23 April Tuesday

ഇരയല്ല, അതിജീവിച്ചവള്‍

പി എസ് ശ്രീകലUpdated: Tuesday Aug 1, 2017

അടുത്തകാലത്ത് മലയാളത്തില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വാക്കാണ് 'ഇര'. മാനസികമോ ശാരീരികമോ ലൈംഗികമോ ആയ അതിക്രമം നേരിട്ട പെണ്‍കുട്ടിയെയോ സ്ത്രീയെയോ സൂചിപ്പിക്കാനാണ് ഇന്ന് മലയാളത്തില്‍ 'ഇര' എന്ന് പൊതുവെ പ്രയോഗിക്കുന്നത്. ഇംഗ്ളീഷില്‍ 'വിക്ടിം' (victim) എന്ന പദത്തിന്റെ സമാനാര്‍ഥമുള്ള പദമായാണ് മലയാളത്തില്‍ 'ഇര' എന്നുപയോഗിച്ചുവരുന്നത്. 'വിക്ടിം' എന്ന സങ്കല്‍പ്പത്തിലുള്ളത് നിസ്സഹായവും ദുര്‍ബലവുമായ അവസ്ഥയിലുള്ള ഒന്നിന്റെ സൂചനയാണ്. 'ഇര' എന്ന പ്രയോഗത്തിലുള്‍ച്ചേര്‍ന്നിരിക്കുന്നതും സമാനമായ അര്‍ഥസൂചനതന്നെയാണ്. അത് സ്വാഭാവികമായുംനിഷേധാര്‍ഥക (negative) മായൊരു സൂചകമാണ്. 

സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളും സ്ത്രീയെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമങ്ങളും സ്ത്രീപീഡനത്തിനെതിരെയുള്ള പ്രതികരണങ്ങളും സജീവമായ സമൂഹത്തില്‍ 'ഇര' എന്ന പ്രയോഗം അത്തരം സംരംഭങ്ങള്‍ക്ക് പ്രതികൂലമായ ഒരു അര്‍ഥാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.

ഭരണഘടനമാത്രമല്ല, സമൂഹത്തിന് സ്ത്രീകളോടുള്ള  സമീപനംകൂടി കണക്കിലെടുത്താണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അതിക്രമം നേരിട്ട സ്ത്രീയെ തിരിച്ചറിയത്തക്കവിധം അവളുടെ പേര് പരസ്യപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റകരമാകുന്നത് അതുകൊണ്ടുകൂടിയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 376 (ബലാത്സംഗം), 376എ (ബലാത്സംഗത്തിലൂടെ കൊല്ലപ്പെടുകയോ ചേതനയറ്റ അവസ്ഥയിലെത്തപ്പെടുകയോ ചെയ്യുന്നത്), 376 ബി (പിരിഞ്ഞുജീവിക്കുന്നതിനിടയില്‍ ഭര്‍ത്താവ് ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്), 376 സി (അധികാരിയുടെ നിര്‍ബന്ധത്താലുള്ള ലൈംഗികബന്ധം), 376 ഡി (കൂട്ടബലാത്സംഗം) എന്നിവയിലെല്ലാം അതിക്രമംനേരിട്ട സ്ത്രീയെ തിരിച്ചറിയത്തക്കവിധം അവളുടെ പേര് അച്ചടിക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ പ്രയോഗിക്കുന്നതോ ഇന്ത്യന്‍ ശിക്ഷാനിയമം 228 എ അനുസരിച്ച് തടവുശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റമാണ്. ഇതില്‍ ചില ഇളവുകള്‍ അനുവദിക്കുന്നുണ്ട്.

കേസന്വേഷണത്തിന് ഗുണകരമാകുമെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍മാത്രം പൊലീസ് ഓഫീസര്‍ക്കോ പൊലീസ് ഓഫീസറുടെ രേഖാമൂലമുള്ള ഉത്തരവോടെയോ ഇരയുടെ പേര് വെളിപ്പെടുത്താം. അതിക്രമം നേരിട്ട സ്ത്രീയുടെ രേഖാമൂലമുള്ള സമ്മതത്തോടെയോ, അതിക്രമം നേരിട്ട വ്യക്തി മരണപ്പെട്ടെങ്കിലോ പ്രായപൂര്‍ത്തിയാകാത്ത അവസ്ഥയിലോ പ്രതികരിക്കാനാകാത്ത അവസ്ഥയിലോ ആണെങ്കിലോ ആ വ്യക്തിയുടെ ഏറ്റവുമടുത്ത അവകാശിയുടെ രേഖാമൂലമുള്ള സമ്മതത്തോടെ പേര് വെളിപ്പെടുത്താം. ലൈംഗികാതിക്രമം നേരിടുന്നവര്‍ക്ക് സമൂഹത്തിലുണ്ടാകുന്ന അപമാനം കണക്കിലെടുത്താണ് പ്രധാനമായും ഈ വ്യവസ്ഥകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, ഈ വ്യവസ്ഥകളിലും ഉപയോഗിക്കുന്നത് 'ഇര' എന്നാണ്. ആ പ്രയോഗം നിസ്സഹായയും ദുര്‍ബലയുമായ ഒരുവളെ സൂചിപ്പിക്കുന്നുവെന്നതുകൊണ്ടുതന്നെ സമൂഹത്തിന്റെ സ്ത്രീയോടുള്ള സമീപനത്തെ ഇളക്കമില്ലാതെ ഉറപ്പിച്ചുനിര്‍ത്തുകയാണ്.

