23 May Thursday

അപരാധം പ്രതിരോധമല്ല

എം എം നാരായണന്‍Updated: Tuesday Aug 7, 2018


‘പ്രതിരോധം അപരാധ’മല്ലെന്ന് പറയുന്ന എസ് ഡിപിഐ, മഹാരാജാസിൽ അഭിശപ്തമായ ആ രാത്രിയിൽ കാലദൂതൻമാരായി എത്തിയത് ആരെ, എന്തിനെ പ്രതിരോധിക്കാനായിരുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കൊലയാളികളെ പിടികൂടുന്നതോടൊപ്പം, കൊലയ‌്ക്കുപിന്നിലെ ഗൂഢലക്ഷ്യങ്ങളും വെളിപ്പെടുകയും വിചാരണചെയ്യപ്പെടുകയും വേണം. 

രാജ്യത്ത് ഇത്തരം അരുംകൊലകൾ ‘പുത്തരി'യല്ലല്ലോ എന്നൊരു വാദം ‘എസ് ഡിപിഐ' ഉയർത്തുന്നുണ്ട്. അവർതന്നെ കാലേ നടത്തിയ കൊലകൾ വേറെയേറെയുണ്ടല്ലോ എന്നാകും വിവക്ഷ. ക്യാമ്പസിൽ വിദ്യാർഥികൾ കൊല്ലപ്പെടുന്നതും ഇതാദ്യമായല്ല. എന്നാൽ, മുമ്പ‌് കലാലയങ്ങൾ കുരുതിക്കളമാകുമ്പോൾ കൊന്നവരും കൊല്ലപ്പെട്ടവരും അവിടെ പഠിക്കുന്ന വിദ്യാർഥികൾത്തന്നെയായിരുന്നു. കൊലയാളികൾ പലനിറത്തിലുള്ള കൊടിപിടിച്ചവരെങ്കിലും കൊല്ലപ്പെട്ടവരെല്ലാം എസ്എഫ്‌ഐക്കാരായിരുന്നു. ഇവിടെയും അഭിമന്യു വധി ക്കപ്പെട്ടത‌്എസ്എഫ്‌ഐയുടെ കൊടി ഉയർത്തിപ്പിടിച്ചു എന്ന ‘കുറ്റ'ത്തിനാണ്. കോളേജിനകത്തുനടന്ന സംഘട്ടടത്തിനത്തിന്റെ ഘോരമായ പരിണാമമായിരുന്നില്ല അത്. മഹാരാജാസിലെ എസ്എഫ്‌ഐക്കാരെ കൈയേറ്റം ചെയ്യാനും കൊല്ലാനും ദൃഢനിശ്ചയം ചെയ്ത‌് പുറത്തുനിന്നെത്തിയ സായുധസംഘമാണ് കൊലയാളികൾ. ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ ഒരാക്രമണമാണ് അവിടെ നടന്നത്. അനിവാര്യമായ ‘പ്രതിരോധ'മല്ല അതിരില്ലാത്ത ‘അപരാധ'മാണ‌് ‘എസ്ഡിപിഐ’ക്കാർ ചെയ്തത്.

കൊലയാളികൾ ക്യാമ്പസിനു പുറത്തുള്ളവരായത് യാദൃച്ഛികമല്ല; കൊല്ലാൻ കോളേജിൽ ‘ക്യാമ്പസ‌് ഫ്രണ്ടി'ന് ആളില്ലാത്തതുകൊണ്ടുമാത്രം അങ്ങനെ സംഭവിച്ചതല്ല. വിദ്യാർഥിരാഷ്ട്രീയത്തിന്റെ വൃത്തത്തിനപ്പുറമുള്ള പൊതുരാഷ്ട്രീയമായി ഈ കൊലപാതകത്തിന് ഗാഢവും ഗൂഢവുമായ ബന്ധമുണ്ട്. കേവലം ഒരു കോളേജിന്റെ ചുമരിലല്ല, ഈ കാലത്തിന്റെ ഭിത്തിയിലാണ് അഭിമന്യു തന്റെ ചോരകൊണ്ട‌് ‘വർഗീയത തുലയട്ടെ' എന്നെഴുതിവച്ചത്. അപ്പോൾ വർഗീയത തുലയരുതെന്നും തുടരണമെന്നും അത‌് വളരണമെന്നും വാശിയുള്ളവരാണ് ആ ചെറുപ്പക്കാരനെ വകവരുത്തിയത്.

