18 January Tuesday

മതന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം ചെറുക്കുക - എളമരം കരീം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം –-ക്രിസ്ത്യൻ ജനതയ്‌ക്കെതിരെ സംഘപരിവാർ കടുത്ത ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി കടുത്ത വർഗീയ പ്രചാരണമാണ് സംഘപരിവാർ നടത്തിവരുന്നത്. ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് ഇത്തരം പ്രചാരണങ്ങളാണ്. അക്രമികൾക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ എല്ലാ സംരക്ഷണവും നൽകുന്നു. അതേസമയം, ആക്രമണങ്ങൾക്ക്‌ ഇരയാകുന്നവരുടെ പേരിൽ കള്ളക്കേസുകൾ ചുമത്തുകയും ചെയ്യുന്നു. 2021 ലെ ആദ്യത്തെ ഒമ്പതു മാസത്തിനിടയിൽ ക്രിസ്ത്യൻ ജനതയ്‌ക്കും അവരുടെ ആരാധനാകേന്ദ്രങ്ങൾക്കും എതിരെ 300 പ്രാവശ്യം അതിക്രമം നടന്നതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആദിവാസി ദളിത് വിഭാഗത്തിൽനിന്നുള്ളവരാണ് വലിയ ആക്രമണങ്ങൾക്ക്‌ ഇരയാകുന്നത്. പ്രാർഥനാ യോഗങ്ങൾ നിരന്തരമായി ആക്രമിക്കപ്പെട്ടു. മതപരിവർത്തനത്തിന്റെ പേരും പറഞ്ഞാണ് ഈ ഹീനമായ ആക്രമണം നടക്കുന്നത്.

പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ പ്രചാരണങ്ങൾ നടത്തിയാണ് മുസ്ലിം ജനതയ്‌ക്കെരെ അതിക്രൂരമായ ആക്രമണം തുടർച്ചയായി നടത്തുന്നത്. ത്രിപുരയിൽ മുസ്ലിം ജനതയെയും  അവരുടെ പള്ളികളെയും ആക്രമിച്ചു. ഈ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ യുഎപിഎ നിയമമനുസരിച്ചുള്ള കേസുകളിൽ കുടുക്കുന്നു. മറ്റൊരു സംഭവം നടന്നത് തലസ്ഥാന നഗരിക്കടുത്തുള്ള  ഗൂർഗോൺ എന്ന സ്ഥലത്താണ്. അവിടെ മുസ്ലിങ്ങളുടെ പ്രാർഥന സംഘപരിവാർ  തടസ്സപ്പെടുത്തി. മധ്യപ്രദേശിൽ മുസ്ലിങ്ങളായ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഓടിക്കുന്നു. അസമിൽ ദരിദ്രരായ കുടുംബങ്ങൾ വർഷങ്ങളായി വീടുകെട്ടി താമസിച്ച് കൃഷിചെയ്തുവരുന്ന ഭൂമിയിൽനിന്നും അവർ മുസ്ലിങ്ങളാണെന്ന ഒറ്റക്കാരണത്താൽ ബലമായി അടിച്ചിറക്കുന്നു. ഉത്തർപ്രദേശിൽ മുസ്ലിങ്ങളുടെ പേരിൽ ദേശീയ സുരക്ഷാനിയമ പ്രകാരം കേസെടുക്കൽ വ്യാപകമാണ്.

ജനങ്ങളുടെമേൽ അവരുടെ മതത്തെ ആസ്പദമാക്കി ആക്രമണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. അതൊന്നും ബിജെപി സർക്കാരുകൾ ശ്രദ്ധിക്കുന്നില്ല. അസമിലെ ദരാംഗ് ജില്ലയിലെ ധോൽപുർ വില്ലേജിൽ പൊലീസിന്റെ വെടിയേറ്റു  വീണ മൊയ്നുൽഹഖിന്റെ നെഞ്ചത്ത് ചവിട്ടുന്ന ഒരാളുടെ ചിത്രം മാധ്യമങ്ങൾ പുറത്തുവിട്ടു. പൊലീസ് സംഘത്തെ അനുഗമിച്ചിരുന്ന ഒരു ഫോട്ടോഗ്രാഫറായ ബിജോയ് ബനിയ  എന്നയാളായിരുന്നു ഈ ക്രൂരത കാണിച്ചത്. അത്രമാത്രമാണ് മുസ്ലിങ്ങൾക്കെതിരായ വെറുപ്പ് മറ്റുള്ളവരുടെ മനസ്സിൽ സംഘപരിവാർ തറപ്പിച്ചത്.  അസമിലെ മുസ്ലിങ്ങൾ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന്‌ ആരോപിച്ചാണ് ആക്രമണങ്ങൾ. ഇവരെല്ലാം ബംഗാളിൽനിന്നു വന്ന് തലമുറകളായി അസമിൽ കൃഷി ചെയ്തും തൊഴിൽ ചെയ്തും ജീവിക്കുന്ന ദരിദ്രരാണ്. 