കായികശക്തിയുടെയും സമൂഹം നല്‍കിയിരിക്കുന്ന അധികാരമനോഭാവത്തിന്റെയും പിന്‍ബലത്തോടെ ഒരു വ്യക്തിയെ കീഴ്പ്പെടുത്തുന്നത് അപമാനകരമാണെന്ന ബോധം അതിക്രമിക്കുന്ന വ്യക്തികള്‍ക്കാണുണ്ടാകേണ്ടത്. ആ ബോധം നിര്‍മിക്കേണ്ടതാകട്ടെ സമൂഹമാണ്. തുല്യ കായികബലമുള്ള ഒരാളെ മുന്‍കുട്ടി അറിയിച്ചുകൊണ്ട് കീഴ്പ്പെടുത്തുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്ന മത്സരമല്ല സ്ത്രീയുടെ നേര്‍ക്കുള്ള അതിക്രമം. പതിയിരുന്ന് ആക്രമിക്കുകയെന്ന പ്രാകൃതത്വമാണ് പലപ്പോഴും അതിലുള്ളത്. അതുകൊണ്ട് അതിക്രമങ്ങളില്‍ അതിക്രമം നടത്തുന്ന വ്യക്തിയാണ് അപമാനിതനാകുന്നത് എന്ന ബോധം സമൂഹത്തിലുറപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വാക്കുകളും പ്രയോഗങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അത് നിയമം രേഖപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. 'ഇര' എന്ന പ്രയോഗം ഒരുതരത്തിലും ഗുണാത്മകമായ അര്‍ഥമല്ല വിനിമയംചെയ്യുന്നത്. മറിച്ച്, സ്ത്രീ അബലയാണെന്ന സങ്കല്‍പ്പത്തെ അത് അടിവരയിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന ഒന്നല്ല അതിക്രമം. അതിക്രമം നേരിടുമ്പോള്‍ സാധാരണനിലയില്‍ ഒരു സ്ത്രീ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കൂടി കണക്കിലെടുത്തുവേണം അവളെ സൂചിപ്പിക്കുന്നൊരു പ്രയോഗം രൂപപ്പെടുത്തേണ്ടത്. ഇവിടെ 'വിക്ടിം' എന്ന ഇംഗ്ളീഷ് പ്രയോഗത്തിനുപകരം ഇംഗ്ളീഷില്‍ത്തന്നെ നിലവിലുള്ള സര്‍വൈവര്‍ (Survivor) എന്ന പ്രയോഗമാണ് താരതമ്യേന സ്വീകാര്യം. 'അതിജീവിച്ചയാള്‍' എന്നാണ് വാക്കിന്റെയര്‍ഥം. ലൈംഗികാതിക്രമങ്ങളില്‍ പ്രതിരോധിക്കുന്ന ഓരോ സ്ത്രീയും അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിക്രമത്തില്‍ കൊല്ലപ്പെടുമ്പോഴും പൊരുതിയശേഷമാണ് അവള്‍ മരണത്തിലേക്ക് തള്ളിയിടപ്പെടുന്നത്. ലൈംഗികപീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്യുന്ന വ്യക്തിയും മരണത്തെ സ്വയം സ്വീകരിക്കുകയല്ല ചെയ്യുന്നത്. അവളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. അത്തരം ആത്മഹത്യകള്‍ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലും യഥാര്‍ഥത്തില്‍ 'ഇര' എന്ന പ്രയോഗത്തിന് പങ്കുണ്ട്. 'അതിജീവിച്ചവള്‍' എന്ന പ്രയോഗം ആത്മഹത്യക്കല്ല, ജീവിക്കാനാണ് പ്രേരിപ്പിക്കുക. കാരണം, ആ പ്രയോഗം നല്‍കുന്നത് ആത്മവിശ്വാസമാണ്. എക്കാലവും അതിക്രമത്തിന്റെ, പീഡനത്തിന്റെ, ബലാത്സംഗത്തിന്റെ 'ഇര'യായി മരണതുല്യം ജീവിക്കുന്നതിനേക്കാള്‍ 'അതിജീവിച്ചവള്‍' എന്ന അഭിമാനത്തോടെ ജീവിക്കാന്‍ സ്ത്രീയെ സജ്ജയാക്കേണ്ടതുണ്ട്. 

