06 June Saturday

ഇത‌് മനുവാദികളുടെ ഇന്ത്യയോ?

ഹുച്ചംഗി പ്രസാദ‌്Updated: Tuesday Jun 18, 2019

കർണാടകയിലെ ചാമരാജ് നഗറിലെ ഗുണ്ടലുപേട്ട് താലൂക്കിലെ ശ്യാന്ത്രഹള്ളി ഗ്രാമത്തിലെ ഒരു ദളിതനെ    ജൂൺ മൂന്നിനാണ് നഗ്നനാക്കി നടത്തിച്ചത്. ഗ്രാമക്ഷേത്രത്തിൽ പ്രവേശിച്ച് അതിനെ "അശുദ്ധ"മാക്കിയതിനാണ് ഈ ശിക്ഷ. പക്ഷേ ജൂൺ 11നു മാത്രമേ വാർത്ത പുറത്തുവന്നുള്ളൂ. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റ് വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് ജനശ്രദ്ധ അതിലേക്ക് തിരിഞ്ഞത്.

|പ്രതാപിന്റെ അനുഭവം; ഇന്ത്യയുടെയും


അതീവ ദരിദ്രമായ ചുറ്റുപാടിൽ വളർന്ന പ്രതാപ് ബിരുദധാരിയായത് അസാമാന്യമായ മനക്കരുത്തും കഠിനപ്രയത്നവുംകൊണ്ടു മാത്രമാണ്. അദ്ദേഹം ഐഎഎസ് പ്രതീക്ഷിച്ച ഒരാളാണ്. സംഭവം നടന്നതിന്റെ തലേ ദിവസം അദ്ദേഹം യുപിഎസ്‌സി പരീക്ഷ എഴുതാനായി മാരിമലപ്പ ഹയർ പ്രൈമറി സ്കൂളിൽ പോയിരുന്നു. പക്ഷേ, പരീക്ഷാ ഹാളിലെത്തിയ പ്രതാപിനെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. അമ്പരന്നുപോയ പ്രതാപ്, മൈസൂരുവിൽ കുറച്ചു സമയം ചെലവഴിച്ചശേഷം തന്റെ മോട്ടോർ ബൈക്കിൽ ഗുണ്ടലുപേട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

അന്നു രാത്രിയാണ് രാഘവ്പുരയിൽ വച്ച് പ്രതാപിന്റെ മോട്ടോർ ബൈക്ക‌് ബ്രേക്ക‌് ഡൗൺ ആയത്. അതേത്തുടർന്നാണ് ആക്രമണവിധേയനാകുന്നതും തസ്കരന്മാരാൽ കൊള്ളയടിക്കപ്പെടുന്നതും. അമ്പരന്നും ഭയന്നും ആ രാത്രി അവിടെ കഴിയാനാണ് പ്രതാപ് തീരുമാനിച്ചത്. അഭയം അന്വേഷിച്ചുള്ള നടത്തത്തിനിടയിൽ, രാവിലെ ആറോടെ, വീരനാപുര ഗേറ്റ‌് വഴി ശനി മഹാത്മാക്ഷേത്രത്തിലെത്തി അവിടെ അഭയംതേടി.  ക്ഷേത്രപൂജാരി പ്രതാപിനെ ചോദ്യംചെയ്യുകയും ഊരുംപേരും ചോദിച്ചറിയുകയും ചെയ്തു.