മുതലാളിത്തത്തിന് സ്വയം പുനരുൽപ്പാദിപ്പിക്കാൻ തൊഴിലാളിവർഗത്തെ വിഭജിക്കുന്ന വംശീയതയുടെ സേവനം ആവശ്യമുണ്ടെന്ന അലക്‌സ് കാളിനിക്കോസിന്റെ നിരീക്ഷണം വർഗീയതയ‌്ക്കും ബാധകമാണ്. ജീവിതാനുഭവങ്ങൾ പരസ്പരം ശത്രുക്കളായി മാറ്റുമ്പോഴും ചൂഷിതർക്കും ചൂഷകർക്കും സഹവസിക്കാനാകുന്ന ഒരു പ്രത്യയശാസ്ത്രഭവനം നിർമിച്ചെടുക്കാനുള്ള ആവശ്യകതയിലാണ് വർഗീയതയുടെ വേരിറങ്ങുന്നത്. കേരളത്തിലാകട്ടെ സ്വരക്ഷയ‌്ക്കും ഇടതുപക്ഷത്തെ അപായപ്പെടുത്താനും ദശകങ്ങളായി വലതുപക്ഷം കൊണ്ടുനടക്കുന്ന വാളും പരിചയുമാണ് വർഗീയത. ഇടതുപക്ഷം മറ്റെന്തു പരിമിതികളുണ്ടെങ്കിലും, വർഗീയത ഏത‌് വടിവെടുത്തുവന്നാലും തിരിച്ചറിയുകയും ചെറുത്തുനിൽക്കുകയും ചെയ്തു.

എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോൾ വലതുപക്ഷത്തിന്റെ വർഗീയരാഷ്ട്രീയത്തിന് മുമ്പില്ലാത്ത ചില മാനങ്ങൾ കൈവരുന്നുണ്ട്. 2014ൽതന്നെ കേന്ദ്രഭരണം കൈവശപ്പെടുത്തിയെങ്കിലും കേരളത്തിൽനിന്ന് ബിജെപിക്ക‌് സീറ്റൊന്നും കിട്ടിയില്ല. അതുകൊണ്ടുതന്നെ ഇവിടെ ചുവടുറപ്പിക്കാൻ ബിജെപിക്ക‌ും അതിന്റെ നൂറ്റൊന്ന് സഹോദരന്മാർക്കും പുറമെ, നമ്പൂതിരിമുതൽ നായാടിവരെയുള്ള നാനാജാതിക്കാരെ അവരവരുടെ ജാതിപറഞ്ഞ് ‘ബിഡിജെഎസ്' എന്ന ‘നൃത്തംചെയ്യുന്ന കുട'ക്കീഴിൽ ഇടതുപക്ഷ‐ന്യൂനപക്ഷ വിരോധം കുത്തിവച്ച് സംഘടിപ്പിച്ചു. ‘കുഞ്ഞാലിക്കുട്ടി‐ കുഞ്ഞൂഞ്ഞ്‐കുഞ്ഞുമാണി' എന്നറിയപ്പെട്ട ത്രിമൂർത്തികളുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിദ്വേഷത്തിന്റെ പ്ലാറ്റ്ഫോമിൽ മുസ്ലിം‐ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ അണിനിരത്താൻ യുഡിഎഫും പദ്ധതിയിട്ടു. ലീഗും കേരള കോൺഗ്രസുമുണ്ടെങ്കിൽ മുസ്ലിം‐ ക്രിസ്ത്യൻ ബഹുജനങ്ങളിൽ ബഹുഭൂരിപക്ഷവും യുഡിഎഫിനൊപ്പം നിൽക്കും. ഇടതുപക്ഷത്തിന് കിട്ടാനിടയുള്ള വോട്ട് ബിഡിജെഎസും കുറെ ചോർത്തിയെടുക്കും. അപ്പോൾ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ ഇടതുപക്ഷത്തിന്റെ മരണം ആഘോഷിക്കാമെന്നായിരുന്നു ആർഎസ്എസും യുഡിഎഫും കൂട്ടിവച്ച മനക്കണക്ക്. എന്നാൽ, വലതുപക്ഷം പ്രതീക്ഷിച്ചതുപോലെയല്ല, ജനങ്ങൾ പ്രതികരിച്ചത്.

ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞെങ്കിലും മറ്റു പറയത്തക്ക മുന്നേറ്റമൊന്നുമുണ്ടായില്ല. യുഡിഎഫിന്റെ തോൽവി ദയനീയമായിരുന്നു. ഇടതുപക്ഷത്തെ കൈകാര്യം ചെയ്യാൻ യുഡിഎഫും ബിജെപിയും സംയുക്തമായി തയ്യാറാക്കിയ ആദൃശ്യവും അലിഖിതവും അതീവരഹസ്യവുമായ ധാരണ കേരളീയരുടെ രാഷ്ട്രീയസാക്ഷരതയ്ക്കുമുന്നിൽ വിലപ്പോയില്ല. ഈ കടുത്ത വെല്ലുവിളിയെ അതിജീവിച്ച്  ഇടതുപക്ഷത്തിന്റെ ബഹുജനപിന്തുണ നിലനിർത്താൻ കഴിഞ്ഞു എന്നുമാത്രമല്ല, വലതുപക്ഷത്തിന്റെ പരമ്പരാഗത സ്വാധീനമേഖലകളിൽ, മലപ്പുറംപോലള്ള ലീഗ് കേന്ദ്രങ്ങളിൽ വ്യക്തമായ ഒരു വിള്ളലുണ്ടാവുകയും ഇടതുപക്ഷത്തിനനുകൂലമായി ലീഗ് വോട്ടർമാർക്കിടയിൽ ഗണ്യമായൊരു ‘ഷിഫ്റ്റ്' സംഭവിക്കുകയും ചെയ്തു.

2011ൽ മലപ്പുറം ഒഴിച്ചുള്ള ജില്ലകളിൽ രണ്ടു മുന്നണികൾക്കും തമ്മിൽ വോട്ടിന്റെയോ സീറ്റിന്റെയോ കാര്യത്തിൽ വലിയ വ്യത്യാസമില്ലായിരുന്നു. എന്നാൽ, മലപ്പുറത്ത് ആകെയുള്ള 16 സീറ്റിൽ 14ഉം ലീഗ് മുന്നണി നേടി. അവർക്ക് ജില്ലയിൽ എൽഡിഎഫിനേക്കാൾ 20 ശതമാനം വോട്ടും ലഭിച്ചു. മലപ്പുറത്ത് ലീഗിന്റെ തിണ്ണമിടുക്കിൽ നേടിയ ഈ വിജയമാണ് അന്ന് ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത്. 2016ലെത്തുമ്പോഴേക്കും സ്ഥിതിയാകെ മാറി. കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടിയപ്പോൾ മലപ്പുറത്ത് ലീഗിന്റെ ബഹുജനപിന്തുണയിൽ വലിയ ഇടിവുണ്ടായി. 2011നെ അപേക്ഷിച്ച് ജില്ലയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ആറുശതമാനമായി കുറഞ്ഞു.

ലീഗിന്റെയും യുഡിഎഫിന്റെയും നഷ്ടപ്രതാപം വീണ്ടെടുക്കാനും എൽഡിഎഫിന് അനുകൂലമായി മാറിയ മുസ്ലിം ബഹുജനങ്ങളെ തിരിച്ചുപിടിക്കാനുമുള്ള ക്വട്ടേഷനാണ‌് എസ്ഡിപിഐ ഏറ്റെടുത്തത്. മുസ്ലിം സംഘടനകളെ ഒന്നിപ്പിക്കാനും സമുദായത്തെ വർഗീയവൽക്കരിക്കാനും മലപ്പുറത്തെ കൊടിഞ്ഞിയിലെ ഫൈസൽ വധവും ഹാദിയ കേസും കഠ്‌വ ബലാത്സംഗവുമെല്ലാം എസ്ഡിപിഐ നന്നായി പ്രയോജനപ്പെടുത്തിയപ്പോൾ, ഹിന്ദുവർഗീയത ഇളക്കിവിടാൻ ആർഎസ്എസും പരിശ്രമിച്ചു. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾക്ക് സർവപിന്തുണയും ലീഗ് നൽകി. കഠ്‌വ സംഭവത്തിന്റെ പേരിൽ ഹർത്താൽ സംഘടിപ്പിക്കാൻ എസ്ഡിപിഐക്ക് ബുദ്ധി ഉപദേശിച്ചത് സാക്ഷാൽ സംഘപരിവാർതന്നെയായിരുന്നു. എന്നാൽ, ഇക്കൂട്ടർ ആഗ്രഹിച്ചവിധം ഈ പദ്ധതികളൊന്നും വിജയിച്ചില്ല.  പരാജയപ്പെട്ടാൽ മടുത്തു പിന്മാറുകയോ മറ്റൊരു വഴിതേടുകയോ ചെയ്യാതെ പരിചിതമായ പാതയിൽതന്നെ നടന്നുനീങ്ങാനുള്ള അവരുടെ ദൃഢനിശ്ചയമാണ് അഭിമന്യുവിന്റെ ജീവനെടുത്തത്. തുടർന്നുണ്ടായ പ്രതികരണങ്ങൾ വിശകലനം അർഹിക്കുന്നുണ്ട്. ജാതിയും സമുദായവും കക്ഷിയും നോക്കി അനുകൂലിച്ചും പ്രതികൂലിച്ചും എങ്ങും തൊടാത്തമട്ടിലുമായി, വിഭജിതമായിരിക്കും പ്രതികരണങ്ങളെന്ന് കൊലയാളികൾ വിചാരിച്ചു. എന്നാൽ, മുമ്പില്ലാത്തവിധം ഇരയുടെ കൂടെ ഒറ്റമനുഷ്യനെപ്പോലെ കേരളം കാലിടറാതെനിന്നു. എ കെ ആന്റണിയും ചില ലീഗുനേതാക്കളും ഒന്നുരണ്ടു പത്രങ്ങളും കൊലപാതകത്തെ പരോക്ഷമായി ന്യായീകരിക്കാൻ മുന്നോട്ടുവന്നതും ശ്രദ്ധേയമായിരുന്നു. കൊലയാളികളെ പിടിക്കാൻ ശ്രമിക്കുമ്പോൾ, റെയ്ഡുകൾ നടത്തുമ്പോൾ സമുദായത്തെ വേട്ടയാടുകയാണെന്നു പറഞ്ഞ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ മുസ്ലിം ബഹുജനങ്ങളെ ഇളക്കിവിടാനാണ് എസ്ഡിപിഐ പരിശ്രമിക്കുന്നത്.

