20 February Wednesday

ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി കരുത്തോടെ മുന്നോട്ട്

എം എ ബേബിUpdated: Tuesday Jul 25, 2017

ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ (എസ്എസിപി) 14-ാം പാര്‍ടി കോണ്‍ഗ്രസ് പ്രിട്ടോറികയ്ക്കു സമീപമുള്ള എകുര്‍ഹുലേനിയിലെ ബിര്‍ച്ച്വുഡ് കോണ്‍ഫറന്‍സ് സെന്ററില്‍ ജൂലൈ 10-15 തീയതികളില്‍ വിജയകരമായി നടന്നു. പ്രതിരോധം, മുന്നേറ്റം, ദേശീയ ജനാധിപത്യ വിപ്ളവത്തിന്റെ ശക്തിപ്പെടുത്തല്‍, എസ്എസിപിയുടെ നെടുനായകത്വം എന്നീ മുദ്രാവാക്യങ്ങളാണ് സമ്മേളനത്തില്‍ മുഖ്യചര്‍ച്ചയായത്. സമ്പദ്വ്യവസ്ഥയുടെ കുത്തകവല്‍ക്കരണത്തിനെതിരായ സമരത്തില്‍ ഊന്നാനും രാജ്യത്ത് കാതലായ മാറ്റങ്ങള്‍ രൂപപ്പെടുത്തുന്നതിന് രണ്ടാംഘട്ട പരിവര്‍ത്തനപദ്ധതി രൂപപ്പെടുത്താനും പാര്‍ടി തീരുമാനിച്ചു. ഇതിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കേണ്ട തന്ത്രപരമായ ഹ്രസ്വകാല കാഴ്ചപ്പാടായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. 

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള (എഎന്‍സി) കമ്യൂണിസ്റ്റ് പാര്‍ടിയുടെ സഖ്യത്തിന്റെ ഭാവിയും പ്രധാന ചര്‍ച്ചയായി. 2019ല്‍ ദക്ഷിണാഫ്രിക്കയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എഎന്‍സിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്നാണ് എസ്എസിപി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബ്ളേഡ് നിസിമന്‍ഡേ ഉപസംഹാര പ്രസംഗത്തില്‍ പറഞ്ഞത്. എഎന്‍സിയിലെ പല വിഭാഗങ്ങളും സഖ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ ഒറ്റുകൊടുക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ സഖ്യത്തിന്റെ ഭാവി അസാധ്യമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. എഎന്‍സിയുടെ പ്രവര്‍ത്തനരീതി കാലഹരണപ്പെട്ടതാണ്. ഇത് കാലാനുസൃതമായി പരിഷ്കരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സഖ്യം ശിഥിലീകരിക്കപ്പെടുന്നതടക്കമുള്ള ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. എഎന്‍സിക്കുള്ളിലെ കലഹങ്ങളും ഏകാധിപത്യപ്രവണതയും പ്രകടമായ അഴിമതിയുമാണ് ജേക്കബ് സുമ സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ത്തത്. ഇത്തരം പ്രവണതകളെ കമ്യൂണിസ്റ്റ് പാര്‍ടി പരസ്യമായി എതിര്‍ത്തിരുന്നു. പ്രധാന വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായും കോണ്‍ഗ്രസ് ഓഫ് സൌത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍സു (സിഒഎസ്എടിയു)മായും ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ചതിലൂടെ ജേക്കബ് സുമ സര്‍ക്കാര്‍ തൊഴിലാളികളോടും ക്ളേശമനുഭവിക്കുന്നവരോടുമുള്ള തങ്ങളുടെ കടമ വിസ്മരിച്ചു.

എഎന്‍സിയുടെ ദേശീയ ഉച്ചകോടി അവസാനമായി നടന്നത് 2015 ജൂണിലാണ്. എഎന്‍സിയുടെ ദേശീയ നയരൂപീകരണ സമ്മേളനത്തിനും എസ്എസിപി 14-ാം പാര്‍ടി കോണ്‍ഗ്രസിനും മുന്നോടിയായി 2017 ജൂണില്‍ സാമ്പത്തികനയരൂപീകരണ സമ്മേളനം നടത്താന്‍ 2015ലെ ഉച്ചകോടിയില്‍ ധാരണയായിരുന്നു എങ്കിലും അത് നടന്നില്ല. രാഷ്ട്രീയ സമിതി യോഗങ്ങള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത എഎന്‍സി നേതൃത്വത്തെ ഉദ്ഘാടന സമ്മേളനത്തില്‍ പത്രപ്രതിനിധികളുടെ സാന്നിധ്യത്തില്‍ത്തന്നെ പാര്‍ടി സെക്രട്ടറി സ. ബ്ളേഡ് നിസിമന്‍ഡേ നിശിതമായി വിമര്‍ശിച്ചു.