അതിനിടയ‌്ക്ക്, ഗ്രാമവാസികൾ ക്ഷേത്രപരിസരത്ത് ഒത്തുചേരുകയും പ്രതാപിനെ വീണ്ടും ചോദ്യംചെയ്യാൻ ആരംഭിക്കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഹൊലെയ സമുദായത്തിൽ പിറന്നവനാണ് പ്രതാപ‌് എന്ന‌്  അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. മേൽജാതിക്കാർക്ക് ഇത് മതിയായിരുന്നു ഉടൻ പ്രതികരിക്കാൻ. പ്രതാപിനു നേരെ അസഭ്യവർഷം നടന്നു. "കീഴ്ജാതിയിൽ പിറന്ന ഹൊലെയനായ നീ ക്ഷേത്രം അശുദ്ധമാക്കി ’ എന്ന് അവർ ആക്രോശിച്ചു. തുടർന്ന് അവർ പ്രതാപിനെ ഒരു തെങ്ങിൽ കെട്ടിയിട്ട് ഭീകരമായി മർദിച്ചു.നിസ്സഹായനായി നിന്ന പ്രതാപ് ദയക്കുവേണ്ടി യാചിച്ചു. അതിന് പൂജാരി പറഞ്ഞ മറുപടി "‘ഈ ഹൊലെയന്മാരെ ഒരു പാഠം പഠിപ്പിക്കാൻ പറ്റിയ അവസരമാണിത്. അവറ്റകൾക്ക് ഈ ക്ഷേത്രം സ്പർശിക്കാൻ അവകാശമില്ല'' എന്നാണ്. ഇതു കേൾക്കേണ്ട താമസം, ക്ഷുഭിതരായ ഗ്രാമവാസികൾ കൈയിൽ കിട്ടിയതെന്തും എടുത്ത് പെരുമാറാൻ തുടങ്ങി. അവർ അയാളുടെ ഉടുതുണി വലിച്ചുകീറി. നഗ്നനാക്കിയശേഷം, പട്ടാപ്പകൽ ചാട്ട കൊണ്ടടിച്ച് ഊട്ടി–- മൈസൂരു ഹൈവേയിലൂടെ നടത്തിച്ചു.

ഇന്ത്യ ആധുനികതയുടെ മഹാസാഗരത്തിൽ നീന്തിത്തുടിക്കുകയാണ് എന്ന് നടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരം ബീഭത്സവും മനുഷ്യത്വരഹിതവുമായ ജാതിബോധം മറനീക്കി പുറത്തുവരുന്നത്. പ്രതാപിനെ രക്ഷിക്കാനോ ഈ അക്രമത്തെ തടയാനോ, ഒരൊറ്റ മനുഷ്യജീവിയും ഉണ്ടായില്ല എന്നത് നാം എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് വേദനാപൂർവം ഓർമിക്കാൻ  അവസരം നൽകും.മറ്റു പല അതിക്രമക്കേസുകളിലും എന്നപോലെ ഇതിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസിലെ ജാതിശക്തികൾ കേസ് തേച്ചുമാച്ചുകളയാനുള്ള കഠിനശ്രമത്തിലാണ്. ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം, ഗ്രാമീണർ പ്രതാപിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്നതാണ്. അയാൾക്ക് മനോരോഗമാണെന്നും തങ്ങളെ അയാൾ കൈയേറ്റം ചെയ്യാൻ മുതിർന്നെന്നും അവർ പരാതി കൊടുത്തിരിക്കുകയാണ്.

ഈ സംഭവം തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്ത നമ്മുടെ ഭരണഘടനയുടെ 17-–-ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്. പ്രശ്നം വാർത്താ ചാനലുകൾ ഏറ്റെടുത്തതേയില്ല. പക്ഷേ, സാമൂഹ്യമാധ്യമങ്ങളിൽ ആ വീഡിയോ വൈറലായതോടെ, ദളിത് സംഘടനകൾ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾ നടത്തി. ഇത്തരം പ്രതിഷേധങ്ങൾ ശക്തിപ്പെട്ടതോടെ,  പൊലീസ് ഒടുക്കം കേസെടുക്കാൻ നിർബന്ധിതമായി. എസ്‌‌സി, എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ടും ഐപിസിയിലെ 143–--ാം വകുപ്പും (അനധികൃതമായി സംഘം ചേരൽ) 147–--ാം വകുപ്പും (ലഹളയുണ്ടാക്കൽ) 395–--ാം വകുപ്പും (കൊള്ളയടിക്കലും കവർച്ചയും) 323–--ാം വകുപ്പും (ഉപദ്രവിക്കൽ) 342–--ാം വകുപ്പും (അന്യായമായി തടങ്കലിലാക്കൽ) 509–--ാം വകുപ്പും (സ്ത്രീകളുടെ ഒതുക്കത്തെ അവഹേളിക്കൽ) ചേർത്താണ് കേസ്.