‘ഗുരുവന്ദനം' എന്നപേരിൽ ഒരു സന്നദ്ധസംഘടന സർക്കാരിന് സമർപ്പിച്ച ഒരു പ്രോജക്ട് അംഗീകരിച്ച ഉത്തരവ്, ആർഎസ്എസിന്റെ ‘ഗുരുപൂജ' നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ സമ്മതപത്രമാണെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. കൊലയാളികൾക്കെതിരെ യുഎപിഎ ചുമത്താത്തത്, കേസ് എൻഐഎക്ക‌് വിടാത്തത് സർക്കാരിനും സിപിഐ എമ്മിനും എസ്ഡിപിഐയോട് മൃദുസമീപനമാണെന്ന് തെളിയിക്കുന്നതായി പ്രചരിപ്പിച്ച് ന്യൂനപക്ഷ ഇടതുപക്ഷവിരോധം വളർത്തിയെടുക്കാൻ ബിജെപിയും കരുക്കൾ നീക്കുന്നു. താൻ കൊല്ലപ്പെടുന്നതിന‌് തൊട്ടുമുമ്പ് അഭിമന്യു നൽകിയ അന്ത്യസന്ദേശം മലയാളിയുടെ മനസ്സിൽനിന്ന് മായ്ച്ചുകളയാൻ ഇവർ മോഹിക്കുന്നു.

ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഉന്മൂലനം ലക്ഷ്യംവച്ച്, കുടിവെള്ളത്തിൽ വിഷം കലക്കുംപോലെ വർഗീയവിഷമൊഴുക്കി മലയാളിയുടെ മതേതര ജീവിതം മലിനമാക്കാനുള്ള ഈ ആർഎസ്എസ്‐എസ്ഡിപിഐ സംയുക്തസംരംഭം സമാരംഭിക്കുന്നത് ആസന്നമായ ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ സന്ദർഭത്തിലായത് യാദൃച്ഛികമല്ല. ആരു ഭരിക്കുമെന്ന ചോദ്യത്തിനപ്പുറം, ഇന്ത്യ പുലരണോ തകരണോ എന്ന പ്രശ്‌നത്തിനുള്ള പ്രതിവിധിയായി ഈ തെരഞ്ഞെടുപ്പിലെ ജനവിധി മാറാൻ പോവുകയാണ്. ബിജെപി വീണ്ടും ജയിച്ചാൽ പ്രധാനമന്ത്രി ആരായാലും ഭരണത്തിന്റെ കടിഞ്ഞാൺ ആർഎസ്എസിന്റെ കൈയിലായിരിക്കും. ഇന്ത്യ എന്ന ആശയത്തിന്റെ ആജന്മശത്രുവാണ് ആർഎസ്എസ്. ആർഎസ്എസിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസിന് കെൽപ്പോ ഇച്ഛാശക്തിയോ ഇല്ല.  തലമുതിർന്ന കോൺഗ്രസ് നേതാവ‌് പ്രണബ‌്കുമാർ മുഖർജി നാഗ്പുരിൽ സംഘപരിവാറിന്റെ ക്ഷണം സ്വീകരിച്ച് ആ തറവാടുമുറ്റത്തുതന്നെ ചെന്നുനിന്ന് ഇന്ത്യയുടെ മഹാനായ പുത്രനാണ് ഗോൾവാൾക്കർ എന്നു പറയുകയുണ്ടായി. രാഷ്ട്രപിതാവിനെ കൊന്ന കേസിൽ സ്വതന്ത്രഭാരതം ജയിലിലടച്ച വ്യക്തിയാണ് ഗോൾവാൾക്കറെന്ന് ഈ മുൻ രാഷ്ട്രപതിക്കറിയില്ലേ?  മുഖർജിയാണ് തന്റെ ഗുരുജിയെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഈ സ്ഥലത്ത്, സമയത്ത് സ്വാഭാവികമായും ഇടതുപക്ഷത്തിന് പ്രസക്തി വർധിക്കുകയാണ്.

