11 August Thursday

പാളം തെറ്റുന്ന ബാങ്കിങ്‌ സ്ഥാപനങ്ങൾ - ടി നരേന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021

അതീവ സമ്പന്നമാണ് ഇന്ത്യയിലെ ധനകാര്യ മേഖലയും വിഭവ സ്രോതസ്സുകളും.  ഇതുകണ്ട്‌ ഭ്രമിച്ചാണ് ആഗോള ധനമൂലധന ശക്തികൾ അവ കൈക്കലാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്.  ഇന്ത്യയിലെ ബാങ്കുകളിൽ ജനങ്ങളുടെ സമ്പാദ്യമായി 160 ലക്ഷം കോടി രൂപയുണ്ട്.  അതി വിപുലമായ ശാഖാ ശൃംഖലയാണ് ഇന്ത്യൻ ബാങ്കിങ്ങിന്റെ മുഖ്യസവിശേഷത.  എൽഐസിയിൽ ജനങ്ങളുടെ പ്രീമിയം തുകയായി 33 ലക്ഷം കോടിയുണ്ട്. സമൃദ്ധമായ ഈ സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിച്ചാൽ രാഷ്ട്ര വികസനരംഗത്ത് അതിശയങ്ങൾ സൃഷ്ടിക്കാനാകും.  ഈ  സ്ഥാപനങ്ങളിൽ ലഭ്യമായ പണവിഭവത്തെ  തൊഴിൽ - ഉൽപ്പാദന വർധന സാധ്യമാക്കുന്ന സങ്കേതങ്ങളിലേക്ക് വിന്യസിക്കാൻ കർമപരിപാടിയില്ലാത്തതാണ് ഇന്ത്യയുടെ യഥാർഥ വികസന പ്രതിസന്ധി . ജനങ്ങളുടെ നിക്ഷേപം സ്വീകരിക്കുമ്പോൾ പലിശ കൊടുക്കേണ്ടതില്ലാത്ത കറണ്ട് അക്കൗണ്ട്,  സേവിങ്‌സ്‌ ബാങ്ക് അക്കൗണ്ടുകളിൽ  ശേഖരിക്കലാണ് പുതിയ തന്ത്രം.  നിക്ഷേപപലിശ കുറച്ചെന്നു മാത്രമല്ല ദീർഘ കാലാവധിയുള്ള നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തുന്നതാണ് ഇന്നത്തെ ശൈലി.  ആധുനിക സങ്കേതങ്ങളുടെ എല്ലാവിധ അത്ഭുതങ്ങളും ഉപയോഗിച്ചുവരുന്നത് ഹ്രസ്വകാല നിക്ഷേപങ്ങളുടെ സമാഹരണത്തിനും അവയെ കമ്പോളത്തിലേക്ക് വഴി തിരിച്ചുവിടുന്നതിനുമാണ്. വിവിധ ഇനം എടിഎം കാർഡുകൾ,  നെറ്റ് ബാങ്കിങ്‌, മ്യൂച്ചൽ ഫണ്ട് വ്യാപാരം എന്നിവയിലേക്ക്‌ ബാങ്ക് ഇടപാടുകാരെ ബന്ധിപ്പിച്ച്  ഉപഭോഗതൃഷ്ണ  വിപുലപ്പെടുത്തുന്ന ഇടനിലക്കാരന്റെ വേഷമാണ് ബാങ്കുകൾ നിർവഹിക്കുന്നത്.  ഇതിനെല്ലാം  പുറമെയാണ്  സർവീസ് ചാർജും ഫീസുകളും. 

ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തിൽ 38ശതമാനം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്‌എൽആർ) ആയും,  14ശതമാനം ക്യാഷ് റിസർവ് റേഷ്യോ (സിആർആർ)  ആയും കേന്ദ്ര സർക്കാരിന്റെ  സെക്യൂരിറ്റികളിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.   വിവിധ വികസന സംരംഭങ്ങൾക്കും നിർമാണ പദ്ധതികൾക്കുമുള്ള വിഭവം കണ്ടെത്തുന്നതിലുള്ള  പങ്കാളിത്തമായിരുന്നു അത്.  1991 നു ശേഷം ഈ നിരക്കുകൾ ഘട്ടംഘട്ടമായി വെട്ടിക്കുറച്ച് യഥാക്രമം 18 ശതമാനവും 4ശതമാനവുമായി ചുരുക്കി. ഈ വിധത്തിൽ കേന്ദ്രസർക്കാരിന് 30ശതമാനം ധനവിഭവമാണ് നഷ്ടമായത്.  ഇപ്പോഴത്തെ ബാങ്ക് നിക്ഷേപ സംഖ്യയായ 160 ലക്ഷം കോടി രൂപയിൽനിന്നുള്ള  48 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ വരുമാന നഷ്ടം.  നാടിന്റെ ആർജിത സമ്പത്ത് വിറ്റഴിച്ചും പാട്ടത്തിന്‌ കൊടുത്തും  6 ലക്ഷം കോടി രൂപയുടെ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ പൊള്ളത്തരം  വിലയിരുത്തേണ്ടത് ഈയൊരു പശ്ചാത്തലത്തിലാണ്.  വിഭവങ്ങളുടെ അപര്യാപ്തതയല്ല, അവയുടെ വിനിയോഗ വിന്യാസത്തിന്മേലുള്ള വരേണ്യ പക്ഷപാതിത്വമാണ് ഇന്ത്യയുടെ യഥാർഥ വികസന പ്രതിസന്ധി. ബാങ്കുകളും എൽഐസിയും പൊതുമേഖലാ സ്ഥാപനങ്ങളും പ്രദാനംചെയ്യുന്ന ആവർത്തന സ്വഭാവമുള്ള വരുമാനവും അവയുടെ കരുത്തും കണക്കാക്കാതെ വിത്തെടുത്ത്‌ വിൽക്കുന്ന നടപടികൾ  ഭാവിതലമുറയുടെ ജീവിതത്തെയാണ് വഴിയാധാരമാക്കുക.