ഒരു ഐഎഎസ് ഓഫീസറാകാനുള്ള സ്വപ്നവുമായി നടന്ന പ്രതാപ് ഇപ്പോൾ ജാതിഭ്രാന്തന്മാരുടെ നിഷ്ഠുരത കാരണം കടുത്ത വൈകാരികാഘാതത്തിലാണ്. മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതാപ‌് ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.

ഇന്ത്യ തിളങ്ങുന്നു

"തൊട്ടുകൂടായ്മയുടെ അടിവേര് കിടക്കുന്നത് ജാതിസമ്പ്രദായത്തിലാണ്. ജാതിസമ്പ്രദായത്തിന്റെ അടിവേരാകട്ടെ, വർണ വ്യവസ്ഥയിലാണ്. വർണ വ്യവസ്ഥയുടെ വേരുകളാകട്ടെ, രാഷ്ട്രീയാധികാരത്തിലുമാണ്. "ബാലസാഹെബ‌് അംബേദ്കറുടെ ഈ വരികൾ എത്ര ശരിയാണെന്ന് ഇന്ന് തെളിയുകയാണ്. ഇന്ന് ലോകം ഇന്ത്യയെ നോക്കുന്നത് അവജ്ഞാപൂർവമാണ്. ഇന്ത്യ നാണംകെട്ടിരിക്കുന്നു. ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നത് പുതിയ കാര്യമേയല്ല. പക്ഷേ, ദളിതരെ കൊലപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും അവഹേളിക്കുന്നതും മാറിയ രീതിയിലാണ്. അതിന് ബീഭത്സമായ മുഖം കൈവന്നിരിക്കുന്നു. അവകാശലംഘനത്തിന്റെ കാര്യത്തിലും മനുഷ്യത്വം കൈമോശം വന്ന കാര്യത്തിലും, ലോകം ഇന്ത്യയെ അറപ്പോടെയാണ് നോക്കുന്നത്.
അക്രമത്തിന്റെയും മനുഷ്യത്വവിരുദ്ധതയുടെയും സംസ്കാരം വളരുകയാണ്. രാജ്യം മനുവാദികളായ വർഗീയ ജാതീയശക്തികളുടെ നിയന്ത്രണത്തിലാകുമ്പോൾ മർദിതരെ രക്ഷിക്കുകയും മർദകരെ ശിക്ഷിക്കുകയും ചെയ്യുകയെന്നത് ഒരു വിദൂരസ്വപ്നം മാത്രമായിരിക്കും.

ഒരു ഭാഗത്ത്, ഇന്ത്യ തിളങ്ങുകയാണ് എന്ന പ്രധാനമന്ത്രിയുടെ അവകാശവാദം. മറുഭാഗത്ത്, താൻ ഒരു ജാതിരഹിത പാർടിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഈ ഇന്ത്യയാണോ, തിളങ്ങുകയാണ് എന്ന് അവർ പറയുന്നത്? ജാത്യാതിക്രമങ്ങൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തെത്തന്നെ അപകീർത്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ പെരുകുകയാണ്.
എസ്എസി –-എസ് ടി നിയമം ദുർബലപ്പെടുത്താനും ഭരണഘടന തന്നെ തിരുത്തിക്കുറിക്കാനുമുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിച്ചുകൂടാ.  തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഗുണങ്ങൾ നടപ്പിലാക്കാനാകാതെ, ഏട്ടിലുറങ്ങാൻ മാത്രമുള്ളവ ആയിക്കൂടാ. എങ്കിൽ മാത്രമേ, സമത്വപൂർണമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാകൂ.

(കന്നട എഴുത്തുകാരനും
ആക്ടിവിസ‌്റ്റുമാണ‌് ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top