29 May Monday

ദേശീയചിഹ്നത്തിന്റെ അർഥധ്വനികൾ

ചന്ദ്രൻ ടി വിUpdated: Thursday Aug 11, 2022

സാരനാഥിലെ അശോകസ്തംഭത്തിന്റെ മുകൾഭാഗം അലങ്കരിക്കുന്ന നാല് സിംഹരൂപങ്ങൾക്കും അവയ്ക്കു കീഴിലുള്ള ചക്രങ്ങൾക്കും വൈവിധ്യമാർന്ന പ്രതീകാർഥങ്ങളുണ്ട്. സിംഹം കുലചിഹ്നമാക്കിയ ശാക്യവംശത്തിൽ പിറന്ന, ശാക്യമുനിയായ ബുദ്ധനെ പലപ്പോഴും സിംഹമായും അദ്ദേഹത്തിന്റെ വാക്കുകളെ സിംഹഗർജനമായും (സിംഹഗോഷ) വിശേഷിപ്പിച്ചു കാണുന്നുണ്ട്. അതുകൊണ്ടുതന്നെ, നാലു ദിശയിലേക്കും നോക്കിനിൽക്കുന്ന സിംഹങ്ങൾ ബുദ്ധന്റെയും ബുദ്ധ ദർശനങ്ങളുടെയും പരമോന്നതമായ ശക്തിവിശേഷത്തിന്റെയും വ്യാപനശേഷിയുടെയും അർഥധ്വനികളെയാണ് സ്വീകരിക്കുന്നത്. തന്റെ ദർശനങ്ങൾ ശിഷ്യർക്ക് ആദ്യമായി ബുദ്ധൻ പകർന്നുനൽകിയത് സാരനാഥിൽ വച്ചായിരുന്നുവെന്ന വസ്തുതയിലേക്കാണ് (സാരനാഥിലെ) അശോകസ്തംഭത്തിലെ ചക്രം വിരൽ ചൂണ്ടുന്നതെന്ന് കരുതാവുന്നതാണ്. സാരനാഥിൽവച്ച് ബുദ്ധധർമം പ്രവർത്തനക്ഷമമാക്കിയതിന്റെ അടയാളമാണ് ‘ധർമചക്രം'

ബൗദ്ധദർശനത്തിന്റെ പ്രചാരണോപാധികളിൽ ഒന്നായ ശിൽപ്പഭാഷയിലേക്ക് സിംഹത്തിനെ പുനഃസംവിധാനം ചെയ്യുമ്പോൾ, കാട്ടിലെ രാജാവിന്റെ ശൗര്യവും ശക്തിയും ഉൾക്കൊള്ളുന്ന ‘അജയ്യത'യിലാണ്‌ അത് ഊന്നിനിൽക്കുന്നത്. എങ്കിലും സിംഹഗർജനത്തിന്റെ വന്യതയും ഘോരതയും യഥാവിധം അതിൽ പ്രതിധ്വനിക്കുന്നില്ല. അശോകസ്തംഭത്തെ വേറിട്ടൊരു ശിൽപ്പസൃഷ്ടിയായി ശ്രദ്ധേയമാക്കുന്ന ഘടകമാണ്‌ അത്. യഥാതഥമായ സിംഹങ്ങളുടെ കാഴ്ചയല്ലത്; അവയുടെ ഗർജനം നമ്മെ നടുക്കുന്നുമില്ല. സിംഹത്തിന്റെ ശക്തിയും ശൗര്യവും ദ്യോതിപ്പിച്ച്‌ യഥാർഥ കാഴ്ചയേക്കാൾ സൗന്ദര്യമാർന്ന കലയുടെ അസാധാരണമായ കാഴ്ചയാണ് സാരനാഥ് സിംഹത്തിൽ തെളിയുന്നത്. ശാരീരിക സവിശേഷതകളെ ലളിതവൽക്കരിച്ചും അതേസമയം സടയും രോമരാജികളും അലങ്കാര പ്രധാനവുമാക്കി പ്രത്യക്ഷപ്പെടുന്ന അവയുടെ നിൽപ്പും നിലയും രാജകീയ പ്രൗഢി വിളിച്ചോതുന്നു. അത് ഒരേസമയം ബുദ്ധനെയും ബുദ്ധമത പ്രചാരണത്തിനുവേണ്ടി നിലകൊണ്ട അശോകനെയും ദ്യോതിപ്പിക്കുന്നുണ്ട്. അശോകസ്‌തംഭത്തിലെ പ്രതിരൂപങ്ങളെയെല്ലാം അതേപടി പകർത്തുമ്പോഴും അവയിലടങ്ങിയ അർഥതലങ്ങൾ ദേശീയചിഹ്നത്തിൽ അതേപടി നിലനിൽക്കുന്നില്ല. രാജ്യം അഭിമാനംകൊള്ളുന്ന ഗതകാല പ്രൗഢിയുടെ അടയാളമെന്ന നിലയിലാണ് അശോകസ്തംഭം ദേശീയചിഹ്നമായി സ്ഥാനംനേടുന്നത്. അഹിംസയും അതിൽ അടിയുറച്ച ബുദ്ധദർശനവുമാണ് ആ അടയാളത്തിൽ തെളിയുന്നത്, ഒപ്പം മതനിരപേക്ഷ ഭാരതമെന്ന വിശാല സങ്കൽപ്പവും. ചരിത്രത്തിന്റെ അടയാളമായ ദേശീയചിഹ്നത്തെ പുതുക്കിപ്പണിതാൽ ഈ അർഥതലങ്ങളാണ്  അപ്രത്യക്ഷമാകുന്നത്. അതൊരു യാദൃച്ഛികതയല്ല എന്നതാണ്  അസ്വസ്ഥമാക്കുന്ന യാഥാർഥ്യം.