ബാങ്ക്‌ വായ്പാ ചേരുവയിലെ ജനവിരുദ്ധത
ബാങ്കിൽ സമാഹരിക്കുന്ന സമ്പാദ്യത്തെ രാജ്യത്ത് ഉൽപ്പാദനം വർധിപ്പിക്കാനും ജനങ്ങൾക്ക് ജീവനോപാധികൾ കണ്ടെത്താനുമായി വായ്പ അനുവദിക്കുകയെന്നതാണ് ബാങ്കുകളിൽ നിക്ഷിപ്തമായ കർത്തവ്യം. എസ്‌എൽആർ, സി ആർ ആർ നിരക്കുകൾ ഗണ്യമായി കുറച്ചപ്പോൾ  ബാങ്കുകൾക്ക് ലഭ്യമായ അധിക തുക കൂടുതൽ വായ്പകൾ നൽകി കമ്പോള ചോദനം ഉയർത്താമെന്നതായിരുന്നു  ന്യായവാദം.  നവ ഉദാരവൽക്കരണ ആശയത്തിന്റെ  സ്വാധീനത്താൽ നിർമാണ വികസന ദൗത്യങ്ങളിൽനിന്നും  പിന്തിരിയണമെന്ന ആശയമാണ് കേന്ദ്രം പുലർത്തുന്നത്.  വരുമാനം നിലച്ചുപോയ സംസ്ഥാന സർക്കാരുകളാകട്ടെ അക്ഷരാർഥത്തിൽ പാപ്പരാണ്. ഈയൊരു സാഹചര്യത്തിൽ കമ്പോളത്തെ ഉണർത്താനുള്ള സുപ്രധാന ഉത്തേജക വസ്തുവാണ് വർധിത ബാങ്ക് വായ്പ.   അസംഖ്യം കൈകളിലേക്ക് ചെറുകിട വായ്പകളിലൂടെ പണമെത്തുമ്പോൾ കമ്പോളത്തിലെ ക്രയവിക്രയം വർധിക്കും,   പുതിയ തൊഴിൽ സംരംഭങ്ങളുണ്ടാകും, ഉൽപ്പാദനം വർധിക്കും, നാടിന്റെ സമ്പദ്ഘടന ഉത്തേജിതമാകുകയും ചെയ്യും. ഈ വിധത്തിൽ ബാങ്ക്‌ ദേശസാൽക്കരണത്തെ തുടർന്നാണ്  ഇന്ത്യയിലെ ബാങ്ക് വായ്പയുടെ 90 ശതമാനം തുകയും ചെറുകിട വായ്പകളായി നൽകാനിടയായത്. അങ്ങനെയാണ് രാജ്യത്തെ കൃഷിയടക്കമുള്ള അനൗപചാരിക മേഖല ശരാശരി  തോതിലെങ്കിലും വളർച്ച കൈവരിച്ചത്. എന്നാൽ  നവലിബറൽ കാലത്ത് ബാങ്കുകളുടെ വായ്പാ നയത്തിൽ മൗലികമായ പൊളിച്ചെഴുത്താണ് നടന്നത്.   ആകെ ബാങ്ക് വായ്പയിൽ കേവലം 8ശതമാനം മാത്രമാണ് 2 ലക്ഷത്തിന് താഴെ വായ്പയെടുക്കുന്നവർക്കായി നൽകുന്നത്. ആകെ വായ്പയുടെ 68 ശതമാനവും ഒരു കോടി രൂപയ്‌ക്ക് മുകളിലുള്ളവരുടേതാണ്.  വായ്പ നൽകാനായി കൂടുതൽ  പണവിഭവം ലഭ്യമായതോടെ കുത്തകകൾക്കും  അതിസമ്പന്നർക്കും വൻ തുകകൾ അനുവദിച്ചതാണ് ബാങ്കുകളുടെ വായ്പാചരിത്രം.

