11 August Tuesday

താരപ്പകിട്ട് ഇല്ലാത്ത പച്ചമനുഷ്യൻ

രഞ്ജിത്Updated: Wednesday Apr 8, 2020

ആർക്കും ശല്യമാകാതെ ജീവിച്ചവനായിരുന്നു ശശി കലിംഗ. സിനിമയിൽ തിളങ്ങിയപ്പോഴും ആ രീതി തുടർന്നു. താരപ്പകിട്ട് ഇല്ലാതെ ഒതുങ്ങിക്കൂടി. അയാളെ എവിടെയും ആരും കാണാറില്ല. ആൾക്കൂട്ടങ്ങളിൽനിന്ന് അകന്നു. മരണത്തിലും അതുപോലെതന്നെ. അധികം ആരുമില്ലാതെ ശശി യാത്രയായി. അല്ലെങ്കിലും ഒരു യാത്രയയപ്പ് നൽകിയാലും ശശി അറിയില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ അമിതമായ ആൾക്കൂട്ടങ്ങളിൽനിന്ന് അയാൾ ഒഴിഞ്ഞുമാറും.

പാലേരി മാണിക്യം എന്ന എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ ഒരിക്കലും അവസരം തേടി വന്നതായിരുന്നില്ല. കോഴിക്കോട്ടെ നാടകക്കാർക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ അവസരം നൽകിയിരുന്നു. അതിനായി ക്യാമ്പും ഒരുക്കി. ശശി വന്നത് ക്യാമ്പ് കഴിയുന്നതിന്റെ തലേദിവസം. സിനിമ അയാളെ അത്രപോലും മോഹിപ്പിച്ച ലോകമായിരുന്നില്ല. എങ്കിലും ശശിക്കൊരു വേഷം നൽകി. ഒരു പൊലീസ് ഓഫീസർ ആയിട്ടായിരുന്നു വേഷം. ശബ്ദം നൽകിയത് മറ്റൊരാൾ.

പിന്നീട് എന്റെ മറ്റു ചിത്രങ്ങളിലും അഭിനയിച്ചു. തിരക്കുള്ള നടനായി. അപ്പോഴും പാലേരിയിൽ അഭിനയിച്ച പഴയ ശശി തന്നെയായിരുന്നു. അവസരത്തിനുവേണ്ടി ആരുടെയും പിറകെ നടന്നില്ല. കിട്ടുന്ന വേഷങ്ങളിൽ സംതൃപ്തനായി.


 

മറ്റുള്ളവരോട് പഴയകഥകൾ പറഞ്ഞുനടക്കുന്ന ശീലവും ഇല്ലായിരുന്നു. വ്യക്തിപരമായി ഒന്നും പറയാറില്ല. സ്ഥിരമായി വിളിച്ചു ശല്യപ്പെടുത്തുകയുമില്ല. പുതിയ വീട്ടിലേക്ക്‌ ക്ഷണിച്ചിരുന്നു. പോകാനായില്ല. ഒടുവിൽ കണ്ടത് ആശുപത്രിയിൽ ചേതനയറ്റ ശരീരം. അപ്രതീക്ഷിതമായിരുന്നു മരണം. ആ പച്ചമനുഷ്യൻ അങ്ങനെ യാത്രയായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top