അതിക്രമത്തോട് ചെറുത്തുനിന്ന് ജീവന്‍ തിരിച്ചുകിട്ടിയവള്‍ 'ഇര' എന്ന വിശേഷണത്തിലൂടെ യഥാര്‍ഥത്തില്‍, ജീവിക്കുകയല്ല ചെയ്യുന്നത്. മരണത്തിലേക്ക് തള്ളിവിടപ്പെട്ടവളെപ്പോലെ നമുക്കിടയില്‍ കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. അവള്‍ക്ക് ശരിയായ അര്‍ഥത്തില്‍ ജീവിക്കാനാകണമെങ്കില്‍ സമൂഹത്തിന് അവളോടുള്ള സമീപനം മാറണം. കടുത്ത സ്ത്രീവിരുദ്ധത വേരോടിയിരിക്കുന്ന ഒരു സമൂഹത്തില്‍ സമീപനം മാറ്റുക എളുപ്പമല്ല. എന്നാല്‍, ബോധപൂര്‍വം അതിനുള്ള ശ്രമം വേണ്ടതാണ്. ആ ബോധപൂര്‍വമായ ശ്രമത്തില്‍ ഭാഷാപ്രയോഗങ്ങളിലെ മാറ്റം പ്രധാനമാണ്. നിയമഭാഷയില്‍ ഉള്‍പ്പെടെ അത്തരം ഇടപെടലുകള്‍ അനിവാര്യമാണ്.

'അവളുടെ യഥാര്‍ഥ പേര് ലോകമറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്റെ മകള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സ്വയം സംരക്ഷിക്കുന്നതിനിടയിലാണ് അവള്‍ മരണപ്പെട്ടത്. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. അവളുടെ പേര് വെളിപ്പെടുത്തുന്നത് ഇത്തരം അതിക്രമങ്ങളില്‍നിന്ന് മരിക്കാതെ രക്ഷപ്പെട്ടവര്‍ക്ക് ധൈര്യം പകരും. എന്റെ മകളില്‍നിന്ന് അവര്‍ ശക്തി നേടും'. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ഒരു വിദേശമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. മൂന്ന് വര്‍ഷത്തിനുശേഷം 2015 ഡിസംബറില്‍ ആ പെണ്‍കുട്ടിയുടെ അമ്മ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു: 'എന്റെ മകളുടെ പേര് പറയുന്നതില്‍ എനിക്ക് അപമാനമേയില്ല. പീഡനം സഹിക്കേണ്ടിവന്നവര്‍ അവരുടെ പേര് മറച്ചുവയ്ക്കേണ്ടതില്ല. പീഡകരാണ് ലജ്ജിക്കുകയും സ്വന്തം പേര് മറച്ചുവയ്ക്കുകയും ചെയ്യേണ്ടത്. ഞാനെല്ലാര്‍ക്കും മുന്നില്‍ വെളിപ്പെടുത്തുന്നു എന്റെ മകളുടെ പേര് ജ്യോതി സിങ് എന്നാണ്. ഇന്നുമുതല്‍ എല്ലാവരും അവളെ ജ്യോതി സിങ് എന്നുതന്നെ അറിയണം'. ഇന്ത്യന്‍ ശിക്ഷാനിയമം 228 എ അനുവദിക്കുന്ന ഇളവുകളനുസരിച്ച് ഈ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ ശിക്ഷാര്‍ഹമല്ല. എന്നാല്‍, അതിനുമപ്പുറം ഇവിടെ ഈ മാതാപിതാക്കളുടെ തിരിച്ചറിവില്‍നിന്ന് നിയമവും സമൂഹവും ചില പാഠങ്ങളുള്‍ക്കൊള്ളേണ്ടതുണ്ട്.

സമൂഹത്തിന്റെ പൊതുബോധത്തില്‍ അന്തര്‍ലീനമായ ധാരണകളും കാഴ്ചപ്പാടുകളും സങ്കല്‍പ്പങ്ങളും ഭാഷയില്‍ പ്രതിഫലിക്കും. നമ്മുടെ സമൂഹത്തില്‍ സ്ത്രീ അബലയും ദുര്‍ബലയും രണ്ടാംതരക്കാരിയും സംരക്ഷിക്കപ്പെടേണ്ടവളും മറ്റുമാണെന്ന ബോധം  സ്വാംശീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ സ്ത്രീയെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളിലെല്ലാം ഈ ബോധത്തിന്റെ പ്രതിഫലനം കാണാം. ലൈംഗികച്ചുവയോടെയുള്ള തമാശകളും സ്ത്രീക്കെതിരായ പരിഹാസപ്രയോഗങ്ങളും സ്ത്രീയുടെ ലൈംഗികാവയങ്ങളെ ദ്യോതിപ്പിക്കുന്ന തെറിവാക്കുകളും വ്യാപകമായി പ്രയോഗിക്കപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അവയില്‍ പലതും നിരുപദ്രവകരമായ സ്വാഭാവികതകളായി ആസ്വദിക്കപ്പെടുന്നുമുണ്ട്. ബോധപൂര്‍വമായ തിരുത്തലുകളും നവീകരണങ്ങളും ഭാഷാപ്രയോഗങ്ങളില്‍ നടത്തിക്കൊണ്ടുമാത്രമേ സ്ത്രീയോടുള്ള സമീപനത്തിലും അതിലൂടെ സ്ത്രീ നേരിടുന്ന അതിക്രമമടക്കമുള്ള അവസ്ഥകളിലും  മാറ്റമുണ്ടാക്കാനാകൂ

പ്രധാന വാർത്തകൾ
 Top