ഇന്നത്തെ രൂപത്തില്‍ ദേശീയ വികസന നയം (എന്‍ഡിപി) നടപ്പാക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും സിഒഎസ്ടിയുവും ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ എഎന്‍സി ഉച്ചകോടിയില്‍ ധാരണയിലെത്തിയിരുന്നു. എന്‍ഡിപിയിലെ സാമ്പത്തിക തൊഴില്‍നയങ്ങളിലെ പോരായ്മകളെക്കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാനും ചര്‍ച്ചയിലൂടെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സഖ്യത്തിന്റെ രാഷ്ട്രീയ സമിതിയുമായി ചര്‍ച്ചചെയ്ത് പ്രത്യേക ദൌത്യസഖ്യത്തെ നിയോഗിക്കാനും സാമ്പത്തികനയരൂപീകരണ സമ്മേളനം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനങ്ങളും നടപ്പാക്കിയില്ല.

ജേക്കബ് സുമ സര്‍ക്കാര്‍ നടപ്പാക്കിയ തെറ്റായ നയങ്ങളെക്കുറിച്ച് എഎന്‍സി സഖ്യകക്ഷികള്‍ക്കുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യ്രമുണ്ടെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പറഞ്ഞു. കാരണം, സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ മിക്കവാറും കൈക്കൊണ്ടത്. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും; അതുകൊണ്ടുതന്നെ, തങ്ങളെ കഷ്ടപ്പെടുത്തുന്ന ഇത്തരം ചൂഷണാനുകൂല നയങ്ങള്‍ക്കെതിരായി സമരരംഗത്തുവരാന്‍ അവകാശമുണ്ട്. മുഴുവന്‍ സഖ്യകക്ഷികളെയും ജനങ്ങളെയും യോജിപ്പിച്ചുകൊണ്ടുമാത്രമേ ദേശീയ ജനാധിപത്യവിപ്ളവം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികള്‍ക്കെല്ലാം ദേശീയ ജനാധിപത്യവിപ്ളവത്തിന്‍മേല്‍ അവകാശമുണ്ട്. അതിലുപരി അത് എല്ലാ ജനങ്ങളുടേതുമാണ്. സഖ്യത്തിലെ ചില അംഗങ്ങളുടെയും വ്യക്തികളുടെയും തെറ്റായ പ്രവണതകള്‍ തിരുത്താന്‍ ഇത്തരം പോരാട്ടം അനിവാര്യമാണ്. സഖ്യത്തിനുള്ളിലെ ഐക്യം തകര്‍ന്നതിനെ പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ശക്തമായി വിമര്‍ശിച്ചു. ദേശീയ ജനാധിപത്യ വിപ്ളവ പോരാട്ടത്തിന്റെ ദിശ നിര്‍ണയിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഖ്യത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

2018ന്റെ ആദ്യപാദത്തില്‍ പ്രത്യേക ദേശീയ സമ്മേളനം (എസ്എന്‍സി) വിളിക്കാന്‍ പാര്‍ടി കോണ്‍ഗ്രസില്‍ ധാരണയായി. ഈ വര്‍ഷം അവസാനം നടക്കുന്ന എഎന്‍സി സമ്മേളനത്തിന്റെ തീരുമാനങ്ങളും നയങ്ങളും 2018ലെ പ്രത്യേക സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി വിലയിരുത്തും. വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷം കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള അന്തിമ തീരുമാനവും സമ്മേളനത്തില്‍ കൈക്കൊള്ളും.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്വാധീനം മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിച്ച് പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സന്ദേശമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പാര്‍ടി ഘടകങ്ങളുടെ ശക്തിപ്പെടുത്തലിലൂടെമാത്രമേ കമ്യൂണിസ്റ്റ് പാര്‍ടി കൂടുതല്‍ കാര്യക്ഷമമാകൂ. പാര്‍ടിയുടെയും യങ് കമ്യൂണിസ്റ്റ് ലീഗിന്റെയും സ്വാധീനം വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്തു. എല്ലാ തലങ്ങളിലെയും പാര്‍ടി ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയും അധ്വാനിക്കുന്നവര്‍ഗവും സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും താക്കോല്‍സ്ഥാനങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജിക്കും. സര്‍വകലാശാല, കോളേജ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്വാധീനം വ്യാപിപ്പിക്കാനും തീരുമാനിച്ചു.

പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ പൊരുതാനും സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം അടിവരയിടാനും പാര്‍ടി കോണ്‍ഗ്രസ് ശ്രദ്ധിച്ചു. ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും കമ്യൂണിസ്റ്റുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയണം. ഉദാഹരണത്തിന് സ്കൂള്‍ നടത്തിപ്പു സമിതി, ആരാധനാലയങ്ങളിലെ മേല്‍നോട്ടസംവിധാനം, ശ്മശാന സമിതി തുടങ്ങിയവ. പാര്‍ടി ഘടകങ്ങള്‍ ശുചീകരണപ്രക്രിയകള്‍ ഏറ്റെടുത്ത് നടത്തണമെന്നും സമൂഹത്തിന്റെ സാധാരണ ആവശ്യങ്ങള്‍ അഭിമുഖീകരിക്കണമെന്നും വിലയിരുത്തി.