മുസ്ലിം ജനതയ്ക്കുനേരെ ഇന്ത്യയുടെ പലഭാഗത്തും സംഘപരിവാർ നടത്തിവരുന്ന ആക്രമണങ്ങൾ ആസൂത്രിതമാണ്. ശാരീരിക ആക്രമണവും കൊലപാതകങ്ങളും മാത്രമല്ല, സാംസ്കാരികവും ചരിത്രപരവുമായ ആക്രമണങ്ങളും വ്യാപകമാണ്. മുസ്ലിം രാജാക്കന്മാരുടെ കാലത്ത് പല നഗരത്തിനും പ്രദേശങ്ങൾക്കും മുസ്ലിം നാമകരണങ്ങൾ നടത്തിയിരുന്നു. അതെല്ലാം സമ്പൂർണമായി മായ്ച്ചുകളയാനാണ് ഇപ്പോൾ സംഘപരിവാർ ശ്രമം. മുഗൾ കാലത്തെ എല്ലാ അവശിഷ്ടവും തുടച്ചുനീക്കണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇത് ഇന്ത്യാ ചരിത്രത്തെ മാറ്റിയെഴുതലാണ്. സവർക്കർ വിഭാവനംചെയ്ത ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യംവച്ചാണ് ഈ നീക്കങ്ങൾ.


 

2019നു ശേഷം കശ്മീരിൽ പേരുമാറ്റങ്ങൾ വ്യാപകമാണ്. 2019 ആഗസ്‌ത്‌ അഞ്ചിനാണ്  കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ്  കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്.  ജമ്മുകശ്മീരിന്‌ ഉണ്ടായിരുന്ന പ്രത്യേക പദവിയും എടുത്തുകളഞ്ഞു.  2019 ഒക്ടോബറിൽ ചെനാനി നഷ്റി ടണൽ, ഡോക്ടർ ശ്യാമപ്രസാദ് മുഖർജി ടണൽ എന്ന് പുനർനാമകരണം ചെയ്തു. കശ്മീർ ജനത ആവശ്യപ്പെട്ടപ്രകാരമല്ല ഈ നടപടി. ഷേറെ കശ്മീർ (കശ്മീർ സിംഹം) എന്നപേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സർദാർ വല്ലഭ്‌ഭായ് പട്ടേൽ സ്റ്റേഡിയം എന്നുപേരിട്ടു. ഷേറെ കശ്മീർ കൺവൻഷൻ സെന്ററിന്റെ പേരിൽനിന്ന്‌ ഷേറെ വെട്ടിമാറ്റി. ഷേറെ കശ്മീർ അഥവാ കശ്മീർ സിംഹം എന്ന പേര് ഷേഖ് അബ്ദുള്ളയ്‌ക്ക് നൽകപ്പെട്ടതാണ്. നാഷണൽ കോൺഫറൻസിന്റെ സ്ഥാപകനും കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഷേഖ് അബ്ദുള്ള ഇന്ത്യാ പാക് വിഭജനാനന്തരം കശ്മീർ കൈയടക്കാൻ പാകിസ്ഥാൻ ശ്രമിച്ചപ്പോൾ അതിനെ ധീരോദാത്തം ചെറുത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ ദേശസ്നേഹം മുൻനിർത്തി ജനങ്ങൾ നൽകിയ പേരാണ് ‘ഷേറെ കശ്മീർ'.

ക്രൈസ്തവരും ആക്രമിക്കപ്പെടുന്നു
ക്രൈസ്തവർക്കുനേരെ ഇന്ത്യയുടെ പലഭാഗത്തും കടുത്ത ആക്രമണങ്ങൾ നടക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ക്രൂരമായ അനുഭവമാണ് ‘ഫാദർ സ്റ്റാൻ സ്വാമി'യുടേത്. മാവോയിസ്റ്റ് എന്ന് മുദ്രകുത്തിയാണ് സ്റ്റാൻ സ്വാമിയെ പൊലീസ് അറസ്റ്റുചെയ്തത്. ഭീമാ കൊറേഗാവ്‌ കേസിൽ 16–-ാമത്തെ പ്രതിയാക്കി. ജീവിതത്തിലൊരിക്കലും ഭീമാ കൊറേഗാവ്‌ എന്ന സ്ഥലത്ത് സ്റ്റാൻ സ്വാമി പോയിട്ടില്ല.  മധ്യ ഇന്ത്യയിലെ ആദിവാസി ആവാസ പ്രദേശങ്ങളിൽ അവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിരുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അദ്ദേഹം.  അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. ആദിവാസികളെ മതപരിവർത്തനം ചെയ്യിക്കുന്നുവെന്ന് സ്റ്റാൻ സ്വാമിയുടെ പേരിൽ ആരോപണമുന്നയിച്ചു. ഒടുവിൽ ആ പുരോഹിതൻ ജയിലിലെ പീഡനത്താൽ മരണംവരിച്ചു. 