ലഭ്യമായ അധിക വിഭവം വായ്പയായി നൽകാതെ ഏറ്റവും അപകടം നിറഞ്ഞ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ബോണ്ട് മാർക്കറ്റിൽ നിക്ഷേപിക്കുന്ന പ്രവണതയും  വർധിച്ചു. ബാങ്കുകൾ രാഷ്ട്ര വികസനത്തിനും ജനക്ഷേമത്തിനുമായി വർത്തിക്കണമെന്നുള്ള അടിസ്ഥാന പ്രമാണത്തിൽനിന്നുള്ള ഒളിച്ചോട്ടമാണിത്. വൻകിടക്കാരിൽ അമിത കേന്ദ്രീകരണം സംഭവിച്ചപ്പോൾ അവർ തടിച്ചു കൊഴുത്തു.   അതിസമ്പന്നർക്ക് ലഭ്യമായ വായ്പകൾ അവർ മനഃപൂർവം തിരിച്ചടയ്‌ക്കാതായതോടെ  ബാങ്ക് കിട്ടാക്കടങ്ങൾ കുതിച്ചുയർന്നു. 

വീണ്ടും വിനാശ ചിന്തകളിലേക്ക്
ഇന്ത്യൻ ബാങ്കിങ്ങിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്താതെ അവയെ സമ്പൂർണമായും സ്വകാര്യ-വിദേശ ഉടമസ്ഥതയിലാക്കാനാണ് നീക്കം.  പൊതുമേഖലാ ബാങ്കുകളുടെ സാന്നിധ്യം കൊണ്ടാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യ അതിജീവിച്ചത്.  ഇത്തരം ഒട്ടനവധി നേരനുഭവങ്ങൾ ഉള്ളപ്പോൾ തന്നെയാണ്   ബാങ്കുകളുടെ സമ്പൂർണ സ്വകാര്യവൽക്കരണം  സാധ്യമാക്കാനുള്ള ബാങ്കിങ്‌ നിയമഭേദഗതി ബിൽ നവംബറിലെ  പാർലമെന്റ്‌ സമ്മേളനത്തിൽ പാസാക്കാൻ ഒരുങ്ങുന്നത്.  സ്വകാര്യ ബാങ്കുകളിൽ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം ആകാമെന്നതിന്റെ അടിസ്ഥാനത്തിൽ നടന്ന മൂലധന കൈമാറ്റത്തിന്റെ  ഭവിഷ്യത്തുക്കളാണ് തൃശൂരിലെ സിഎസ്ബി ബാങ്കും,  ചെന്നൈയിലെ ലക്ഷ്മിവിലാസ് ബാങ്കും പറഞ്ഞു തരുന്നത്.  റിസർവ്‌ ബാങ്കിന്റെ  ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബാങ്കിന്റെ  ഭൂരിപക്ഷം ഓഹരികൾ ഒരു വിദേശ കമ്പനിക്ക് കൈമാറാൻ അനുമതി നൽകുന്നത്.  51ശതമാനം ഓഹരികൾ സിഎസ്‌ബി ബാങ്ക് ഓഹരികൾ ക്യാനഡ ആസ്ഥാനമാക്കിയുള്ള ഫെയർ ഫാക്സ് കമ്പനിയുടെ മൗറീഷ്യസ് ഹോൾഡിങ് കമ്പനിക്ക് നൽകാൻ റിസർവ് ബാങ്ക് അനുമതി നൽകുന്നത് 2018 ജൂലൈ 12 നാണ്.  2010 സെപ്‌തംബറിലാണ് 94 കൊല്ലം പഴക്കമുള്ള ലക്ഷ്മിവിലാസ് ബാങ്കിനെ അപ്പാടെ  വിഴുങ്ങാൻ ഡെവലപ്മെന്റ്‌ ബാങ്ക് ഓഫ് സിങ്കപ്പുർ എന്ന വിദേശ ബാങ്കിന്  അനുമതി നൽകിയത്.  ഈ രണ്ടു ബാങ്കിന്റെയും പ്രവർത്തനങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും അവയെ മാതൃകയാക്കാൻ മറ്റു ബാങ്കിങ്‌ സ്ഥാപനങ്ങളോടുള്ള ആഹ്വാനവുമാണ് ഇന്നത്തെ ഇന്ത്യൻ ബാങ്കിങ്ങിന്റെ  സമ്പ്രദായം.  ബാങ്കുകൾ നാടിന്റെ നട്ടെല്ലാണ്,  അക്ഷയപാത്രമാണ് .  വിശ്വസനീയതയും സർക്കാർ ഉടമസ്ഥാവകാശവും  അകന്നതോടെ  ലക്ഷണമൊത്ത ചൂതാട്ട കേന്ദ്രങ്ങളായി  മാറുന്നതിന്റെ അവസാന രംഗത്തേക്കാണ് ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥ നീങ്ങുന്നത്.

(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top