സാരനാഥിലെ യഥാർഥ അശോകസ്തംഭത്തിൽനിന്ന്  വ്യതിചലിച്ചിട്ടില്ലെന്നും അതിലെ സൂക്ഷ്‌മ വിശദാംശങ്ങളെല്ലാം ശ്രദ്ധയോടെ പകർത്തുകയാണ്‌ ഉണ്ടായതെന്നും വലുതായി നിർമിച്ച് ഉയരത്തിൽ പ്രതിഷ്ഠിച്ചതുമൂലമുണ്ടായ കാഴ്ചാദോഷമാണ് പുതിയ ദേശീയചിഹ്നത്തെ വിവാദ വിഷയമാക്കിയതെന്നുമാണ് ശിൽപ്പികൾ വിശദീകരിച്ചത്. പല കാരണത്താലും ഇത് വിശ്വാസയോഗ്യമല്ല. എല്ലാ വിശദാംശങ്ങളിൽനിന്നും പരമാവധി വ്യതിചലിക്കാനാണ് ശിൽപ്പികൾ ശ്രമിച്ചതെന്ന് ദൃഷ്ടിദോഷമില്ലാത്ത ആർക്കും ബോധ്യമാകും. അമൂർത്തവും അലങ്കാരപ്രധാനവുമായ പഴയ ശൈലി സവിശേഷതയിൽനിന്ന് മജ്ജയും മാംസവുമുള്ള,  പേശിബലം കാണിക്കുന്ന അക്രമാസക്തരായി വർധിതവീര്യത്തോടെ ഉയർന്നുനിൽക്കുന്നതാണ് പുതിയ ദേശീയ ചിഹ്നത്തിലെ സിംഹങ്ങളിൽ വന്ന പ്രകടമായ ഭാവമാറ്റം.

