01 July Friday

ഏറ്റെടുക്കാം, പുതിയ പോരാട്ടങ്ങൾ - കെ എം സച്ചിൻദേവ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കോവിഡ്‌ മഹാമാരി വിലങ്ങിട്ട കലാലയ അന്തരീക്ഷത്തിൽനിന്ന്‌ പ്രതീക്ഷയുടെ പുതുലോകത്തേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌ കേരളത്തിന്റെ വിദ്യാഭ്യാസരംഗം. പ്രതിസന്ധികൾക്കുമുന്നിൽ പതറാത്ത ഊർജം സംഭരിച്ചാണ്‌ പൊരുതുന്ന വിദ്യാർഥി പ്രസ്ഥാനമായ എസ്‌എഫ്‌ഐ അതിന്റെ പ്രയാണം എല്ലാക്കാലത്തും സാധ്യമാക്കിയത്‌. കോവിഡ്‌ കാലത്തും ഇടറാത്ത  മനസ്സോടെ, അചഞ്ചലമായ പ്രത്യയശാസ്‌ത്ര സ്‌ഥൈര്യം കൈമുതലാക്കി കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനം മുന്നോട്ടു കുതിച്ചു. 34–--ാം സംസ്ഥാന സമ്മേളനത്തിന്‌ കമ്യൂണിസ്‌റ്റ്‌ യുഗാചാര്യൻ ഇ എം എസിന്റെ മണ്ണിൽ പതാക ഉയരുമ്പോൾ പ്രതീക്ഷകളും പ്രത്യാശകളും നിരവധിയാണ്‌.

പ്രതിസന്ധികളിൽ 
കൈത്താങ്ങായി
കേരളത്തിലെ പുരോഗമന വിദ്യാർഥി പ്രസ്ഥാനം നിർണായകമായ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ നാല് വർഷം കടന്നുപോയത്. പരിചിതമില്ലാത്ത പ്രതിസന്ധികൾ വെല്ലുവിളി ഉയർത്തിയ കാലത്ത് നാടിന് കരുത്തും കരുതലുമായി എസ്എഫ്ഐ ഒപ്പം നിന്നു. 2018ലെ പ്രളയത്തിലും 2019ലെ അതിവർഷത്തിലും എസ്എഫ്ഐ സ്റ്റുഡന്റ് ബറ്റാലിയനുകൾ രക്ഷാപ്രവർത്തനത്തിൽ മുന്നിട്ടിറങ്ങി. കോവിഡ് ജീവിതം നിശ്ചലമാക്കിയപ്പോഴും എസ്എഫ്ഐ  കൈത്താങ്ങായി. പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം സഹായഹസ്‌തവുമായി മുന്നിട്ടിറങ്ങി. വിദ്യാഭ്യാസവകുപ്പ്‌ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ  നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ എത്തിച്ചു നൽകി. ആദിവാസി മേഖലകളിലുൾപ്പെടെ പഠന സൗകര്യം എത്തിച്ചു.  പരീക്ഷയെഴുതാൻ മതിയായ ഗതാഗത സൗകര്യങ്ങളില്ലാതെ പ്രയാസപ്പെട്ട വിദ്യാർഥികൾക്ക് ‘പരീക്ഷാവണ്ടി’ ഒരുക്കി. മഹാമാരിക്കാലത്തും സംഘടനാ പ്രവർത്തനങ്ങൾക്ക്‌ ലോക്ക്‌ വീണില്ല. വിദ്യാർഥികളെ പ്രാദേശികതലത്തിൽ സംഘടിപ്പിച്ച്‌ സംഘടന ചലിപ്പിച്ചു. സംസ്ഥാനത്ത്‌ അംഗത്വത്തിലുണ്ടായ വർധന ഈ ഇടപെടലിന്‌ സാക്ഷ്യപത്രമാണ്‌. സ്കൂളുകളിലും കോളേജുകളിലും പോളിടെക്നിക്കുകളിലും ഐടിഐകളിലുമുൾപ്പെടെ നടന്ന തെരഞ്ഞെടുപ്പുകളിൽ വിദ്യാർഥി ഹൃദയങ്ങൾ കീഴടക്കി എസ്എഫ്ഐ ജൈത്രയാത്ര തുടരുന്നു. 


 

