തിന്റെ സ്വകാര്യഭാഗം വികൃതമാക്കി, വെട്ടിനുറുക്കി  കിണറ്റിൽ തള്ളിയത്. ഇതൊന്നും മറക്കരുത്.

മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി ആക്രമിക്കാൻ വന്നവരെ ബൊക്കെയും മാലയും കൊടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ്‌ നേതാക്കൾ സ്വീകരിക്കാൻ പോയത് ഏത് ജനാധിപത്യമര്യാദയുടെ ഭാഗമാണ്. പിണറായിയെ കൊല്ലാൻ ലക്ഷ്യമിട്ടെത്തിയവരല്ലേ ആന്ധ്രയിൽ വച്ച് ഇ പി ജയരാജനെ വെടിവച്ചത്. ഒരു കോൺഗ്രസ്‌  കുടുംബത്തിൽനിന്നു വന്ന എസ്എഫ്ഐ പ്രവർത്തകനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി  ധീരജിനെ ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെ ‘ഇരന്നുവാങ്ങിയ രക്തസാക്ഷിത്വ’മെന്നു പറഞ്ഞത് കെപിസിസി പ്രസിഡന്റ് സുധാകരനല്ലേ.

എസ്എഫ്ഐ രൂപീകരിച്ചിട്ട്‌ 52 വർഷത്തിനിടയിൽ കുട്ടികളടക്കമുള്ള ധീരരായ 34 എസ്എഫ്ഐ സഖാക്കളുടെ രക്തക്കറ കൈകളിലുള്ള  ഡ്രാക്കുളമാർ ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയുംപേരിൽ  മുതലക്കണ്ണീർ ഒഴുക്കരുത്. നിങ്ങളുടെ ആക്രമണത്തിന്റെ അവശിഷ്ടം പേറുന്നവരാണ് ലേഖകൻ ഉൾപ്പെടെയുള്ള എസ്എഫ്ഐയുടെ പഴയകാല പ്രവർത്തകർ. അതുകൊണ്ടാണ് ഒരു കാര്യം ഓർപ്പെടുത്തുന്നത്, നിങ്ങൾക്ക്‌ തകർക്കാൻ കഴിയുന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. പ്രവർത്തനത്തിനിടയിൽ പറ്റുന്ന തെറ്റ് ആവർത്തിക്കാതിരിക്കാൻ സംഘടനാപരമായ ഇടപെടലുണ്ടാകാറുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top