അവിചാരിതമായ പരിണാമമല്ല അത്. അങ്ങനെ കരുതാനാണ് പലർക്കും താൽപ്പര്യമെങ്കിലും. എന്തായാലും, ആ മാറ്റത്തെ ആ വിധത്തിൽത്തന്നെ തിരിച്ചറിയുകയും അതിനെ സാധൂകരിക്കുകയും ചെയ്യുന്ന പ്രവണത പ്രബലമാണ് എന്നതാണ് പ്രശ്നത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. പ്രസിദ്ധ അഭിനേതാവായ അനുപം ഖേറിന്റെ വാക്കുകൾ: ‘സിംഹത്തിന് പല്ലുണ്ടെങ്കിൽ തീർച്ചയായും അത് പുറത്തുകാണിക്കും. അതിലുപരി, സ്വതന്ത്ര ഇന്ത്യയുടെ സിംഹമാണിത്. ആവശ്യമാണെങ്കിൽ, അത്‌ കടിക്കുകയും ചെയ്യും’. ‘കശ്മീർ ഫയൽസ്' എന്ന ചലച്ചിത്രത്തിലൂടെ അടുത്തിടെ പ്രശസ്തനായ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പ്രതികരണത്തിനും സമാന സ്വഭാവമാണ്‌ ഉണ്ടായിരുന്നത്: ‘പുതിയ ദേശീയചിഹ്നം ഒരുകാര്യം തെളിയിച്ചു, അതായത്, അർബൻ നക്സൽസിനു വേണ്ടിയിരുന്നത് പല്ലുകൊഴിഞ്ഞ് നിശ്ശബ്ദനായ ഒരു സിംഹമായിരുന്നുവെന്ന്. അങ്ങനെയെങ്കിൽ അവർക്കതിനെ ഒരു വളർത്തുമൃഗമായി ഉപയോഗിക്കാം’.

ശിൽപ്പിയുടെ നോട്ടപ്പിശകിൽ നിന്നുണ്ടായ ‘ഭാവമാറ്റ'ത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ ചുമലിൽ കെട്ടിവയ്‌ക്കേണ്ടതില്ലെന്ന് ഒരുന്നത ബിജെപി വക്താവ് പ്രസ്താവിച്ചു. പക്ഷേ അത്തരമൊരു ‘നോട്ടപ്പിശകി'നെക്കുറിച്ച് പ്രധാനമന്ത്രി മൗനംപാലിക്കുകയായിരുന്നു. അത് ശ്രദ്ധേയമായ ഒന്നാണ്. മൗനം ആ ഭാവമാറ്റത്തിനു ലഭിക്കുന്ന ഉള്ളാലെയുള്ള അംഗീകാരമാണ്.

പുതിയ ‘ഭാവമാറ്റം' യഥാർഥത്തിൽ ദേശീയചിഹ്നത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മറിച്ച്, കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി നമ്മുടെ ദൃശ്യസംസ്കാരത്തിൽ മാറിവരുന്ന ഭാവുകത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ പരിണാമത്തെ അടയാളപ്പെടുത്തുന്ന നല്ലൊരു ഉദാഹരണമായി ചാണക്യൻ എന്ന ടെലിവിഷൻ പരമ്പരയെക്കുറിച്ച് റൊമില ഥാപ്പർ സൂചിപ്പിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ചാണക്യൻ, മൗര്യസാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് അനാവൃതമാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സാമ്രാജ്യമായി ചന്ദ്രഗുപ്തനു കീഴിൽ വളർന്നുവന്ന മൗര്യസാമ്രാജ്യത്തെ ഏറെക്കുറെ ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവനുമായി വ്യാപിച്ചുകിടക്കുന്ന വിധത്തിൽ വികസിപ്പിച്ചത് അശോക ചക്രവർത്തിയായിരുന്നു (269–-232 ). മാത്രവുമല്ല, ബുദ്ധമത പ്രചാരണത്തിനായി തന്റെ സാമ്രാജ്യത്തിലുടനീളം സ്ഥാപിച്ച, ഇന്നും നിലനിൽക്കുന്ന, സ്തംഭങ്ങളിലൂടെയും ശിലാഫലകങ്ങളിലൂടെയും അശോകൻ ഒരു ചരിത്രനായകനായി ഇന്നും ജനഹൃദയങ്ങളിലുണ്ട്. എങ്കിലും ചരിത്രത്തിന്റെ ഗതിതിരിച്ചുവിട്ട, മൗര്യസാമ്രാജ്യത്തിലെ ഏറ്റവും മഹാനായ,  ബുദ്ധമതം പിന്തുടർന്ന അശോകനിലല്ല ദൂരദർശൻ പരമ്പര ശ്രദ്ധയൂന്നിയത്, മറിച്ച് ചന്ദ്രഗുപ്തന്റെയും ബിംബിസാരന്റെയും ബ്രാഹ്മണ ഉപദേശിയായ ചാണക്യനിലാണ്. ബുദ്ധധർമത്തിനും അഹിംസാ തത്വത്തിനുംവേണ്ടി നിലകൊണ്ട അശോകനിൽനിന്ന് ഭരണകാര്യത്തിനായി കുടിലതന്ത്രങ്ങൾ ഉപദേശിക്കുന്ന കൗടില്യനിലേക്ക് (ചാണക്യൻ) ചരിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം നമുക്ക് മുന്നിൽ മാറിവരുന്നത് ശ്രദ്ധിക്കുക. അതൊരു നിഷ്കളങ്കമായ പ്രവൃത്തിയല്ല. നിഷ്കളങ്കത എന്ന സങ്കൽപ്പം ഭാഷയിലെ കെട്ടുകഥയല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട്, അശോകനിൽനിന്ന് ചാണക്യനിലേക്ക് മൗര്യസാമ്രാജ്യ കഥ ചുവടുമാറുന്നതിന് സവിശേഷ കാരണമുണ്ട്. റൊമില ഥാപ്പർ ചൂണ്ടിക്കാണിക്കുന്നതുപോലെ, ചരിത്രത്തിൽനിന്ന് ചില ഏടുകളും പ്രതീക വ്യവസ്ഥകളും സ്വീകരിക്കുകയും മറ്റുള്ളവ തിരസ്കരിക്കുകയും ചെയ്യുന്നതിലൂടെ നിർവചിക്കപ്പെടുന്ന ഒരു ദേശീയ സംസ്കാരം പുതിയ ദേശീയതാവാദത്തിന്‌ അനിവാര്യമാണ്. അതിന്റെ അന്തർഹിതങ്ങളെ അറിഞ്ഞോ അറിയാതെയോ നിർവഹിക്കുന്നതാണ് ‘ചാണക്യൻ' എന്ന ചരിത്രപരമ്പര. അതിന്റെ ആശയധാരയ്‌ക്കൊപ്പം ചേർന്നുനിൽക്കുന്നതാണ് പുതിയ ദേശീയ ചിഹ്നവും.