ജൂലൈ 12ന് എഎന്‍സി ഡെപ്യൂട്ടി പ്രസിഡന്റ് സിറില്‍ റമപോസ പാര്‍ടി കോണ്‍ഗ്രസില്‍ സംസാരിച്ചു. ദക്ഷിണാഫ്രിക്കയുടെയും എഎന്‍സിയുടെയും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കൂടുതലുള്ളയാളാണ് സിറില്‍ റമപോസ. (ഇപ്പോഴത്തെ പ്രസിഡന്റ് ജേക്കബ് സുമയുടെ മുന്‍ ഭാര്യ അദ്ദേഹവുമായി ഇപ്പോഴുമുള്ള ബന്ധവും പിന്തുണയുമുപയോഗിച്ച് ഈ സ്ഥാനത്തുവരാന്‍ മത്സരിക്കുന്നുണ്ട്.) ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കെതിരെയും ഇതിനു പിന്നില്‍ എഎന്‍സിയിലെ വിവിധ ഘടകങ്ങള്‍ക്കുള്ള പങ്കിനെതിരെയുമുള്ള ശക്തമായ ആക്രമണമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതല്‍. സമൂഹത്തിലും സര്‍ക്കാര്‍തലത്തിലുമുള്ള അഴിമതിക്കെതിരായ പോരാട്ടത്തില്‍നിന്ന് തന്നെ ആര്‍ക്കും പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഎന്‍സി- കമ്യൂണിസ്റ്റ് പാര്‍ടി- കോണ്‍ഗ്രസ് ഓഫ് സൌത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ സഖ്യം ദക്ഷിണാഫ്രിക്കയെ കൂടുതല്‍ മുന്നോട്ടു നയിക്കുമെന്നും കരുത്തനായ മുഖ്യശത്രുവിനെതിരെ പോരാടുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് വേര്‍പിരിഞ്ഞുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എഎന്‍സി സഖ്യം മുന്നോട്ടുകൊണ്ടുപോകേണ്ടതിനെക്കുറിച്ചും വലതുപക്ഷ ശക്തികള്‍ക്കെതിരായും എഎന്‍സിക്കുള്ളിലെ അഴിമതിക്കും അധാര്‍മിക പ്രവണതകള്‍ക്കുമെതിരായ പോരാട്ടം തുടരേണ്ടതിനെക്കുറിച്ചുമായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയത്.

വര്‍ത്തമാനകാല രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ടിയെ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് വിവിധ കമീഷനുകളായി പ്രത്യേകം ചേര്‍ന്ന് സമഗ്രമായ ചര്‍ച്ചകള്‍ പാര്‍ടി കോണ്‍ഗ്രസില്‍ നടന്നു.

വളരെ ചെറിയ മാറ്റങ്ങളോടെ നിലവിലുള്ള കേന്ദ്രകമ്മിറ്റിയെ പാര്‍ടി കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുത്തു. പാര്‍ടി നേതൃത്വത്തിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടേണ്ടവരെക്കുറിച്ച് സമ്മേളനപ്രതിനിധികള്‍ക്ക് ഒരു ദിവസംമുമ്പുവരെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം പാര്‍ടി കോണ്‍ഗ്രസിലുണ്ട്. പാര്‍ടി നേതൃത്വത്തെയും കേന്ദ്രകമ്മിറ്റിയെയും ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്. പ്രായാധിക്യത്താല്‍ പ്രഥമ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെര്‍മി ക്രോനിന്‍ സ്വമേധയാ സ്ഥാനമൊഴിഞ്ഞു. അദ്ദേഹം കേന്ദ്രകമ്മിറ്റിയില്‍ തുടരും. രണ്ടാം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സോളി ആഫ്രിക മപെയ്ലയെ പുതിയ പ്രഥമ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും അന്താരാഷ്ട്ര വിഭാഗം തലവന്‍ ക്രിസ് മത്ലകോയെ പുതിയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയില്‍ മൂന്നിലൊരു ഭാഗം സ്ത്രീകളാണ്. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളെ തെരഞ്ഞെടുക്കും.

സംഗീത-നൃത്ത പരിപാടികളായിരുന്നു പാര്‍ടി കോണ്‍ഗ്രസിന്റെ മറ്റൊരു പ്രത്യേകത. പാര്‍ടി നേതാക്കളും ഇതില്‍ സജീവമായി പങ്കാളികളായി.

പ്രധാന വാർത്തകൾ
 Top