മൂന്ന്‌ രക്തതാരകങ്ങൾ
മത–-വർഗീയ പിന്തിരിപ്പൻ ശക്തികൾ കലാലയങ്ങളിൽ വിഷം വിതറാൻ ബോധപൂർവ ശ്രമങ്ങളാണ്‌ നടത്തുന്നത്‌.  ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയശക്തികൾ പരസ്‌പരം കൈകോർത്താണ്‌ എസ്‌എഫ്‌ഐയെ നേരിടുന്നത്‌. നാടിന്റെ സ്വാസ്ഥ്യം കവരുന്ന ഈ ഛിദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചാണ്‌ എസ്‌എഫ്‌ഐ മുന്നേറുന്നത്‌.  മൂന്ന് ഉശിരൻ വിദ്യാർഥി നേതാക്കളാണ്‌  നാലുവർഷത്തിനിടെ രക്തസാക്ഷികളായത്‌. മഹാരാജാസിലെ അഭിമന്യുവിനെ എസ്ഡിപിഐ വർഗീയവാദികളാണ്‌ കുത്തിക്കൊന്നത്.  ആലപ്പുഴ ചാരുമൂടിൽ അഭിമന്യുവിനെ ആർഎസ്എസുകാർ കൊലപ്പെടുത്തി.  ഇടുക്കി എൻജിനിയറിങ് കോളേജിൽ തെരഞ്ഞെടുപ്പ് ദിവസമാണ്‌  ധീരജിനെ കെഎസ്‌യു–- -യൂത്ത് കോൺഗ്രസ്‌ അക്രമിസംഘം കുത്തിക്കൊന്നത്‌.  നാടിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചതിനാണ്‌ ഈ മൂന്ന്‌ ജീവനുകൾ നഷ്ടമായത്‌.

ഉണർവിന്റെ കാലം
സംസ്ഥാനത്ത്‌ എൽഡിഎഫിന്‌ തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌. പൊതുവിദ്യാഭ്യാസ രംഗത്ത്‌ വലിയ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കാൻ ഒന്നാം പിണറായി സർക്കാരിനായി. സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റിയ വലിയ വികസനമാണ്‌  ആറു വർഷത്തിനിടയിൽ ഉണ്ടായത്‌. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിലാകെ ഉണർവ്‌ സൃഷ്ടിച്ചു. ലക്ഷക്കണക്കിന്‌ കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ കൊഴിഞ്ഞുപോക്കിന്‌ തടയിട്ടാണ്‌ ഈ നേട്ടം സാധ്യമാക്കിയത്‌. സംസ്ഥാനത്താകെ നൂറുകണക്കിന്‌ സ്‌കൂളുകൾ ഹൈടെക്കായി. ആധുനിക ലാബുകളും ഹൈടെക് പഠനമുറികളും ഒരുക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രിയാത്മക ഇടപെടലിനാണ് സർക്കർ ശ്രമിക്കുന്നത്‌. പുത്തൻ വൈജ്ഞാനിക ലോകത്തിന്റെ അനന്തസാധ്യതകൾ പുതുതലമുറയ്‌ക്കു മുന്നിൽ തുറന്നിടുകയാണ്‌. സാമ്പ്രദായിക പാഠ്യരീതികൾ അടിമുടി പുതുക്കിപ്പണിയുന്നു. വിജ്ഞാന സമൂഹമായി ഭാവിതലമുറയെ കൈപിടിച്ചുയർത്താനുതകുന്ന കർമപരിപാടികൾക്കാണ്‌ സർക്കാർ നേതൃത്വം നൽകുന്നത്‌. എസ്‌എഫ്‌ഐ മുന്നോട്ടുവയ്‌ക്കുന്ന ജനകീയ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക്‌ ഗതിവേഗം പകരുന്നതാണ്‌ ഈ നടപടി.

കാവിവൽക്കരണം 
ചെറുക്കാൻ
കേന്ദ്ര ഭരണമുപയോഗിച്ച്‌ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഊർജിത ശ്രമമാണ്‌ ബിജെപി നടത്തുന്നത്‌. ഭഗവദ്‌ഗീത സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. കർണാടകത്തിൽ നവോത്ഥാന നായകരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കി. പുരോഗമന എഴുത്തുകാരുടെ സൃഷ്ടികൾ ഒഴിവാക്കി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച്‌ വർഗീയവിദ്വേഷം ആളിക്കത്തിക്കാൻ ശ്രമിച്ചു.  ആർഎസ്എസ്‌ നടപ്പാക്കുന്ന വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം പൊതുവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്‌. ജനാധിപത്യബോധം,  മതനിരപേക്ഷത, ശാസ്‌ത്രീയത,  സാമൂഹ്യനീതി, സമത്വം എന്നീ ആശയങ്ങളെയെല്ലാം നിരാകരിച്ച പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളുമാണ് അടിച്ചേൽപ്പിക്കുന്നത്‌.  വിദ്യാഭ്യാസ മേഖലയിൽ കാവി അധിനിവേശത്തിന്റെ സകല സൂചനകളും സംജാതമായിക്കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹത്തെ സജ്ജമാക്കുകയെന്ന രാഷ്‌ട്രീയ ദൗത്യമാണ്‌ എസ്‌എഫ്‌ഐ ഏറ്റെടുക്കുന്നത്‌. അതിനുള്ള പുതിയ പോരാട്ടങ്ങൾ ഏറ്റെടുക്കാനുള്ള, സമരമുഖങ്ങൾ തുറക്കാനുള്ള വേദിയായി സംസ്ഥാന സമ്മേളനം മാറും.

(എസ്‌എഫ്‌ഐ സംസ്ഥാന 
സെക്രട്ടറിയാണ്‌ ലേഖകൻ )
--


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top