ബുദ്ധന്റെയും അശോകന്റെയും ചരിത്രധ്വനികളുള്ള, അഹിംസയുടെ പ്രതീകബന്ധമുള്ള, അതിന്റെ ചരിത്രമാനങ്ങളിൽനിന്നും പുതിയ മതനിരപേക്ഷ മൂല്യങ്ങളിൽനിന്നും സടകുടഞ്ഞെഴുന്നേൽക്കുന്ന പുതിയ ദേശീയ (ചിഹ്ന) സിംഹങ്ങൾ വിപുലമായ ഹൈന്ദവ അനുഷ്ഠാനങ്ങളിലൂടെയാണ് പ്രതിഷ്ഠിക്കപ്പെട്ടത്. അഹിംസയിൽനിന്ന് ഹിംസയിലേക്കും  മതനിരപേക്ഷതയിൽനിന്ന് മതദേശീയതയിലേക്കും കാര്യങ്ങൾ എളുപ്പം മാറിവരുന്നതിന്റെ പ്രതിഫലനമാണ്‌ ഇത്. അതിന്റെ നടുക്കുന്ന മറ്റൊരു ഖണ്ഡമാണ് സന്യാസികളുടെ ഭാവമാറ്റം: സന്യാസികളും സാധുക്കളും നമ്മുടെ സങ്കൽപ്പങ്ങൾക്കു വിരുദ്ധമായി കൈയിൽ വാളും ഗദയുമേന്തി അട്ടഹസിച്ച് ആക്രമണോത്സുകരായി  തിരിച്ചുവരുന്നു.  കുറച്ചുദശകങ്ങളായി നിരന്തരം കണ്ടുവരുന്ന അവരുടെ ഭാവമാറ്റവും നിഷ്കളങ്കമോ ഒറ്റപ്പെട്ടതോ അല്ല. ദേശത്തെയും ദേശീയതയെയും സങ്കൽപ്പിക്കുന്നതിൽ വന്നുചേർന്ന കാതലായ മാറ്റത്തെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. അതിലൊന്നു മാത്രമാണ്, പുതിയ ദേശീയ ചിഹ്നത്തിലെ ‘സിംഹഭാഗം'.

(തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ കലാചരിത്ര വിഭാഗം അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top