ക്രിസ്ത്യൻ സമുദായത്തിനും  അവരുടെ ആരാധനാലയങ്ങൾക്കുമെതിരെ മുന്നൂറിലേറെ ആക്രമണ സംഭവമാണ് ഈവർഷം രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നത് യുപിയിലാണ്. അക്രമികളുടെയും  ഇരകളുടെയും പേരിൽ കേസെടുക്കുക എന്നത് യുപി പൊലീസിന്റെ ഒരു തന്ത്രമാണ്. ഈ സംഭവത്തിലെല്ലാം സായുധരായി ആക്രമണം നടത്തിയ സംഘപരിവാറുകാരുടെ പേരിലും ആക്രമിക്കപ്പെട്ട നിരപരാധികളുടെ പേരിലും കേസെടുത്തു. ആക്രമണത്തിന്‌ ഇരയായവർ മതപരിവർത്തനം നടത്തുന്നുവെന്ന കുറ്റമാരോപിച്ചാണ് കേസിൽ പ്രതികളാക്കിയത്.  ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമമുണ്ട്. ബിജെപി സർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളെ ലക്ഷ്യംവച്ചാണ് ഈ നിയമം.

യുപി യിലെ ഷാജഹാൻപുരിലും ക്രിസ്ത്യൻ സമുദായങ്ങൾ ആക്രമിക്കപ്പെട്ടു. കാൺപുർ, ബറോലി, പ്രയാഗ് രാജ് പട്ടണങ്ങളിലും സമാന സംഭവങ്ങളുണ്ടായി. ഈ സംഭവമെല്ലാം മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ഡൽഹി നഗരത്തിനടുത്തുള്ള ഗുരുഗ്രാമിൽ മുസ്ലിങ്ങൾ വെള്ളിയാഴ്ച  നടത്തിവരാറുള്ള  നമസ്കാരം സംയുക്ത ഹിന്ദു സംഘർഷസമിതി തടഞ്ഞു. 21 ഹിന്ദു സംഘടന ചേർന്നാണ് സംഘർഷ സമിതി. നമസ്കാരം തടസ്സപ്പെടുത്തിയ സ്ഥലത്ത്  ഗോവർധൻ പൂജ  നടത്തുകയും ചെയ്തു.

മഥുരയിലെ പുതിയ തർക്കം
യുപി തെരഞ്ഞെടുപ്പിന് ഏതാനും മാസം ബാക്കിനിൽക്കെ  മഥുര സംഘർഷ ഭൂമിയാക്കി മാറ്റാൻ സംഘപരിവാർ ശ്രമം ആരംഭിച്ചുകഴിഞ്ഞു. 2014,  2019 ലോക്‌‌സഭാ തെരഞ്ഞെടുപ്പുകളിലും 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം ഉണ്ടാക്കിക്കൊടുത്തത്, അവർ ബോധപൂർവം സൃഷ്ടിച്ച ഹിന്ദു മുസ്ലിം ധ്രുവീകരണമായിരുന്നു. വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അതേ പാതയിലാണ് അവർ സഞ്ചരിക്കുന്നത്. കർഷകരും  തൊഴിലാളികളും രാജ്യവ്യാപകമായി പ്രക്ഷോഭത്തിലാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ, ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തി. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ മോദി സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോവിഡ് പ്രതിരോധത്തിലും കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമാണ്. ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പുകളിൽ ചില സംസ്ഥാനത്തിൽ ബിജെപിക്ക് തിരിച്ചടിയേറ്റു. അടുത്ത് നടക്കാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്. വർഗീയ സംഘർഷങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം.

കേരളം എല്ലാവർക്കും സുരക്ഷിതം
എല്ലാവിഭാഗം ജനങ്ങൾക്കും സുരക്ഷിതബോധത്തോടെ ജീവിക്കാൻ കഴിയുന്നിടമാണ് കേരളം. മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഉറച്ച നിലപാടുകളും നടപടികളുമാണ് ഇതിനു കാരണം. യുഡിഎഫ്  ഭരണകാലത്ത് കേരളത്തിൽ കലാപമുണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചിരുന്നു. സാമുദായിക സൗഹാർദം തകർക്കുന്നവിധത്തിൽ, എസ്ഡിപിഐ പോലുള്ള തീവ്രവാദശക്തികളുടെ പ്രവർത്തനങ്ങളും സാമുദായിക സൗഹാർദം തകർക്കുന്നവിധത്തിലാണ്. ആരാധനാലയങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഘപരിവാർ നയങ്ങൾക്ക് സമാനമാണ് മുസ്ലിംലീഗ് അടുത്തകാലത്ത് കൈക്കൊള്ളുന്ന ചില  നിലപാടുകൾ. ജനങ്ങളുടെ ഐക്യം സുദൃഢമാക്കിക്കൊണ്ടേ ഏതു നാടിനും വികസനത്തിലേക്കും വളർച്ചയിലേക്കും മുന്നേറാനാകൂ. എല്ലാവിധ വർഗീയതയ്ക്കുമെതിരെ നിലപാട് സ്വീകരിക്കണം. തൊഴിലാളികൾ, കർഷകർ തുടങ്ങിയ അധ്വാനിക്കുന്ന ജനതയുടെ സുദൃഢമായ ഐക്യം കെട്ടിപ്പടുക്കാൻ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെ ആസ്പദമാക്കി ശക്തമായ പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top