കോൺഗ്രസുമായുള്ള വിയോജിപ്പ് തുറന്നുപറയുമ്പോൾത്തന്നെ തങ്ങളുടെ മുഖ്യശത്രു ബിജെപിയാണെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ അധികാരഭ്രഷ്ടമാക്കാൻ സൈദ്ധാന്തികതലത്തിലും പ്രയോഗത്തിന്റെ തലത്തിലും സിപിഐ എമ്മിന്റെ സാന്നിധ്യവും സ്വാധീനവും അനിവാര്യമാണെന്ന് 2004ൽതന്നെ തെളിഞ്ഞതാണല്ലോ. കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാ പാർടികളിൽനിന്ന് വ്യക്തികളെയും ഗ്രൂപ്പുകളെയും വശീകരിക്കാനും ചില പാർടികളെ മൊത്തമായി വിഴുങ്ങാനും ബിജെപിക്ക് പണ്ടേയുള്ള മെയ്‌വഴക്കം ഇപ്പോൾ ശതഗുണീഭവിച്ചിരിക്കുന്നു! സംഘപരിവാറിനെ ഏകാന്ത ധീരമായി ചെറുത്തുനിൽക്കുന്നത് ഇടതുപക്ഷംമാത്രമാണ്. പാർലമെന്റിനകത്ത് ഇടതുപക്ഷസാന്നിധ്യം നിർണായകമാകാൻ 2004നെ അപേക്ഷിച്ച് കേരളത്തിൽനിന്നുതന്നെ പരമാവധി വോട്ടും സീറ്റും കിട്ടണം. അപ്പോൾ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ സംഘപരിവാറിനെയാണ് സന്തോഷിപ്പിക്കുന്നത്. മുസ്ലിങ്ങൾ ഇന്ത്യയിൽ ഒരു പീഡിതസമുദായമാണ്. ആർഎസ്എസ് അനുഗ്രഹിച്ചുവിട്ട ആൾക്കൂട്ടങ്ങൾ അവർ മുസ്ലിങ്ങളെന്നതിനുപുറമെ പാവപ്പെട്ടവരും ദരിദ്രരുമാണ്. എസ്ഡിപിഐ ഈ പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളെ പ്രതിനിധാനംചെയ്യുന്നില്ല. അവരുടെ ‘ജിഹാദ്' ഒരിക്കലും സംഘപരിവാരിനെതിരായല്ല.

ആർഎസ്എസിന്റെ ദാഹം തീർക്കാൻ അവർ കമ്യൂണിസ്റ്റ് യൗവനങ്ങളുടെ ചോരയൊഴുക്കുകയാണ്. ഇടതുപക്ഷത്തെ പ്രതിരോധിക്കാനുള്ള എസ്ഡിപിഐയുടെ രക്തപങ്കിലമായ ഈ പാഴ്ശ്രമം, ഇടതുപക്ഷത്തോടൊപ്പം തങ്ങളുടെ ശത്രുപട്ടികയിൽ ആർഎസ്എസ് ഉൾപ്പെടുത്തിയ മുസ്ലിം ബഹുജനങ്ങളോടുള്ള മാപ്പർഹിക്കാത്ത അപരാധമാണെന്ന‌് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top